- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളപുസ്തകചരിത്രം : യുവഗവേഷകന്റെ നേട്ടം ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം: മലയാളത്തിൽ തീരെ വികസിക്കാത്ത വിജ്ഞാനമേഖലയാണ് പുസ്തകപഠനവും പുസ്തകചരിത്രരചനയും. അക്കാദമികഗവേഷണത്തിനു പുറത്ത് കെ.എം. ഗോവി നടത്തിയ നിസ്തുലമായ അധ്വാനം മലയാളഗ്രന്ഥസൂചി എന്ന വലിയ നേട്ടം നമുക്കുണ്ടാക്കിത്തന്നിട്ടുണ്ടെങ്കിലും പുസ്തകചരിത്രവിജ്ഞാനീയത്തിന്റെ വഴിയിൽ ഇവിടെ ആരും സഞ്ചരിച്ചിട്ടില്ല. കാലടി സംസ്കൃസർവകലാശാ
തിരുവനന്തപുരം: മലയാളത്തിൽ തീരെ വികസിക്കാത്ത വിജ്ഞാനമേഖലയാണ് പുസ്തകപഠനവും പുസ്തകചരിത്രരചനയും. അക്കാദമികഗവേഷണത്തിനു പുറത്ത് കെ.എം. ഗോവി നടത്തിയ നിസ്തുലമായ അധ്വാനം മലയാളഗ്രന്ഥസൂചി എന്ന വലിയ നേട്ടം നമുക്കുണ്ടാക്കിത്തന്നിട്ടുണ്ടെങ്കിലും പുസ്തകചരിത്രവിജ്ഞാനീയത്തിന്റെ വഴിയിൽ ഇവിടെ ആരും സഞ്ചരിച്ചിട്ടില്ല. കാലടി സംസ്‌കൃസർവകലാശാലയിലെ അദ്ധ്യാപകനും എഴുത്തുകാരനുമായി എ.ജി. ശ്രീകുമാർ പുസ്തകവും കേരളസംസ്‌കാരപരിണാമവും എന്ന വിഷയത്തിൽ നടത്തിയ ഡോക്ടറൽ ഗവേഷണം ശ്രദ്ധേയമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.
പുസ്തകത്തിന്റെ സാംസ്‌കാരികചരിത്രമെന്ന നിലയിൽ മലയാളത്തിലുണ്ടാകുന്ന ആദ്യ സംരംഭമാണിത്. പതിനെട്ടാം നൂറ്റാണ്ടു മുതലുള്ള പുസ്തകങ്ങളെയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള പുസ്തകപ്രസാധകരെയും സമഗ്രമായി വിശകലനം ചെയ്ത്, പുസ്തകത്തിലൂടെ രൂപംകൊണ്ട കേരളീയ ആധുനികതയെ പഠിക്കുന്ന ശ്രീകുമാറിന്റെ ഗവേഷണ പ്രബന്ധം അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫൊക്കാനയും കേരളസർവകലാശാലയും ഏർപ്പെടുത്തിയ, ഏറ്റവും മികച്ച ഗവേഷണപഠനത്തിനുള്ള ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം നേടി.
അതിലുപരി 2014-ൽ ഡോക്ടറേറ്റ് നേടിയ ഈ ഗവേഷണപ്രബന്ധം മുന്നോട്ടുവയ്ക്കുന്ന കനത്ത വസ്തുതാശേഖരവും മൗലികമായ നിരീക്ഷണങ്ങളും കേരളസംസ്‌കാരപഠനത്തിലും മലയാളപഠനത്തിലും വലിയ ചുവടുവയ്പുതന്നെയാണ്. ഇന്ത്യയിൽത്തന്നെ പ്രദീപ് സെബാസ്റ്റ്യനെപ്പോലെ ചുരുക്കം ചിലർ മാത്രം വ്യാപരിക്കുന്ന പുസ്തകവിജ്ഞാനീയത്തിൽ ആദ്യമായിടപെടുന്ന മലയാള ഗവേഷകനാണ് ശ്രീകുമാർ. ഉൾറിക്ക് സ്റ്റാർക്കിന്റെ പുസ്തകസാമ്രാജ്യം പോലുള്ള വിഖ്യാതപഠനങ്ങൾ മാർഗ്ഗദർശകമാക്കി ശ്രീകുമാർ രചിച്ച ഈ ഗവേഷണപഠനം ഫലത്തിൽ മലയാളത്തിന്റെ പുസ്തകചരിത്രമായി മാറുന്നു.
അച്ചുകൂടത്തിലെ കേരളം (കൈരളി ബുക്‌സ്, കണ്ണൂർ), ജനപ്രിയസാഹിത്യം മലയാളത്തിൽ (സമാഹരണം) (എസ്‌പി.സി.എസ്.) എന്നീ പുസ്തകങ്ങൾ ശ്രീകുമാറിന്റേതായി ഇതിനകം പുറത്തുവന്നിട്ടുണ്ട്. അച്ചടി : മലയാളപാഠങ്ങൾ എന്ന പുതിയ പുസ്തകം ഉടൻ പുറത്തുവരും.