റിയാദ്: പ്രവാസി പത്രപ്രവർത്തകൻ നജിം കൊച്ചുകലുങ്കിന്റെ അനുഭവകുറിപ്പുകളുടെ സമാഹാരമായ 'കനൽ മനുഷ്യർ' എന്ന പുസ്തകം പ്രകാശനം ചെയ്തു. റിയാദിലെ ചില്ല സർഗവേദിയുടെ പ്രതിമാസ വായനാപരിപാടിയിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് ദമ്പതികളായ ബീനയും ഫൈസലും ചേർന്ന് പുസ്തക പ്രകാശനം നിർവഹിച്ചു. ജയചന്ദ്രൻ നെരുവമ്പ്രം പുസ്തകം അവതരിപ്പിക്കുകയും വിലയിരുത്തുകയും ചെയ്തു.

പ്രതീക്ഷകളും സ്വപ്നങ്ങളുമായി കടൽ താണ്ടിയെത്തി ഒടുക്കം ജീവിതത്തിന്റെ ഊരാക്കുടുക്കുകളിൽ വഴിയും ഗതിയും മുട്ടിപ്പോയ കുറെ മനുഷ്യരുടെ കഥയെ വെല്ലുന്ന ജീവിത പരിസരങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുന്ന 25 കുറിപ്പുകളടങ്ങുന്ന ഈ പുസ്തകം പ്രവാസ ജീവിതവുമായി ബന്ധപ്പെട്ട മുഖ്യ ധാരാ ചരിത്രത്തിൽ ഇടം കിട്ടാതെ പോകുന്ന കീഴാള മനുഷ്യരുടെ ജീവിതത്തിന്റെ നേർചിത്രമാണെന്ന് ജയചന്ദ്രൻ പറഞ്ഞു.

പത്രപ്രവർത്തകൻ എന്നതിലുപരി പ്രവാസി എന്ന നിലയിൽ ഇത്തരം ജീവിതങ്ങളിൽ തന്നെ തന്നെ കണ്ടുകൊണ്ടാണ് നജീം സഹജീവിതത്തിന്റെ കാരുണ്യ സ്പർശമുള്ള ഭാഷകൊണ്ട് തൻ കാണുകയും അറിയുകയും ചെയ്ത ഇത്തരം ജീവിതങ്ങളെ ഈ പുസ്തകത്തിൽ കോറിയിട്ടിരിക്കുന്നത് എന്ന് ജയചന്ദ്രൻ കൂട്ടിച്ചേർത്തു. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ഇത്തരത്തിലുള്ള 25 കുറിപ്പുകളുൾപ്പെട്ട പുസ്തകം ചിന്ത പബ്‌ളിഷേഴ്‌സാണ് പുറത്തിറക്കിയത്.

തുടർന്ന് നടന്ന 'എന്റെ വായന പരിപാടിയിൽ വിവിധ പുസ്തകങ്ങളുടെ വായനാനുഭവം പങ്കുവെച്ചു. ഇഖ്ബാൽ കൊടുങ്ങല്ലൂർ (സ്പാർട്ടക്കസ് - ഹൊവാർഡ് ഫാസ്റ്റ്), അഖിൽ ഫൈസൽ (വൈ ഐ ആം എ ഹിന്ദു - ശശി തരൂർ),
എം ഫൈസൽ (രണ്ടുനാവികർക്ക് ശരത്കാലം - എം കമറുദ്ദീൻ), ഫാത്തിമ സഹ്റ ( ഔട്ട് ഓഫ് മൈ മൈൻഡ് - ഷാരോൺ എം ഡ്രാപെർ), ബീന (ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും - പി കെ ബാലകൃഷ്ണൻ), നൗഷാദ് കോർമത്ത് (ഇന്ത്യ മൂവിങ്, എ ഹിസ്റ്ററി ഓഫ് മൈഗ്രേഷൻ - ചിന്മയ് തുമ്പെ) എന്നീ പുസ്തകങ്ങൾ അവതരിപ്പിച്ചു.

റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രവർത്തകരായ ബഷീർ പാങ്ങോട്, അഫ്താബ്, നാസർ കാരന്തൂർ, ഷംനാദ് കരുനാഗപ്പള്ളി, ഷകീബ് കൊളക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, നൗഫൽ പാലക്കാടൻ, ഷിബു ഉസ്മാൻ, മുജീബ് ചങ്ങരംകുളം, എഴുത്തുകാരായ റഫീഖ് പന്നിയങ്കര, ജോസഫ് അതിരുങ്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.