- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമ എന്ന സമാന്തരജീവിതം
'സാഹിത്യകാരൻ പേനകൊണ്ടെഴുതുന്നതുപോലെ ചലച്ചിത്രകാരൻ കാമറകൊണ്ടെഴുതുകയാണ്' (The auteur writes with a camera as the writer writes with a pen) എന്ന് സിനിമയുടെ കലാപരമായി മൗലികതയെ നിർവചിച്ചത് അലസാന്ദ്രെ അസ്ട്രുക് ആണ്. ഏതാണ്ടിതേ കാഴ്ചപ്പാടിൽ സിനിമയുടെ കലയും സൗന്ദര്യശാസ്ത്രവും സ്വന്തം കാഴ്ചപ്പാടിൽ വിശദീകരിക്കുകയും സിനിമ സൃഷ്ടിക്കുന്ന ഒരു സമാന്തരജീവിതാനുഭവത്തെ രാഷ്ട്രീയമ
'സാഹിത്യകാരൻ പേനകൊണ്ടെഴുതുന്നതുപോലെ ചലച്ചിത്രകാരൻ കാമറകൊണ്ടെഴുതുകയാണ്' (The auteur writes with a camera as the writer writes with a pen) എന്ന് സിനിമയുടെ കലാപരമായി മൗലികതയെ നിർവചിച്ചത് അലസാന്ദ്രെ അസ്ട്രുക് ആണ്. ഏതാണ്ടിതേ കാഴ്ചപ്പാടിൽ സിനിമയുടെ കലയും സൗന്ദര്യശാസ്ത്രവും സ്വന്തം കാഴ്ചപ്പാടിൽ വിശദീകരിക്കുകയും സിനിമ സൃഷ്ടിക്കുന്ന ഒരു സമാന്തരജീവിതാനുഭവത്തെ രാഷ്ട്രീയമായി വ്യാഖ്യാനിക്കുകയുമാണ് 'അഞ്ചുകാമറകൾ ജീവിതം പറയുന്നു' എന്ന പുസ്തകത്തിൽ പി.കെ. സുരേന്ദ്രൻ.
ലോകസിനിമയുടെ ഭിന്നപാഠങ്ങൾ അവലോകനം ചെയ്യുന്ന ഒൻപതു ലേഖനങ്ങളും മൂന്നു ചലച്ചിത്രപ്രവർത്തകരുമായുള്ള അഭിമുഖങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. ഓരോന്നും സിനിമയുടെ ഭാഷയും സംസ്‌കാരവും വേറിട്ടവഴിയിൽ കണ്ടെടുക്കുന്നവ.
ആധുനികതയിൽ സാഹിത്യംപോലെതന്നെ ലോകത്തെവിടെയും മനുഷ്യന്റെ സൗന്ദര്യശീലത്തെയും രാഷ്ട്രീയബോധത്തെയും കൂട്ടിയിണക്കിയ ആവിഷ്‌ക്കാരങ്ങളിലൊന്നായിരുന്നു സിനിമയും. സാങ്കേതികതയുടെ കലയെന്ന നിലയിൽ സാഹിത്യത്തിൽനിന്ന് അടിമുടി ഭിന്നമായിരുന്നപ്പോഴും സാഹിത്യം ചിട്ടപ്പെടുത്തിയ കാഴ്ചവട്ടങ്ങളിലാണ് മിക്കവരും സിനിമയെ കണ്ടതും 'വായിച്ച'തും. സുരേന്ദ്രൻ ഈ സൗന്ദര്യശിക്ഷണത്തെ മറികടക്കുന്ന ഭാവുകത്വവും രീതിശാസ്ത്രങ്ങളും മുന്നോട്ടുവയ്ക്കുകയും ആധുനികതയുടെ രാഷ്ട്രീയസമസ്യകളെ വിവിധങ്ങളായ കലാതന്ത്രങ്ങളിലും ആഖ്യാനപരീക്ഷണങ്ങളിലുംകൂടി സിനിമ നിർവചിച്ചതെങ്ങനെയെന്നു കണ്ടെത്തുകയുമാണു ചെയ്യുന്നത്. ദേശീയത, പ്രത്യയശാസ്ത്രം, വിപണി, മതം, ഭരണകൂടം തുടങ്ങിയുടെ സർവാധിപത്യയുക്തികൾ മനുഷ്യസ്വാതന്ത്ര്യത്തിനും ഭാവനയ്ക്കും കൂച്ചുവിലങ്ങിട്ട കാലങ്ങളിൽ പ്രതിരോധത്തിന്റെ കണ്ണുതുറന്ന് മാനവികതയുടെ ആകാശങ്ങൾ സ്വപ്നംകണ്ട കാമറകളുടെ കഥപറയുന്നു, ഈ പുസ്തകത്തിൽ സുരേന്ദ്രൻ.
രണ്ടു സമീപനങ്ങളിലുറച്ചുനിന്നുകൊണ്ടാണ് ഇവയിലുടനീളം ചലച്ചിത്രത്തിന്റെ കലയെയും അതിനു സമാന്തരമായൊഴുകുന്ന മനുഷ്യജീവിതത്തെയും ഗ്രന്ഥകാരൻ ചരിത്രത്തോടു ബന്ധപ്പെടുത്തുന്നത്. ഒന്ന്, സിനിമയെന്നത് ഇന്ദ്രിയങ്ങളുടെ കലയാണ്. കാഴ്ചയും കേൾവിയും ഗന്ധവും സ്പർശവുമൊക്കെ സൗന്ദര്യാനുഭൂതികളായി സൃഷ്ടിക്കുന്ന സാങ്കേതികതയുടെ നിർമ്മിതി. [BLURB#4-VL] ചലച്ചിത്രകാര (auteur)നായി മാറുന്ന കലാകാരൻ കാമറകൊണ്ടെഴുതുന്ന കല. രണ്ട്, വിപണിയുൾപ്പെടെയുള്ള മുഴുവൻ ആധിപത്യസ്ഥാപനങ്ങളോടുമുള്ള പ്രതിഷേധത്തിന്റെ തീയാണ് സിനിമയുടെ രാഷ്ട്രീയം. വികാരത്തെ വിചാരവുമായി കൂട്ടിയിണക്കുന്ന ചിന്തയുടെ രൂപകങ്ങളാണ് മികച്ച ഓരോ സിനിമയും. ഭാഷയോ ദേശമോ കാലമോ ഗണമോ അതിന് അതിർവരമ്പിടുന്നില്ല. യൂറോപ്യൻ, ലാറ്റിനമേരിക്കൻ, ഏഷ്യൻ സിനിമകളുദാഹരിച്ച് ചലച്ചിത്രത്തിന്റെ കലയും പ്രത്യയശാസ്ത്രവും മേല്പറഞ്ഞ രണ്ടു സമീപനങ്ങളും മുൻനിർത്തി വിശദീകരിക്കുകയാണ് സുരേന്ദ്രൻ.
മുഖ്യധാരാസിനിമ സുരേന്ദ്രന്റെ കാഴ്ചവസ്തുവേയല്ല. സമാന്തര/കലാസിനിമയിൽതന്നെയും പ്രസിദ്ധരോ പ്രമുഖരോ ആയ മാസ്റ്റേഴ്‌സല്ല ഈ നിരൂപകന്റെ ചർച്ചാവിഷയം. ഒറ്റയ്ക്കു നടന്നവർ, വ്യവസ്ഥിതികളോടു പോരാടിയവർ, അധികാരസ്ഥാപനങ്ങളോടേറ്റുമുട്ടിയവർ, ഭരണകൂടങ്ങൾ തടവിലിട്ടവർ, വധിച്ചവർ, വഴിതെറ്റിയവർ, വൻപരാജയങ്ങളേറ്റുവാങ്ങിയവർ, പ്രതിഭയുടെ വെളിച്ചംകൊണ്ടു മാത്രം കാലത്തിന്റെ കൂരിരുട്ടു മുറിച്ചുകടന്നവർ... പസോളിനിയും ജാഫർപനാഹിയും ഒഴികെ ഈ പുസ്തകത്തിൽ സുരേന്ദ്രൻ പരിചയപ്പെടുത്തുന്ന ചലച്ചിത്രപ്രവർത്തകരാരുംതന്നെ സാധാരണ ചലച്ചിത്രാസ്വാദകർക്കു പരിചിതരല്ല എന്നതാണ് യാഥാർഥ്യം.
കംബോഡിയയിൽ, പോൾപോട്ടിന്റെ ക്രൂരതാണ്ഡവകാലത്തെ അതിജീവിച്ച റിതിപനാ എന്ന ചലച്ചിത്രകാരന്റെ സിനിമകളിലെ മാനവികതാബോധവും സിനിമയെക്കാൾ വിചിത്രമായ റിതിയുടെ ജീവിതവും അനാവരണം ചെയ്യുന്നു, ആദ്യലേഖനം. കാമറകൊണ്ടും ഓർമകൊണ്ടും പോൾപോട്ടിന്റെ സർവാധിപത്യത്തോടു കലഹിച്ച്, ചരിത്രത്തിന്റെ ഒരു രക്തരേഖ നീട്ടിവരച്ച്, സ്വന്തം ബാല്യത്തെ ഭൂതകാലത്തിന്റെ രൂപകമായി പുനഃസൃഷ്ടിക്കുന്ന റിതിയുടെ 'The missing picture' സുരേന്ദ്രൻ വിശകലനം ചെയ്യുന്നു.
ഐസൻസ്റ്റീൻ, പുഡോവ്കിൻ തുടങ്ങിയ മഹാരഥന്മാരെക്കാൾ തന്നെ ആകർഷിച്ച സെർഗിപരജനോവ് എന്ന സോവിയറ്റ് സംവിധായകനെയും അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾ വ്യവസ്ഥിതിയോടു നടത്തിയ പോരാട്ടത്തെയും കുറിച്ചാണ് രണ്ടാം ലേഖനം. 'സിനിമയുടെ ദേവാലയത്തിൽ ദൃശ്യങ്ങളും പ്രകാശവും യാഥാർത്ഥ്യവുമാണുള്ളത്. പരജനോവ് ആ ദേവാലയത്തിന്റെ അധിപൻ ആണ്' എന്ന് ഗൊദാർദ്. 'സിനിമയിലെ മാന്ത്രികൻ' എന്ന് ഫെല്ലിനി. 'സമകാലിക സിനിമയിലെ ഏറ്റവും ശ്രേഷ്ഠരായ സംവിധായകരിൽ ഒരാൾ' എന്ന് അന്റോണിയോണി. 'അദ്ദേഹം ചിന്തിക്കുന്ന രീതി, കാവ്യാത്മകത, സൗന്ദര്യത്തെ ഉൾക്കൊള്ളാനുള്ള സിദ്ധി, തന്റെ കാഴ്ചപ്പാടുകളുമായി സ്വതന്ത്രമായിരിക്കുവാനുള്ള കഴിവ്. ഇതൊക്കെയാണ് തന്നെ ആകർഷിച്ചത്' എന്ന് താർകോവസ്‌കി.
ലോകപ്രശസ്തരായ സംവിധായക പ്രതിഭകൾ പരജനോവിനെ ഇപ്രകാരം വിശേഷണങ്ങൾ കൊണ്ട് മൂടുന്നു. അത്രമാത്രം ഉയരങ്ങളിലാണ് ഇവർ അദ്ദേഹത്തിന് സ്ഥാനം കൊടുത്തിരിക്കുന്നത്. എന്നാൽ പരജനോവ് നമുക്കിടയിൽ ഇവരെപ്പോലെ പ്രശസ്തനല്ല. ഉക്രേനിയൻ സംവിധായിക ഒലേനഫെറ്റിസോവയും അർമേനിയൻ സംവിധായകൻ സെർജി അവേദ്കനും ചേർന്നൊരുക്കിയ 'പരജനോവ്' എന്ന സിനിമ (2013) മുൻനിർത്തി കമ്യൂണിസത്തിനെതിരെ ഈ കലാകാരൻ നടത്തിയ ചലച്ചിത്രകലാപത്തിന്റെ കഥ പറയുന്നു, സുരേന്ദ്രൻ. നിറം, ദൃശ്യം, വാക്ക്, സംഗീതം തുടങ്ങിയവയിൽ പരജനോവ് സൃഷ്ടിച്ച വിപ്ലവകരമായ മാറ്റങ്ങൾ മുൻനിർത്തി അദ്ദേഹത്തിന്റെ സിനിമകളുടെ ആഖ്യാനകലയെയും ഭാഷയെയും സവിസ്തരം വിശദീകരിക്കുന്നു, ലേഖനം.
ഫിലോബ്രെഗ്സ്റ്റീൻ സംവിധാനം ചെയ്ത 'Who ever says thet ruth shall die' എന്ന ഡോക്യുമെന്ററി ആധാരമാക്കി ഇറ്റാലിയൻ സംവിധായകനായിരുന്ന പസോളിനിയുടെ നിഗൂഢമായ ജീവിതവും മരണവും മാത്രമല്ല നിരുപമമായ കലയും പ്രതിഭയും അനാവരണം ചെയ്യുന്നു, 'പസോളിനിയെ വധിച്ചതാര്?' എന്ന ലേഖനം. കമ്യൂണിസത്തോടും ഫാഷിസത്തോടും ഒരേസമയം വിയോജിച്ചും സ്വന്തം ജീവിതവും കലയും കൊണ്ട് നിരന്തരം അവയോടു കലഹിച്ചും പസോളിനി സൃഷ്ടിച്ച പ്രകമ്പനങ്ങൾ ഒടുവിൽ അദ്ദേഹത്തിന്റെ അരുംകൊലയിൽ എത്തിച്ചേർന്നു. ഇറ്റലി ഭരിച്ചിരുന്ന ക്രിസ്ത്യൻ ഡമോക്രാറ്റുകളായിരുന്നു, ഈ വധത്തിനു പിന്നിൽ എന്ന വിദൂരസൂചന ഡോക്യുമെന്ററി മുന്നോട്ടുവയ്ക്കുന്നു.
ഫലസ്തീൻ സിനിമയായ 'Five broken cameras', പശ്ചിമേഷ്യൻ രാഷ്ട്രീയപ്രതിസന്ധിയുടെ അതിഗംഭീരമായ ഒരാഖ്യനമാണ്. ഇസ്രയേലിന്റെ കടന്നാക്രമണത്തിൽ മണ്ണും ജീവനും നഷ്ടപ്പെടുന്ന ഒരു ഫലസ്തീനിയൻ ഗ്രാമത്തിന്റെയും അവിടത്തെ മനുഷ്യരുടെയും കഥ. ഒന്നൊന്നായി അഞ്ചു കാമറകൾ വാങ്ങി സ്വന്തം ചരിത്രത്തെയും ജീവിതത്തെയും ചലച്ചിത്രമാക്കി മാറ്റുന്ന എമാദ്ബുർനെറ്റ് എന്ന മനുഷ്യനാണ് നായകനും സംവിധായകനും. കൂട്ടിന് ഇസ്രയേലിയായ ഗയ് ദാവീദിയും. വംശീയതയും മതവെറിയും സാമ്രാജ്യത്തവും ഒന്നിച്ചു വേട്ടയാടുന്ന മനുഷ്യരുടെ ജീവിതംകൊണ്ട് ബുർനെറ്റ് എഴുതിയ ഈ സിനിമ നിരവധി ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ നേടുകയുണ്ടായി.
വിശ്വവിഖ്യാത ഇറാനിയൻ ചലച്ചിത്രകാരനായ ജാഫർ പനാഹിയുടെ തടവറ ജീവിതവും അസാധാരണമാംവിധം രാഷ്ട്രീയതീവ്രമായ ചലച്ചിത്രാനുഭവങ്ങളുമാണ് മറ്റൊരു ലേഖനത്തിന്റെ വിഷയം. സിനിമകൊണ്ട് ജീവിതം പൂരിപ്പിക്കുകയും രാഷ്ട്രീയവിശ്വാസം ഏറ്റുപറയുകയും ലോകത്തോടു സംവദിക്കുകയും അങ്ങനെ, അവനവനോടുതന്നെ നീതി പുലർത്തുകയും ചെയ്യുന്ന ഒരു പ്രതിഭയുടെ ആത്മസാക്ഷാത്ക്കാരമായി മാറുന്നു, പനാഹിയുടെ 'This is nota Film' എന്ന സിനിമ.
ആദ്യലേഖനങ്ങളിലെന്നപോലെതന്നെ, സിനിമയുടെ ആഖ്യാനവും ഭാഷയും ഘടനയും സ്വരൂപവും ശൈലിയും ഗണവുമൊക്കെ സവിസ്തരം അഴിച്ചെടുക്കുന്ന വിശകലനപദ്ധതി തന്നെയാണ് സുരേന്ദ്രൻ ഈ രചനകളിലും പിന്തുടരുന്നത്. തയ്‌വാനിസ് സിനിമയായ 'The journey to the west', അസാന്ദ്രെ ജോഡറോവ്‌സ്‌കിയുടെ 'Holy moutain' എന്നീ സിനിമകൾ മുൻനിർത്തി ആത്മീയതയുടെയും ധ്യാനാത്മകമായ സ്വത്വന്വേഷണത്തിന്റെയും ലോകങ്ങൾ മറനീക്കുന്ന ചലച്ചിത്രഭാവന വിശകലനം ചെയ്യുന്ന രണ്ടു ലേഖനങ്ങൾ ഈ പുസ്തകത്തിലുണ്ട്. 'പടിഞ്ഞാറോട്ടുള്ള ധ്യാനാത്മക യാത്രകൾ', 'ഒരു പാതിരാസിനിമ' എന്നിവ. സിനിമയുടെ ആഖ്യാനത്തെ വേഗം, ചലനം, പ്രകാശം, നിറം, ശബ്ദം, ദൃശ്യം തുടങ്ങിയ ഘടകങ്ങൾ മുൻനിർത്തി പഠിക്കുന്ന രചനകൾ. ഈ സിനിമകൾ സൃഷ്ടിക്കുന്ന പുതിയൊരു ചലനഭാഷയെക്കുറിച്ച് സുരേന്ദ്രൻ സുക്ഷ്മമായ ചിന്തകൾ മുന്നോട്ടുവയ്ക്കുന്നു. [BLURB#3-H]'അതിവേഗതയുടെ ലോകത്തുനിന്ന്, വളരെ പരുഷവും ദ്രുതഗതിയിലുള്ളതുമായ ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും ആധിക്യമുള്ള, ജനപ്രിയ മാർക്കറ്റിനെ ലക്ഷ്യമാക്കിയുള്ള സിനിമകളുടെ ലോകത്തുനിന്ന് ഇത്തരം സിനിമകൾ നമ്മെ വളരെ വേഗം കുറഞ്ഞതും ശാന്തവുമായ ഒരനുഭവത്തിലേക്ക് നയിക്കുന്നു. അപ്പോൾ നമുക്ക് വളരെ സൂക്ഷ്മമായ ദൃശ്യങ്ങളിലും ശബ്ദങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കാൻ അവസരം കിട്ടുന്നു. ഇവിടെ നാം ശാന്തമായ അവസ്ഥയിലാണ്. ഫ്രെയിം വളരെനേരം തിരശ്ശീലയിൽ നിലനിൽക്കുന്നതിനാൽ നമ്മുടെ കണ്ണുകൾക്ക് ഫ്രെയിമിന്റെ മുക്കും മൂലയും അരികുകളും ശ്രദ്ധയോടെ സ്‌കാൻ ചെയ്യാൻ അവസരം ലഭിക്കുന്നു. വളരെ ബദ്ധപ്പെട്ടുള്ള ചലനങ്ങളിൽ നമുക്ക് ദൃശ്യമാകാത്ത പല വിശദാംശങ്ങളും അപ്പോൾ നമ്മുടെ ദൃഷ്ടികൾക്ക് ഗോചരമാകുന്നു. മറയ്ക്കപ്പെട്ട പലതും വെളിപ്പെടുന്നു. നിറങ്ങൾ തമ്മിലുള്ള, വസ്തുക്കൾ തമ്മിലസുള്ള ബന്ധവും ബന്ധമില്ലായ്മയും അനുഭവവേദ്യമാകുന്നു. വെളിച്ചത്തിന്റെ രൂപാന്തരീകരണം, വിവിധ അവസ്ഥകൾ, സൂക്ഷ്മശബ്ദങ്ങൾ, നിശ്ശബ്ദത (ശബ്ദരഹിതമായ അവസ്ഥയല്ല നിശ്ശബ്ദത) അനുഭവപ്പെടുന്നു. (ഒരു ഫോട്ടോ അല്ലെങ്കിൽ പെയിന്റിങ് തന്നെ കുറേനേരം കണ്ടുകൊണ്ടിരിക്കുമ്പോഴുള്ള അനുഭവം പോലെ)'.
മായിക യാഥാർഥ്യത്തിൽനിന്ന് മിത്തിക്കൽ യാഥാർഥ്യത്തിലേക്കു സഞ്ചരിക്കുന്ന 'വിശുദ്ധപർവ്വത'ത്തിന്റെ ആഖ്യാനകലയും വിശദമായി ചർച്ചചെയ്യപ്പെടുന്നു. യുദ്ധവും പട്ടിണിയും വിപ്ലവവും ഹിംസയും അരാജകത്വവും ആത്മീയതയും കലങ്ങിമറിഞ്ഞൊഴുകുന്ന പടിഞ്ഞാറിന്റെ 1960 കളാണ് ദേശീയതകളുടെ സംഘർഷങ്ങൾക്കിടയിൽപെട്ട് വേട്ടയാടപ്പെട്ട ജോഡറോവ്‌സ്‌കി ഈ സിനിമക്കു പശ്ചാത്തലമാക്കുന്നത്. തന്റെ അവസ്ഥയെക്കുറിച്ചദ്ദേഹം എഴുതിയതു നോക്കുക. 'ബൊളിവീയയിൽ ജനിച്ചു. പാരീസിൽ കലാപ്രവർത്തനം നടത്തി. മെക്‌സിക്കോയിൽ നൂറിൽപരം നാടകങ്ങൾ അവതരിപ്പിച്ചു. ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്നു. എന്നാൽ ഞാൻ എവിടെയും സ്വീകരിക്കപ്പെട്ടില്ല. കാരണം ബൊളീവിയയിൽ ഞാനൊരു റഷ്യൻ ആയിരുന്നു. ചിലിയിൽ ഒരു യഹൂദൻ. മെക്‌സിക്കോയിൽ ഫ്രഞ്ചുകാരൻ, ഇപ്പോൾ അമേരിക്കയിൽ ഒരു മെക്‌സിക്കൻ'.
പുസ്തകത്തിന്റെ രണ്ടാംഭാഗമായാണ് മൂന്നഭിമുഖങ്ങൾ നൽകിയിരിക്കുന്നത്. മണികൗളിന്റെയും എംപി. സുകുമാരൻ നായരുടെയും ഉൾപ്പെടെ നിരവധി കലാസിനിമകളും ഡോക്യുമെന്ററികളും 'ഡോൺ' ഉൾപ്പെടെ പല മുഖ്യധാരാ ബോളിവുഡ് സിനിമകളും കാമറയിൽ പകർത്തിയ കെ.യു. മോഹനൻ; കേതന്മേത്ത, മീരാനായർ, ദേവ് ബനഗൽ, വിശാൽ ഭരദ്വാജ്, ആനന്ദ്പട്‌വർധൻ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ ശബ്ദലേഖന കലയിൽ ഇന്ത്യയിൽതന്നെ ഏറ്റവും പ്രശസ്തനായ പി.എം. സതീഷ് എന്നീ മലയാളികളുമായും സേതുവിന്റെ 'പാണ്ഡവപുരം' ബംഗാളിയിൽ സിനിമയാക്കിയ ആഷിഷ് അവികുന്തകുമായും നടത്തുന്നവയാണ് ഈ അഭിമുഖങ്ങൾ.
സിനിമയെന്നാൽ കാമറയുടെ കലയാണെന്നു വിശ്വസിക്കുന്ന സുരേന്ദ്രന്റെ ധാരണകൾ പലതും ഏറ്റവും വിശദമായി പങ്കുവയ്ക്കപ്പെടുന്നുണ്ട് മോഹനനുമായുള്ള അഭിമുഖത്തിൽ. സിനിമാറ്റോഗ്രഫിയെക്കുറിച്ചു നിലവിലിരിക്കുന്ന ധാരണകൾ പലതും തിരുത്തിയെഴുതുന്ന മോഹനന്റെ ഭാവനയുടെ ആഴം വെളിപ്പെടുത്തുന്ന രചന.
സൗണ്ട് ഡിസൈനിങ്, നിശ്ശബ്ദതയുടെയും ശബ്ദത്തിന്റെയും കലാത്മകമായ കൂടിച്ചേരലിൽ എങ്ങനെ സംഭവിക്കുന്നുവെന്നതിന്റെ വിശകലനമായി മാറുന്നു, സതീഷുമായുള്ള അഭിമുഖം.
മിത്തിക്കൽ റിയലിസത്തിന്റെ ശ്രദ്ധേയമായ ഇന്ത്യൻ മാതൃകകളിലൊന്നായി മാറുന്നു, അവികുന്തകിന്റെ 'നിരാകാർ ഛായ'യെന്നു സുരേന്ദ്രൻ വിലയിരുത്തുകയാണ്, അദ്ദേഹവുമായുള്ള സംഭാഷണത്തിൽ. [BLURB#2-VR] മലയാളത്തിലുണ്ടാകുന്ന ചലച്ചിത്രപഠനങ്ങളിൽ സാധാരണ കാണാത്ത സമീപനങ്ങളും അന്വേഷണമേഖലകളും പിന്തുടരുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത. സിനിമയെ, അതിന്റെ ദൃശ്യാനുഭവവും രാഷ്ട്രീയവും മുൻനിർത്തി വിശകലനം ചെയ്തും, ചരിത്രത്തിന്റെയും കലയുടെയും ദൃക്‌സാക്ഷ്യമായി സൃഷ്ടിക്കപ്പെടുന്ന ഓരോ സിനിമയും ജീവിതത്തിന്റെ സമാന്തരമായ ഓരോ പാഠമാണെന്നു വിശദീകരിച്ചും ഈ പുസ്തകം മലയാള ചലച്ചിത്രപഠനത്തിന്റെ വഴിയിൽ വേറിട്ടുനിൽക്കുന്ന ഒരു മാതൃക അവതരിപ്പിക്കുന്നു.
പുസ്തകത്തിൽനിന്ന്: സാധാരണ റിയലിസ്റ്റ് സിനിമയിലും ആർട് സിനിമയിലും ഉള്ളതുപോലുള്ള ആഖ്യാനം, യഥാതഥമായ അഭിനയം, പശ്ചാത്തലസംഗീതം, ക്യാമറാചലനങ്ങൾ എന്നിവയിലൊന്നും പരജനോവിന് തീരെ താല്പര്യമില്ല. കളർ ഓഫ് പോമെഗ്രനേറ്റ്‌സ് എന്ന സിനിമയുടെ ആമുഖത്തിൽ ഇപ്രകാരം എഴുതിക്കാണിക്കുന്നുണ്ട് : ' ഈ സിനിമയിലൂടെ ഒരു കവിയുടെ ജീവിതകഥ പറയാനല്ല ശ്രമിക്കുന്നത്. മറിച്ച്, കവി ജീവിച്ച മധ്യകാലത്തിന്റെ സവിശേഷമായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും രൂപകങ്ങളായും പ്രതീകങ്ങളായും ഉപയോഗിച്ചുകൊണ്ട് കവിയുടെ പ്രക്ഷുബ്ധമായ ആന്തരീകലോകത്തെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്'. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇത്തരത്തിൽ അന്തഃസ്ഥിതമായ അവസ്ഥകളെ പ്രേക്ഷകന് അനുഭവിപ്പിക്കാനാണ് ശ്രമിക്കുന്നത്.
അതുപോലെതന്നെ അദ്ദേഹത്തിന്റെ സിനിമകളിൽ നാം സാധാരണ വിവക്ഷിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളോ, ഇതിവൃത്തമോ, ആഖ്യാനമോ ഇല്ല. പകരം വളരെ ശൈലീകൃതമായ സങ്കേതങ്ങളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അതാകട്ടെ, പ്രത്യേക പ്രാദേശിക സംസ്‌കാരത്തിൽ വേരൂന്നിയതാണ്. നാടൻ കലാപ്രകടനമായും, ആഭിചാരക്രിയയായും, മന്ത്രവാദമായും ഇത് നമുക്ക് അനുഭവപ്പെടുന്നു. ഇവയൊക്കെയും പലപ്പോഴും അസംബന്ധമായിപ്പോലും നമുക്ക് തോന്നാം. സിനിമയിൽ അന്തർഹിതമായിരിക്കുന്ന ജാലവിദ്യയുടെ സ്വാഭാവത്തെ വളരെ ഭാവനാത്മകമായി അദ്ദേഹം ഉപയോഗിക്കുന്നു. ഉദാഹരണമായി നാം തീരെ പ്രതീക്ഷിക്കാത്ത നേരത്ത് മനുഷ്യരും വസ്തുക്കളും പ്രകടമാവുകയും തിരോഭവിക്കുകയും ചെയ്യുന്നു. പല ചേഷ്ടകളുടെയും പ്രവൃത്തികളുടെയും ആവർത്തനങ്ങളും പലതരത്തിലുള്ള, പലപ്പോഴുമുള്ള ആവർത്തനങ്ങളും മറ്റൊരു ഉദാഹരണമാണ്. തൂങ്ങിക്കിടക്കുന്ന കാർപ്പെറ്റുകളും സംഗീത ഉപകരണങ്ങളും അന്തരീക്ഷത്തിൽ ഒരു താങ്ങുമില്ലാതെ ആടുന്നതായി നമുക്ക് അനുഭവപ്പെടുന്നു. ചിത്രപ്പണികളുള്ള കണ്ണാടിയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന കുട്ടിമാലാഖ.
പല രൂപങ്ങളും അന്തരീക്ഷത്തിൽ ഒഴുകിനടക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു. മിക്കവാറും നിശ്ചലമായ ക്യാമറയ്ക്ക് മുന്നിലാണ് ഇതൊക്കെയും അരങ്ങേറുന്നത്. (സാധാരണ രീതിയിൽ സ്വാഭാവികമായല്ല). ഒരു ഫ്രെയിമിൽത്തന്നെ പല വസ്തുക്കളേയും മനുഷ്യരേയും മൃഗങ്ങളേയും അവതരിപ്പിക്കുന്നു. പലതും പലതരത്തിലും തലങ്ങളിലും ചലിക്കുന്നു. (ഭാവനാത്മകമായ മിസ്-എൻ-സീനിന്റെ (miseenscene) ഉദാഹരണമായി ഇതിനെ ചൂണ്ടിക്കാട്ടാ.) അതുകൊണ്ട് പലപ്പോഴും ഫ്രെയിം ഒരു നാടകവേദിയായോ, ടാബ്ലോ ആയോ, ബാലെ ആയോ നമുക്ക് അനുഭവപ്പെടുന്നു. നിറപ്പകിട്ടാർന്ന, ചിത്രപ്പണികളുള്ള, വിചിത്രരീതിയിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച അഭിനേതാക്കളും (മൃഗങ്ങളും) ഫ്രെയിമിലേക്ക് കടന്നുവരികയും തിരിച്ചുപോവുകയും പ്രത്യക്ഷരാവുകയും അപ്രത്യക്ഷരാവുകയും ചെയ്യുന്നു. (ക്യാമറ ആംഗിൾ മാറ്റുന്നില്ല എന്നതും ശ്രദ്ധേയമാണ്). അവർ നാടൻരീതിയിൽ പ്രകടനങ്ങൾ നടത്തുകയാണ്. നാടൻ ശീലുകൾക്കൊപ്പം നാടൻ ശൈലിയിൽ നൃത്തം ചെയ്യുകയാണ്. പല തലങ്ങളിൽ, പല വിതാനങ്ങളിൽ അവർ ഇത്തരത്തിലുള്ള പ്രകടനം നടത്തുന്നു.
വാക്കുകൾ, വാക്കുകൾ, വാക്കുകൾ. ഒഥല്ലോയുടെ പ്രശസ്തമായ ഈ സംഭാഷണം ഓർമ്മിപ്പിക്കുമാറ് പരജനോവ് പറയുന്നു: 'നാം എത്രയധികം വാക്കുകളാണ് ഉപയോഗിക്കുന്നത്! നാം വാക്കുകളിൽ മുങ്ങുകയാണ്. ബാലേയിൽ മാത്രമാണ് നമുക്ക് ശുദ്ധസൗന്ദര്യം കാണാൻ കഴിയുന്നത്. അതിനാണ് ഞാൻ സിനിമകളിലൂടെ ശ്രമിക്കുന്നത്'. അല്പം അതിശയോക്തി കലർന്നതാണെങ്കിലും അദ്ദേഹത്തിന്റെ ഈ വാക്കുകൾകൂടി ശ്രദ്ധിക്കുക : 'ഊമകൾക്കും ബധിരർക്കും വേണ്ടിയുള്ള സിനിമയായിരിക്കും ഏറ്റവും പൂർണ്ണമായ സിനിമ'. പരജനോവ് തന്റെ സിനിമകളെ പേർഷ്യൻ മിനിയേച്ചറിനോടും ഉപമിച്ചിട്ടുണ്ട്. സിനിമ പെയിന്റിങ് ആണോ? നാടകം അരങ്ങേറുന്ന വേദിയാണോ? ബാലെയാണോ? മൂകാഭിനയമാണോ? ഇവയുടെ സമ്മേളനമാണോ? പരജനോവിന്റെ സിനിമകൾ ഇതൊക്കെ ആയി തോന്നാമെങ്കിലും അതേസമയം ഇതൊന്നും അല്ലതാനും.
ചിലപ്പോൾ അദ്ദേഹത്തിന്റെ സിനിമകൾ വലിച്ചുനീട്ടപ്പെട്ട, വളരെ വിശദമായ കൊളാഷുകളായി നമുക്ക് അനുഭവപ്പെടുന്നു. പാകംവന്ന മാതളനാരങ്ങയുടെ സത്ത് പിഴിഞ്ഞെടുത്ത് ക്യാൻവാസിൽ തീർത്ത കൊളാഷുകൾപോലെ. മറ്റു ചിലപ്പോൾ പല ചിത്രകലാരീതികളുടെ സമ്മേളനമായി അനുഭവപ്പെടുന്നു. മറ്റു ചിലപ്പോൾ ചലിക്കുന്ന നാടോടി ചുമർചിത്രങ്ങളുടെ ശൃംഖലയായി അനുഭവപ്പെടുന്നു. ദൃശ്യങ്ങളുടെ ഈ വിധത്തിലുള്ള അസാധാരണമായ സ്വഭാവം (പെയിന്റിങ്ങും, ബാലേയും, അരങ്ങും കടന്ന്) നമ്മിൽ ഉണർത്തുന്ന ഭാവലോകം അപാരമാണ്. അത് ഭാവനയുടെയും, ദിവാസ്വപ്നത്തിന്റെയും സാധ്യതകളുടെയും അതീന്ദ്രിയാനുഭവമാണ്. വസ്തുതകൾ, ചരിത്രം, ഇതിവൃത്തം ഒക്കെയും യാഥാർത്ഥ്യത്തിന്റെ തലത്തെ കവിഞ്ഞ് സാങ്കല്പികമായ യാഥാർത്ഥ്യത്തിന്റെ തലം കൈവരിക്കുന്നു. [BLURB#1-VL] ശബ്ദത്തിന്റെ ഉപയോഗവും വളരെ സവിശേഷമാണ്. പാദങ്ങൾക്കടിയിൽ മുന്തിരി പൊട്ടുമ്പോൾ കേൾക്കുന്ന ശബ്ദം, ഒഴുകുന്ന ജലത്തിന്റെ വിവിധ രീതിയിലുള്ള ശബ്ദങ്ങൾ, നിറംപിടിപ്പിക്കാനായി കമ്പിളിനൂലുകൾ തിളപ്പിക്കുമ്പോൾ ഉയരുന്ന ആവിയുടെ ശബ്ദം, നിറം മുക്കിയെടുത്ത കമ്പിളിനൂലുകൾ ലോഹപ്പാത്രങ്ങളിലേക്ക് ഇടുമ്പോൾ കേൾക്കുന്ന ശബ്ദം. ഇത്തരത്തിലുള്ള വളരെ സൂക്ഷ്മമായ ശബ്ദങ്ങൾ പോലും അദ്ദേഹം പിടിച്ചെടുക്കുന്നു. ദൃശ്യങ്ങൾപോലെ ശബ്ദങ്ങളും ആവർത്തിക്കുന്നു, ചെറിയ വ്യത്യാസങ്ങളോടെ. ഇവയൊക്കെ ചേർന്ന് പ്രേക്ഷകന്റെ ഇന്ദ്രിയാനുഭൂതികളെ ഉണർത്തുന്നു. ഇപ്രകാരം സിനിമയുടെ കാവ്യാത്മകസാധ്യതകൾ ആരായുന്നതുകൊണ്ടായിരിക്കണം പല നിരൂപകരും അദ്ദേഹത്തിന്റെ സിനിമകളെ കാവ്യാത്മകസിനിമകൾ എന്ന് വിശേഷിപ്പിച്ചത്.
വശീകരിക്കുന്ന രീതിയിൽ നിറസമൃദ്ധമാണ് അദ്ദേഹത്തിന്റെ സിനിമകൾ. മാതളനാരങ്ങയുടെ ചുവപ്പ്. (ഒരു സിനിമയുടെ പേര് കളർ ഓഫ് പോമെഗ്രനേറ്റ്‌സ് എന്നാണല്ലോ). മുന്തിരിച്ചാറിന്റെ ചുവപ്പ്. മൃഗങ്ങളുടെ ചോരയുടെ ചുവപ്പ്. കാർപ്പെറ്റുകളുടെയും കിന്നരികളുടെയും വസ്ത്രങ്ങളുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും വിവിധതരം പഴങ്ങളുടെയും പാത്രങ്ങളുടെയും ചെരിപ്പുകളുടെയും വീട്ടുപകരണങ്ങളുടെയും നിറങ്ങൾ. സ്വപ്നതുല്യമായ ഒരു ലോകം. സർറിയൽ ദൃശ്യങ്ങൾ. ആദ്യം മാതളനാരങ്ങയിൽനിന്ന് കിനിയുന്ന ചുവപ്പ്. അടുത്തത് അതിമനോഹരമായ ചിത്രപ്പണികളുള്ള ഒരു കത്തിയിൽനിന്ന് കിനിയുന്ന ചുവപ്പ്. പശ്ചാത്തലത്തിന്റെ പല നിറങ്ങൾ. വരണ്ട മരുഭൂമിയുടെ നിറം. സൂര്യപ്രകാശത്തിന്റെ നിറം. നേരിയ തവിട്ടുനിറം. നരച്ച നിറം. കറുപ്പ്. വെളുപ്പ്. കടും ചുവപ്പ്. ശാന്തമായ നീലനിറം. പച്ചനിറം. വസ്ത്രങ്ങളുടെ, പരവതാനികളുടെ, വിരിപ്പുകളുടെ, തുണിക്ക് നിറം കൊടുക്കാൻ ഉപയോഗിക്കുന്ന വർണ്ണവസ്തുക്കളുടെ നിറങ്ങൾ.
ഇതുപോലെ മാസ്മരികതയുള്ളതാണ് ദൃശ്യങ്ങളും. ചിലപ്പോൾ വിചിത്രമായ ദൃശ്യങ്ങൾ ഒരുഫ്രെയിമിൽ കൂട്ടിമുട്ടുന്നു. ആദ്യം ഒരു പ്രതലത്തിൽക്കിടന്ന് പിടയുന്ന മത്സ്യം. അടുത്തത് അത്തരത്തിൽ പിടയുന്ന മൂന്ന് മത്സ്യങ്ങൾ. സ്ത്രീശരീരത്തിലെ അനാവൃതമായ ഒരു സ്തനം. മറ്റേ സ്തനത്തിന്റെ സ്ഥാനത്ത് ഒരു ശംഖ്. ചരിഞ്ഞ മേൽക്കൂരകളിൽ നിറയെ തുറന്നുവച്ച പുസ്തകങ്ങൾ. അവയുടെ താളുകൾ കാറ്റിൽ ഇളകുന്നു. അന്തരീക്ഷത്തിൽ ഒഴുകുന്ന ദൈവദൂത
ന്മർ. മുറ്റം നിറയുന്ന ചെമ്മരിയാട്ടിൻപറ്റം. ഒരേ അഭിനേത്രി ഒരു കഥാപാത്രത്തെ പ്രതിനിധീകരിച്ച് സ്ത്രീയുടെയും പുരുഷന്റെയും ആറ് ഭാഗങ്ങൾ അഭിനയിക്കുന്നു. ഇത് ആദ്യം നമ്മെ കുഴപ്പത്തിലാക്കുന്നു. ചുമർചിത്രങ്ങൾ. ചിത്രപ്പണികൾ. ചുമരെഴുത്തുകൾ. ചുമരിൽ കുരിശുരൂപങ്ങൾ. ആൾരൂപങ്ങൾ. മൃഗരൂപങ്ങൾ. സംഗീതഉപകരണങ്ങൾ. മെഴുകുതിരികൾ. തലയോട്ടി. പൂക്കൾ. മയിൽപ്പീലി. താളുകൾ മറിഞ്ഞുകൊണ്ടേയിരിക്കുന്ന തുറന്നുകിടക്കുന്ന പുസ്തകങ്ങൾ, കുതിരപ്പടയാളികൾ. പരമ്പരാഗത ആഭരണങ്ങൾ. വിവിധ ആകൃതിയിലുള്ള പാത്രങ്ങൾ. ചിത്രപ്പണികളുള്ള തുണികൾ. ലേസുകൾ. മുറിയുടെ ചുമരുകളുടെ വർണ്ണവൈവിധ്യം. ഓരോ ചെറുവസ്തുക്കളിൽപ്പോലും അദ്ദേഹത്തിന്റെ കലാവിരുത് പ്രകടമാണ്. അദ്ദേഹം തന്റെ സിനിമകളെ പേർഷ്യൻ ആഭരണപ്പെട്ടിയോടാണ് ഉപമിച്ചത്. മനോഹരമായ ചിത്രപ്പണികളുള്ള ആ അലങ്കാരപ്പെട്ടിയുടെ പുറംഭാഗകാഴ്ചതന്നെ നമ്മെ അത്ഭുതപ്പെടുത്തുന്നു. പെട്ടി തുറക്കുമ്പോൾ കാണുന്ന അകംകാഴ്ചകളാകട്ടെ നമ്മെ അത്ഭുതപരതന്ത്രരാക്കുന്നു.
അഞ്ചുകാമറകൾ ജീവിതം പറയുന്നു
പി.കെ. സുരേന്ദ്രൻ
മെയ്ഫ്‌ളവർ, 2015
വില : 120 രൂപ