ണയെപിരിഞ്ഞ് ജീവിക്കേണ്ടി വരുന്ന പ്രവാസി മലയാളിയുടെ ജീവിതത്തിന്റെയും അതിൽ നിന്നും ലാഭം കൊയ്യാനെത്തുന്ന വിദേശ കമ്പനികളുടെയും കഥ പറയുന്ന 'ഇണയന്ത്രം' വായനക്കരുടെ ഇടയിൽ സജീവ ചർച്ചയാകുന്നു.

പ്രവാസി മലയാളിയുടെ ജീവിതത്തിന്റെ കനൽ പഥങ്ങളിൽ പുതുകാലം കോരിയിടുന്ന ആശങ്കയുടെയും, ഭീതിയുടെയും കടും വർണ്ണങ്ങൾ അവനെ കൊണ്ടെത്തിക്കുന്നത് കഠിനമായ ആത്മസംഘർഷങ്ങളിലേക്കാണ്. നാട്ടു വാസിയിൽ നിന്നും വത്യസ്തമായി ഒരോ പ്രവാസിക്കും അവന്റെ ഉള്ളിൽ ദ്വന്ദ രൂപം പൂണ്ട സംഘർഷങ്ങളുടെ കുഴമറിച്ചിലുകളുണ്ട്. ചെന്നുചേരുന്നിടത്ത് വേരുകളുറപ്പിക്കാനാവാത്തതും, പോന്നയിടത്ത് വേരു പറിഞ്ഞ് പോന്നതുമായ നിസ്സഹായതയിൽ നീറുമ്പോഴും രണ്ടിടത്തെയും ഭാവിയെപ്പറ്റിഅവൻ ഒരേപോലെ ആശങ്കപെട്ടു കൊണ്ടുകൊണ്ടിരിക്കും. എന്തു സൗഭാഗ്യങ്ങൾ അനുബന്ധമായി വന്നാലും നാടിന്റെ ഹരിത തീരങ്ങൾ അവനെ ഗൃഹാതുരമായപശനൂലു കെട്ടി തിരികെ വിളിച്ചുകൊണ്ടേയിരിക്കും. അതിനൊപ്പം തന്റെ അസാന്നിദ്ധ്യത്തിൽ നാട് ഭീതിദമായ പരിണാമങ്ങളിലേക്ക് നടത്തുന്ന ഗതി വേഗം അവനെ ഭ്രാന്തമായ ഉല്ക്കണ്ഠകളിൽ തളച്ചിട്ടെന്നും വരും. ഇങ്ങനെ നാടിന്റെയും പ്രവാസത്തിന്റെയും സന്തുലിതമല്ലാത്ത ത്രാസുകളിലിരുന്ന് തനിക്കു തന്നെയും വിശ്വസിക്കാനാവാത്ത വർത്തമാനകാലത്തെ നോക്കി പകച്ചിരിക്കുന്നപ്രവാസി മലയാളിയുടെ ജീവിതാവസ്ഥകളെ ആവിഷ?കരിക്കുന്ന കഥകളാണ് ജോസഫ് അതിരുങ്കലിന്റെ 'ഇണയന്ത്രം' എന്ന പുസ്തകത്തിലൂള്ളത്.

'വീടും നാടും വിട്ടവനു കത്ത് വിലപിടിച്ചൊരു മുത്താണ്. പിണക്കത്തിന്റെയും, ഇണക്കത്തിന്റെയും ഇറക്കി വെയ്പ്. ഹൃദയ സ്പർശിയായ ഒട്ടേറെ ഓർമ്മകളെ അതു തൊട്ടുണർത്തുന്നു'. 'സമുദ്രം താണ്ടുന്ന കത്തുകൾ' എന്ന കഥ ഇങ്ങനെയാണ് ആരംഭിക്കുന്നത്. ലേബർ ക്യാമ്പിന്റെ പോസ്റ്റ് ബോക്‌സിൽ വിലാസം മാറിയെത്തുന്ന കത്തുകൾ ശേഖരിച്ച് അതിനുള്ളിലെ വരികളിൽനിറച്ചുവെയ്ക്കപെട്ട ജീവിതാവസ്ഥയെ നെഞ്ചേറ്റി വേദനിക്കുന്ന ബാപ്പുട്ടിയുടെ കഥയാണത്.ഒരു കത്തിനു വേണ്ടി ഹൃദയംതുടി കൊട്ടിയ നാളുകളെക്കുറിച്ചുള്ള ഓർമ്മഅപ്പോഴൊക്കെ, മരുഭൂമിയിലെ മഴസ്പർശം പോലെ എല്ലാ പ്രതിരോധങ്ങളെയും തകർത്ത് അയാളിലേക്ക് പെയ്തു കൊണ്ടേയിരിക്കും. വർഷങ്ങളായിനാടു കാണാത്ത അയാൾ ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഉപേക്ഷിക്കപെട്ട കുടുംബത്തിന്റെ ഓർമ്മയിൽ വേവുന്നവനാണ് എന്നൊരു കാരണം കൂടി അതിനുണ്ട്. പക്ഷേ എതോ ഒരു ബീരാൻ കുട്ടിക്ക് കെട്ട്യോൾ അയക്കുന്ന കത്തുകളുടെ വിലാസം തെറ്റിയുള്ള വരവ് ജന്മനാടിന്റെ ശാദ്വല തീരങ്ങളെകുറിച്ച് അയാളിൽ സ്വപ്നങ്ങൾ നിറയ്ക്കുകയാണ്.പിറന്ന നാടിന്റെ മുഖത്തിനു മീതെ മരുക്കാറ്റ് വിതറിയ പൂഴി മണ്ണ് വകഞ്ഞു മാറ്റി അയാൾ ജന്മനാടിന്റെ സ്‌നേഹ സാന്ത്വനത്തിലേക്ക് ഓർമ്മകളെ തുറന്നു വിടുന്നു.

ജോലിയുള്ള സ്ത്രീ, അതും പ്രവാസിയയായ പെണ്ണ്, ചില കുടുംബങ്ങൾക്ക് കറവു മാടിനെ പോലെയാണ്. നിരന്തരമായി പിഴിയാൻ വിധിക്കപെട്ടവൾക്ക് മനുഷ്യ സ്ത്രീയുടെ ചോദനകളുണ്ടെന്ന് സൗകര്യ പൂർവം മറക്കുന്നവരുടെ മുമ്പിൽ ഉരുകിതീരുകയേ നിർവ്വാഹമുള്ളു. നെഞ്ചിന്റെ മാതൃ സ്രവങ്ങളെ വാഷ് ബേസിനിലേക്ക് പിഴിഞ്ഞൊഴിച്ച് ശരീരത്തിന്റെ സംഘർഷം കുറയ്ക്കാൻ വിഫല ശ്രമം നടത്തുന്ന റോസമ്മ എന്ന നേഴ്‌സിന്റെ ജീവിതം പറയുന്ന 'നാട്ടിലെ മകളുടെ അമ്മ' നൊമ്പരപെടുത്തുന്ന കഥയാണ്. ഗൾഫിലെഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന അവളുടെ പെട്ടന്നുള്ള തിരോധാനം അവളുടെ സഹപ്രവർത്തകരിലും, പരിചയക്കാരിലുമുണ്ടാക്കുന്ന അമ്പരപ്പും, ആശങ്കയും സണ്ണി മാത്യൂവിന്റെ ഫ്‌ളാറ്റിൽ കൂടിയ തോമസ്സും, റോയിയും, സ്റ്റെല്ലയും, മിനിയും പങ്കു വെക്കുന്നു.സഹ പ്രവർത്തകരുടെചർച്ചകളിൽ നിന്നും വായനക്കാർ റോസമ്മ എന്ന നേഴ്‌സിന്റെ ജീവിതാവസ്ഥകളിലേക്ക് പല കോണിലൂടെ പ്രവേശിക്കുന്ന കഥയിൽവിദേശത്തു ജോലി ചെയത് നേടിയതൊന്നും സ്വയം പ്രയോജനപെടാതെ നശിക്കേണ്ടി വരുന്ന നിരവധി പെൺജന്മങ്ങളുടെ അടയാളപെടുത്തലുണ്ട്.

പെൺചൂരു നിഷേധിക്കപെട്ട ഒരോ പ്രവാസിയുടെയും ഉള്ളിൽ അലയടിക്കുന്ന രതിയുടെ തിരമാലകൾ അവനെ കൊണ്ടെത്തിക്കുന്നസംഘർഷങ്ങളിൽ നിന്നും വിപണിയുടെ സാധ്യതകൾ കണ്ടെടുക്കുന്ന പുതിയ കാലത്തിന്റെ കച്ചവട തന്ത്രങ്ങളെ വിശദീകരിക്കുന്ന കഥയാണ് 'ഇണയന്ത്രം'. പെൺ ശരീരത്തിന്റെ പ്രലോഭന തീക്ഷണതയെ കച്ചവട ചൂണ്ടയിൽ കോർത്ത് പ്രവാസിയുടെ ഊഷരമായ രതി മോഹങ്ങളിലേക്ക് നനവിറക്കുന്ന ചൈനീസ് വാണിജ്യ തന്ത്രം അനാവരണം ചെയ്യപെടുന്ന കഥയാണിത്. സമുദ്രങ്ങളെ കീഴടക്കാൻ കഴിയുന്ന മലയാളി രതിയെ എങ്ങനെ മാർക്കറ്റ് ചെയ്യാമെന്ന് ചൈനാക്കരൻ പഠിച്ചിരിക്കുന്നു. കമ്പോളം അതിന്റെ വാതിൽ എപ്പോഴും തുറക്കുന്നത് ആവശ്യങ്ങളുടെ തീവ്രതയെ അറിഞ്ഞു കൊണ്ടാണല്ലോ? കുടുംബ ബന്ധങ്ങളുടെ നൈതികതയെ നോവിക്കാതെയാണ് തങ്ങളുടെ വ്യാപാരം എന്നൊരു നാട്യം ഈ കച്ചവടക്കാർക്കുണ്ട്. അതു കൊണ്ടാണു മരുഭൂമിയിലെ തിളക്കുന്ന രതി കാമനകളിലേക്ക്, ഭാര്യമാരുടെ എല്ലാ സവിശേഷതകളും പകർത്തപ്പെട്ട പാവകളെ തന്നെ ഇണയന്ത്രങ്ങളായി ഇറക്കുമതി ചെയ്യപെടുന്നത്. ആദ്യം ഗോപ്യമായി നടത്തുന്ന കച്ചവടവും, ഉപയോഗവും അരമന രഹസ്യം അങ്ങാടിപ്പാട്ടായതോടെ പരസ്യമായ ഉപഭോഗാവേശത്തിലേക്ക് പരിണമിക്കുമ്പോൾ രതിയന്ത്രങ്ങളുടെ ഉല്പാദനത്തിലും, രാജ്യങ്ങൾ തമ്മിലുള്ള കിടമത്സരത്തിന്റെ ഛായ കൈവരുന്നു. അതിനൊപ്പം സഫലീകരിക്കപെട്ട രതികാമനകൾ പ്രവാസിയുടെ അതുവരെയുണ്ടായിരുന്ന ഗൃഹാതുരതകളെ കഴുത്തു ഞെരിക്കുന്നതും, നാടിനെകുറിച്ചുള്ള ഉൽക്കണ്ഠകളെനിസ്സംഗതമാക്കി ദുർബ്ബലപെടുത്തുന്നതും കഥയിലുണ്ട്. ഭാര്യയെ മറന്ന് ഒരു പാവയുടെ കൂടെ കിടക്ക പങ്കിടുന്നത് വ്യഭിചാരത്തിന്റെ പരിധിയിൽ പെടുമോ എന്നതിനെ സംബന്ധിച്ചുള്ളസാംസ്‌കാരിക ചർച്ചകളിലേക്ക് വരെഅത് വഴിവെക്കുന്നു. കമ്പനി പുതിയ കച്ചവട തന്ത്രവുമായിപ്രവാസികളുടെ ഭാര്യമാരിലേക്ക് തങ്ങളുടെ നെറ്റ് വർക്ക് വ്യാപിക്കുന്നിടത്താണ് കഥാന്ത്യം.

പെണ്ണുടലിന്റെ വിപണി മൂല്യത്തെ സമർത്ഥമായി ഉപയോഗിക്കുന്ന പെൺ പോരിമയുടെ കഥയാണ് 'ന്യുസ് ടൈം'. കോളേജ് വിദ്യാർത്ഥിനിയായ രേഷ്മ മോഹൻ തന്റെ കന്യാകത്വം വിൽപ്പനക്ക് വച്ചു കൊണ്ട് ദർഘാസ് ക്ഷണിക്കുകയാണ്. എറ്റവും കൂടുതൽ വില തരുന്നയാൾക്ക് അവളതു വിൽക്കാൻ സന്നദ്ധയാണ്. ഇതിലൂടെ അക്ഷരാർത്ഥത്തിൽ തന്നെ താൻ സ്ത്രീത്വത്തിന്റെ വിലയാണ് ഉയർത്തി പിടിക്കാൻ ശ്രമിക്കുന്നതെന്നും, ലഭിക്കുന്ന വരുമാനം സ്ത്രീ പീഡനം മൂലം കഷ്ടതയനുഭവിക്കുന്നവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവൾ പ്രഖ്യാപിക്കുന്നു. ടി വി ചാനലിന്റെ വാർത്താ വായനയുടെയും, തദവസരത്തിലുള്ള ചർച്ചകളുടെയും രൂപഘടനയിൽ പണിത മനോഹരമായ ഈ കഥ മലയാളിയുടെ കപട സദാചാരത്തിനു നേരെ ആക്രമണാത്സുകമായ വീറോടെ ജ്വലിച്ച് നിൽക്കാനുള്ള ശേഷി പ്രകടിപ്പിക്കുന്നത് കാണാം. അതോടൊപ്പം മതമൗലിക വാദികൾ എങ്ങനെയാണ് കപട സദാചാരത്തിന്റെ കാവൽ മലാഖകളായി സ്വയം അവരോധിച്ച് സാഹചര്യങ്ങളെ മുതലെടുക്കുന്നത് എന്ന പിൻവായനയും കഥയിലുണ്ട്.

പ്രാണവായുവും ജലവും വില്പനചരക്കാവുന്ന സമീപ ഭാവിയെപറ്റിയുള്ള മുന്നറിയിപ്പാണ് 'കിണർ' എന്ന കഥ. മൾട്ടി നാഷണൽ കമ്പനിയുടെ പുതുതായി തിരഞ്ഞെടുക്കപെട്ട സെയിൽസ് എക്‌സീക്യൂട്ടീവുകൾക്ക് കമ്പനി വക്താവ് ദീപക് അറോറ നൽകുന്ന ക്ലാസിൽ പ്രാണവായുവിന്റെയും ജലത്തിന്റെയും കാര്യത്തിൽ ഭാവിയിൽ വരാനിരിക്കുന്ന അനന്തമായ വിപണന സാധ്യതകളെ പരിചയപെടുത്തുന്നു. സ്വാർത്ഥ ലാഭത്തിനു വേണ്ടി കച്ചവടക്കണ്ണോടെ മാത്രം ചെയ്യുന്ന ഈ ബിസിനസ്സിലുംതങ്ങൾ മഹത്തായകാര്യമാണ് ലോകത്തിനു വേണ്ടി ചെയ്യുന്നതെന്ന കപട നാട്യം കാണാം. രാജ്യത്തെങ്ങുമുള്ള മാലിന്യ നിക്ഷേപങ്ങൾ കുടി വെള്ളത്തിലും വായുവിലുമുണ്ടാക്കുന്ന രോഗാണു സാധ്യതകളെപരിഗണിച്ച്അവയ്ക്ക് പകരംശാസ്ത്രീയമായശുദ്ധികലശത്തിലൂടെ തയ്യാർ ചെയ്യപെട്ട ജലവും ഓക്‌സിജനും വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവിലുള്ളത്അശുദ്ധമാണെന്ന പ്രചരണത്തിലൂടെ പ്രകൃതിജന്യമായ വസ്തുക്കളുടെ ഉപഭോഗം കുറച്ച്ആ സ്ഥാനത്ത് പ്രച്ഛന്ന വേഷത്തിൽ അണിയിച്ചൊരുക്കുന്ന അപകടകരമായ ഉല്പന്നങ്ങളുടെ വിപണത്തിനായി തന്ത്രങ്ങൾ മെനയുന്ന പുതുകാല വാണിജ്യ സംസ്‌കാരത്തിന്റെ കൊടും ചതികളെപറ്റി ഒട്ടു ഭയത്തോടെ എഴുതപെട്ട കഥയാണിതെന്നു പറയാം.

മദ്ധ്യ വർഗ്ഗ സമൂഹത്തിന്റെ രതികാമനകളെ തന്മയത്വത്തോടെ വിപണിവൽക്കരിക്കുന്നമണി ചെയിൻ കമ്പനിയുടെ ബിസിനസ്സ് തന്ത്രം വിവരിക്കുന്ന 'ഉടൽ മേളം', പണക്കാരന്റെ രതി മേശയിലേക്ക് നാട്ടുമ്പുറത്തെ പട്ടിണിയുടലിന്റെ പെൺമാംസം വിളമ്പാനായി വലവിരിക്കുന്ന അഭിനവ കാല പിമ്പിന്റെ വിജയ കഥ പറയുന്ന 'കോഴി പിടുത്തം', അനാശാസ്യത്തിനു ഉപയോഗിച്ച് കുപ്രസിദ്ധി നേടിയ വീട് കഥയൊന്നുമറിയാതെ വിലക്ക് വാങ്ങിയതു മൂലം ഗൃഹസ്ഥൻ നേരിടുന്നഅപമാനത്തെ കേന്ദ്രമാക്കിയുള്ള 'നീല നിറമുള്ള വീട്' വിഷ്വൽ മീഡിയകൾ കുടുംബിനികളുടെ ജീവിതത്തിലേക്ക് കടന്നു കയറുമ്പോൾ സംഭവിക്കാവുന്നദുരന്തത്തെ ഫാന്റസിയുടെ നിറം ചേർത്തവതരിപ്പിക്കുന്ന 'വീട്ടമ്മയെ കാണാനില്ല', എത്ര പുരോഗമിച്ചാലും തൂത്തുകളായൻ പറ്റാത്ത ജാതി ചിന്തകളെ പരിഹസിക്കുന്ന 'ജാതി', തീവണ്ടി യാത്രയിൽ കണ്ടെത്തുന്ന പെൺകുട്ടിയിൽ ജീവിത പങ്കാളിയെ സങ്കൽപ്പിക്കുന്ന യുവാവിന്റെ കഥ പറയുന്ന'ഒരു തീവണ്ടി യാത്രയിലെ വ്യാകുലതകൾ', അപകടത്തിൽ പെട്ടു കിടക്കുന്നവനെ രക്ഷിക്കാൻ ശ്രമിക്കാതെസ്വന്തം തിരക്കുകളിലേക്ക് ധൃതിപിടിച്ചു പോവുകയും പിന്നീട് മാനസാന്തരം വന്ന് നല്ല ശമരിയക്കാരനാവാൻ വിഫലശ്രമംനടത്തി നിരാശയേറ്റു വാങ്ങാൻ വിധിക്കപെടുന്ന പാതിരിയുടെയും മറ്റും കഥ പറയുന്ന 'അവനെ വച്ച സ്ഥലം ഇതാ' എന്നിവയാണ് ഈ സമാഹാരത്തിലെ മറ്റു കഥകൾ.

ജോസഫ് അതിരുങ്കലിന്റെ 'ഇണയന്ത്രം' എന്ന കഥാ സമാഹാരം വയനക്കാർക്ക് നൽകുന്നത് കഥാ വായനയുടെ രസാനുഭൂതിയല്ല, മറിച്ച് വായന കഴിഞ്ഞിട്ടും, എറെ നേരം സംഘർഷം വിട്ടൊഴിയാത്ത മനസ്സായിരിക്കും. അത്രമേൽ ഭീതിദമായ ഒരു കാലത്തിന്റെ ചിത്രമാണു മിക്ക കഥകളും അനാവരണം ചെയ്യുന്നത്. ഇതാ ഇങ്ങനെയൊക്കെ നടക്കാൻ പോവുന്നു, അല്ലെങ്കിൽ ഇങ്ങനെയൊക്കെയാണു നടന്നു കൊണ്ടിരിക്കുന്നത് എന്നൊരു മുന്നറിയിപ്പ് ഈ കഥകളിലുണ്ട്. പുതുകാലമാണ് ഈ സംഘർഷങ്ങളുടെയൊക്കെ ഉത്തരവാദി എന്നൊരു ധ്വനിയുണ്ട്. ആഗോള വത്കരണവും, മുതലാളിത്വവും, സങ്കേതിക വിദ്യയും ലോകത്തെങ്ങുമുണ്ടാക്കിയ, ഭാവിയിൽ ഉണ്ടാക്കാൻ പോവുന്ന വൈകല്യങ്ങൾ മനുഷ്യ മനസ്സിനെ സംഘർഷങ്ങളുടെ വിളഭൂമിയാക്കി മാറ്റിയേക്കാമെന്ന ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ ഇത് കാലത്തെ വിചാരണ ചെയ്യുന്ന കഥകളാണ്.

ഇണയന്ത്രം (കഥാ സമാഹാരം)
നാഷണൽ ബുക്ക് സ്റ്റാൾ
വില : 70 രൂപ