മ്യോപന്യാസം എന്നൊരു എഴുത്തുരൂപം മുൻപ് മലയാളത്തിലുണ്ടായിരുന്നു. ആത്മനിഷ്ഠമായമായും സരസമായും ലോകസംഭവങ്ങളെയും സ്ഥല, കാല അവസ്ഥകളെയും ജീവിതാനുഭവങ്ങളെയും കുറിച്ചെഴുതുന്ന രീതിയായിരുന്നു അതിന്റേത്. ഉപന്യാസത്തിനും കഥയ്ക്കുമിടയിലെ ഒരു ഗദ്യഗണം. വായനക്കാരിൽ എഴുത്തുകാർക്കും എഴുത്തുകാരിൽ വായനക്കാർക്കുമുള്ള വിശ്വാസത്തിന്റെ മൂർത്തമാതൃകകൾ. നമ്മുടെ കാലത്ത് 'അനുഭവം' എന്ന ഗണത്തിനു കൈവന്നിട്ടുള്ള അങ്ങേയറ്റം ആത്മകഥാപരമായ ആഖ്യാന സ്വഭാവം രമ്യോപന്യാസങ്ങൾക്കുണ്ടായിരുന്നില്ല. എല്ലായ്‌പ്പോഴും അവരവരെക്കുറിച്ചാണ് അനുഭവങ്ങളുടെ ആകാംക്ഷയെങ്കിൽ മിക്കപ്പോഴും മറ്റുള്ളവരെക്കുറിച്ചായിരുന്നു, രമ്യോപന്യാസങ്ങൾ. അവയുടെ കാലത്തും തലമുറയിൽ നിന്നുള്ള ഒരാൾ, 'അനുഭവ'ങ്ങളുടെ കാലത്ത് രണ്ടു രൂപങ്ങളെയും സമന്വയിപ്പിച്ചെഴുതുന്ന ഏഴു രചനകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആത്മകഥാപരമെന്നപോലെ തന്നെ അപരകഥാ പരം. അനുഭവാത്മകമെന്ന പോലെതന്നെ അപഗ്രഥനാത്മകം. വൈയക്തികം എന്ന പോലെ തന്നെ സാമൂഹികം. അങ്ങേയറ്റം ആർജ്ജവമുള്ള, വായനാക്ഷമവും കഥാത്മകവും നർമഭരിതവും ജീവിതബദ്ധവുമായ എഴുത്തുകൾ.

1950കൾ തൊട്ടുള്ള, കഴിഞ്ഞ ആറുപതിറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് ഗ്രന്ഥകാരൻ ഓർത്തെടുക്കുന്ന ചില സന്ദർഭങ്ങളുടെ അതീവരസകരമായ പരാവർത്തനങ്ങളാണ് ഓരോ രചനയും. തികച്ചും നാടകീയമായ സ്വഗതാഖ്യാനങ്ങൾ.

കാലബോധം കുഴച്ചുമറിച്ച ഒരു പുതുവർഷപ്പിറവിയുടെ അനന്തരഫലമാണ് 'നെല്ലിക്കയുടെ വർത്തമാനകാല പ്രസക്തി.' സംഗീത സംവിധായകനായി നാടകരംഗത്തു സജീവമായിരുന്ന കാലത്ത് പ്രതാപ് സിംഗിനുണ്ടായ ബോധോദയത്തിന്റെ രസകരമായ അവതരണം. ഒ. ഹെന്റിക്കഥകളിലെ പരിണാമ ഗുപ്തിപോലൊരു കൗശലം ഒളിപ്പിച്ചുവച്ചാണ് ഈ പുസ്തകത്തിലെ മിക്ക രചനകളുടെയുമെന്ന പോലെ നെല്ലിക്കയുടെയും ആഖ്യാനം. ഭൂത, ഭാവി വർത്തമാന കാലങ്ങളെക്കുറിച്ചുള്ള ചിന്തയിൽ നിന്ന് ആഖ്യാതാവ് ചെന്നെത്തിയ നിഗമനം വർത്തമാനവും ഭാവിയും മിഥ്യയാണെന്നും ഭൂതം മാത്രമാണ് തഥ്യയെന്നുമാണ്. അദ്ധ്യാപികയായ ഭാര്യ ഈ വെളിപാട് സ്റ്റാഫ്‌റൂമിൽ അവതരിപ്പിച്ചതും സഹാധ്യാപിക കടുത്ത മനോവേദനയോടെ നെല്ലിക്കാത്തളം ശുപാർശ ചെയ്ത് ബോധോദയത്തെ നിലംപരിശാക്കിയതുമാണ് ഈ ഉപന്യാസത്തിന്റെ രത്‌നചുരുക്കം. ഇതിനെക്കാൾ കൗതുകരമായ കഥാന്ത്യമാണ് 'ഒരു ഫോൺവിളിയുടെ പുറകെ' എന്ന രചനയ്ക്കുള്ളത്. 'ഗോവിന്ദന്റെ ഭാര്യ മരിച്ചു' എന്നു പറഞ്ഞ് കട്ടായ ഒരു ഫോൺ സൃഷ്ടിക്കുന്ന പുകിലുകൾ. പല ഗോവിന്ദന്മാരുണ്ട് സുഹൃത്തുക്കളായി. ഏതു ഗോവിന്ദന്റെ ഭാര്യ എന്ന് എങ്ങനെയറിയും? സംശയം തോന്നി ഒരു ഗോവിന്ദനെ വിളിച്ചു. തന്റെ ഭാര്യ തൊട്ടടുത്തുതന്നെയുണ്ട് എന്നു പറഞ്ഞ് അയാൾ ഫോൺ വച്ചു. ദിവസങ്ങൾക്കു ശേഷം വഴിയിൽ ഒരു സുഹൃത്തിനെയും മോല്പറഞ്ഞ ഗോവിന്ദന്റെ മകനെയും കണ്ടപ്പോഴാണ്, ഭാര്യ മരിച്ച ഗോവിന്ദൻ തന്നെയാണ് തന്നോട് ഫോണിൽ അങ്ങനെ സംഭവിച്ചില്ല എന്നു പറഞ്ഞത് എന്നു കഥാകാരൻ മനസ്സിലാക്കുന്നത്. മനോനിലതെറ്റി, ഭാര്യയുടെ മരണം ഇനിയും അംഗീകരിക്കാൻ കൂട്ടാക്കാതെ ജീവിക്കുകയാണത്രേ ആ പാവം.

ഗോവിന്ദന്റെ ഭാര്യയുടെ മരണം, നർമത്തിലൂടെ മുന്നേറി അപ്രതീക്ഷിതമായ ഒരു ഞെട്ടലിൽ ചെന്നവസാനിക്കുന്നുവെങ്കിൽ സ്വന്തം മരണവും അനന്തര സംഭവങ്ങളും കാണാൻ കാലന്റെ സഹായം തേടുന്ന ഗൗതമൻ മാസ്റ്ററുടെ കഥ, മനുഷ്യജീവിതത്തിലെ തിക്താനുഭവങ്ങളുടെയും നഗ്നയാഥാർത്ഥ്യങ്ങളുടെയും വലിയൊരു മറ നീക്കലാണ്. മക്കളും നാട്ടുകാരും തന്റെ മരണത്തെ എങ്ങനെ കാണും എന്നറിയാനുള്ള ആകാംക്ഷയാണ് 'ചന്ദ്രയാൻ 10' ലെ ഗൗതമൻ മാസ്റ്ററെ ധർമസങ്കടത്തിൽ കൊണ്ടുചെന്നു ചാടിച്ചത്. കാലൻ തന്നെ കൊണ്ടുപോകാൻ പോത്തും കയറുമായെത്തിയതുകണ്ട മാസ്റ്റർ അങ്ങേരോട് പറഞ്ഞു: എന്റെ മരണം എനിക്ക് നേരിൽ കാണണം. മരണാനന്തര ചടങ്ങുകൾ കാണണം. എന്നോട് സ്‌നേഹവും ബഹുമാനവും ഉണ്ടെന്ന് നടിക്കുന്നവരുടെ യഥാർത്ഥമുഖം കാണണം. പ്രതികരണം നേരിൽ കാണണം. കാലൻ വരം നൽകുകയും ചെയ്തു.

അതിരൂക്ഷമായ പരിഹാസങ്ങളുടെ കുത്തൊഴുക്കാണ് ഈ കഥയിലുള്ളത്. നോക്കുക: എന്തിനാണ് മരിച്ചയാളെ കാണാൻ ആളുകൾ തിക്കിത്തിരക്കി വരുന്നത്? അവസാനമായൊരു നോക്കുകാണാൻ. ഒരു നോക്ക് കണ്ടില്ലെങ്കിൽ എന്തുപൊറുതിമുട്ടാണ് എല്ലാവർക്കും. താനും അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ എന്താണതിന്റെ ആവശ്യം?

ജീവിച്ചിരിക്കുമ്പോൾ കൺകുളിർക്കെ കണ്ടിട്ടുള്ളതല്ലേ. എന്നിട്ടാണ് തിക്കിത്തിരക്കി വരുന്നത്.

സ്വന്തം ആത്മാവിനും കൂടി വേണ്ടാതാവുന്ന, സ്വന്തം ആത്മാവ് ഉപേക്ഷിച്ചുപോയ കക്ഷിയെയാണല്ലോ ദൈവമേ അമൂല്യവസ്തുവെപ്പോലെ കണ്ടുവന്ദിക്കാൻ ഈ ബഹളം.

ഒഴിഞ്ഞ കൂടല്ലേ. അകത്ത് വേക്കൻസിയുണ്ടോ. അതിൽ കയറിപ്പറ്റാൻ കഴിയുമോ എന്ന് നോക്കാനാവും .

ആത്മാവ് പോയി. വീണ്ടും തിരിച്ചുവന്നു,

'ഇതെങ്ങനെ സംഭവിച്ചു, എപ്പോൾ സംഭവിച്ചു എന്ന ചോദ്യവും അതിന്റെ ഉത്തരങ്ങളുമല്ലാതെ ഇപ്പോഴൊന്നും കേൾക്കാനില്ല. ഇപ്പോൾ ഇവിടം ഒരു മരണവീടു പോലെയാണ്. കുറച്ചു കഴിഞ്ഞാൽ കല്യാണവീടുപോലെയാകും. ആളുകൾ ചിരിയും കുടുംബവിശേഷങ്ങളും മക്കളുടെ വർത്തമാനവും ഒക്കെ തുടങ്ങും. പിന്നെ പലരുടെയും കണ്ടുമുട്ടലിന്റെയും ഒത്തുചേരലിന്റെയും രംഗമാകും. ചിതയിൽ വയ്ക്കാറാകുമ്പോൾ വീണ്ടും മരണവീടാകും'.

യഥാർത്ഥത്തിൽ ഈ പുസ്തകത്തിലെ പല രചനകൾക്കുമുള്ള സ്വഭാവമാണിത്. തികഞ്ഞ നർമ്മത്തിലൂടെ കയ്ക്കുന്ന ജീവിതയഥാർത്ഥ്യങ്ങൾ മറ നീക്കിക്കാണിക്കുക. മാറിയ കാലത്ത് ഒരു പഴയ മനുഷ്യന് പൊരുത്തപ്പെടാൻ കഴിയാത്ത ജീവിത മൂല്യങ്ങളെ നിശിതമായി വിമർശിക്കുക. തുറന്ന ചിരിയുടെ പിന്നിലൊളിപ്പിച്ച കണ്ണീരിന്റെ ഉപ്പും ചവർപ്പും തന്നെയാണ് ഈ രചനകളുടെ ആനന്ദതത്വമായി മാറുന്നത്.

1950 കളിലേക്ക് കാലവും ജീവിതവും കഥയും സഞ്ചരിച്ചെത്തുന്നു, 'ആകാശം താഴെ വീണു ചിതറുമ്പോൾ' എന്ന രചനയിൽ. ആഖ്യാതാവിന്റെ ബാല്യകൗമാരങ്ങളുടെ കഥ. അന്നത്തെ മധ്യകേരളത്തിന്റെ ഭൂമിശാസ്ത്രവും സാമൂഹ്യശാസ്ത്രവും മുതൽ കുടുംബബന്ധങ്ങളും സമ്പദ്ഘടനയും വരെ വരഞ്ഞിടുന്ന ഒന്നാന്തരം ഒരു കാലഭൂപടം. സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമനേടി തൊഴിൽതെണ്ടി നടക്കുന്ന കാലത്ത് ഏറെ സ്‌നേഹവും വാത്സല്യവും അഭിനയിച്ച് തന്നെയും വീട്ടുകാരെയും പറ്റിക്കുന്ന ധനികനായ ഒരമ്മാവനെ മര്യാദ പഠിപ്പിക്കുന്ന കഥ പറയുകയാണ് ഗ്രന്ഥകാരൻ. അതീവ കൗതുകകരമാണ് പ്രതാപ്‌സിംഗിന്റെ ഓർമ്മക്കുറിപ്പുകളും അവയുടെ ആവിഷ്‌കരണവും. ഒരാഴ്ച എറണാകുളത്തു താമസിച്ചു പരീക്ഷയെഴുതാൻ വേണ്ടി വരുന്ന പതിനഞ്ചുരൂപയ്ക്കു വഴികാണാതെ വിഷമിച്ചു കിടന്ന പ്രതാപിന്റെ ചിന്തകൾ പോയപോക്കു കാണുക: രാത്രി കിടന്നപ്പോൾ എന്റെ ചിന്ത വീടിനുപുറത്തുകടന്ന് അയൽപക്കങ്ങളിലേക്കും പിന്നെ അതിനപ്പുറത്തെ പ്രദേശങ്ങളിലേയ്ക്കും അതിനുശേഷം ചെറായി എന്ന ഗ്രാമം മുഴുവനും വ്യാപിച്ചു. വോട്ടേഴ്‌സ് ലിസ്റ്റിലെ പേരുപോലെ ഗ്രാമവാസികൾ മുഴുവൻ നിരനിരയായി വന്ന് എന്നെ മുഖം കാണിച്ചുനിന്നു.

കൈവിരലിലെണ്ണാവുന്ന ചിലതൊഴിച്ചാൽ, ചെറായിൽ എവിടെ വലിയവീടും പറമ്പമുണ്ടോ അതൊരു ക്രിസ്ത്യാനിയുടേതാകും. എവിടെ കുറച്ചു പശുക്കളും വൈക്കോൽത്തുറവുമുണ്ടോ ആവീട് ഒരു ക്രിസ്ത്യാനിയുടേതാകും. എവിടെ വലിയൊരു കച്ചവടസ്ഥാപനമുണ്ടോ അതൊരു ക്രിസ്ത്യനിയുടേതാകും. ആര് തടിച്ചുകൊഴുത്തിരിപ്പുണ്ടോ അതൊരു ക്രിസ്ത്യാനിയാകും. ആര് വെളുത്ത് ചുവന്ന് തുടുത്ത് ഇരിപ്പുണ്ടോ അതൊരു ക്രിസ്ത്യാനിയാകും. ആരെ തൊട്ടാൽ ചോരപൊടിഞ്ഞു വരുമെന്നു തോന്നുമോ അതൊരു ക്രിസ്ത്യാനിയാകും.

ഇങ്ങനെയുള്ളവർ ചായയ്ക്കു പകരം ചോരയാണോ കുടിക്കുന്നതെന്ന് ഞങ്ങൾ കുട്ടികൾ സംശയിക്കാറുണ്ട്.

രണ്ടു ചികിത്സക്കഥകളാണ് ഇനി. ഒന്ന് സാന്ത്വനചികിത്സയും സംഗീതചികിത്സയും തമ്മിലുണ്ട് എന്നു പറയപ്പെടുന്ന ബന്ധത്തിന്റെ അസംബന്ധങ്ങൾ തുറന്നുകാണിക്കുന്ന 'പാവക്കയ്ക്ക് പന്തുവരാളി'. മറ്റൊന്ന് മദ്യവിമുക്തി ചികിത്സയുടെ തട്ടിപ്പുകൾ മറനീക്കുന്ന 'സാഷ്ടാംഗ ചികിത്സ'.

കാൻസർ പോലുള്ള രോഗങ്ങൾ മൂർച്ഛിച്ച്, മരുന്നുകൾ കൊണ്ട് സുഖപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലെത്തിയവർക്കു വേണ്ടിയുള്ളതാണ് സാന്ത്വന ചികിത്സ. അതു ഫലപ്രദമാകാൻ വലിയ തോതിലുള്ള സ്‌നേഹസാന്ത്വനങ്ങളുടെ സാന്നിധ്യമാണു വേണ്ടത്. മാനസികവും ശാരീരികവുമായ സാന്ത്വനം സംഗീതം ഇവിടെ ഒരു പരിഹാരമാണെന്ന മട്ടിൽ പലരും നടത്തുന്ന ചെപ്പടിവിദ്യകളും, ഓരോ രാഗത്തിനും ഓരോ രോഗത്തെ ശമിപ്പിക്കാനുള്ള ശേഷിയുണ്ട് എന്നുവരെ തട്ടിമൂളിക്കുന്ന വ്യാജങ്ങളും പൊളിച്ചടുക്കുന്നു, ഗ്രന്ഥകാരൻ.(മഴപെയ്യിക്കാനും പശുവിനു കൂടുതൽ പാലു കിട്ടാനും കൃഷി നന്നാക്കാനുമൊക്കെ രാഗങ്ങളുള്ള നാടാണല്ലോ നമ്മുടേത്!) സംഗീതചികിത്സയെക്കുറിച്ച് ഗവേഷണം നടത്തുന്ന രണ്ടു ഡോക്ടർമാരെ നിലം പരിശാക്കിക്കൊണ്ടാണ് നർമസമ്പന്നമായ ഈ ആഖ്യാനം പ്രതാപ്‌സിങ് മുന്നോട്ടു കൊണ്ടുപോകുന്നത്. യഥാർത്ഥത്തിൽ സംഗീതത്തിന് മനുഷ്യരുടെയും പ്രകൃതിയുടെയും ജീവിതതാളങ്ങളോടുള്ള ബന്ധം തിരിച്ചറിയാതെ, സംഗീത ചികിത്സയെന്ന തട്ടിപ്പുമായി രംഗത്തുവരുന്നവരെ ഈ ലേഖനം കണക്കിനു പരിഹസിക്കുന്നു. നോക്കുക: രണ്ടു സംഗതികളുടെ പേരിന്റെ ആദ്യക്ഷരം ഒന്നുതന്നെയെങ്കിൽ ആ രണ്ടു സംഗതികളുടെയും ഭാവങ്ങളിൽ സാമ്യമുണ്ടാകും എന്ന യുക്തിയാണ് പരീക്ഷണം നടത്താൻ പ്രേരിപ്പിച്ചത്.

ഞാൻ കുറച്ച് സമയത്തേക്ക് മനഃപൂർവ്വം മൗനം പാലിച്ചു. പിള്ളേരുടെ തലച്ചോറിൽ വല്ല പ്രവർത്തനം നടക്കുന്നുണ്ടോയെന്ന് അറിയാൻ.

അവിടെ എന്തോ നടക്കുന്നുണ്ടെന്ന് മനസ്സിലായി. പുലർച്ചെ കിഴക്ക് മാനം തെളിഞ്ഞ് തെളിഞ്ഞ് വരുന്നപോലെ ഒരാളുടെ മുഖം തെളിഞ്ഞു തെളിഞ്ഞു വന്നു.

എനിക്ക് മനസ്സിലായി അങ്കിളേ. 'ക'എന്ന അക്ഷരത്തിൽ തുടങ്ങുന്നപേരുള്ള ഒരു വിളയ്ക്ക്, 'ക' എന്ന അക്ഷരത്തിൽ തുടങ്ങുന്ന രാഗം ഉപയോഗിക്കാമെന്നല്ലേ അങ്കിൾ ഉദ്ദേശിച്ചത്?

അപ്പോൾ മറ്റേയാളുടെ ചോദ്യം.

തേങ്ങ കൂടുതൽ കിട്ടണമെങ്കിൽ തെങ്ങിനെ ഏത് രാഗം കേൾപ്പിക്കണം?

'ത' വച്ചു തുടങ്ങുന്ന രാഗങ്ങളില്ലെങ്കിൽ തേങ്ങയുടെ പര്യായപദങ്ങൾ നോക്കണം. നാളികേരം. അപ്പോൾ നടഭൈരവി, നാസികാഭൂഷണി, നാട്ടക്കുറിഞ്ചി, നാഥനാമക്രിയ എന്നിങ്ങനെ നിരവധി രാഗങ്ങളുണ്ട് 'ത' വച്ചു തുടങ്ങുന്ന 'താനരൂപി' എന്ന രാഗവുമാകാം.'

രണ്ടുപേരും ഡയറിയെടുത്ത് കുറിച്ചെടുക്കാൻ തുടങ്ങി.

'ഇതുകൂടി എഴുതിക്കോളൂ..........

കുമ്പളങ്ങയ്ക്ക് കല്യാണി, കീരവാണി, കദനകുതുഹലം, കാപ്പി ......

മത്തങ്ങയ്ക്ക് മായമാളവഗൗള, മദ്ധ്യമാവതി, മലയമാരുതം..........

പാവയ്ക്ക, പീച്ചിങ്ങ, പടവലങ്ങ എന്നിവയ്ക്ക് പന്തുവരാളി, പൂർവ്വകല്യാണി, പുന്നഗവരാളി.....

ചീരയ്ക്ക് ചാരുകേശി. ചേനയ്ക്കുമാകാം.......

കാരറ്റിന് കാംബോജി, കമാസ്, കേദാരം.........

തല്ക്കാലം ഇത്രയും മതി'.

നിങ്ങളൊരുപകാരം ചെയ്യണം. ഈ അറിവ് വിറ്റു കാശുണ്ടാക്കാൻ നോക്കരുത്. സൂക്ഷ്മതയോടെ ചെയ്തില്ലെങ്കിൽ പുറത്ത് പാളവച്ചുകെട്ടി നടക്കേണ്ടിവരും.'

മദ്യചികിത്സ നടത്തും തോറും മദ്യാസക്തി കൂടിവരുന്ന രാജസേനൻ എന്ന സുഹൃത്തിന്റെ കഥപറയുന്ന 'സാഷ്ടാംഗ ചികിത്സ'യും നമ്മുടെ സമൂഹത്തിലെ ഒരു വലിയ വ്യാജത്തെയാണ് പിടിക്കൂടന്നത്. മദ്യപാനായ സുഹൃത്തിനെ മൂന്നാംവട്ടവും ഡോക്ടറെ കാണിച്ചു മടങ്ങുമ്പോൾ അയാൾക്ക് ഇങ്ങനെയൊരു മാനസാന്തരം ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. പക്ഷെ രഹസ്യമറിഞ്ഞപ്പോഴല്ലേ രസം. ഈ മദ്യപാനിയിൽ താൻ നടത്തിയ ചികിത്സ ഫലം കാണുകയില്ല എന്നു മനസ്സിലായ ഡോക്ടർ, മുറിയടച്ച് അയാളുടെ കാൽക്കൽ വീണ്, തന്നെ രക്ഷിക്കണം, തന്റെ ചികിത്സയും വരുമാനവും മുട്ടിക്കരുത് എന്നപേക്ഷിക്കുന്നു. അതുകണ്ടു മനസ്സലിഞ്ഞാണ് രാജസേനനൻ കുടി നിർത്തിയത്. അഷ്ടാംഗ ഹൃദയത്തിൽ പറയാത്ത സാഷ്ടാംഗ ചികിത്സയുടെ സാധ്യതകൾ പറഞ്ഞ് പ്രതാപ്‌സിങ് വായനക്കാരെ വിസ്മയിപ്പിക്കുന്നു.

ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമായ രചന മേല്പറഞ്ഞവയൊന്നുമല്ല, 'തേടിതേടിഞാനലഞ്ഞു' എന്ന അനുഭവാവിഷ്‌കാരമാണ്. 1960 -70 കാലത്ത് മുൾകിരീടം, മുത്ത് എന്നീ ചലച്ചിത്രങ്ങളിലെ പാട്ടുകൾക്ക് (ഒട്ടനവധി നാടകങ്ങൾക്കും) സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്, പ്രതാപ്‌സിങ്. 'കുളികഴിഞ്ഞു കോടിമാറ്റിയ ശിശിരകാല ചന്ദ്രികേ', 'ആകാശത്താഴ്‌വരക്കാട്ടിൽ ആയിരം കാന്താരി പൂത്തു', 'വിമൂകശോക സ്മൃതികളുണർത്തി വീണ്ടും പൗർണമി വന്നൂ', 'ഭൂഗോളം ഒരു ശ്മശാനം' തുടങ്ങിയ ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയവയാണ്. ഈ ലേഖനം, ഓഡിയോ എന്ന സംസ്‌കാരത്തോടും സംഗീതമണ്ഡലത്തോടും അവയെ സാധ്യമാക്കിയ നിരവധിയായ ഉപകരണങ്ങളോടും ചെറുപ്പം മുതൽ തനിക്കുണ്ടായിരുന്ന അസാധാരണമായ കമ്പത്തെക്കുറിച്ച് പ്രതാപ്‌സിങ് എഴുതിയ ഒരുപന്യാസമാകുന്നു. ജീവിതത്തിൽ മറ്റൊന്നിനോടുമില്ലാത്ത പ്രണയവും ലഹരിയും റേഡിയോ ഗ്രാം തൊട്ടുള്ള ഓഡിയോ യന്ത്രങ്ങളോടു തോന്നിയിരുന്ന ഒരു സംഗീതപ്രേമിയുടെ ആത്മകഥയാണ് ഈ രചന. അവയുടെ സാങ്കേതികതയും അതിസൂക്ഷ്മമായ ശബ്ദപ്രക്ഷേപണകലയും മുൻനിർത്തി തന്റെ വൈകാരിക ജീവിതം ക്രമപ്പെട്ടതിന്റെ അനുഭവാവിഷ്‌കാരം. അനുബന്ധമായി, ഓഡിയോ ഉപകരണങ്ങളെപ്പറ്റി സാങ്കേതികജ്ഞാനമുള്ളവർക്കുമാത്രം മനസ്സിലാകുന്ന ഒരു വിവരണവുമുണ്ട് ഈ ലേഖനത്തിൽ.

പഴയരൂപം, പഴയശൈലി, പഴയജീവിതചിത്രങ്ങൾ, പഴയകാലം ..... പക്ഷെ എത്രമേൽ ആർജ്ജവമുള്ള ആഖ്യാനമാണ് ഈ പുസ്തകത്തിലേതെന്ന് വായിച്ചറിയുക തന്നെ വേണം. ജീവിതത്തെയും അതിന്റെ ദുഃഖാനുഭവങ്ങളെയും നർമത്തിൽ ചാലിച്ചവതരിപ്പിക്കുന്ന, അസാധാരണമായ ഉൾക്കാഴ്ചകളെ അതിസാധാരണമായി പകർന്നു നല്കുന്ന ആഖ്യാനത്തിന്റെ കലാപാടവം പ്രതാപ്‌സിഗിനു കൈമുതലാണ്. അസാമാന്യമായ പ്രസാദവും ചിരിയുടെ ചൈതന്യവും തുളുമ്പിനിൽക്കുന്ന ജീവിതാനന്ദത്തിന്റെ കൈപ്പുസ്തകം പോലെ വായിച്ചാസ്വദിക്കാൻ കഴിയും, 'പാവക്കയ്ക്ക്പന്തുവരാളി'. നിശ്ചയമായും സ്വന്തം ജീവിതത്തെക്കുറിച്ച് നാം ഊതിവീർപ്പിച്ചു കൊണ്ടുനടക്കുന്ന ഒട്ടനവധി ധാരണകൾ കുമിളകൾ പോലെ പൊട്ടിത്തകരുന്നതിന്റെ നേർക്കാഴ്ചകളാണ് ഈ പുസ്തകം നിറയെ.

പുസ്തകത്തിൽ നിന്ന്

1977 ൽ ഏതോ ഒരു മാസം ഏതോ ഒരു ദിവസം ഫോർട്ടുകൊച്ചിയിൽ നിന്ന് ജോണിന്റെ ഒരു കത്ത്.

'ഫോർട്ടുകൊച്ചി സാന്റാക്രൂസിൽ ഒരു സേട്ടിന്റെ വീട്ടിൽ ഒരു റേഡിയോഗ്രാം ഉണ്ട്. ചിലപ്പോൾ അദ്ദേഹം അത് വിൽക്കും. വന്നാൽ നമുക്കൊരുമിച്ചുപോയിക്കാണാം. വീട് ഞാനറിയും.

ജോണിന്റെ സഹോദരി 1954 ലോ മറ്റോ എന്റെ നാട്ടിൽ ജോലി ചെയ്യുമ്പോൾ ആരംഭിച്ച സൗഹൃദം. എന്റെ ഒരു സഹോദരിയെ വിവാഹം കഴിച്ചയച്ചിരിക്കുന്നത് ഫോർട്ട്‌കൊച്ചിയിൽ ജോണിന്റെ വീടിനടുത്ത്. അങ്ങനെ മുറുകിയ സൗഹൃദം. പൊലീസ് നായയുടെ ഘ്രാണശക്തിയാണ് ജോണിന്. എനിക്ക് പറ്റിയ എന്തെങ്കിലും സാധനം ആ പരിസരത്തുണ്ടെങ്കിൽ മണത്തറിയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യേഗം. മണത്തറിയുന്ന വിദ്യ അവിടെ പഠിപ്പിക്കുന്നുണ്ടോ ആവോ.

Leave or no leave ഞാൻ പിറ്റേദിവസം എത്തിയേനെ. പക്ഷെ ജോണിന് സൗകര്യമാവണ്ടേ. അടുത്ത ഞായറാഴ്ച രാവിലെ ഞാൻ സ്ഥലത്തെത്തി. ഞാനെത്തുന്നുണ്ടെങ്കിൽ പിന്നെ ജോണിന് പള്ളിവേണ്ട. കുർബ്ബാന വേണ്ട. കുമ്പസാരം വേണ്ട.

ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിന് അധികം അകലെയല്ലാതെ വലിയ ഒരു ഇരുനിലമാളിക. സേട്ടിന്റെ വീട്. കോളിങ്‌ബെല്ലിൽ വിരലൊന്നമർത്തി. വീടിനനുസരിച്ച് വലിപ്പമുള്ള സേട്ടിനെയും പ്രതീക്ഷിച്ച് ഞങ്ങൾ നിന്നു. വാതിൽതുറന്ന് മുഖം കാണിച്ചത് ഒരു ചെറിയ സേട്ട്. എന്നാലും ഞങ്ങൾ തൊഴുതു. ചെറിയ സേട്ടിന് സന്തോഷമായി. ജോൺ വിഷയം ഉണർത്തിച്ചു. സേട്ട് ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു.

തൊഴുതതുകൊണ്ട് ഫലമുണ്ടായി. അഞ്ചുമിനിറ്റിനകം ചായയും വറുത്ത പലഹാരങ്ങളും മുന്നിൽ. ആരെക്കാണുമ്പോഴും തൊഴുത് അഭിവാദ്യം ചെയ്യുന്ന ആർഷഭാരതസംസ്‌കാരത്തെ മനസാ നമിച്ചു. ജോൺ സഹായത്തിനെത്തിയില്ലെങ്കിലും പലഹാരപ്പാത്രങ്ങൾ ഞാൻ കാലിയാക്കി. ആലുവായിൽ നിന്ന് ഒരു കാലിച്ചായയും കഴിച്ച് പുറപ്പെട്ടതല്ലേ.

സ്വീകരണറൂമിൽ റേഡിയോഗ്രാം കണ്ടില്ല. അവിടെയല്ലേ കാണേണ്ടത്? അതോ വിറ്റുപോയോ? അതു പറയാനുള്ള മടികൊണ്ടാണോ പെട്ടെന്ന് ചായ തന്നത്? എന്റെ ചിന്ത പിൻതുടർന്നമട്ടിൽ ചെറിയ സേട്ട് പറഞ്ഞു. 'റേഡിയോഗ്രാം തട്ടിന്മുകളിലാണ്.'

കണ്ണ് കിട്ടാതിരിക്കാനാവും താഴത്ത് പ്രദർശനത്തിന് വയ്ക്കാത്തത്. പൊങ്ങച്ചക്കാരൊക്കെ അത് സ്വീകരണമുറിയിലെ വയ്ക്കൂ. വീട്ടിൽ വരുന്നവരൊക്കെ 'ഇതെന്ത് സാധനമാണ്, എവിടന്ന് വാങ്ങിയതാണ്, എന്ത് വിലയുള്ളതാണ്, ഒന്ന് പാടിച്ചേ, കേൾക്കട്ടെ,' എന്നൊക്കെ പറയുക. ഈ ചെറിയ സേട്ടിന് പൊങ്ങച്ചം തീരെയില്ല. എന്റെ ചിന്തകൾ ഞാൻ ജോണിലേക്ക് പകർന്നു ജോണത് ശരിവച്ചു.

'ഈ ഗോവണി കയറിച്ചെല്ലുന്ന ഹാളിലുണ്ട്. നിങ്ങൾപോയിനോക്ക് . ഞാനൊരു സ്‌ക്രൂഡ്രൈവറെടുക്കട്ടെ. അകമൊക്കെ കാണണ്ടേ.'

ഗോവണി കയറി മുകളിലത്തെ പടിയിൽനിന്ന് ഹോളിലേയ്ക്ക് കാലെടുത്തു വച്ചതും ഞാനും ജോണും ഒപ്പം ഞെട്ടിത്തരിച്ചു നിന്നു. അവിടെ ഒരു രാജവെമ്പാല! ആറടിയിലേറെ നീളം വരും. പത്തിവിടർത്തി ഉഗ്രരൂപത്തിൽ നിൽക്കുന്നു!

പേടിച്ചോടേണ്ടതാണ്. പക്ഷെ ഓടിയില്ല. അലറി വിളിക്കേണ്ടതായിരുന്നു. പക്ഷെ വിളിച്ചില്ല. ബോധം കെട്ടുവീഴേണ്ടതായിരുന്നു.പക്ഷെ ബോധംകെട്ടില്ല. മരവിച്ച് നിന്നിടത്ത് തന്നെ നിന്നു. അതിന്മേൽ പതിച്ച ദൃഷ്ടി തിരിച്ചെടുക്കാനാവാതെ നിന്നു. അതിന്റെ തലയെടുപ്പും കണ്ണഞ്ചിക്കുന്ന സൗന്ദര്യവും ആവോളം ആസ്വാദിച്ചുനിന്നു.

അതേ രാജവെമ്പാല തന്നെ. റേഡിയോഗ്രാമിനു മുകളിലെ രാജവെമ്പാല. രണ്ടു ചെറിയ റേഡിയോഗ്രാം ചേർന്നാലുള്ള വലിപ്പം. ഇങ്ങനെയും ഒരു സൃഷ്ടിയോ?! അമ്പരപ്പ് നമ്പർ 1.

മുൻഭാഗത്തെ ഷട്ടർ മധ്യഭാഗം ഉയർത്തി പിന്നിലേയ്ക്ക് തള്ളി. അഞ്ചെട്ട് ബാൻഡുകളുള്ള ഒരു റേഡിയോ ഞങ്ങളെ എതിരേറ്റു. അതിലെഴുതി വച്ചിരിക്കുന്നു. BLAUPUNKT, Made in West Germany. 

പിയാനോ സ്വിച്ചുകളും നോബുകളും ചേർന്ന് പത്തിരുപത്തിയാറെണ്ണമുണ്ട്. റേഡിയോവിൽ. Tone control ചെയ്യാൻതന്നെ ഒന്നര ഡസൻ.  ഇപ്പോഴത്തെ 'Graphic equaliser'-ന്റെയും Parametric equaliser ന്റെയുമൊക്കെ മുൻഗാമികൾ.

മുകളിൽ വലതുവശത്തെ മൂടി തുറന്നാൽ ഒരു വലിയ റിക്കാർഡ് പ്ലെയർ. ഇടതുവശത്താണെങ്കിൽ ഒരു വലിയ സ്പൂൾ ടേപ്പ് റിക്കാർഡർ Three-in -one ന്റെ ആദിമരൂപം.

ചെറിയസേട്ട് സ്‌ക്രൂഡ്രൈവറുമായി വന്നു. പിൻഭാഗത്ത് ഹാർഡ്‌ബോർഡിന്റെ മൂന്ന് വലിയ പാനലുകൾ. നടുവിലെ പാനൽ ആദ്യം അഴിച്ചു. എന്നോട് വാൽവുകളെണ്ണാൻ പറഞ്ഞു. ഇരുപതെണ്ണത്തോളം ഞാൻ എണ്ണി. പിന്നെ മാജിക് ഐ ഉൾപ്പെടോ കാണാമറയത്ത് വേറെയും കാണും എന്ന് ചെറിയ സേട്ട് പറഞ്ഞു.

വശങ്ങളിലെ പാനലുകൾ അഴിച്ചപ്പോഴാണ് അന്നത്തെ അമ്പരപ്പ് നമ്പർ 2 സംഭവിച്ചത്. ഓരോ വശത്തും പല വലിപ്പത്തിലും പല ആകൃതിയിലുമുള്ള 9 സ്പീക്കർ വീതം മൊത്തം 18 സ്പീക്കർ! ഒരൊറ്റ റേഡിയോഗ്രാമിൽ!

ചെറിയ സേട്ട് ഒരു ഇംഗ്ലീഷ് റിക്കാർഡെടുത്തുവച്ച് റിക്കാർഡ് പ്ലെയർ ഓൺ ചെയ്തു. വോള്യം കൺട്രോൾ തിരിച്ചതും ഇടിവെട്ടിയതുപോലെ ആ ഹാൾ പ്രകമ്പനം കൊണ്ടതും ഞാനും ജോണും ജീവനും കൊണ്ട് ഗോവണി ചാടിയിറങ്ങി താഴെ വന്നതും ഞൊടിയിടയിലായിരുന്നു. അമ്പരപ്പ് നമ്പർ 3.

ചെറിയ സേട്ട് വോള്യം കുറച്ചപ്പോൾ ഞങ്ങൾ വീണ്ടും മുകളിൽ. കുറേസമയം അവിടെയിരുന്ന് റിക്കാർഡും, ടേപ്പും, റേഡിയോപ്പാട്ടും എല്ലാം കേട്ടു. ദൃശ്യാനുഭവവും ശ്രവ്യാനുഭവവും ഇതുപോലൊന്ന് പിന്നെ ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ല.

'തനിക്ക് വേണമെങ്കിൽ നമ്മളിത് മൂവായിരത്തി അഞ്ഞൂറു രൂപയ്ക്ക് തരാം.' 

മാസം അറുന്നൂറുരൂപയോളം അന്ന് ശബളം കിട്ടുന്ന എനിക്ക് മൂവായിരത്തഞ്ഞൂറു രൂപ വലിയ തുകയൊന്നുമല്ല. മുണ്ട് മുറുക്കിയുടുക്കുന്നതിൽ എക്‌സപർട്ടുമാണ്. പക്ഷെ ഇതുംകൊണ്ട് വീട്ടിൽ ചെന്നാൽ ഭാര്യ മൂക്കത്ത് വീണ്ടും വീണ്ടും വിരൽ വയ്ക്കും. ആലോചിച്ച് തീരുമാനിക്കാമെന്നുവച്ചു. ഒരാഴ്ചയ്ക്കുള്ളിൽ വിവരം പറയാമെന്നു പറഞ്ഞ് ഞങ്ങൾ യാത്രപറഞ്ഞു.

പാവക്കയ്ക്ക് പന്തുവരാളി
പ്രതാപ് സിങ്
സമ്രാട്ട് പബ്ലിഷേഴ്‌സ്, തൃശൂർ
2015 വില- 170 രൂപ