- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണീരും കിനാവും - കോടമ്പാക്കം കഥകൾ
' 'കണ്ണും കരളും' എന്ന സിനിമയുടെ പാട്ടുണ്ടാക്കുന്ന സ്ഥലത്തുനിന്ന് വയലാർ ഒരു ദിവസം എന്നെ വിളിച്ചു. വയലാറും ഞാനുംകൂടി ഹോട്ടൽ സവായ്‌യിൽ താമസിക്കുന്ന ചാക്കോച്ചനെ (കുഞ്ചാക്കോ)കാണാൻ പോയി. ഒരു ചെറിയ ദൗത്യമുണ്ടായിരുന്നു ആ സന്ദർശനത്തിനു പിന്നിൽ. ഒരു നിർദ്ദേശം ഞങ്ങൾ മുന്നോട്ടു വച്ചു. 'യേശുദാസൻ' എന്നൊരു പയ്യൻ. നന്നായി പാടും. 'എന്റെ പടത്തിൽ പാടണ
' 'കണ്ണും കരളും' എന്ന സിനിമയുടെ പാട്ടുണ്ടാക്കുന്ന സ്ഥലത്തുനിന്ന് വയലാർ ഒരു ദിവസം എന്നെ വിളിച്ചു. വയലാറും ഞാനുംകൂടി ഹോട്ടൽ സവായ്‌യിൽ താമസിക്കുന്ന ചാക്കോച്ചനെ (കുഞ്ചാക്കോ)കാണാൻ പോയി. ഒരു ചെറിയ ദൗത്യമുണ്ടായിരുന്നു ആ സന്ദർശനത്തിനു പിന്നിൽ. ഒരു നിർദ്ദേശം ഞങ്ങൾ മുന്നോട്ടു വച്ചു. 'യേശുദാസൻ' എന്നൊരു പയ്യൻ. നന്നായി പാടും.
'എന്റെ പടത്തിൽ പാടണ്ടാ'. ചാക്കോച്ചൻ ഉടൻ പ്രതികരിച്ചു. ഞങ്ങൾ ഒന്നുകൂടി പറഞ്ഞു, 'നമ്മുടെ അഗസ്റ്റിൻ ജോസഫിന്റെ മകനാണ്'.
ആരായാലും വേണ്ട'. അതായിരുന്നു ചാക്കോച്ചന്റെ മറുപടി. ('എന്റെ മോന്റെ കാര്യം നോക്കിക്കൊള്ളണം' എന്ന്, ചികിത്സയിലായിരുന്ന ആശുപത്രിയിൽവച്ച് മരിക്കും മുൻപ് അദ്ദേഹം എന്നോടു പറഞ്ഞിരുന്നത് എന്റെ മനസ്സിലുണ്ട്.)
ഞങ്ങൾ പിന്മാറിയില്ല. മൂന്നാമതൊരു തവണകൂടി പോയി. മാത്രമല്ല, ഒരു വിദ്യകൂടി പ്രയോഗിച്ചുനോക്കി. 'കത്തോലിക്കനാണ്'.
'ഏത് ഓലിക്കനായാലും പാടണ്ട'.
അങ്ങനെ അതവിടെ അവസാനിച്ചു.
ഒടുവിൽ, ശാരംഗപാണിയുടെ സ്വാധീനത്തിൽ, 'ഭാര്യ' എന്ന സിനിമയിലെ 'പഞ്ചാലപ്പാലുമിഠായി' എന്ന പാട്ടിലെ 'പപ്പയല്ലേ കൊണ്ടുവന്നത് കുഞ്ഞുടുപ്പ്' എന്ന ഒറ്റവരി മാത്രം യേശുദാസിനെക്കൊണ്ടു പാടിക്കാൻ കുഞ്ചാക്കോ സമ്മതിച്ചു.'
പെരുമ്പുഴ ഗോപാലകൃഷ്ണനെഴുതിയ ജി. ദേവരാജന്റെ ജീവിതകഥയിൽ, ദേവരാജൻ വിവരിക്കുന്ന ഒരനുഭവമാണിത്. പിൽക്കാലത്ത് ഗന്ധർവഗായകനും മഹാപ്രതിഭയുമായി മലയാള മനസ്സിൽ സിംഹാസനം കയ്യടക്കിയ യേശുദാസിന്റെ ചലച്ചിത്ര രംഗത്തേക്കുള്ള വരവിന്റെ കഥ.
സിനിമയെന്ന മായികലോകത്തുനടന്ന സമാനമായ ഒരുപാടു കഥകളുടെ ഈറ്റില്ലമായ കോടമ്പാക്കത്തിന്റെ ഒരു കാലഘട്ടത്തിലെ ജീവിതമാണ് സി. രാജേന്ദ്രബാബുവിന്റെ 'കോടമ്പാക്കം കുറിപ്പുകൾ'. സിനിമയെ സ്വപ്നം കണ്ട്, നാടും വീടും വിട്ട് തെന്നിന്ത്യൻ ചലച്ചിത്രലോകത്തിന്റെ തലസ്ഥാനവും ആസ്ഥാനവുമായിരുന്ന കോടമ്പാക്കത്തെത്തി സിനിമയെ വെല്ലുന്ന ജീവിതം ജീവിച്ചുതീർത്ത ഒരുപാടു മനുഷ്യരുടെ കണ്ണീരിന്റെയും കിനാവിന്റെയും കഥകൾ, അത്ഭുതങ്ങളുടെയും ദുരന്തങ്ങളുടെയും ഭൂമികയായിത്തീർന്ന ഒരു ദേശത്തിന്റെ കഥകൂടിയാണ്. താരങ്ങളും പ്രേതങ്ങളും ഒരുപോലെ രാസകേളിയാടിയ സിനിമയുടെ അഭ്രപാളികളാണ് ബാബുവിന്റെ വിഷയഭൂമികയെങ്കിലും ചലച്ചിത്ര സംഗീതത്തിന്റെ താളങ്ങളും താളപ്പിഴകളും നിറഞ്ഞ ശ്രാവ്യലോകമാണ് അദ്ദേഹത്തിന്റെ ഇഷ്ടമേഖല. അവിടെ, ശ്രുതിയും രാഗവും തെറ്റി, ജീവിതംതന്നെ വലിയൊരു അപസ്വരമായി മാറിപ്പോയ അസംഖ്യം കലാപ്രവർത്തകരുടെ ആത്മരോദനങ്ങളുടെ മുഴക്കം ബാബുവിന്റെ കാതുകൾ പിടിച്ചെടുക്കുന്നു. കോടമ്പാക്കത്തെക്കുറിച്ചും അവിടം കേന്ദ്രീകരിച്ചുണ്ടായ തെന്നിന്ത്യൻ ചലച്ചിത്ര വ്യവസായത്തെക്കുറിച്ചും എം ടി. മുതൽ പി.കെ. ശ്രീനിവാസൻ വരെ എത്രയെങ്കിലും പേരുടെ രചനകൾ നമുക്കു മുന്നിലുള്ളപ്പോഴും കോടമ്പാക്കത്തിന്റെ തെരുവോരങ്ങളിലും സ്റ്റുഡിയോകളിലും തിങ്ങിനിറഞ്ഞ ചേരികളിലും ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിച്ചവരുടെയും ഹോമിച്ചവരുടെയും കഥകൾ, അവർക്കൊപ്പം നിന്ന് അവരിലൊരാളായി എഴുതുന്നത് ബാബുവാണ്. [BLURB#2-VR] 1970 കളിൽ, സിനിമാസംഗീത മേഖലയിൽ ഗായകനോ ഉപകരണസംഗീതകാരനോ ആയി വിജയിക്കാനുള്ള സ്വപ്നവും മനസ്സിലേറ്റി, കണ്ണൂർരാജന്റെ ക്ഷണമനുസരിച്ച് അമ്മയ്ക്കും ഗായികയായ സഹോദരി ലതികയ്ക്കുമൊപ്പം മദിരാശിയിൽ താമസിക്കാനെത്തിയ ബാബു പിന്നീടുള്ള നാലുപതിറ്റാണ്ടുകാലം താൻ കണ്ടും കേട്ടും അനുഭവിച്ചുമറിഞ്ഞ കോടമ്പാക്കത്തെ മുൻനിർത്തിയെഴുതുന്ന ആത്മകഥയാണ് ഈ പുസ്തകം. 'മലയാള സിനിമയുടെ അറിയാത്ത ചരിത്രം' എന്ന അവതാരികയിൽ കെ.എസ്. സേതുമാധവൻ കോടമ്പാക്കത്തിന്റെ ചരിത്രം വിവരിക്കുന്നുണ്ട്. ആർക്കോട്ട് നവാബിന്റെ കുതിരകളെ തീറ്റിപ്പോറ്റിയിരുന്ന 'ഘോഡഭാഗ്' ആണ് പിന്നീട് 'കോടമ്പാക്ക'മായത്. കുതിരവളർത്തുകേന്ദ്രത്തിലെ Teaser കുതിരകളുടെ കഥ പറയുന്നു, സേതുമാധവൻ. അവയെപ്പോലെയാണ് ട്രാക്ക് പാടിയും കോറസ് പാടിയും ജീവിതം കഴിക്കുന്ന ഗായകരും ഡ്യൂപ്പ് ആയി അഭിനയിക്കുന്ന നടീനടന്മാരുമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. ഇത്തരം മനുഷ്യരെ നേരിട്ടറിഞ്ഞ ബാബുവിന്റെ കഥയിൽ അമ്പേ തഴയപ്പെട്ട കലാപ്രവർത്തകർ മാത്രമല്ല. മുൻനിരയിൽനിന്നു മറവിയിലേക്കു തലകുത്തിവീണവർ മുതൽ സ്ഥാപിതതാൽപര്യക്കാർ തമസ്‌കരിച്ചും വേട്ടയാടിയും പുകച്ചും പുറത്തുചാടിച്ച പ്രതിഭകൾ വരെയുണ്ട്. ഒപ്പം നേട്ടത്തിന്റെ നെറുകയിലേക്കു കുതിച്ചുകയറിപ്പോയ പരിമിതവിഭവരായ ഭാഗ്യാന്വേഷികളുടെ കഥകളും. കോടമ്പാക്കത്തെ തെരുവുകളിലും സ്റ്റുഡിയോകളിലും മനുഷ്യമനസ്സുകളിലും നടന്നുകൊണ്ടേയിരുന്ന വലിയ ചൂതാട്ടങ്ങളുടെ കഥയായി ഇവയോരോന്നും മാറുന്നു. രാവിരുണ്ടുവെളുക്കുമ്പോൾ കൊട്ടാരത്തിൽനിന്ന് കുടിലിലും കുടിലിൽ നിന്നു കൊട്ടാരത്തിലും എത്തിപ്പെട്ടവരുടെ ജീവിതമായി.
ഹോട്ടൽ ഹോളിവുഡിനു ചുറ്റും പരന്നുകിടന്ന കോളിവുഡിലെ ഭാഗ്യാന്വേഷികളുടെ ഇടത്താവളങ്ങളിൽ, പൊടിപറത്തി പാഞ്ഞുപോകുന്ന താരങ്ങളുടെ കാറുകളിൽ, കനത്ത മതിൽക്കെട്ടുകൾക്കുള്ളിൽ തടവിലിട്ട മനസ്സുമായി ജീവിക്കുന്ന മഹാപ്രതിഭകളുടെ ചുറ്റുവട്ടങ്ങളിൽ, ശരീരവും മനസ്സും പണയംവച്ച് ജീവിതപ്പെരുവഴിയിൽ ചൂതാടിയവരുടെ ഒളിവിടങ്ങളിൽ, കൺമുൻപിൽ ആകാശത്തോളം വലുതായ മഹാഭാഗ്യശാലികളുടെ കയ്യകലത്തിൽ, ഒക്കെ ബാബു ഉണ്ടായിരുന്നു. തന്റെ സ്വപ്നം അപ്പാടെ നടപ്പായില്ലെങ്കിലും അടിപതറിപ്പോയ മറ്റൊരുപാട് കലാപ്രവർത്തകരുടെ ദുർവിധി ബാബുവിനുണ്ടായില്ല. അദ്ദേഹം ദേവരാജൻ മുതൽ കണ്ണൂർ രാജൻ വരെയുള്ള സംഗീത സംവിധായകർക്കും യേശുദാസ് മുതൽ ഉണ്ണിമേനോൻ വരെയുള്ള ഗായകർക്കുമൊപ്പം ദീർഘകാലം പ്രവർത്തിച്ചും തന്റെയും സഹോദരി ലതികയുടെയും കലാജീവിതം അത്രമേൽ മോശമല്ലാതെ കെട്ടിപ്പടുത്തും മലേഷ്യാവാസുദേവൻ മുതൽ ജയചന്ദ്രൻ വരെയുള്ളവർക്കൊപ്പം നിരവധി വിദേശയാത്രകൾ നടത്തിയും പിൽക്കാലത്ത് 'ഇന്ത്യാടുഡെ'യിൽ പത്രപ്രവർത്തകനായും ചെന്നൈയിൽതന്നെ കോടമ്പാക്കത്തെ അതിജീവിക്കുന്നു.
കോടമ്പാക്കത്തെത്തി, മലയാളസിനിമയിൽ ഒന്നുമാകാതെപോയ വരെയും എല്ലാമായവരെയും ഒരേ മനഃസ്ഥിതിയിൽ കാണുന്നു, ബാബു. പിൽക്കാലത്ത് സ്വന്തം വഴിവെട്ടിത്തുറന്ന ഒരുപിടി സംവിധായകരെയും നടന്മാരെയും ഗായകരെയും തിരക്കഥാകൃത്തുക്കളെയുമൊക്കെ അടുത്തുനിന്നു കണ്ട ആദ്യസന്ദർഭങ്ങൾ ബാബു ഓർമിക്കുന്നു. ചരിത്രത്തിന്റെയും വിധിയുടെയും അങ്ങേയറ്റം കൗതുകകരമായ ലീലകൾപോലെ അവയിൽ ചിലത് അദ്ദേഹം ഇങ്ങനെ വിവരിക്കുകയും ചെയ്യുന്നു. ലതികയുടെ സംഗീതജീവിതത്തെ അങ്ങേയറ്റം ആർജവത്തോടെ വിശദീകരിക്കുന്നു, അവരുടെ ഈ സഹോദരൻ.
ചില സ്മൃതി ചിത്രങ്ങൾ കാണുക:
1. ' പ്രിവ്യുവിനു ശേഷം കണ്ണൂർ രാജനും ഞാനും കോടമ്പാക്കത്തേക്കുള്ള ബസ്സിൽ കയറി. ചിത്രത്തിൽ വേഷമിട്ട ഒരു നടിയും കറുത്ത സഫാരി ധരിച്ച വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരനും ഒപ്പം കയറി. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഫിലിം ജേണലിസ്റ്റ് ഹരി നീണ്ടകര എന്നോടു പറഞ്ഞു: 'മല്ലികയും ഭർത്താവ് അമ്പിളിയും.' മല്ലിക പിന്നീടു പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും പിടിച്ചു നില്ക്കാനായില്ല. അമ്പിളിയുമായുള്ള അവരുടെ ദാമ്പത്യം തകർന്നു. മല്ലിക സുകുമാരന്റെ ഭാര്യയായി; ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയായി. അമ്പിളിയാകട്ടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി; ജഗതി ശ്രീകുമാറായി.'
2. ' ഡോക്ടർ ബാലകൃഷ്ണന്റെ ക്ലിനിക്കിൽ രോഗികളുടെ തിരക്ക്. തിരക്കിനിടയിലൂടെ ഉള്ളിൽ കടന്നപ്പോൾ ആദ്യത്തെ വാതിലിനരികിൽ രോഗികൾക്കു ശീട്ടെഴുതിക്കൊണ്ടിരുന്ന ചെറുപ്പക്കാരൻ ചിരിച്ചു.
'ഡോക്ടർ അകത്തില്ലേ?' കണ്ണൂർ രാജൻ ആരാഞ്ഞു.
'ഉണ്ടല്ലോ. കുറച്ചുനേരം ഇരിക്ക്' യുവാവ് പറഞ്ഞു. ഞങ്ങൾ അദ്ദേഹത്തിനു സമീപമിരുന്നു.
'ഇദ്ദേഹം ഡോക്ടറുടെ അസിസ്റ്റന്റാണ്. സത്യൻ.' കണ്ണൂർ രാജൻ എന്നെ പരിചയപ്പെടുത്തിയശേഷം അകത്തേക്കു പോയി.
ശീട്ടെഴുതുന്നതിനിടയിൽ ഞങ്ങൾ കുശലം പറഞ്ഞു. എന്റെ ഗാനമേള സംഘത്തിലെ ഗായകനും കവിയുമായ ചാത്തന്നൂർ മോഹൻ സത്യന്റെ സുഹൃത്തായിരുന്നു. കവിതാരചനയാണ് ഇരുവരെയും അടുപ്പിച്ചിരുന്ന ഘടകം. ഡോക്ടർ ബാലകൃഷ്ണനെ കാണാൻ പോകുമ്പോഴെല്ലാം ഞാൻ സത്യനുമായി സൗഹൃദം പങ്കുവച്ചു. ഗാനരചനയും സഹസംവിധാനവുമായി ചലച്ചിത്ര രംഗത്തു തുടർന്ന ഈ സത്യൻ തന്നെയാണല്ലോ പില്ക്കാലത്തു മലയാളസിനിമയുടെ അവിഭാജ്യ ഘടകമായ സത്യൻ അന്തിക്കാടായതെന്നോർക്കുമ്പോൾ ആഹ്ലാദം തോന്നും.'
3. ' റോയപ്പേട്ടയിൽ നിന്നു വളരെടുത്താണ് ട്രിപ്ലിക്കേൻ. ഒരിക്കൽ ഗൾഫ് പര്യടനം കഴിഞ്ഞു വന്ന കാലമായിരുന്നു അത്. അവിടത്തെ ഒരു ഇടുങ്ങിയ തെരുവിലെ മലയാളി ഹോട്ടലിൽ നിന്നു ഉച്ചഭക്ഷണം കഴിച്ചശേഷം മാളയും ഞാനും സ്വാമീസ് ലോഡ്ജിലെ മുറിയിൽ വെടിപറഞ്ഞിരിക്കുമ്പോൾ വെള്ള മുണ്ടും അരക്കൈയൻ ഷർട്ടും ധരിച്ച ചെറുപ്പക്കാരൻ മുറിയിൽ കടന്നു വന്നിരുന്നു. അപ്പോഴും ഞങ്ങൾ തമാശകൾ പൊട്ടിച്ചു ചിരിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ഞാൻ മേശപ്പുറത്ത് ഊരിവച്ചിരുന്ന റേ ബാൻ സൺഗ്ലാസ്സ് ചെറുപ്പക്കാരൻ എടുത്ത് അയാളുടെ മുഖത്തുവച്ചത് എനിക്കു തീരെ രസിച്ചില്ല. 'ഇതുപോലൊന്ന് എനിക്കുമുണ്ടായിരുന്നു. താഴെ വീണ് ഉടഞ്ഞുപോയി.' എന്നു പറഞ്ഞു ചിരിച്ചുകൊണ്ട് അയാൾ ഗ്ലാസ് ഊരി മുണ്ടിൽ തുടച്ചു മേശപ്പുറത്തു വച്ചു. എന്റെ മുഖഭാവം ശ്രദ്ധിച്ച മാള എന്നോടു ചോദിച്ചു:
'ആളെ മനസ്സിലായില്ല. അല്ലേ? പുതിയ നടനാണ്. ഒരു പടം ചെയ്തതു ഹിറ്റ്. മിടുക്കനാണ്. പ്രതീക്ഷ അർപ്പിക്കാവുന്ന നടൻ.'
'എന്താ പേര്?' തികഞ്ഞ നിസ്സംഗതയോടെ ഞാൻ അയാളോടു ചോദിച്ചു.
അല്പം നാണത്തോടെ അയാൾ മറുപടി പറഞ്ഞു: 'മോഹൻലാൽ' '
4. ' ഞാൻ പാടുന്നതു കണ്ടുനിന്നവർക്കിടയിൽ എന്റെ നാട്ടുകാരനും ഫിലിം ജേണലിസ്റ്റുമായ ഹരി നീണ്ടകരയും സിനിമയിൽ പാടാൻ അവസരം കാത്തുകഴിയുന്ന എന്റെ സുഹൃത്ത് നാരായണൻകുട്ടിയും ഉണ്ടായിരുന്നു. പാടിക്കഴിഞ്ഞു ഞാൻ പുറത്തുവന്നപ്പോൾ കേട്ടുനിന്നവരെല്ലാം എനിക്കു നേരേ ആശംസകൾ ചൊരിഞ്ഞു.
'ഭാഗ്യവാൻ. പാട്ട് നന്നായി. അടുത്ത പാട്ടും ബാബുവിനാണോ?' എന്റെ കൈ പിടിച്ചുകൊണ്ട് നാരായണൻകുട്ടി ചോദിച്ചു. എത്രയോ നാളായി നാരായണൻകുട്ടിയെപ്പോലുള്ളവർ കാത്തിരുന്ന അവസരമാണ് എന്റെ മുന്നിൽ തുറന്നു കിട്ടിയിരിക്കുന്നത് എന്നതായിരിക്കാം എന്നെ ഭാഗ്യവാനായി വിശേഷിപ്പിച്ചത്. നാരായണൻകുട്ടി മികച്ചൊരു ഗായകനായിരുന്നു.
ഇതു ട്രാക്ക് മാത്രമാണെന്നും ഈ പാട്ട് യേശുദാസ് പിന്നീടു മാറ്റിപ്പാടുമെന്നും പറഞ്ഞപ്പോൾ നാരായണൻകുട്ടി അന്തംവിട്ടുനിന്നു! ഒരു പിന്നണിഗായകനുവേണ്ട സവിശേഷതകളൊന്നും എനിക്കില്ലെന്നു സ്വയം ബോധ്യമുള്ളതുകൊണ്ട് ആ വഴിയെക്കുറിച്ചു ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല. പക്ഷേ, ട്രാക്ക് പാടിയപ്പോൾ ഗായകനാകുന്നതിന്റെ ആനന്ദം എന്തെന്ന് അനുഭവിച്ചറിയാൻ എനിക്കും കഴിഞ്ഞു.
നാരായണൻകുട്ടി പിന്നീട് ധാരാളം സിനിമകൾക്കു ട്രാക്ക് പാടി. ഒരു ചിത്രത്തിൽ യേശുദാസിനുവേണ്ടി ട്രാക്ക് പാടിയ പാട്ടുകൾ നാരായണൻകുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവായി. യേശുദാസിനുവേണ്ടി നിർമ്മാതാവ് ഏറെക്കാലം കാത്തിരുന്നു. കിട്ടാതായപ്പോൾ നാരായണൻകുട്ടിയുടെ പാട്ടുകൾതന്നെ ചിത്രത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ചു. അങ്ങനെ 1981-ൽ അരോമ മണി നിർമ്മിച്ച് പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത 'കടത്ത്' എന്ന ചിത്രത്തിനുവേണ്ടി ബിച്ചുതിരുമല രചിച്ച് ശ്യാം സംഗീതം പകർന്ന ഗാനങ്ങളിലൂടെ നാരായണൻകുട്ടി പ്രശസ്തനായി.
'ഓളങ്ങൾ താളം തല്ലുമ്പോൾ
നീലക്കുരുവീ നീയെന്തേ നാണിച്ചിരിക്കുന്നു.....'
'പുന്നാരേ പൂന്തിങ്കളേ....'
എന്നീ ഗാനങ്ങളിലൂടെ മലയാളത്തിനു പുതിയൊരു ഗായകനെ കിട്ടി. പിന്നീട് ദക്ഷിണേന്ത്യൻ സിനിമാസംഗീതത്തിലെ ശ്രദ്ധേയനായ ഉണ്ണിമേനോന്റെ പിറവി അങ്ങനെയായിരുന്നു.'
5. 'കോടമ്പാക്കത്തുനിന്നു ചൂളൈമേടിലേക്കു പോകുന്ന വഴിയിലെ രാജവീഥി എന്ന സ്ട്രീറ്റിൽ ഒരു പഴയ ഫ്‌ളാറ്റിന്റെ മൂന്നാംനിലയിലായിരുന്നു ബ്രഹ്മാനന്ദൻ താമസിച്ചിരുന്നത്. മലയാളസിനിമയിൽ അക്കാലത്ത് വെട്ടിത്തിളങ്ങി നിന്ന് അടൂർഭാസി, അദ്ദേഹത്തിന്റെ സഹോദരൻ നടനും പത്രപ്രവർത്തകനുമായ ചന്ദ്രാജി, നിർമ്മാതാവ് ആർ.എസ്. പ്രഭു തുടങ്ങിയവരൊക്കെ രാജവീഥിയിലാണു താമസം. ബ്രഹ്മാനന്ദന്റെ ഫ്‌ളാറ്റിന്റെ രണ്ടാംനിലയിൽ താമസിക്കുന്നതു ഫിലിം ചേംബറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകനായ പ്രഭാകരനാണെന്ന് അറിയാമെങ്കിലും എനിക്ക് അദ്ദേഹവുമായി പരിചയമൊന്നുമില്ല. ഞാൻ മൂന്നാംനിലയിലേക്കു പോകുമ്പോൾ രണ്ടാംനിലയിലെ വീടിന്റെ മുന്നിൽ കറുത്തു പൊക്കം കുറഞ്ഞ ഒരാൾ എന്നെ മിഴിച്ചുനോക്കി നില്ക്കുന്നതു കണ്ടു. സിനിമാരംഗം പിടിച്ചടക്കാൻ വന്ന ഏതോ യോദ്ധാവായിരിക്കണം. ആകെ പട്ടിണിക്കോലം. മൂന്നാംനിലയിലെ വീട്ടിൽ ബ്രഹ്മാനന്ദൻ എന്നെ കാത്തിരിക്കുകയായിരുന്നു.
'ആരാണു താഴത്തെ വീടിന്റെ മുന്നിൽ നില്ക്കുന്നത്? അദ്ദേഹമാണോ പ്രഭാകരൻ?' ഞാൻ ബ്രഹ്മാനന്ദനോടു ചോദിച്ചു.
'അതു പ്രഭാകരനല്ല. അദ്ദേഹത്തിന്റെ സ്റ്റുഡന്റാണ്. ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞു. പ്രഭാകരന്റെ സഹായിയായി നില്ക്കുകയാണ്. അദ്ദേഹത്തിനു ചോറും കറിയുമൊക്കെ വച്ചുകൊടുക്കും. പ്രഭാകരൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിക്കഴിഞ്ഞാൽ പുള്ളിക്കാരൻ ഒരു ഫയലുമെടുത്തു പുറത്തുപോകും. സിനിമാക്കമ്പനികളിലൊക്കെ കയറിയിറങ്ങി നടക്കും. ധാരാളം തിരക്കഥകൾ എവുതിവച്ചിട്ടുണ്ട്. ഒരെണ്ണം ക്ലിക്കായാൽ രക്ഷപ്പെട്ടു. അഭിനയിക്കാനും താൽപര്യമുണ്ട്. ശ്രീനിവാസൻ എന്നാണു പേര്'. ബ്രഹ്മാനന്ദൻ പറഞ്ഞുനിറുത്തി.
[BLURB#1-H] 1977-ൽ പി.എ. ബക്കറിന്റെ 'മണിമുഴക്ക'ത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയുടെ ആദ്യാക്ഷരം കുറിച്ച ശ്രീനിവാസൻ മലയാളസിനിമയിൽ കറുത്ത ഫലിതത്തിന്റെ സാധ്യതകൾ ആരാഞ്ഞ തിരക്കഥാകൃത്തും നടനും സംവിധായകനും നിർമ്മാതാവും എല്ലാമായി. നമ്മുടെ പ്രിയപ്പെട്ട ശ്രീനിവാസനായി'.
ബേബിശാലിനിയെന്ന, ഒരുകാലത്തെ മലയാളസിനിമയിലെ സൂപ്പർതാരത്തിന്റെ കഥയാണ് ഈ പുസ്തകത്തിലെ ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന്. ശാലിനിയുടെ ബാല്യം മുതൽ അവരുടെ കുടുംബസുഹൃത്തും ഏറ്റവും വേണ്ടപ്പെട്ട സഹായിയുമായിരുന്നു, ബാബു. കലാരംഗത്ത് ആ കുടുംബത്തിനുണ്ടായ അത്ഭുതകരമായ വളർച്ച ഏറ്റവുമടുത്തുനിന്നു നോക്കിക്കണ്ടയാൾ. [BLURB#1-VL] ദേവരാജൻ എം.കെ. അർജ്ജുനൻ, രവീന്ദ്രൻ, ജോൺസൺ, ഔസേപ്പച്ചൻ, വിദ്യാധരൻ, കണ്ണൂർ രാജൻ തുടങ്ങിയ സംഗീത സംവിധായകർ; യേശുദാസ്, ജയചന്ദ്രൻ, ഉണ്ണിമേനോൻ, ജാനകി, മാധുരി, സുശീല, ചിത്ര തുടങ്ങിയ ഗായകർ; പ്രേംനസീർ, സുകുമാരൻ തുടങ്ങിയ നടന്മാർ; സേതുമാധവൻ, ഭരതൻ, ഐ.വി. ശശി, ശശികുമാർ, സത്യൻ അന്തിക്കാട് തുടങ്ങിയ സംവിധായകർ എന്നിങ്ങനെ ബാബു അടുത്തറിഞ്ഞ ചലച്ചിത്ര പ്രതിഭകളുടെ എണ്ണം വളരെയാണ്. പക്ഷെ ഇവരുടെ കഥകൾ പറയുന്നതിനെക്കാൾ ആർജവത്തോടെ ബാബു പറയുന്നത് കോടമ്പാക്കത്ത് ജീവിതം ഹോമിച്ചവരുടെ കഥകളാണ്. ഭരണിക്കാവ് ശിവകുമാറും പട്ടം സദനും ബ്രഹ്മാനന്ദനും സി.ഒ. ആന്റോയും മുതൽ നിരവധിപേർ. തെരുവിൽനിന്നു കൊട്ടാരത്തിലേക്കു നടന്നുകയറിയ ഇളയരാജയും റഹ്മാനും നേടിയ വിസ്മയകരമായ കലാവിജയങ്ങളും ഇളയരാജയുടെ പതനവുമൊക്കെ ബാബു വിവരിക്കുന്നത് അവരെ സ്വന്തം കണ്ണുകൊണ്ടും കാതുകൊണ്ടും അടുത്തറിഞ്ഞാണ്.
ഇതോടൊപ്പംതന്നെ ശ്രദ്ധേയമാകുന്നു ബോംബെ രവി, എ.ടി. ഉമ്മർ തുടങ്ങിയവരുടെ വ്യാജപ്രതിഭകളെ പൊളിച്ചടുക്കുന്ന രീതിയും, ചില മഹാപ്രതിഭകളുടെ മുൻകോപം സൃഷ്ടിച്ച ഭാഗ്യശാലികളെക്കുറിച്ചുള്ള കൗതുകകരമായ ഭാഗവും.
തെന്നിന്ത്യൻ സിനിമയുടെ പറുദീസയായിരുന്ന കോടമ്പാക്കം ഏതാണ്ടവസാനിച്ചു കഴിഞ്ഞു. പക്ഷെ കോടമ്പാക്കമെഴുതിയ ചലച്ചിത്രജീവിതങ്ങളുടെ തിരക്കഥ ചരിത്രമായിത്തന്നെ അവശേഷിക്കുകയാണ്. ബാബുവിന്റെ ഈ പുസ്തകം ആ ജീവിതങ്ങൾ ചോരയിലും കണ്ണീരിലുമെഴുതിയ കഥകളായി മാറുന്നു. നിസംശയം പറയാം, കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ, മലയാളിയെ ഏറ്റവും കൂടുതൽ മോഹിപ്പിച്ച സ്വപ്നലോകത്തിന്റെ കണ്ണീരും കിനാവും നിറഞ്ഞ ചരിത്രവും കഥകളുമായി ഈ പുസ്തകം ഇനിയും വായിക്കപ്പെടുകതന്നെ ചെയ്യും.
കോടമ്പാക്കം കുറിപ്പുകൾ
എസ്. രാജേന്ദ്രബാബു
ഡി.സി. ബുക്‌സ്, 2011
വില : 115 രൂപ
പുസ്തകത്തിൽനിന്ന്:
തന്റെ ആദ്യഗാനമെന്ന നിലയിൽ ഹിന്ദുസ്ഥാനി ടച്ചുള്ള മനോഹരമായ ഒരു ഗാനമാണു സീറോ ബാബു ചിട്ടപ്പെടുത്തിവച്ചിരുന്നത്. ദാസേട്ടൻ പാട്ടു പഠിച്ചുകഴിഞ്ഞപ്പോൾ സംഗീതസംവിധാകൻ സൗണ്ട് എൻജിനീയറുടെ സമീപം വന്നിരുന്നു. രണ്ടുമൂന്നു റിഹേഴ്‌സലും നോക്കി.
ടേക്ക്, സീറോ ബാബു വിളിച്ചുപറഞ്ഞു:
വൺ, ടു, ത്രീ, ഫോർ.....
ദാസേട്ടൻ പാടിത്തുടങ്ങി:
'പൊന്നോണത്തുമ്പികളും പൂങ്കാറ്റും
കഥ പറയണ നാട്ടിൽ നിന്നും വന്നവൻ ഞാൻ...'
ദാസേട്ടൻ അനുപല്ലവി പാടിയപ്പോൾ ട്യൂൺ അല്പം മാറിപ്പോയി. 'കട്ട്!' സീറോ ബാബുവിന്റെ ശബ്ദം.
സംഗീത സംവിധായകൻ റെക്കോഡിങ് നിറുത്തിവച്ചു വോയ്‌സ് റൂമിലേക്കു പോയി. ട്യൂൺ കൃത്യമായി പറഞ്ഞു കൊടുത്തിട്ടു തിരികെ വന്നിരുന്നു. പക്ഷേ, ദാസേട്ടൻ പാടിത്തുടങ്ങിയപ്പോൾ വീണ്ടും അതേ പ്രശ്‌നം.
'അങ്ങനല്ല ദാസേ' ബാബുക്ക വീണ്ടും അകത്തു പോയി ട്യൂൺ ശരിപ്പെടുത്തി. പക്ഷേ, പ്രശ്‌നം ആവർത്തിച്ചു. പറഞ്ഞു കൊടുത്തതുപോലെതന്നെയാണു പാടുന്നതെന്ന് ദാസേട്ടനും അല്ലെന്നു സംഗീതസംവിധായകനും!
അവരുടെ വാക്കുകൾ ഉച്ചത്തിലായി. തലേ ദിവസം അതു പാടിവച്ച ഞാൻ ഇതെല്ലാം കേട്ടു നില്ക്കുകയാണ്. നിസ്സാരമായ വ്യത്യാസമേ ഉള്ളൂ. അത് അവഗണിക്കാവുന്നതുമാണ്. പക്ഷേ, സംഗീതസംവിധായകൻ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ല. അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ്. ട്രാക്ക് പാടിയ ആൾ ഇവിടെയുണ്ടെന്നും പാടിയതു ശരിയാണോയെന്ന് അയാളോടു ചോദിക്കാനും പറഞ്ഞു സംഗീതസംവിധായകൻ പന്ത് എന്റെ കോർട്ടിലേക്കു തള്ളി. രണ്ടു പേരും ചൂടിലാണ്. ഞാൻ ആരുടെ ഭാഗത്തു നില്ക്കും?
'ബാബു അകത്തു വാ...' ദാസേട്ടന്റെ ഇടിവെട്ടു ശബ്ദം. സർവ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു ഞാൻ വോയ്‌സ് റൂമിൽ ചെന്നു.
'നീയല്ലേ ട്രാക്ക് പാടിവച്ചത്. ഞാൻ പാടിയതിൽ എന്താ തെറ്റ്?'
ദാസേട്ടന്റെ മുഖം ചുവന്നിരിക്കുന്നു! പെട്ടെന്നു സംഗീതസംവിധായകൻ ഉള്ളിലേക്കു വന്നു. അദ്ദേഹം എന്തോ പറയാൻ തുടങ്ങിയ ഉടനെ ദാസേട്ടൻ പുറത്തേക്കു പോയി. അന്തരീക്ഷമാകെ കനംവച്ച നിശ്ശബ്ദത! എല്ലാവരും പരസ്പരം നോക്കി ആർക്കും ഒന്നും പറയാനില്ല.
പുറത്തു കാറിലിരിക്കുന്ന ദാസേട്ടനു സമീപം ചെന്നു സീറോ ബാബു സ്വരം താഴ്‌ത്തി പറഞ്ഞു:
'തിരികെ പോയാൽ ദാസിനു നഷ്ടപ്പെടാൻ ഒന്നുമില്ല. ഒരു പാട്ട് മാത്രം. എനിക്ക് അങ്ങനെയല്ല. ഒരു ചിത്രം മാത്രമല്ല; എന്റെ ഭാവിയാണു നഷ്ടമാകുന്നത്. എന്റെ ആദ്യ ചിത്രമാണിത്. ദാസ് പാടാതെ ഇറങ്ങിപ്പോയാൽ ഇനി എനിക്ക് ആരു പടം തരും? പാട്ടുകാരനായി രക്ഷപ്പെട്ടില്ല. സംഗീതസംവിധായകനാകാനുള്ള എളിയ ശ്രമമാണ്. അതും നടന്നില്ലെങ്കിൽ...'
ഒരു നിശ്ശബ്ദതയ്ക്കുശേഷം ദാസേട്ടൻ കാറിൽ നിന്നിറങ്ങി വീണ്ടും വോയ്‌സ് റൂമിലേക്കു നടന്നു. സീറോബാബു പിറകേയും മഞ്ഞുമല ഉരുകി! വീണ്ടും സൗഹാർദ്ദത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ. ട്യൂൺ സശ്രദ്ധം ഒരിക്കൽക്കൂടി കേട്ടു ദാസേട്ടൻ പാടി:
'പൊന്നോണത്തുമ്പികളും പൂങ്കാറ്റും
കഥ പറയണ നാട്ടിൽ നിന്നും വന്നവൻ ഞാൻ...'
'ടേക്ക് ഒ.കെ.!' സീറോ ബാബുവിന്റെ ആഹ്ലാദം നിറഞ്ഞ ശബ്ദം.