കോട്ടയം: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്തമേരിക്ക (ലാന)യുടെ പ്രസിഡന്റും എഴുത്തുകാരനുമായ ഷാജൻ ആനിത്തോട്ടത്തിന്റെ തെരഞ്ഞെടുത്ത പത്ത് കഥകളുടെ സമാഹാരമായ 'ഹിച്ച്‌ഹൈക്കർ' എം.ടി വാസുദേവൻ നായർ പ്രകാശനം ചെയ്തു.

ലാനയുടെ ത്രിദിന കൺവൻഷന്റെ സമാപന ദിവസം മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശമായ തിരൂർ തുഞ്ചൻപറമ്പിൽ നടന്ന പൊതുസമ്മേളനത്തിൽ വച്ച് പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണന് ആദ്യപ്രതി നൽകിക്കൊണ്ടാണ് എം ടി പ്രകാശന കർമ്മം നിർവഹിച്ചത്. കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ, മുൻ കേരളാ ചീഫ് സെക്രട്ടറിയും മലയാളം സർവ്വകലാശാല വൈസ് ചാൻസലറുമായ ഡോ. കെ ജയകുമാർ, സക്കറിയ, അക്‌ബർ കക്കട്ടിൽ, അക്കാഡമി സെക്രട്ടറി ആർ. ഗോപാലകൃഷ്ണൻ, കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

'ഹിച്ച്‌ഹൈക്കർ', 'അനുയാനം', 'പ്രമീളയുടെ വിലാപങ്ങൾ' തുടങ്ങി വിവിധ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പത്ത് ചെറുകഥകളാണ് കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കോട്ടയം ആസ്ഥാനമായുള്ള ശ്രേഷ്ഠഭാഷാ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ വിതരണം സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ബുക്ക് മാർക്കറ്റിങ് സൊസൈറ്റി നിർവഹിക്കുന്നു.