- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിപരീതങ്ങൾ
ആത്മവിശ്വാസം നഷ്ടപ്പെട്ട ആദ്യമനുഷ്യന്റെ സൃഷ്ടിയാണ് ദൈവം. ഭയമാണതിന്റെ ഉൽപത്തിസ്ഥാനം. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ മൂർത്തിയായി ദൈവത്തെ കണ്ട് സ്വന്തം അസ്തിത്വവും പ്രപഞ്ചവും അതിനേല്പിച്ചു കൊടുത്ത് പകരം വാങ്ങുന്ന അടിമമനസ്സാണ് ഈശ്വരവിശ്വാസികളുടെ സ്വത്വം. 'ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു സങ്കല്പിച്ച്' അവർ ജീവിതവും കാലവും കഴിക്കുമ്പോൾ മ
ആത്മവിശ്വാസം നഷ്ടപ്പെട്ട ആദ്യമനുഷ്യന്റെ സൃഷ്ടിയാണ് ദൈവം. ഭയമാണതിന്റെ ഉൽപത്തിസ്ഥാനം. സൃഷ്ടി, സ്ഥിതി, സംഹാരങ്ങളുടെ മൂർത്തിയായി ദൈവത്തെ കണ്ട് സ്വന്തം അസ്തിത്വവും പ്രപഞ്ചവും അതിനേല്പിച്ചു കൊടുത്ത് പകരം വാങ്ങുന്ന അടിമമനസ്സാണ് ഈശ്വരവിശ്വാസികളുടെ സ്വത്വം. 'ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു സങ്കല്പിച്ച്' അവർ ജീവിതവും കാലവും കഴിക്കുമ്പോൾ മറുവശത്ത് നിരീശ്വരവാദികളുടെ യുക്തിവാദങ്ങൾ 'ഇല്ലാത്ത ഒന്നിനെ ഇല്ലെന്നു സ്ഥാപിക്കാനുള്ള' തത്രപ്പാടിൽ ഉണ്മക്കും ഇല്ലായ്മക്കുമിടയിലെ വൻകടൽ നീന്തി വലയുന്നു. വി.ജെ. ജയിംസിന്റെ 'നിരീശ്വരൻ' ഈയൊരു മാനുഷിക സന്ദിഗ്ദ്ധതയുടെ കൈവഴികളിലൂടെ നടത്തുന്ന സഞ്ചാരം കൗതുകകരമായ ഒരു നോവൽഭാവനയാണ്. ഒപ്പം ശാസ്ത്രത്തിന്റെ കേവലയുക്തിയോടു കലഹിക്കുന്ന ഒട്ടധികം ജീവിതസന്ദർഭങ്ങളെയും അനുഭവസന്ധികളെയും കുറിച്ചുള്ള ചിന്തകളുടെ പടംപൊഴിക്കലായും ഈ നോവൽ മാറുന്നു. ബോധാബോധമനസ്സുകളുടെ നിഗൂഢതകൾ മറനീക്കുന്ന ഭാവനാലോകമാണ് ഈ നോവലിന്റെ കലയും രാഷ്ട്രീയവും.
രണ്ടു തലമുറകളിൽ നിന്നുള്ള ഒരുപിടി മനുഷ്യരുടെ കലങ്ങിമറിഞ്ഞാർക്കുന്ന ജീവിതാവേശങ്ങളാണ് 'നിരീശ്വര'ന്റെ ഭൂമിക. ആന്റണി, ഭാസ്‌കരൻ, സഹീർ എന്നീ സുഹൃത്തുക്കൾ (ആഭാസ സംഘം!) നിരീശ്വരവാദം സ്ഥാപിക്കാനുള്ള യത്‌നത്തിൽ ഒരു നിരീശ്വരപ്രതിമയുണ്ടാക്കി ഗ്രാമമധ്യത്തിൽ പ്രതിഷ്ഠിക്കുന്നു. തങ്ങളുടെ മുൻതലമുറയിൽ, തങ്ങളുടെ എതിർജീവിതം ജീവിച്ച അർണോബ്, ഈശ്വരൻ നമ്പൂതിരി, സെയ്ദ് എന്നിവരെയും അവരുടെ പൊതുസുഹൃത്ത് ഇന്ദ്രജിത്തിനെയും ഈ മൂവർസംഘം നിരീശ്വരന്റെ അപ്പുറവും ഇപ്പുറവുമായി കണ്ടെത്തുന്നു.
കാലത്തിന്റെ ഒരു കൊളാഷ് പോലെ ഈ തലമുറകളുടെ സാന്നിധ്യം നോവൽ ആഘോഷിക്കുന്നു. ക്രമേണ, അത്ഭുതങ്ങളുടെയും പ്രാർത്ഥനാസംഘങ്ങളുടെയും പിന്തുണയോടെ വ്യവസ്ഥാപിത മതങ്ങളിലെ വിഗ്രഹങ്ങളായി മാറുന്ന ഏതു ദൈവത്തെയും പോലെ നിരീശ്വരനും ഈശ്വരനായിത്തീരുന്നു. അതോടെ നിരീശ്വരന്റെ സ്രഷ്ടാക്കൾ പ്രതിസന്ധിയിലായി. നിരീശ്വരന്റെ വിഗ്രഹം തകർക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ട് മൂവരും ജയിലിലാകുന്നിടത്ത് അവരുടെ ജീവിതം നോവലിൽ അവസാനിക്കുന്നു. എങ്കിലും നിരീശ്വരൻ ഏറ്റവും ജനപ്രിയനായ ഈശ്വരനായി മാറുന്നിടത്ത് കഥ തുടരുന്നു.
കഥയുടെ ഏകതന്തുവിൽ മുന്നേറുന്ന ആഖ്യാനമല്ല 'നിരീശ്വര'ന്റേത്. ഈശ്വര-നിരീശ്വര സംഘർഷത്തിന്റെ സാമൂഹികതലത്തിനു സമാന്തരമായി സന്നിവേശിപ്പിക്കപ്പെടുന്ന ചില വ്യക്ത്യനുഭവങ്ങളുടെ ഭൗതിക-അധിഭൗതിക സംഘർഷങ്ങളാണ് നോവലിന്റെ കൂടുതൽ ചടുലവും ചലനാത്മകവുമായ ഭാവമണ്ഡലത്തിനു രൂപം നൽകുന്നത്. റോബർട്ടോ എന്ന ഭൗതികശാസ്ത്രഗവേഷകൻ ഗന്ധത്തിന്റെ വേരുകൾ തേടി നടത്തുന്ന യാത്രയിൽ നിരീശ്വരന്റെ ഗ്രാമത്തിലെത്തുന്നതും ഇരുപത്തിനാലു വർഷമായി അബോധാവസ്ഥയിൽ കിടന്ന ഇന്ദ്രജിത്തിന്റെ ബോധം തിരിച്ചുപിടിക്കുന്നതുമാണ് ഈ അതീതാനുഭവങ്ങളുടെ ലോകം തുറക്കുന്ന മുഖ്യസന്ദർഭം.
റോബർട്ടോക്കും ഇന്ദ്രജിത്തിനുമൊപ്പം, അന്ധനാണെങ്കിലും ഗന്ധസിദ്ധികൊണ്ട് പായസ നിർമ്മാണകലയുടെ മറുകര കണ്ട ഗോപാലുക്കുട്ടിയാശാനും മനുഷ്യമനസ്സിന്റെ അപാരതീരങ്ങൾ ഹൃദിസ്ഥമാക്കിയ കൃഷ്ണനെഴുത്തച്ഛനും ഈ ആനുഭവികതലങ്ങൾ പങ്കിടുന്നു. പുരുഷഗന്ധങ്ങളുടെ മൊത്തവ്യാപാരിയായ ജാനകിയോടൊപ്പമാണ് റോബർട്ടോയുടെ താമസം തന്നെയും. സുമിത്രന്റെ മായികമാറ്റങ്ങളും പരമേശ്വരന്റെ ഭാഗ്യോദയങ്ങളും വിശ്വാസവ്യാപാരത്തിന്റെ പുത്തൻ വിപണി തുറന്നിട്ട് നിരീശ്വരന്റെ ഈശ്വരപദപ്രാപ്തിയുടെ തിരക്കഥയെഴുതുന്നു. ബാർബർ മണിയനും ഘോഷയാത്ര അന്നാമ്മയും; ജാനികയെ ചുറ്റിപ്പറ്റിയുള്ള ഗ്രാമത്തിന്റെ കാമത്തരിപ്പുകളും; സുധയും സ്ത്രീജീവിതത്തിന്റെ കാമനാവേഗങ്ങളും മറ്റും മറ്റുമായി ഈ ആഖ്യാനത്തെ പൂരിപ്പിക്കുന്ന മറ്റുചില മനുഷ്യരും അവരുടെ ബോധാബോധതലങ്ങളും 'നിരീശ്വര'നിൽ കടന്നുവരുന്നു. [BLURB#1-VR]യുക്തിയും അയുക്തിയും തമ്മിലുള്ള അനാദിയും അസാധാരണവുമായ സംഘർഷമാണ് നിരീശ്വരന്റെ ഭാവതലം. ഈശ്വര-നിരീശ്വര സംഘർഷം അതിന്റെ ഉപരിതലം മാത്രമേ ആകുന്നുള്ളൂ. ബോധാബോധമണ്ഡലങ്ങളിൽ മനുഷ്യർ കൈവരിക്കുന്ന ഗൂഢങ്ങളായ ജീവിതസമസ്യകളുടെ അനാവരണവും അവതരണവുമാണ് 'നിരീശ്വര'ന്റെ ആന്തരതലം. മത, ദൈവ ഭാവനകളിൽ സംഭവിക്കുന്ന എതിർദിശാസഞ്ചാരങ്ങൾ അതിന്റെ പശ്ചാത്തലം മാത്രമാണെന്നു കരുതണം. അതിനുമപ്പുറമാണ് വിപരീതങ്ങളുടെ അപാരതീരങ്ങളിൽ മിടിക്കുന്ന മനുഷ്യമനസ്സിന്റെ നിഗൂഢതകളെക്കുറിച്ച് ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന നിരീക്ഷണങ്ങൾ. ഭൗതികശാസ്ത്രവും മനഃശ്ശാസ്ത്രവും വൈദ്യശാസ്ത്രവും അവയുടെ ആധുനികമായ തീർപ്പുകളിൽനിന്ന് നിഷ്‌ക്കാസിതമാകുന്ന സങ്കീർണ്ണമായൊരു താത്വികതലം നിരീശ്വരനിലുണ്ട്.
ഈ താത്വികാനുഭൂതികളുടെ സംവാദാത്മകതയിൽ പങ്കുപറ്റുന്നവരാണ് റോബർട്ടോയും ഇന്ദ്രജിത്തും കൃഷ്ണനെഴുത്തച്ഛനും. ഓർമ്മയും മറവിയും തമ്മിൽ നിലനിൽക്കുന്ന വിടവിനെ, 'ബോധം ബോധത്തിൽ ചെന്നുതട്ടുമ്പോഴുള്ള സമാനഫ്രീക്വൻസികൾ' കൊണ്ട് മറകടക്കാൻ കഴിയുന്നു, റോബർട്ടോവിന്. അത് ഇന്ദ്രജിത്തിനെ കാൽനൂറ്റാണ്ടു നീണ്ട ഒരുറക്കത്തിൽ നിന്നുണർത്തി. കാലം അയാളിൽ സ്തംഭിച്ചുനിന്നുവെങ്കിലും ഭാര്യയും മക്കളും, അവരുടെ ലോകവും ശരീരവും അവയുടെ ഭ്രമണം തുടർന്നിരുന്നതിനാൽ അയാൾ അവരെക്കാൾ ചെറുപ്പമായി മാറി. ഈയവസ്ഥ സൃഷ്ടിക്കുന്ന വൈകാരികക്ഷുബ്ധതയിൽ നിന്നയാളെ കരകയറ്റാൻ ആർക്കും കഴിയുന്നില്ല. കാമത്തെ മറികടക്കുന്ന കാമനകളിലൂടെ ഇന്ദ്രജിത്ത് വാൾത്തലസഞ്ചാരം നടത്തി. റോബർട്ടോയുടെ ഗന്ധജ്ഞാനവും ശാസ്ത്രബോധവും അയാളെപ്പോലും തുണച്ചില്ല. കാലത്തെ അട്ടിമറിച്ച ബോധയാനങ്ങൾ ഇന്ദ്രജിത്തിന്റെ ശരീരത്തിലും മനസ്സിലും സൃഷ്ടിച്ച വിസ്മയങ്ങളുടെ മറനീക്കാൻ കൃഷ്ണനെഴുത്തച്ഛനോ റോബർട്ടോക്കോ കഴിഞ്ഞില്ല. അതീതാനുഭവങ്ങളെ അത്ഭുതങ്ങളാക്കി വിളമ്പിയ നിരീശ്വരന്റെ ലീലാവിലാസങ്ങൾക്ക് താനും ഇരയാകുന്നതോടെ നാടുവിട്ടുപോകാൻ തന്നെ റോബർട്ടോ തീരുമാനിക്കുന്നു.
ഗ്രാമീണസദാചാരവാദത്തിന്റെ മുൾമുനകളിൽ തട്ടി റോബർട്ടോയും ജാനകിയും മാത്രമല്ല അന്നമ്മയും മക്കളും ഇന്ദ്രജിത്തും മേഘയുമൊക്കെ മുറിവേറ്റവരാകുന്നു. 'നമ്മുടെ പൊതുജനം ആകെമൊത്തം നോക്കിയാൽ പരിശുദ്ധപുണ്യവാന്മാരാ. ഒറ്റയ്‌ക്കൊറ്റക്കു നോക്കിയാലോ മഹാപാപികളും' . റോബർട്ടോ ജാനകിയോടു പറയുന്നു(പുറം 141). [BLURB#2-H] യുക്തി, ബോധം, ഗന്ധം, ആന്ധ്യം തുടങ്ങിയ മാനുഷികാനുഭവങ്ങളുടെ ഭാവാഭാവങ്ങൾ തമ്മിലുള്ള കൊടുക്കൽവാങ്ങലുകളും അവയുടെ വിപരീതങ്ങളുമായി അവയ്ക്കുള്ള സംവാദാത്മക ബന്ധവുമാണ് മനുഷ്യജീവിതത്തിന്റെ അർഥവും മൂല്യവുമായി 'നിരീശ്വരൻ' മുന്നോട്ടുവയ്ക്കുന്നത്. മതങ്ങൾ രാഷ്ട്രീയപ്രസ്ഥാനങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങൾ മതങ്ങളുമായിത്തീർന്ന കെട്ടകാലത്തിന്റെ മാനുഷികസന്ദേഹങ്ങളായി ഇവ നമ്മുടെ ജീവിതത്തെ സാർഥകമോ നിരർഥകമോ ആക്കുന്നുവെന്നാണ് ഈ നോവൽ വിളംബരം ചെയ്യുന്നത്.
നിരീശ്വരൻ (നോവൽ)
വി ജെ ജയിംസ്
ഡി.സി. ബുക്‌സ്, 2014
വില : 225 രൂപ
പുസ്തകത്തിൽനിന്ന്: ഇന്ദ്രജിത്ത് വികാരാധീനനായി. ഇരുട്ട് വീണുതുടങ്ങിയതിനാൽ മുഖം കണ്ടുകൂടായിരുന്നെങ്കിലും റോബർട്ടോയ്ക്കാ വികാരം വായിച്ചെടുക്കാനായി.
'സമാന്തരലോകങ്ങളെക്കുറിച്ച് പറഞ്ഞതു തെറ്റാണെന്ന് ഞാനൊരിക്കലും പറയില്ല. എന്താണതിന്റെ വ്യഖ്യാനം എന്നാണ് ഒരു ശാസ്ത്രജ്ഞനെന്നനിലേൽ ഞാനന്വേഷിക്കുക. സമയം നേർരേഖയിൽ മാത്രമാണ് സഞ്ചരിക്കുന്നതെന്നുള്ള സാമാന്യവിശ്വാസമാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ന്നത്. സമയത്തിന് സ്‌ഫെറിക്കലായ മാനമാണുള്ളതെന്ന് എനിക്കും ചിലപ്പോൾ ഫിസിക്‌സിലെ തിയറികൾ പഠിക്കുമ്പോൾ തോന്നിയിട്ടുണ്ട്. ഒരു ഗോളത്തിന്റെ കേന്ദ്രത്തിൽനിന്ന് പുറത്തേക്ക് അനന്തമായ നേർരേഖകൾ വരയ്ക്കാം എന്നതുപോലാണത്. ഇതിലേതോ ഒരു രേഖയിൽ മാത്രം നമ്മുടെ പ്രജ്ഞ തളച്ചിടപ്പെടുമ്പോൾ അതുമാത്രം സത്യമായി അനുഭവപ്പെടുന്നു. ഇതല്ലാതെ നിലനിൽക്കുന്ന അസംഖ്യം സാദ്ധ്യകളിലൊന്നിൽ പ്രജ്ഞ ചെന്നു തട്ടിയാൽ ആ സമയരേഖയിലെ ജീവിതം സത്യമായി തോന്നപ്പെടും. അങ്ങനെ അനന്തകോടി സാദ്ധ്യതകളിൽ ഏതോ ഒരു സാധ്യതമാത്രമാണ് ഇപ്പോൾ കണ്ടുമുട്ടുന്ന നമ്മൾ. ഇതേ നമ്മൾ മറ്റെവിടെയെങ്കിലും വച്ച് മറ്റേതോ സമയത്ത് കണ്ടുമുട്ടുന്ന സാദ്ധ്യതയും നമ്മൾ ഒരിക്കലും കണ്ടുമുട്ടാതിരിക്കുന്ന സാദ്ധ്യതയുമൊക്കെ നിലനിൽക്കുന്നുണ്ട്. പക്ഷേ, രേഖീയമായ സമയയാത്ര മാത്രമേ നമുക്ക് വഴങ്ങൂ എന്നതിനാൽ ഒരേ സമയം ഇവയെല്ലാംകൂടി ഒന്നിച്ചറിയാനാവുന്നില്ല. ഇന്ദ്രിയലോകത്തിന്റെ പരിമിതിയാണത്. രേഖീയതയിൽ നിന്ന് സമാന്തരങ്ങളിലേക്ക് ആരെങ്കിലും സഞ്ചരിച്ചാൽ അവിടെയുള്ളത് അയാൾക്ക് സത്യമായി അനുഭവപ്പെടും. ഒരുപക്ഷേ, അതാവാം മേഘയെ കണ്ടുമുട്ടുന്നിടത്ത് സംഭവിക്കുന്നതും വല്യമ്മച്ചി എന്നെ കാണുന്നിടത്ത് സംഭവിക്കുന്നതുമൊക്കെ. ബോധം രേഖീയതയെ വെടിഞ്ഞ് സഞ്ചരിക്കുന്ന അപൂർവാവസ്ഥ. എനിക്കറിയില്ല ലോകത്ത് മറ്റെവിടേങ്കിലും ഇങ്ങ്‌നൊന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോന്ന്.'
'എന്നുവച്ചാ ഞാനിപ്പോ വെറുമൊരു പരീക്ഷണവസ്തു.'
'എന്നല്ല. ലോകത്തിന്റെ പതിവുപരീക്ഷണശാലേൽ തെളിയിച്ചു കാട്ടാവുന്ന ഒന്നല്ലയിത്. നമുക്കിവിടെ ഈ ലോകത്ത് ചില ഭൗതീകനിയമങ്ങൾക്ക് വഴങ്ങപ്പെടേണ്ടി വരുന്നു. മാറ്ററുമായി ബന്ധപ്പെട്ട നിയമമല്ല പക്ഷേ സൂക്ഷ്മതയുടേത്. നൂട്രിനോ ഉൾപ്പെടേള്ള കണങ്ങളെക്കുറിച്ച് നമ്മുടെ ശാസ്ത്രത്തിന് ഇപ്പോഴും ഒരു ചുക്കുമറീല്ല. പ്രകാശത്തേക്കാൾ വേഗമുള്ള സൂക്ഷ്മകണങ്ങളാണവ. അത്രവേഗമുള്ള കിരണങ്ങളെപ്പോലും പിടിച്ചുവലിച്ച് വിഴുങ്ങികളയുന്ന ബ്ലാക്ക്‌ഹോളുകളെക്കുറിച്ചും ശാസ്ത്രം വിഭാവനം ചെയ്യുന്നു. മനസ്സിന്റെ നില അതിലും സൂക്ഷ്മമായതാകയാൽ അത് നൂട്രിനോയ്ക്കും ബ്ലാക്ക്‌ഹോളിനും അപ്പുറത്താണെന്നുതന്നെ എനിക്ക് തോന്നുന്നു. പ്രവചനാതീതം. എന്നാൽ അനിഭവിക്കാനാവുന്നതും എനിക്കിപ്പോഴും അവിടുത്തെ നിയമങ്ങളറിയില്ല. ആലങ്കാരികമായി പറഞ്ഞാൽ ശങ്കരന്റെ ഏകദർശനമാണ് ശാസ്ത്രാന്വേഷണത്തിന്റെ വഴിയിൽ എന്നെയിപ്പോൾ ഏറെ ആകർഷിക്കുന്നത്. ബ്രഹ്മസത്യം ജഗത്മിഥ്യയെന്ന ദർശനം. അതിനെ ചിലർ തെറ്റിദ്ധരിച്ച് മിഥ്യാവാദമെന്ന് പേരിട്ടുവിളിച്ചെങ്കിലും അതിലൊരു പരമമായ സത്യം അടങ്ങിയിട്ടുണ്ടെന്ന് ശാസ്ത്രത്തെ സൂക്ഷ്മമായി പഠിക്കുന്നയാൾക്ക് മനസ്സിലാവാതെ വയ്യ. ലളിതമായൊരു ഉദാഹരണം പറഞ്ഞാൽ, നമ്മുടെ പ്രശസ്തരായ നായകനും നായികയും ചേർന്നഭിനയിച്ച നൂറു സിനിമകൾ ഒരേ സമയം പല തീയേറ്ററുകളായി ഓടുന്നുവെന്ന് ചിന്തിക്കുക. അഭിനയിച്ചത് ഒരേ വ്യക്തികളാണെങ്കിലും അവർ പല പ്രായത്തിൽ പല ആൾക്കാരായ് ഒരേ സമയം നിലനിൽക്കുന്നു. ഒന്നിൽ ഇരുപത്തഞ്ചുകാരൻ, ഒന്നിൽ എഴുപത്തഞ്ചുകാരൻ, ഒന്നിൽ പട്ടാളക്കാരൻ, ഒന്നിൽ സന്ന്യാസി, ഇനിയൊന്നിൽ കൊലപാതകി. എല്ലാം ഒരാൾതന്നെ ഒരേ സമയം. എന്നാലോ ഇന്ദ്രിയലോകത്തിരുന്ന് ഏതേലും തിയേറ്ററിൽ ആ പടം കാണുന്ന ആൾ മറ്റൊന്നും ആലോചിക്കാതെ ആ സിനിമേലെ കഥാപാത്രോമായി താദാത്മ്യപ്പെട്ട് ചിരിക്കുന്നു കരയുന്നു വെറുക്കുന്നു അങ്ങനെ എല്ലാ വികാരങ്ങളും അനുഭവിക്കുന്നു. അത് വെറും സിനിമയാണെന്ന ഓർമ്മപോലുമില്ലാതെ പ്രജ്ഞ അതുമായി ഇഴുകിനിൽക്കുകയാണപ്പോൾ. ജീവിതോം ഇതുപോലെ തന്നെ. ഇന്ദ്രിയലോകം യാഥാർത്ഥ്യമാണെന്ന് ധരിച്ചുവശായി കരയലും വെട്ടിപ്പിടുത്തോം കൊലപാതകോം ഒക്കെത്തന്നെ. ഇത് വെറും അഭിനയമാണെന്നും യഥാർത്ഥസത്ത വേറേതോ ആണെന്നും മറന്ന് മായാഭ്രമത്തിൽപെടുന്ന അവസ്ഥ. ജീവിതവും ഒരേയൊരു ചിത്രത്തിന്റെ രേഖീയമായ തുടർച്ച മാത്രമായേ അനുഭവപ്പെടൂ. അതിൽ ലയിച്ച് ചിരിച്ചും കരഞ്ഞും പേടിച്ചും നമ്മൾ കഴിഞ്ഞുകൂടുന്നു. സമാന്തരജീവിതക്കാഴ്ചകൾ സാദ്ധ്യമല്ലാത്തതിനാൽ നമ്മൾ തന്നെ അഭിനയിച്ച മറ്റു തിയറ്ററുകളിൽ ഓടുന്ന മറ്റു സിനിമകൾപോലും കാണാനാവുന്നില്ല. അരുണിന്റച്ഛൻ പക്ഷേ, സമാന്തരങ്ങളിലേക്കാണിപ്പോൾ സഞ്ചരിക്കുന്നത്.എന്നാൽ ആ സമാന്തരങ്ങളും സത്യമായികൊള്ളണമെന്നില്ല. യഥാർത്ഥ അഭിനേതാവ് ഈ സിനിമകളിലെ ഒന്നിലെയും കഥാപാത്രമല്ല. കഥാപാത്രങ്ങളുടെ അവസ്ഥകൾ അയാളുടെ യഥാർത്ഥനിലയെ ഒരു തരത്തിലും സ്വാധീനിക്കുന്നുമില്ല. ബ്രഹ്മസത്യം ജഗത്മിഥ്യ എന്ന ശങ്കരന്റെ മായാവാദം ഇവിടെയാണു പരിശോധിക്കപ്പെടേണ്ടത്.'
'അതേ. ശങ്കരൻ പറയുന്നതുപോലെ സത്യം വേറേയെന്തോ ആണ് എനിക്കും. ഇക്കാണുന്ന ലോകമല്ല എന്റെ സത്യലോകം. ഈ അദ്വൈതമൊക്കെ വാദത്തിനു കൊള്ളാമെന്നല്ലാതെ പച്ചയായജീവിതത്തിൽ ഉപകരിക്കില്ല.'
'റിലേറ്റിവിറ്റി തിയറി ഉൾപ്പെടെ എല്ലാം ആദ്യമൊരു വാദമായിട്ടാ പുറത്തുവന്നിട്ടുള്ളത്. സ്ഥിരീകരണം പിന്നാലെ. എല്ലാം ഒരേയൊരു ഉൺമേടെ പ്രത്യക്ഷീകരണമാണെന്ന ശാങ്കരവാദത്തിന് ശാസ്ത്രീയമായ ഒരു പിന്തുണയുണ്ടെന്ന് എനിക്കു തോന്നീട്ടുണ്ട്. അതായത് പ്രപഞ്ചത്തിൽ വ്യത്യസ്തമായി കാണപ്പെടുന്ന ഈ വസ്തുക്കളെല്ലാം ഒരേ അടിസ്ഥാന കണങ്ങൾ കൊണ്ട് നിർമ്മിതമാണ്. മലയും മനുഷ്യനും തേനും വിഷവുമെല്ലാം നിർമ്മിച്ചിരിക്കുന്നത് ഇലക്‌ട്രോണും പ്രോട്ടോണുമടങ്ങുന്ന പ്രാഥമിക കണങ്ങൾകൊണ്ടാണെന്ന് ആർക്കറിഞ്ഞുകൂടാത്തത്. അങ്ങനെ ഒരേവസ്തുക്കൾകൊണ്ട് നിർമ്മിതമായിട്ടുപോലും തേൻ ജീവദായകമാവുമ്പോൾ വിഷം മരണ ത്തിനു കാരണമാവുന്നു. പക്ഷേ, രണ്ടിലും അടങ്ങിയത് വ്യത്യസ്താനുപാതത്തിലുള്ള ഒരേ പ്രാഥമിക കണങ്ങൾതന്നെയല്ലേ. അതിനേക്കാൾ സൂക്ഷ്മമായ ദൈവകണങ്ങളെത്തേടിയാണിപ്പോൾ ശാസ്ത്രത്തിന്റെ അന്വേഷണം. എനർജിയിൽ നിന്ന് മാറ്ററിലേക്കുള്ള പരിണാമം സംഭവിക്കുന്നത് എവിടെയെന്നു തിരിച്ചറിയാൻ. ഹിഗ്‌സ്‌ബോസോൺ എന്നെയും ഏതൊരു ശാസ്ത്രജ്ഞനേയും എന്നപോലെ പ്രചോദിപ്പിക്കുന്നു. എന്നാൽ ഏറ്റവും വലിയ പരീക്ഷണശാല മനുഷ്യന്റെ ഉൾപ്രഞ്ചമാണെന്ന് എനിക്കിപ്പോൾ ശക്തമായി തോന്നിത്തുടങ്ങീട്ടുണ്ട്. അവിടെ തിരഞ്ഞാലേ ദൈവകണത്തെ കണ്ടെത്താനാവൂ എന്നും. ശതകോടി സൂര്യപ്രകാശം എന്ന പ്രയോഗം എന്നെ ഭ്രമിപ്പിക്കുന്നത് കുറച്ചൊന്നുമല്ല. വെറുതെ ഒരാൾക്കും ഒരു ഭ്രാന്തൻ ഭാവനയായി കുറിച്ചിടാനാവില്ല സൂക്ഷ്മകണങ്ങളെ വിഘടിപ്പിക്കുമ്പോൾ കിട്ടുന്ന കോടി സൂര്യപ്രകാശത്തെക്കുറിച്ച്. ചുരുക്കത്തിൽ ഒരേയൊരുൺമയുടെ പകർന്നാട്ടമാണ് വ്യത്യസ്തമായി തോന്നപ്പെടുന്ന എല്ലാ വസ്തുക്കളുമെന്ന് സൂക്ഷ്മമായി ചിന്തിച്ചാൽ മതിലാവും ചിലരതിനെ സാക്ഷാത്കരിക്കുന്നു. അതോടെ എല്ലാം ഒരേയൊരുൺമയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. ബ്രഹ്മസത്യം ജഗത്മിഥ്യയെന്ന വാക്യത്തെ ഊർജ്ജസത്യം വസ്തുമിഥ്യ എന്ന ശാസ്ത്രവാക്യമാക്കിയാൽ രണ്ടും ഒന്നാകാതെ വയ്യ. ഊർജ്ജനിലയിൽ നിന്നു നോക്കിയാൽ വസ്തുവില്ല. ഊർജ്ജം മാത്രം. വസ്തുനിലയിൽ നിന്നുകൊണ്ട് ഇന്ദ്രിയങ്ങളിലൂടെ ഗ്രഹിക്കുമ്പോൾ ഊർജ്ജത്തെ അറിയാനുമാവില്ല. ഗോതമ്പുപൊടികൊണ്ട് മനുഷ്യന്റെയും മൃഗത്തിന്റെയും മരത്തിന്റെയുമൊക്കെ രൂപങ്ങളുണ്ടാക്കി ഗോതമ്പുപൊടിയിൽതന്നെ ഇട്ടതുപോലെയാണീ ലോകം. പൊടി സത്യം. രൂപങ്ങൾ മിഥ്യ. അതറിയാനാവാത്തവർ മിഥ്യാനുഭവത്തിൽ നിന്ന് മിഥ്യാനുഭവത്തിലേക്കുള്ള ചാഞ്ചാട്ടം അനുഭവിച്ചുകൊണ്ടിരിക്കുന്നു.'
റോബോർട്ടോ അതു പറഞ്ഞു തീർന്നതും ആലിന്റെയും മാവിന്റെയും ഓരോഇലകൾ കാറ്റിൽ പറന്ന് പാറപ്പുറത്ത് അവർക്കു സമീപത്തായി വന്നു വീണു. അയാളവ രണ്ടും കൈയിലെടുത്ത് സൂക്ഷിച്ചുനോക്കി.
'ദാ പൊരുളുണർത്താൻ പ്രകൃതി പറഞ്ഞയച്ചതാണിവയെ.'
'എന്തു പൊരുൾ.' ഇന്ദ്രജിത്ത് ചോദിച്ചു.
'നേരിൽ കാണുമ്പോൾ ഇലകളായി കാണപ്പെടുന്ന ഇവയെ മൈക്രോസ്‌കോപ്പിലൂടെ നോക്കിയാൽ ഇവ ഇലകളല്ല. വെറും ആറ്റങ്ങൾമാത്രം. ഇനിയും മാഗ്നിഫൈ ചെയ്താൽ ഇലക്‌ട്രോണും പ്രോട്ടോണുമടങ്ങുന്ന കണങ്ങളെമാത്രമേ കാണൂ. അതിനുമപ്പുറത്തേക്ക് പോയാൽ ക്വാർക്കുകളുടെ ലോകത്തേക്കും പിന്നീട് കേവലമായ ഊർജ്ജനിലയിലേക്കുമെത്തും. ഈ പറഞ്ഞതെല്ലാം നമ്മളിരിക്കുന്ന പാറയ്ക്കും അന്തരീക്ഷവായുവിനുമൊക്കെ ഇതേപോലെ ബാധകമാണ്. ഇലയെ എന്തുകൊണ്ട് നിർമ്മിച്ചിരിക്കുന്നുവോ അതുകൊണ്ടുതന്നെ പാറയേയും വായുവിനേയും നമ്മളേയുമൊക്കെ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ വസ്തുക്കളും ജീവജാലങ്ങളും അവയ്ക്കിടയിലെ അന്തരീക്ഷവും ഒക്കെക്കലർന്ന് ഊർജ്ജനിലയുടെ ഒരൊറ്റ തുടർച്ച മാത്രം. ശരിയല്ലേ. ഇന്ദ്രിയ ലോകത്ത് വ്യത്യസ്ത വസ്തുക്കളായി തോന്നിയതെല്ലാം അടിസ്ഥാനനിലയിൽ ഒരേയൊരു ഊർജ്ജം. അതുതന്നെയാണ് ശങ്കരന്റെ ബ്രഹ്മം. വസ്തു ഒരേസമയം ഊർജ്ജവും ഊർജ്ജം ഒരേസമയം വസ്തുവുമായി നിലനിൽക്കുന്നു. ഇന്ദ്രിയങ്ങളിലൂടെ നോക്കിയാൽ വസ്തുവായും സൂക്ഷ്മദർശിനിയിലൂടെ നോക്കിയാൽ ഊർജ്ജമായും കാണുന്നുവെന്ന് മാത്രം. ഏതവസ്ഥയിൽ നിന്നുകൊണ്ട് അറിയുന്നുവോ അതിനനുസരിച്ച് വ്യത്യസ്തമായി അനുഭവപ്പെടുകയാണ്.'
'എങ്ങനെ, എങ്ങനെയാണത് സത്യമാവുക. ഈ പ്രപഞ്ചം, ഈ വസ്തുക്കളൊക്കെ മിഥ്യയാവുന്നതെങ്ങനെ. ഈ കാഴ്ച, ഈ ശബ്ദങ്ങൾ ഒക്കെ ഇല്ലാതാവുന്നതെങ്ങനെ?'
'മനുഷ്യന്റെ കാഴ്ച ഇലക്‌ട്രോമാഗ്നറ്റിക്ക് സ്‌പെക്ട്രത്തിലെ ഒരു ചെറിയ ബാൻഡ്മാത്രമായ ദൃശ്യപ്രകാശോമായി കണ്ണുകൾ പ്രതികരിക്കുന്നതുകൊണ്ടുണ്ടാവുന്നതാണ്. ഇലക്‌ട്രോമാഗ്നറ്റിക്ക് സ്‌പെക്ട്രത്തിൽ ഗാമാ റേയ്‌സ്, ഇൻഫ്രാറെഡ് റേയ്‌സ്, റേഡിയോ വേവ്‌സ് തുടങ്ങി മറ്റെന്തെല്ലാം വികിരണങ്ങളുണ്ട്. അവയോട് പ്രതികരിക്കുന്ന കണ്ണുള്ളൊരു ജീവിയോ ക്യാമറയോ വസ്തുക്കളെ കാണുന്നത് വേറൊരു നിലയ്ക്കായിരിക്കും. കേൾവിയും അതുപോലെ തന്നെ. ഇരുപതു മുതൽ ഇരുപതിനായിരം ഹെർട്ട്‌സുവരെയുള്ള ഫ്രീക്വൻസി ബാൻഡിലെ ശബ്ദങ്ങൾ മാത്രമേ മനുഷ്യനു കേൾക്കാനാവൂ. ഇതിനപ്പുറമുള്ള ഫ്രീക്വൻസികളെ നായ തുടങ്ങിയ ജീവികൾക്ക് കേൾക്കാനാവും എന്നതിനാൽ അവരുടെ ശബ്ദപ്രപഞ്ചം നമ്മുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കും. ആർക്കറിയാം ഇതുപോലെ നമ്മുടെ കണ്ണിനു കാണാനാവാത്ത കാഴ്ചകൾ അവ കാണുന്നില്ലെന്ന്. ചില ജീവികൾക്ക് നിറങ്ങൾ കാണാനാവില്ല. അവരുടേത് ബ്ലാക്ക് ആൻഡ് വൈറ്റ് പ്രപഞ്ചമായിരിക്കും. ഇനി ചില ജീവികൾക്ക് നമ്മൾ കാണുന്ന ത്രിമാന ലോകത്തെ ദ്വിമാനമായിട്ടേ കാണാനാവൂ. ചുരുക്കിപ്പറഞ്ഞാൽ സത്യമെന്ന് നമ്മൾ ധരിക്കുന്ന ഈ ലോകം ചുരുങ്ങിയ ബാൻഡിൽമാത്രം പ്രവർത്തിക്കുന്ന നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതികൊണ്ടുണ്ടാവുന്ന തോന്നൽ മാത്രമാണ്. ഇതേ ലോകത്തെ മറ്റൊരു രൂപത്തിലും ഭാവത്തിലും കാണുന്ന ഇതരജീവികൾക്ക് അതായിരിക്കും സത്യം. ദൃശ്യപ്രകാശത്തിനു പകരം മറ്റേതെങ്കിലും റേഡിയേഷനിലൂടെ കാണുന്നവയ്ക്ക് മറ്റൊരു കാഴ്ച. ഇതിൽ ഏതാണു സത്യം ഏതാണു മിഥ്യയെന്ന് ആർക്ക് ശഠിക്കാനാവും. ഞാൻ കണ്ടതുമാത്രം സത്യം എന്ന ശാഠ്യം എന്റെ ഇന്ദ്രിയപരിമിതി മാത്രമല്ലേ. ഇതേ ഇന്ദ്രിയങ്ങളിലൂടെ കാര്യകാരണങ്ങൾ വിവേചിക്കുന്ന ബുദ്ധിക്കുമുണ്ട് പരിമിതി. എല്ലാ ആപേക്ഷികതേം ഒഴിയുന്നതിനെമാത്രമേ സത്യമെന്ന് പറയാനാവൂ. അത് ഊർജ്ജനില മാത്രമാണ്. അതുകൊണ്ട് കാഴ്ചയുടെ വ്യത്യസ്തതകൊണ്ട് വ്യത്യസ്തലോകങ്ങളെ അനുഭവിക്കുന്ന യുക്തിയെ തള്ളിപ്പറയാൻ എനിക്ക് ധൈര്യം പോര. നിഷേധിക്കലല്ല, അറിയില്ല എന്ന് വിനയം കാട്ടുന്നതാണിവിടെ ഉചിതമെന്നു തോന്നുന്നു.'
'പക്ഷേ, ഒന്നുണ്ടല്ലോ. ബോധം. അത് ഇതിനിടേൽ എവിടെയാണു നിലനിൽക്കുന്നത്.'
'ഗോതമ്പുപൊടികൊണ്ട് നിർമ്മിച്ച രൂപങ്ങളെല്ലാം ഗോതമ്പുപൊടിതന്നെയാണെന്നതുപോലെ ബോധമാണെല്ലാം തന്നെ. അഥവാ ഊർജ്ജം തന്നെയാണ് ബോധവും. ഊർജ്ജംവിട്ട് ഒന്നുമീ പ്രപഞ്ചത്തിലില്ല. ഈ പ്രപഞ്ചത്തെ ഒരു മഹാസമുദ്രമായി സങ്കൽപ്പിച്ചാൽ ഉറഞ്ഞുകിടക്കുന്ന മഞ്ഞുകട്ടകൾപോലെയാണ് ദൃശ്യവസ്തുക്കളെന്ന് പറയാം. മഞ്ഞുകട്ട നിയതമായ രൂപം പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും അതും ജലമല്ലാതെ മറ്റൊന്നുമല്ല. തൊട്ടുമീതെയുള്ള ഘനസാന്ദ്രമായ അന്തരീക്ഷം പേറുന്നതും ജലതന്മാത്രകളെത്തന്നെ. ബോധം ജാഗ്രദവസ്ഥയിൽ സ്ഥൂലത്തെ സ്പർശിക്കുമ്പോൾ അത് മഞ്ഞുകട്ടയായി അറിയുന്നു. സ്വപ്നത്തിൽ സൂക്ഷമത്തെ സ്പർശിക്കുമ്പോൾ അത് നിയതരൂപമില്ലാത്ത ജലം പോലെ ഒഴുകിപ്പരക്കുന്നു. അതിസൂക്ഷ്മത്തിൽ നീരാവിപോലെ എങ്ങും പരക്കുന്നു. ഈ മൂന്നവസ്ഥകളുടേയും ഉള്ളടക്കം സൂക്ഷ്മനിലയിൽ ഒന്നുതന്നെ. മഞ്ഞുകട്ടതന്നെ സ്വയം ജലവും നീരാവിയുമാണ് എന്ന പോലെ ഓരോ ശരീരവും തത്തുല്യ അളവ് ഊർജ്ജം മാത്രമാണ്. നമുക്കിടയിലെ വായുവും ഈ പാറയും നിരീശ്വരനൊക്കെ... സൃഷ്ടിക്കാനോ നശിപ്പിക്കാനോ ആവാത്ത ഊർജ്ജത്തിന്റെ മുറിയലില്ലാത്ത അനന്തത.'