ഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ചില പാശ്ചാത്യ സർവകലാശാലകളിലെ ഒരു വിഭാഗം അക്കാദമിക പണ്ഡിതർക്കിടയിൽ പ്രചാരം നേടിയ പുതിയ ഒരു വിഭാഗം വിമർശനപദ്ധതികളെ പൊതുവിൽ സാംസ്‌കാരികപഠനങ്ങൾ (Cultural Studies)- എന്നാണ് വിളിച്ചുവരുന്നത്. രണ്ടു പുതുമകളാണ് ഈ പഠനങ്ങൾ പ്രകടിപ്പിച്ചത്. ഒന്ന്, കലയും സാഹിത്യവും മറ്റും പോലെ കാലങ്ങളായി സിദ്ധാന്തവൽക്കരിക്കപ്പെട്ട സവിശേഷഗണങ്ങൾ മാത്രമല്ല, ജീവിതത്തെ സംബന്ധിക്കുന്ന ഏതവസ്ഥയും ആവിഷ്‌ക്കാരവും 'സംസ്‌കാര'മാണ് എന്ന നിലപാട് ഇവർ സ്വീകരിച്ചു. അങ്ങനെ ഭക്ഷണവും വസ്ത്രവും ടൂറിസവും മാദ്ധ്യമങ്ങളും തെറിയും പ്രണയവും സ്‌പോർട്‌സും അധോലോകവും കാറും സൂപ്പർമാർക്കറ്റുമൊക്കെ സർവകലാശാലകളിൽ സംസ്‌കാരമായി പരിഗണിക്കപ്പെട്ടും പഠിക്കപ്പെട്ടും തുടങ്ങി. രണ്ട്, അക്കാദമിക വിമർശനം ഏറ്റെടുത്തിരുന്ന വരേണ്യ സംസ്‌കാരരൂപങ്ങളെയും പാഠങ്ങളെയും മാത്രമല്ല, അവ പുറത്തുനിർത്തിയിരുന്ന ജനപ്രിയ സംസ്‌കാരരൂപങ്ങളെയും പാഠങ്ങളെയും ഗൗരവതരമായ പഠനത്തിനു വിധേയമാക്കാം എന്ന സമീപനം രൂപപ്പെട്ടു. അതോടെ ശാസ്ത്രീയസംഗീതംപോലെ ചലച്ചിത്രസംഗീതവും കലാസിനിമപോലെ കച്ചവടസിനിമയും ഉദാത്തസാഹിത്യംപോലെ ജനപ്രിയസാഹിത്യവും കാർട്ടൂണുകളും ടെലിവിഷൻ പരമ്പരകളുമൊക്കെ അക്കാദമിക പഠനങ്ങൾക്കും വിമർശനങ്ങൾക്കും വിധേയമായിത്തുടങ്ങി.

ഒരേസമയംതന്നെ മാർക്‌സിസ്റ്റുകളുടെ രാഷ്ട്രീയസമീപനങ്ങളിലും മാർക്‌സിസ്റ്റ് ഇതരരുടെ ലിബറൽ സമീപനങ്ങളിലും സാംസ്‌കാരിക പഠനങ്ങൾ രൂപംകൊണ്ടു. ഉദാഹരണത്തിന്, ജനപ്രിയമാകട്ടെ, ഉദാത്തമാകട്ടെ, ഒരു സംസ്‌കാരപാഠത്തെ നിങ്ങൾക്ക് അതിന്റെ അധികാരരാഷ്ട്രീയം മുൻനിർത്തി പഠിക്കാൻ കഴിയുന്നതുപോലെ അതിന്റെ ആത്മനിഷ്ഠമായ ആസ്വാദന/സൗന്ദര്യാത്മക മാനദണ്ഡങ്ങളിലും പഠിക്കാൻ കഴിയും. സംസ്‌കാരരൂപങ്ങളുടെ ഉല്പാദനത്തെയെന്നപോലെ ഉപഭോഗത്തെയും പഠിക്കാതെ അവയുടെ സാമൂഹികപ്രസക്തി തിരിച്ചറിയാനാവില്ല എന്ന നിലവന്നു. എന്തായാലും ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾ സാംസ്‌കാരികപഠനങ്ങളെത്തന്നെ വലിയൊരു സംഘർഷമേഖലയാക്കുകയും പല അക്കാദമിക സ്ഥാപനങ്ങളിലും ഈ പഠനപദ്ധതി ഇല്ലാതാകുകയും ചെയ്തു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ ചില അക്കാദമിക കേന്ദ്രങ്ങളിൽ സജീവമായ സാംസ്‌കാരിക പഠനമേഖലയിലും മാർക്‌സിസ്റ്റ് - ലിബറൽ സമീപനങ്ങളുടെ വൈവിധ്യം വൈരുധ്യാത്മകമായിത്തന്നെ നിലനിൽക്കുന്നുണ്ട്. [BLURB#2-VL]  'പലവക' എന്ന ഈ പുസ്തകം ഈ വൈവിധ്യത്തിന്റെ സാധ്യതകളെ ചെറിയ രീതിയിലെങ്കിലും അഭിസംബോധന ചെയ്തുകൊണ്ട് സാംസ്‌കാരികപഠനത്തിന്റെ ചില മലയാളമാതൃകകൾ അവതരിപ്പിക്കുന്നു. രണ്ടുപേർ ചേർന്ന് ഒരു പോരുകാളയെ മെരുക്കുന്ന ലാറ്റിനമേരിക്കൻ കളിനീക്കമായ അൽ-അലിമോൺ പോലെയാണ് തങ്ങളുടെ സംയുക്ത എഴുത്തുവിദ്യയെന്ന് ആലുവ യു.സി. കോളേജിലെ അദ്ധ്യാപകരായ അജുനാരായണനും ചെറി ജേക്കബും ആമുഖത്തിൽ പറയുന്നുണ്ട്. എന്തായാലും ഒരു കാളപ്പോരിന്റെ വീറും വാശിയും ഈ പഠനങ്ങളിൽ പ്രകടിപ്പിക്കാൻ ഇവർക്കു കഴിയുന്നതു ചെറിയ കാര്യമല്ല. അത്രമേൽ വൈവിധ്യമുള്ള വിഷയങ്ങളുടെ വിശകലനത്തിനാണ് ഇരുവരും മുതിർന്നിട്ടുള്ളതും. സിനിമ, സംഗീതം, സാഹിത്യം, ചീട്ടുകളി എന്നിങ്ങനെ പ്രത്യക്ഷത്തിൽ പരസ്പരബന്ധം തീരെക്കുറഞ്ഞ നാലു സംസ്‌കാരമണ്ഡലങ്ങളെക്കുറിച്ചുള്ള സൂക്ഷ്മവും അക്കാദമികവുമായ പഠനങ്ങളാണീ പുസ്തകത്തിലുള്ളത്.

അതേസമയം, പരമ്പരാഗതമായ പഠനരീതിശാസ്ത്രങ്ങളോ വിഷയമേഖലകളോ അല്ല ഇവ ഓരോ മണ്ഡലത്തിലും സ്വീകരിക്കുന്നത്. നിറം, ഭക്ഷണം, മദ്യം, മിത്ത് (സിനിമ), വംശീയത, കമ്പോളാധിനിവേശം (സംഗീതം), വിവർത്തനം (സാഹിത്യം), നരവംശശാസ്ത്രം (ചീട്ടുകളി) എന്നിങ്ങനെ, സാങ്കേതികത മുതൽ സാമൂഹ്യാധികാരങ്ങളുടെ പ്രത്യയശാസ്ത്രബന്ധങ്ങളും ജനപ്രിയസംസ്‌കാരവും ചരിത്രപരതയുംവരെ നീണ്ടുനിൽക്കുന്ന വിശകലനപദ്ധതികളാണ് ഇവിടെയുള്ളത്. ഉള്ളടക്കത്തിന്റെയും പഠനപദ്ധതിയുടെയും വൈവിധ്യം മുൻനിർത്തി 'പലവക' എന്ന പുസ്തകപ്പേരിനുള്ള അർഥസാംഗത്യവും കൗതുകകരമാണ്. അത് ഏതർഥത്തിലും 'ഒരുവക' ആകുന്നില്ല.

സിനിമയെ കേന്ദ്രീകരിക്കുന്ന നാലു പഠനങ്ങളുണ്ട് ഇതിൽ. 'സെപിയ' എന്ന നിറത്തിന്റെ സൗന്ദര്യരാഷ്ട്രീയം ചർച്ചചെയ്യുന്ന ആദ്യലേഖനവും അടുക്കളയും തീന്മേശയും മുൻനിർത്തി സിനിമയിലെ ഭക്ഷണത്തിന്റെ രാഷ്ട്രീയവും മദ്യപാനരംഗങ്ങൾ മുൻനിർത്തി സിനിമയിലെ മൂല്യസംഘർഷങ്ങളുടെ രാഷ്ട്രീയവും അപഗ്രഥിക്കുന്ന ഓരോ ലേഖനവും കണ്ണകി മിത്തിന്റെ പുനരാഖ്യാനമെന്ന നിലയിൽ ജയരാജിന്റെ സിനിമയെക്കുറിച്ചുള്ള ഒരപഗ്രഥനവുമാണ് ഇവ.

മലയാളത്തിൽ ആദ്യമായാണ് സിനിമയുടെ നിറം സൃഷ്ടിക്കുന്ന ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ അർഥവിതാനങ്ങളെക്കുറിച്ച് ഒരു പഠനം നടത്തപ്പെടുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ്, കളർ എന്നിവയിൽനിന്ന് 'സെപിയ' എന്ന പുതിയൊരു കളർടോണിലേക്കുള്ള മാറ്റം സിനിമകളിൽ നിർമ്മിച്ചെടുക്കുന്ന രാഷ്ട്രീയാർഥങ്ങൾ അഗ്നിസാക്ഷി, സാഗർ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളെ മുൻനിർത്തി പഠിക്കുന്നു, ഗ്രന്ഥകർത്താക്കൾ. അഗ്നിസാക്ഷിയിൽ സാംസ്‌കാരിക ദേശീയതയുടെ വർണസൂചകമായി മാറുന്ന സെപിയ, ആ സിനിമയുടെ ബഹുസ്വരവായനകൾ അടച്ചുകളയുന്നുവെന്നും സാഗർ ഏലിയാസ് ജാക്കിയിൽ അത് കോർപ്പറേറ്റ് ഗുണ്ടായിസത്തിന്റെ മിത്തീകരണത്തിനുള്ള രാഷ്ട്രീയരൂപകമായി മാറുന്നുവെന്നും പഠനം കണ്ടെത്തുന്നു.

സിനിമയിലെ തീന്മേശയെക്കുറിച്ച് മലയാളത്തിൽ മുൻപും പഠനങ്ങളുണ്ടായിട്ടുണ്ട്. എം.ജി. രാധാകൃഷ്ണന്റെ 'ഇഡ്ഡലിയുടെ രാഷ്ട്രീയം' ഉദാഹരണമാണ്. മലയാളസിനിമയുടെ സവർണ ഹൈന്ദവസ്വത്വങ്ങളിലൊന്നായി രാധാകൃഷ്ണൻ ഇഡ്ഡലിയുടെ തുടർസാന്നിധ്യത്തെ വായിച്ചുവെങ്കിൽ ഇവിടെ അജുവും ചെറിയും ഇന്ത്യൻ സിനിമയിൽ പഥേർപാഞ്ചാലിയും സാൾട്ട് ആൻഡ് പെപ്പറും രണ്ടു കാലങ്ങളിൽ, രണ്ടു ലോകബോധങ്ങളിൽ നിന്നു സൃഷ്ടിച്ച ഭക്ഷണത്തിന്റെ രാഷ്ട്രീയം വായിച്ചെടുക്കുന്നു. ക്ഷാമങ്ങളുടെ തുടർഭൂമിയായ ബംഗാൾഗ്രാമങ്ങളിൽ നിന്ന് റായി കണ്ടെടുക്കുന്ന ഭക്ഷണത്തിന്റെ സാമൂഹികതയും മാനവികതയും ആ സിനിമയുടെ രാഷ്ട്രീയത്തെ പൂരിപ്പിക്കുന്നുവെന്നും സാൾട്ട് ആൻഡ് പെപ്പറിൽ അത് ആഗോളവൽകൃതകാലത്തെ നഗരമധ്യവർഗത്തിന്റെ രുചിരതിയുടെ ഭിന്നമാനങ്ങൾ പൂരിപ്പിക്കുന്നുവെന്നും ലേഖകർ നിരീക്ഷിക്കുന്നു. ദൃശ്യ മാദ്ധ്യമങ്ങൾ മുതൽ പാചകസാഹിത്യവും ഫുഡ്‌കോർട്ടുകളും വരെയുള്ള സാംസ്‌കാരിക ഇടങ്ങൾ രൂപപ്പെടുത്തുന്ന മലയാളിയുടെ തീറ്റക്കാഴ്ചകളോടും ഭക്ഷണാസക്തികളോടും ചേർത്ത് ഈ സിനിമയെ വായിച്ചിരുന്നെങ്കിൽ ഈ വിശകലനം കുറെക്കൂടി ഭദ്രമാകുമായിരുന്നു.

സിനിമയിലെ മദ്യത്തെക്കുറിച്ചുള്ള പഠനവും താരതമ്യേന ഹ്രസ്വമാണ്. ദേവദാസ് ഉൾപ്പെടെയുള്ള ബോളിവുഡ് സിനിമയിലെ ഗാനബിംബങ്ങളിൽ തുടങ്ങി നാടൻ ഷാപ്പിലും നഗരബാറിലും നിന്ന് വീട്ടകങ്ങളിലേക്കു ചേക്കേറുന്ന മലയാളസിനിമയിലെ മദ്യപാനരംഗങ്ങളിൽ വരെ ചെന്നെത്തുന്നു, ഈ അന്വേഷണം. ന്യൂജനറേഷൻ സിനിമകളിലെ 'മദ്യപിക്കുന്ന സ്ത്രീ'യുടെ ചിഹ്നമൂല്യം ആഗോളവൽകൃത മെട്രൊ യുവത്വത്തിന്റെ പടിഞ്ഞാറൻ മുഖമുദ്രകളിലൊന്നായി കണ്ടെത്തുന്നു, ലേഖകർ.

കണ്ണകി പുരാവൃത്തത്തിന്റെ ഭിന്നപാഠങ്ങളെ ഫോക്‌ലോർ മുതൽ സിനിമവരെയുള്ള മാദ്ധ്യമങ്ങളിൽ അന്വേഷിക്കുന്ന രചന, പാതിവ്രത്യത്തിന്റെ ധാർമ്മികശക്തിയെക്കുറിച്ചുള്ള ഈ ദ്രാവിഡമിത്തിന്റെയും ഷേക്‌സ്പിരിയൻ ക്ലിയോപാട്രയുടെയും വികലീകരിക്കപ്പെട്ട പുനരാഖ്യാനമായി ജയരാജിന്റെ കണ്ണകി എന്ന സിനിമയെ വിലയിരുത്തുന്നു.

സംഗീതത്തിന്റെ രാഷ്ട്രീയം മുൻനിർത്തുന്നവയാണ് ഇനിയുള്ള രണ്ടു രചനകൾ. വംശീയസംഗീതമെന്ന സങ്കല്പനത്തോടു ചേർത്തുനിർത്തി ഏഷ്യൻ പെയ്ൻസിന്റെ പരസ്യഗാനം വിശകലനം ചെയ്യുന്നു, ഒന്ന്. വഞ്ചിപ്പാട്ടും തുള്ളലും പുള്ളുവൻപാട്ടും പോലുള്ള സാംസ്‌കാരികചിഹ്നങ്ങളെ വിപണിവൽക്കരിക്കുന്ന കോർപ്പറേറ്റ് സമീപനത്തിന്റെ സാമ്പത്തിക മനഃശാസ്ത്രവും സാമൂഹിക മനഃശാസ്ത്രവും ഈ ലേഖനം മറനീക്കുന്നു. മൊബൈൽറിങ് ടോൺ എന്ന പുതിയ നൂറ്റാണ്ടിലെ സംഗീതരൂപാന്തരത്തിന്റെ സാമൂഹികമാനങ്ങളെക്കുറിച്ചാണ് മറ്റൊന്ന്. ശരീരത്തിന്റെ ഒരു ഭാഗം പോലെയാണ് ഇന്നു മിക്കവർക്കും മൊബൈൽഫോൺ. മുൻപൊരിക്കലും ഒരു മാദ്ധ്യമവും ഇങ്ങനെ ഒരാത്മബന്ധം മനുഷ്യർക്കു സൃഷ്ടിച്ചുനൽകിയിട്ടില്ല. അങ്ങേയറ്റം സ്വകാര്യമായ അർഥമൂല്യങ്ങൾ തിങ്ങിനിറഞ്ഞ, ലോകവുമായുള്ള മുഴുവൻ ബന്ധങ്ങളും ഡിജിറ്റൈസ് ചെയ്തു സംഭരിച്ചുവച്ചിട്ടുള്ള ഒന്നാണ് മൊബൈൽഫോൺ. ഈ മാദ്ധ്യമത്തിന്റെ ശബ്ദ, ദൃശ്യ സാന്നിധ്യങ്ങൾ ഉടമയുടെ സ്വത്വവുമായി ഐക്യപ്പെടുത്തുന്നതെങ്ങനെ എന്നാണ് ലേഖകർ ഈ പഠനത്തിൽ അന്വേഷിക്കുന്നത്.

എസ്. ജോസഫിന്റെ 'ഇടം' എന്ന കവിത എം.ജി. സർവകലാശാല ഇംഗ്ലീഷ് ബിരുദവിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിലുൾപ്പെടുത്താൻ തർജമചെയ്തപ്പോൾ സംഭവിച്ച സങ്കല്പനപരവും ഭാഷാപരവുമായ പിഴവുകളും വീഴ്ചകളും ആ കവിതയുടെ രാഷ്ട്രീയാർഥങ്ങളെ അട്ടിമറിച്ചതെങ്ങനെയെന്നു വിശദീകരിക്കുന്നു, മറ്റൊരു ലേഖനം. ദലിത് കവിതയായി ഭാവനചെയ്യപ്പെട്ട ഒന്ന് തർജ്ജമയുടെ ദലിത്‌വിരുദ്ധതകൊണ്ട് മൂല്യപരമായി തകിടം മറിഞ്ഞുപോയി എന്ന് ലേഖകർ ചൂണ്ടിക്കാണിക്കുന്നു. [BLURB#3-VL]  സിനിമ, സംഗീതം, സാഹിത്യം എന്നിവയോടൊന്നും നേരിട്ടു ബന്ധമില്ലാത്ത, എന്നാൽ സാംസ്‌കാരികാനുഭൂതിയുടെ മാർഗങ്ങളിൽ മനുഷ്യജീവിതത്തെ പലനിലകളിൽ അഭിസംബോധന ചെയ്തിട്ടുള്ള 'ചീട്ടുകളി'യുടെ ചരിത്രവും സാമൂഹ്യജീവിതവും വിശദീകരിക്കുന്ന ഒരു രചന ഈ പുസ്തകത്തിലുണ്ട്. നരവംശശാസ്ത്രപഠനങ്ങളിലും സാഹിത്യത്തിലും ചരിത്രപഠനങ്ങളിലും നിന്നുള്ള വസ്തുതകൾ സമാഹരിച്ചും വിവിധങ്ങളായ ചീട്ടുകളികളുടെ സാമൂഹ്യപദവീക്രമങ്ങൾ കണ്ടെത്തിയും ചീട്ടുകളിയിൽ കാലാകാലങ്ങളിലുണ്ടായ പരിഷ്‌ക്കരണങ്ങൾ സൂചിപ്പിച്ചും ഈ പഠനം കൗതുകകരമായ ഒരു സംസ്‌കാരപാഠത്തിന്റെ കഥ പറയുന്നു.

അവസാന രചന ഒരു അഭിമുഖ ലേഖനമാണ്. സാംസ്‌കാരികപഠനത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ടി.എം. യേശുദാസൻ, സ്‌കറിയാ സക്കറിയ, എം വി നാരായണൻ എന്നിവരുടെ നിരീക്ഷണങ്ങൾ ലേഖകർ സമാഹരിക്കുന്നു. സംസ്‌കാരത്തിന്റെ വരേണ്യതാവാദങ്ങളെയും ജനപ്രിയസംസ്‌കാരപഠനത്തിന്റെ അരാഷ്ട്രീയ പ്രവണതകളെയും നിരാകരിക്കുകയാണ് യേശുദാസനും നാരായണനുമെങ്കിൽ ജനപ്രിയസംസ്‌കാരത്തിന്റെ ഉപഭോഗരാഷ്ട്രീയം തിരിച്ചറിയുക പ്രധാനമാണെന്ന നിലപാടാണ് സ്‌കറിയാ സക്കറിയയുടേത്. മലയാളത്തിൽ ഇന്നുനടക്കുന്ന വിരളമെങ്കിലും ശ്രദ്ധേയമായ സാംസ്‌കാരിക പഠനങ്ങളുടെ നിലപാടുകളെ അഭിമുഖലേഖനം വെളിപ്പെടുത്തുന്നു. [BLURB#1-H]  മൂന്നു നിലപാടുകളാണ് ഈ പഠനലേഖനങ്ങളിൽ അജുവും ചെറിയും മുന്നോട്ടുവയ്ക്കുന്നത്. ഒന്ന്, സാംസ്‌കാരികപഠനം സാമൂഹികവും സാംസ്‌കാരികവുമായ നരവംശശാസ്ത്രത്തിന്റെ അടിവേരുകളിൽനിന്നു രൂപപ്പെടുന്നതാണ്. രണ്ട്, ആഗോളവൽകൃതകാലത്തിന്റെ സാമ്പത്തികയുക്തികളെയാണ് സമകാല മലയാളസിനിമയിലും സംഗീതത്തിലും പാരമ്പര്യത്തിലും നിന്ന് വായിച്ചെടുക്കേണ്ടത്. മൂന്ന്, അവയിൽ നിഹിതമായിരിക്കുന്ന രാഷ്ട്രീയബോധത്തിന്റെ കണ്ടെടുക്കലും അപഗ്രഥനവുമാണ് സാംസ്‌കാരികപഠനങ്ങളുടെ ദൗത്യം.

ചിലേടങ്ങളിലെങ്കിലും വിശകലനത്തിന്റെ അപര്യപ്തതയുണ്ടെങ്കിലും, വ്യാഖ്യാനങ്ങൾ കുറെയൊക്കെ യാന്ത്രികമായിപ്പോകുന്നുണ്ടെങ്കിലും ഈ നിലപാടുകളോടു കൂറുപുലർത്തുന്നുവെന്നതാണ് ഈ പുസ്തത്തിന്റെ പ്രസക്തി.

പുസ്തകത്തിൽനിന്ന്:

സാഗർ ഏലിയാസ് ജാക്കി - സെപിയ റീലോഡഡ്

ഇരുപതാം നൂറ്റാണ്ട് (1987) എന്ന മലയാള ജനപ്രിയ സിനിമയുടെ സീക്വൽ സിനിമയാണ് 2009-ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി. ആഖ്യാനസവിശേഷതകൊണ്ടാവണം വ്യത്യസ്തമായ കാഴ്ചയനുഭവമാണ് ഈ സിനിമ പ്രദാനം ചെയ്തത്. സ്ലോമോഷനെ പുതിയ പാറ്റേണിൽ ഉപയോഗിക്കുക, ക്ലോസ് ഇന്റീരിയർ ഷോട്ടുകൾ അധികമായി ആവിഷ്‌ക്കരിക്കുക, ടൈറ്റ് ഫ്രെയിമുകൾ സൃഷ്ടിക്കുക, ഫാസ്റ്റുകട്ടുകൾ എഡിറ്റിംഗിലൂടെ സാദ്ധ്യമാക്കുക, ഫുൾ കളറിനെ ഡിസ്‌കളർ ചെയ്ത് സീനുകൾക്ക് സെപിയയ്ക്കു സമാനമായ കാഴ്ചയനുഭവം നൽകുക തുടങ്ങിയ ആഖ്യാനതന്ത്രങ്ങളാണ് ഈ സിനിമയിൽ പ്രയോഗിച്ചിരിക്കുന്നത്. അതിമാനുഷികനായകനെയും അയാളുടെ ലോകം മുഴുവൻ നീളുന്ന പ്രവർത്തനമണ്ഡലങ്ങളെയും ആവിഷ്‌കരിക്കാനാവണം ഇത്തരം ആഖ്യാനരീതിയെ അവലംബിച്ചത്. ജനപ്രിയസിനിമകളിലെ ഈ ആഖ്യാനരീതിയുടെ രൂപമാതൃകയ്ക്ക് ആഗോള കാഴ്ചസംസ്‌കാരത്തിൽ ഒരു വംശാവലി (geneaology)യുള്ളതായി കാണാം.

വ്യാവസായികമുതലാളിത്തത്തിനു ശേഷം 1990-കളോടെ ഇന്ത്യയിൽ കടന്നുവന്ന ആഗോളീകരണ-ഉദാരവൽക്കരണനയങ്ങളുടെ സാമൂഹ്യസന്ദർഭത്തിൽ ഉരുത്തിരിഞ്ഞുവന്ന ഒരു നവീനകാഴ്ചക്രമമുണ്ട്. ഇതിന്റെ രൂപീകരണം പ്രധാനമായും മൂന്നുതരത്തിലാണ് നടക്കുന്നത്. ഒന്ന്: സ്ഥല-കാല-ചരിത്രബദ്ധമല്ലാത്ത ഇടങ്ങളെ നിർമ്മിക്കുന്നതും വേഗത്തിൽ കടന്നുപോകുന്ന ഇമേജുകളുടെ തള്ളിക്കയറ്റത്തിലൂടെ ട്രാൻസ് മൂഡിലേക്കെത്തിക്കുന്ന അവതരണപദ്ധതി. ഉദാഹരണമായി, എം ടി.വി. സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകൾ, മൈക്കിൾ ജാക്‌സൺ, മഡോണ തുടങ്ങിയവർ പുറത്തിറക്കിയ മ്യൂസിക് വീഡിയോ ആൽബങ്ങൾ തുടങ്ങിയവ. രണ്ട്: മുഖ്യധാരാസമൂഹം ദുരൂഹത ആരോപിച്ച് ഒഴിവാക്കിനിർത്തുന്ന അപര ഇടങ്ങളുടെ (ഹെറ്ററോടോപ്പിക്) അവതരണത്തിലൂടെ സൃഷ്ടിക്കുന്ന കാഴ്ചക്രമം. ഉദാഹരണത്തിന്, ഗ്യാങ്സ്റ്റർ സിനിമകൾ, ഗേ സിനിമകൾ തുടങ്ങിയവ. മൂന്ന്: സാങ്കേതികോത്തര ഭാവികാലസ്ഥലങ്ങളെ അവതരിപ്പിക്കാനായി നിർമ്മിച്ചെടുക്കുന്ന അതിയഥാർത്ഥ (virtual realtiy) കാഴ്ചകൾ. മാട്രിക്‌സ്, മാട്രിക്‌സ് റീലോഡഡ് പോലെയുള്ള സിനിമകൾ ഉദാഹരണം. ഇതിലെ ഒന്നും രണ്ടും വിഭാഗങ്ങളിലെ ദൃശ്യസംസ്‌കാരത്തെ സ്വാംശീകരിക്കുകയാണ് സാഗർ ഏലിയാസ് ജാക്കിയിലൂടെ. സീക്വൽ സിനിമയുടെ രാഷ്ട്രീയം ഇത്തരുണത്തിൽ ചർച്ചചെയ്യാവുന്നതാണ്. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ നായകൻ (പ്രതിനായകൻ?) കേരളത്തിന്റെ സാംസ്‌കാരിക സന്ദർഭങ്ങളിലും ദേശരാഷ്ട്രത്തിന്റെ നിയമാവലികൾക്കുള്ളിലുമാണുള്ളത്. എന്നാൽ ജാക്കി എന്ന കഥാപാത്രം 2009 ആകുമ്പോഴേക്കും ഒരു താരബിംബമായി വളരുന്നു. ഇവിടെ ഇമേജിനാണ് മുൻതൂക്കം. ഈ ബിംബം സാമാന്യയുക്തിയുടെ യാഥാർത്ഥ്യബോധത്തിന് അപ്പുറമാണുള്ളത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഹൈപ്പർ റിയാലിറ്റിയിലാണ് ജാക്കിയുടെ പുതിയ പ്രതിഷ്ഠാപനം.

സാഗർ ഏലിയാസ് ജാക്കി എന്ന സിനിമാശീർഷകത്തിന്റെ ഉപശീർഷകമായ 'റീലോഡഡ്' എന്ന സമസ്തപദം സീക്വൽ സിനിമ, മൂലസിനിമയുടെ തുടർച്ചയല്ല എന്നു ധ്വനിപ്പിക്കുന്നുണ്ട്. മൂലസിനിമയിലെ ഒരു ഇമേജിനെ മാത്രം കടമെടുത്ത് പൊലിപ്പിക്കുക മാത്രമാണു ചെയ്യുന്നത്. ഇമേജിനും കാലവിമുക്തമായ ഇടങ്ങൾക്കും മുൻതൂക്കം നൽകുന്ന ഇത്തരം ആവിഷ്‌കാര സമ്പ്രദായത്തിന് ഉത്തരാധുനിക കലാവ്യവഹാരത്തോടാണ് ചാർച്ച. ആധുനികോത്തര കലാവിഷ്‌കാരങ്ങളിലെ രാഷ്ട്രീയ ചെറുത്തുനിൽപ്പിന്റെ സാദ്ധ്യതകളുപയോഗിക്കുകയല്ല, മറിച്ച് അതിന്റെ ശൈലീവിശേഷങ്ങളിൽ ചിലതിനെ പിൻപറ്റുന്നതേയുള്ളൂ. മായാനാട്യവൽക്കരണം (simulation) എന്നത് കാഴ്ചയുടെ ലോകത്ത് ബിംബങ്ങളെ സൃഷ്ടിച്ച് ഭൗതികാപേക്ഷയില്ലാത്തതും എന്നാൽ വിശ്വസനീയവുമായ യാഥാർത്ഥ്യത്തെ നിർമ്മിച്ചെടുക്കലാണ്. ഴാങ് ബോദ്രിലാദിന്റെ അഭിപ്രായത്തിൽ സിമുലേഷൻ എന്നത് ഭൗതികയാഥാർത്ഥ്യത്തെ സൂചിപ്പിക്കുകയോ പകർത്തുകയോ അല്ല, കാഴ്ചയിൽ യാഥാർത്ഥ്യത്തെ സൃഷ്ടിക്കലാണ് (Jean Baudrillard, 1981: 3). ഇപ്രകാരം കാഴ്ചയുടെ ലോകത്തുമാത്രം നിലകൊള്ളുന്ന യാഥാർത്ഥ്യം നമുക്ക് അപരിചിതമാണ്. അവിടെ നിലകൊള്ളുന്ന കഥാപാത്രങ്ങൾ ജീവിതാതീതവും വർത്തമാന-ഭൂതകാലങ്ങളിൽനിന്ന് അടർത്തിമാറ്റപ്പെട്ടതുമാണ്. മുമ്പു സൂചിപ്പിച്ച മധ്യ-കാല-സ്ഥലനിർമ്മിതി (creation of in -between-ness) തന്നെയാണിവിടെയുമുള്ളത്. ഈ ഘടനയിൽനിന്നുരുവംകൊള്ളുന്ന സിനിമാപ്രമേയത്തെ ഫലപ്രദമായി വർണ്ണവൽക്കരിക്കാൻ ഫുൾ കളറിനും ബ്ലാക്ക് ആൻഡ് വൈറ്റിനും കഴിയില്ലെന്നതിനാൽ സെപിയപോലുള്ള വ്യതിരിക്തമായ ടോണുകളെ ആശ്രയിക്കേണ്ടിവരുന്നു.

ആധുനികപൂർവ്വവും ആധുനികവുമായ ജീവിതാവസ്ഥകളുള്ള കേരളത്തിന്റെ സാംസ്‌കാരിക പരിസരങ്ങളിലേക്കാണ് വ്യാവസായികോത്തരവും സാങ്കേതികോത്തരവും ഉത്തരാധുനികവും ആഗോളവൽകൃതവുമായ കോർപ്പറേറ്റ് ജീവിത/ജോലിശൈലികൾ രണ്ടായിരാമാണ്ടോടെ കടന്നുവരുന്നത്. സ്‌പെഷ്യൽ എക്കണോമിക് കേന്ദ്രങ്ങളും (SEZ) ടെക്‌നോപാർക്ക്, ഇൻഫോപാർക്ക് പോലെയുള്ള സ്ഥാപനങ്ങളും ഈ അവസ്ഥാന്തരത്തിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം സാമൂഹ്യാവസ്ഥ ചില അസ്വാരസ്യങ്ങളെയും സൃഷ്ടിക്കുന്നുണ്ട്. സ്ഥായിത്വമില്ലാത്ത ജീവിതാവസ്ഥ, ഉപഭോഗസ്സക്തി, പരിനിഷ്ഠിത വ്യക്തിത്വരൂപീകരണം, വെബ് ലോകം സൃഷ്ടിക്കുന്ന സ്‌കിസോഫ്രീനിയ, ദൃശ്യബിംബങ്ങൾക്കു ലഭിക്കുന്ന അമിതപ്രാധാന്യം തുടങ്ങിയവ ഇതിൽ ചിലതാണ്. സമൂഹത്തിലും ചരിത്രത്തിലും നങ്കൂരമിടാതെ തെന്നിത്തെന്നി നീങ്ങുന്ന ജീവിതങ്ങൾക്ക്, ഉപരിപ്ലവമായെങ്കിലും സ്വന്തം സ്വത്വത്തെ ആഘോഷിക്കാനുള്ള വക ദൃശ്യസംസ്‌കാരം വൻ ബിംബങ്ങളിലൂടെ നൽകുന്നു. പലപ്പോഴുമിവ ജീവിതത്തെ അധികരിച്ചു നിൽകുന്ന കഥാപാത്രങ്ങളാവും. മിത്തിക്കൽ ഹീറോയുടെ പരിവേഷമാവും ഈ കഥാപാത്രങ്ങൾക്കുണ്ടാവുക. അൾട്രാ മോഡേൺ ആദിരൂപങ്ങളായി ഇവയെ മനസ്സിലാക്കുന്നതിൽ തെറ്റില്ല. ഈ പ്രക്രിയയെ കൾട്ട് രൂപീകരണം(cult formation) എന്നു വിളിക്കാം. ഒരുതരം പോസ്റ്റ് മോഡേൺ ഭക്തി! ഈ കൾട്ടുകൾക്കകത്ത് നേരത്തെ സൂചിപ്പിച്ചതരം കഥാപാത്രങ്ങൾ കാഴ്ചക്കാരുടെ നാർസിസിസം കൂടി ഏറ്റുവാങ്ങി സെലിബ്രിറ്റികളായി മാറുന്നു.

ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ സാഗർ എന്ന ജീവിതം തുടിക്കുന്ന യുവാവിൽനിന്ന് സീക്വൽ സിനിമയിലെ ജാക്കി എന്ന ബിംബവിഗ്രഹ(icon) ത്തിലേക്ക് എത്തുമ്പോൾ കാല ദേശ ചരിത്രമുക്തമായ ഒരു സമകാലിക മിത്ത് രൂപപ്പെടുകയാണ്. ഈ മിത്തിന് കാഴ്ചയേക്കാൾ ഫുൾ കളർ എന്ന കോഡിന് കഴിയാതെ വരുന്നുവെന്ന ധാരണയിലാവാം സെപിയ എന്ന കളർ കോഡിനെ ചലച്ചിത്രകാരൻ (A)ബോധപരമായി ഉപജീവിച്ചത്. ഈ സന്ദർഭത്തിൽ സെപിയ എന്ന കോഡ് വരേണ്യമായ ആഗോള കോർപ്പറേറ്റ് ഗുണ്ടായിസ(elite global corporate gangsterism)ത്തിന്റെ 'വർണ്ണപരമായ അശരീരി'യായി മാറുന്നു.

പലവക
അജു കെ. നാരായണൻ,
ചെറിജേക്കബ് കെ.
സാഹിത്യപ്രവർത്തക സഹകരണസംഘം,
2012, വില: 165 രൂപ