രിഭാഷയിൽ നഷ്ടപ്പെടുന്നതാകണമെന്നില്ല എപ്പോഴും കവിത. ഒരുദാഹരണം പറയാം. രണ്ടുവർഷം മുമ്പാണ്. സ്‌കൂൾവിദ്യാർത്ഥിയായ മകൻ ആൽഫ്രഡ് ടെനിസൺന്റെ കവിതകളെക്കുറിച്ച് ഒരു അസൈന്മെന്റ് തയ്യാറാക്കുകയായിരുന്നു. ഇന്റർനെറ്റിൽ ടെനിസൺന്റെ കവിതകൾ തിരഞ്ഞ ഞാൻ 'ഈഗിൾ' എന്ന ആറുവരിക്കവിതയിൽ വായന തട്ടിനിന്നു. പ്രപഞ്ചജീവിതത്തിനുമേൽ നഖങ്ങളാഴ്‌ത്തുന്ന ബ്രഹ്മാണ്ഡഹന്താവിന്റെ വിശ്വരൂപം പോലുള്ള ഒരു ഗരുഡന്റെ കിടിലംകൊള്ളിക്കുന്ന ഭാവനയായിരുന്നു ആ കവിത.

'He clasps the crag with crooked hands
Close to the sun in lonely lands,
Ring'd with the azure world, he stands.
The wrinkled sea beneath him crawls,
He watches from his mountain walls,
And like a thunderbolt he falls.'

അപ്പോൾ തന്നെ ബാലചന്ദ്രനെ വിളിച്ച് ഈ കവിതയെക്കുറിച്ചു പറഞ്ഞു. ഒരു മണിക്കൂർ കഴിഞ്ഞില്ല, ബാലൻ തിരികെ ഫോൺ ചെയ്ത് 'ഗരുഡൻ' എന്ന പേരിൽ ടെനിസൺന്റെ കവിതക്ക് താൻ നടത്തിയ പരിഭാഷ എന്നെ ചൊല്ലിക്കേൾപ്പിച്ചു. തുടർന്ന് അതിന്റെ ഒരു വിശദീകരണവും.
ഉത്തുംഗമായ ഗിരിശിഖരത്തിനെ
വക്രനഖങ്ങളാലള്ളിപ്പിടിച്ചവൻ
തീക്ഷ്ണ മാർത്താണ്ഡ സമീപസ്ഥനായ്, ആർക്കും
എത്താൻ കഴിയാത്തൊരേകാന്തഭൂമിയിൽ
നിൽക്കയാ, ണിന്ദ്രനീലാകാശമദ്ധ്യത്തിൽ.
ആ ഗൃദ്ധ്രദൃഷ്ടിയേറ്റത്യഗാധത്തിലെ
ഘോരസമുദ്രം ഭയന്നു ചുളിയുന്നു.
അദ്രിപാദത്തിലിഴയുമാഴിക്കുമേൽ
വജ്രപാതംപോൽ അവൻ വന്നു വീഴുന്നു.

വെറും ആറുവരികളും ഒരു കേന്ദ്രബിംബവും മാത്രമുള്ള ഒരു ചെറുകവിതയിൽ എങ്ങനെ പ്രപഞ്ചത്തോളം ബൃഹത്തായ ജീവിതതത്വങ്ങൾ മുഴങ്ങുന്നുവെന്നും പരിഭാഷയിൽ എങ്ങനെ അത് തന്റെ കാവ്യസംസ്‌കാരത്തിലേക്ക് ഉൾക്കൊണ്ടുവെന്നും വിശദീകരിച്ചപ്പോൾ പരിഭാഷയുടെ ഏറ്റവും പ്രധാനപ്പെട്ട സൗന്ദര്യപ്രമാണം തന്നെയാണ് അതെന്നു വ്യക്തമാക്കുക കൂടിയായിരുന്നു, ബാലചന്ദ്രൻ. ടെനിസൺന്റെ കാലവും ജീവിതവും ഭാഷയും മതവും മാനവികതയും സൗന്ദര്യാനുഭൂതിയും തന്റെ കാലത്തേക്കും ഭാഷയിലേക്കും ജീവിതാനുഭൂതികളിലേക്കും പരിഭാഷപ്പെടുത്തുമ്പോൾ ബാലചന്ദ്രൻ പാലിച്ച കാവ്യമര്യാദകളുടെയും പരിഭാഷാതത്വങ്ങളുടെയും ഭാവനാസൂത്രങ്ങളുടെയും ഈ തിരിച്ചറിവ് പക്ഷെ മലയാളത്തിൽ കവിതയെന്നല്ല, ഒരു സാഹിത്യജനുസിന്റെയും മഹാഭൂരിപക്ഷം പരിഭാഷകർക്കും അജ്ഞാതവും അപ്രാപ്യവുമാണ്.[BLURB#1-H]

പരിഭാഷ ബാലചന്ദ്രന് സ്വതന്ത്രകാവ്യരചന പോലെതന്നെ ഒരു ബാധയാണ്. വിവർത്തനഭാവനയിൽ ഈ ഭൂതബാധ മുൻപു നാം മലയാളത്തിൽ എഴുത്തച്ഛനിലും ചങ്ങമ്പുഴയിലും കുറെയൊക്കെ ശങ്കരക്കുറുപ്പിലും മാത്രമേ കണ്ടിട്ടുള്ളൂ. വിഖ്യാത ഫ്രഞ്ചുകവി ബോദ്‌ലെയറുടെ കവിത 'മൃഗജഡ'മെന്ന പേരിൽ പരിഭാഷപ്പെടുത്തിയ ബാലചന്ദ്രൻ അതു പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ഒരുദിവസം പാടിക്കേൾപ്പിച്ചതും ഓർക്കുന്നു. എറണാകുളത്തെ ഭ്രാന്തുപിടിപ്പിക്കുന്ന ട്രാഫിക് ജാമിൽ കാറുപായിച്ചും കുതിപ്പിച്ചും മുന്നേറുകയായിരുന്നു ബാലൻ. അതിനിടെയാണ് 'മൃഗജഡ'ത്തിന്റെ ആദ്യാവതരണം. ഒരു വിറയൽപോലെ ഇപ്പോഴുമുണ്ട് ബാലന്റെ കാവ്യാലാപനത്തിന്റെ ഖരശ്രുതി കാതിൽ. ഈ പുസ്തകത്തിൽ ഈ കവിതകൾ മാത്രമല്ല ഉള്ളത്. കഴിഞ്ഞ കുറെ വർഷങ്ങൾക്കിടയിൽ ബാലചന്ദ്രൻ വിവർത്തനം ചെയ്ത ചെറുതും വലുതുമായ മുപ്പത്തിനാലു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

കഴിഞ്ഞ നൂറ്റാണ്ടിലെ ലോകകവിതയുടെ താരസ്വരങ്ങളായി വാഴ്‌ത്തപ്പെട്ട ഫ്രെദറികോ ഗാർസിയാലോർക്കയും പാബ്ലോ നെരൂദയുമാണ് ബാലന്റെ ഏറ്റവും പ്രിയപ്പെട്ട കവികൾ എന്നത് പണ്ടേ പ്രസിദ്ധമാണ്. ഇവരുടെ ചില രചനകൾ ഈ സമാഹാരത്തിലുണ്ട്. ഒപ്പം മറ്റ് ഇരുപതുപേരുടെയും. ഇംഗ്ലീഷ് മഹാകവികളായ ആൽഫ്രഡ് ടെനിസണും ഡബ്ല്യു ബി യേറ്റ്‌സും മുതൽ ഇന്ത്യൻ മഹാകവി രബീന്ദ്രനാഥ ടാഗോർ വരെ; ഫ്രഞ്ച് മഹാകവികളായ ബോദ്‌ലെയറും മല്ലാർമെയും മുതൽ ലാറ്റിനമേരിക്കൻ കവി സെസാർവയെഹോ വരെ; കമ്യൂണിസ്റ്റ് റഷ്യയുടെ രക്തദാഹത്തിനിരയായ നിക്കൊളായ് ടിഖാനോവും മറിയ സ്വതയെവയും ഒസിപ്മൻഡൽഷ്റ്റാമും മുതൽ നാസിഭീകരതയുടെ രക്തസാക്ഷിയായ പോൾസെലാൻവരെ; ജാപ്പനീസ് കവികളായ കിനോഷിതയുജിയും ഷുൻതാരോ തനിക്കാവയും മുതൽ ഗ്രീക്ക് കവികളായ ജോർജ് സെഫെരിസും ടോമാസ് ട്രാൻസ്‌ട്രോമറും വരെ.

മൂന്നു വസ്തുതകളാണ് ബാലചന്ദ്രന്റെ കവിതാപരിഭാഷയെയും അതുവഴി ഈ പുസ്തകത്തെയും മലയാളഭാവനയിൽ പ്രസക്തമാക്കുന്നത്. ഒന്ന്, കഴിഞ്ഞ നൂറ്റാണ്ടിലെ ലോകകവിതയുടെ ഒരു നഖചിത്രമെന്ന പോലെ നാലു ഭൂഖണ്ഡങ്ങളിൽ നിന്നു കണ്ടെടുക്കുന്ന വൈവിധ്യമാർന്ന രചനകളുടെ ചെറുസമാഹാരമായി. ഏഷ്യൻ ദേശീയതകളും അമേരിക്കൻ ആധുനികതയും യൂറോപ്യൻ നരകരാഷ്ട്രീയങ്ങളും ലാറ്റിനമേരിക്കൻ വിപ്ലവങ്ങളും വരെ പടർന്നുനിൽക്കുന്ന കഴിഞ്ഞ നൂറ്റാണ്ടിലെ കവിതയുടെ പ്രപഞ്ചവീക്ഷണതതിന്റെ ചിറകടി ഈ കവിതകൾ കേൾപ്പിക്കുന്നു. രണ്ട്, ഏതു ഭൂഖണ്ഡത്തിൽ നിന്നുമുള്ള കവിതയിൽ ബാലചന്ദ്രൻ കണ്ടെത്തുന്ന മനുഷ്യദുഃഖത്തിന്റെയും ജീവിതസഹനത്തിന്റെയും സമരദുരിതങ്ങളുടെയും ചോരയും കണ്ണീരും പുരണ്ട കൊടിക്കൂറകളുടെ തിരയിളക്കം. പ്രണയമാകട്ടെ, വിപ്ലവമാകട്ടെ, പ്രകൃതിയാകട്ടെ, സൗന്ദര്യമാകട്ടെ, പലായനമാകട്ടെ, പൊരുതലാകട്ടെ ഈ കവിതകളിലെ ജീവിതാനുഭവങ്ങൾ ആധുനികലോകത്തിന്റെ ശിരോലിഖിതങ്ങളായെഴുതപ്പെട്ടവയാണ്.

 

വംശവെറിക്കും ഭരണകൂടാധിപത്യത്തിനും ഭ്രാന്തിനും ആത്മഹത്യക്കും ഹിംസയ്ക്കും കൊലച്ചതികൾക്കും മുൻപിൽ പകച്ചുനിന്ന മനുഷ്യരുടെ വിധിവാക്യങ്ങളാണ് ഈ കവിതകൾ പലതും. മൂന്ന്, കവിതാപരിഭാഷയിൽ ബാലചന്ദ്രൻ പുലർത്തുന്ന മൗലികവും ഭാവനാസമ്പന്നവുമായ സമീപനം. രണ്ടു ചരിത്ര, സാംസ്‌കാരിക പശ്ചാത്തലങ്ങളിലാണ് പൊതുവെ നമ്മുടെ കവിതാപരിഭാഷകൾ പരിഗണിക്കപ്പെടാറുള്ളത്. സംസ്‌കൃതത്തിന്റെ വഴിയിൽ, എഴുത്തച്ഛൻ മുതലിങ്ങോട്ടുള്ളവർ അവതരിപ്പിച്ച മതാത്മകസാഹിത്യത്തിന്റെ പരാവർത്തനങ്ങളും ഇംഗ്ലീഷിന്റെ വഴിയിൽ ആധുനികതയിലുണ്ടായ ലോകകവിതയുടെ പരിഭാഷകളും. ബാലചന്ദ്രന് ഈ രണ്ടു ലോകങ്ങളുടെയും കാവ്യസംസ്‌കാരങ്ങളെ ആഴത്തിലും പരപ്പിലും പുനരാനയിക്കാൻ കഴിയുന്നുണ്ട്. ഈ പുസ്തകം അതിന്റെകൂടി തെളിവാണ്.[BLURB#2-H]

എപ്പോഴാണ് ഒരു പരിഭാഷ നന്നായി എന്നു നാം കരുതുക? മൂലഭാഷയുടെ സംസ്‌കാരവും ലോകബോധവും അതായിത്തന്നെ പുനഃസൃഷ്ടിക്കപ്പടുമ്പോഴാണോ അതോ മലയാളത്തിന്റെ ഭാഷാജീവിതസംസ്‌കാരങ്ങളിലേക്ക് അവ പറിച്ചുനടുമ്പോഴാണോ? എന്തായാലും ബാലന്റെ പരിഭാഷയ്ക്കുള്ളത് രണ്ടാമത്തെ സ്വഭാവമാണ്. എന്നുമാത്രമല്ല, ബാലചന്ദ്രന്റെ മൗലിക കാവ്യസംസ്‌കാരമായി മലയാളിക്കു പരിചയമുള്ള ശൈലിയിലേക്കും ഘടനയിലേക്കുമാണ് അവയിൽ പലതിന്റെയും പരാവർത്തനം. അത്രത്തോളം അവ ബാലചന്ദ്രന്റെകൂടി കവിതകളായി മാറുന്നു. ചില ഉദാഹരണങ്ങൾ നോക്കുക.

1. അവൾ സഹിപ്പിച്ച ദുഃഖശതങ്ങളിൽ
ഒടുവിലത്തെസ്സഹനമിതെങ്കിലും.
ഇതുവരെയ്ക്കവൾക്കായിക്കുറിച്ചതിൽ
ഒടുവിലത്തെക്കവിതയിതെങ്കിലും.
പാബ്ലോ നെരൂദ

2. പോയതെങ്ങോ, പുലർകാലതാരകം
പോലെയെന്നെ വെടിഞ്ഞുനീയോമനേ.
നീയെനിക്കു വിധിച്ച വേർപാടിന്റെ
യീനിമിഷത്തിൽ നങ്കൂരമിട്ടു ഞാൻ.
............................
അന്ധസാരഥീകോപം, മൃതിമുഖം
കണ്ട വൈമാനികന്റെ കൊടുംഭയം,
ക്ഷുബ്ധമാം പ്രേമമദ്യപ്രമത്തത,
ഒക്കെയും നിന്നിലെന്നേയ്ക്കുമാണ്ടുപോയ്.
പാബ്ലോ നെരൂദ

3. കാലുപൊക്കിക്കിടക്കുന്ന കാമാർത്തയെ
പ്പോലെയെരിഞ്ഞും വിഷംവിയർത്തും, കെട്ട
വായു കുമിഞ്ഞ പെരുവയർ ലോകത്തെ
നാണവും മാനവുമില്ലാതെ കാട്ടിയും.
...............................
കെട്ടഴുകുന്ന വയറ്റിന്റെ ചുറ്റിലും
പറ്റമായ് മൂളിപ്പറക്കയാണീച്ചകൾ.
പൊട്ടിയൊലിച്ചൂ തൊലിക്കിടയിൽനിന്നു
കുഷ്ഠരക്തംപോൽ കരിമ്പുഴുക്കൂട്ടങ്ങൾ.
.......................................
എന്റെ മാലാഖേ, പ്രണയമേ, കൺകൾതൻ
തങ്കനക്ഷത്രമേ, ആത്മപ്രകാശമേ,
നീയുമിതേപോലെ ചീഞ്ഞഴുകും നാളെ,
നീയുമിതേപോലെ നാറിപ്പുഴുത്തുപോം.
ഷാൾസ് ബോദ്‌ലേ

4. പ്രേമസങ്കേതം പൂകുവാനായി
പാതിരാവിൽ ഞാനൊറ്റയ്ക്കു പോകെ,
കാറ്റനങ്ങീല, മാമരക്കൊമ്പിൽ
പ്പാട്ടുപാടീല രാപ്പാടിയൊന്നും.
പാതയോരത്തെ വീടുകൾ സ്വപ്ന
ച്ഛായകൾപോലെ നിന്നൂ വിമൂകം.
രബീന്ദ്രനാഥ ടാഗോർ

5. ഭീകരവഞ്ചന ചെയ്തുകഴിഞ്ഞാൽ
നീയിതുപോലെയുറങ്ങാറില്ലേ?
അറിയാറില്ലേ നിശ്ശൂന്യത നീ
മരണം പൂകിയ മാനവരെക്കാൾ?
ഞാനർത്ഥിപ്പൂ നിന്റെ കിടക്കയി
ലാവിധമിന്നൊരുറക്കം മാത്രം.
.....................................
ഒരുപാതകവും ദംശിക്കാത്തൊരു
ഹൃദയം വിങ്ങി വസിക്കുന്നതിനാൽ,
ഓടിപ്പോകുന്നൂ ഞാൻ, സ്വന്തം
പ്രേതാവരണവിചാരം പൂണ്ടും,
ആകെ നശിച്ചും, വിളറിവെളുത്തും,
മൂകത മൂടി മനസ്സു മറഞ്ഞും,
ഏകാന്തതയിലുറക്കത്തിൽ ഞാൻ
ചാകാൻ പോകുന്നെന്നു ഭയന്നും.
സ്റ്റീഫൻ മല്ലാർമെ

ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ
കവിതാപരിഭാഷകൾ
ഡി.സി. ബുക്‌സ്, 2013
വില : 55 രൂപ