ഴിഞ്ഞ മൂന്നുപതിറ്റാണ്ടുകളിൽ മലയാളിയുടെ പ്രണയമുൾപ്പെടെയുള്ള വൈകാരികാനുഭൂതികൾക്കു കൈവന്ന മോഹനിർഭരവും കാമനാഭരിതവുമായ അദൃശ്യസ്വരൂപങ്ങളിലൊന്നാണ് ഭാഗ്യലക്ഷ്മി. സിനിമയുടെ വെള്ളിവെളിച്ചത്തിൽ ശരീരത്തെ മറികടന്നുനിന്ന ശാരീരത്തിന്റെ ലാവണ്യരൂപകം. ശബ്ദം സൃഷ്ടിക്കുന്ന നവരസങ്ങളുടെ തരംഗമാലകൾക്കൊപ്പം വികാരസമുദ്രത്തിന്റെ ആഴത്തട്ടിൽ നിന്നുയർന്നുവരുന്ന സാഗരകന്യക പോലൊരു ഭാവനാബിംബമായിരുന്നു അടുത്തകാലം വരെ അവർ. ഇപ്പോഴങ്ങനെയല്ല. ദൃശ്യമാദ്ധ്യമത്തിന്റെ ഉടൽക്കാഴ്ചകളിൽ ഭാഗ്യലക്ഷ്മി ഒരു നിരന്തര സാന്നിധ്യമാണ്. പക്ഷെ ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും ഈ ഇരുകരകൾക്കിടയിൽ എഴുത്തക്ഷരങ്ങൾ കൊണ്ട് അവർ സൃഷ്ടിച്ച ഒരു കണ്ണീർത്തടാകമുണ്ട്. അതാണ് സ്വരഭേദങ്ങൾ.

ജീവിതം തനിക്കുനൽകാൻ മടിച്ചതൊക്കെയും ജീവിച്ചു ജീവിതത്തോടു പിടിച്ചുവാങ്ങിയ ഒരു സ്ത്രീയുടെ സ്വന്തം വിധികൊണ്ടെഴുതിയ കവിതയാണ് ഈ ആത്മകഥ. ഉറ്റവരും ഉടയവരും ചതിച്ചുവീഴ്‌ത്തിയ യൗവനത്തിലും മറ്റാരുടെയും തുണയില്ലാതെ ഒറ്റച്ചിറകുമാത്രമുള്ള ഒരു പക്ഷിയെപ്പോലെ തന്റെ നീലാകാശത്തു പറന്നുയർന്നതിന്റെ അസാധാരണമായ ഓർമക്കുറിപ്പുകൾ. അവിശ്വസനീയമെന്നുപോലും തോന്നാവുന്ന ജീവിതാനുഭവങ്ങളുടെ തുറന്നെഴുത്ത്. ഞാൻ മാത്രമാണ് എന്റെ വിധാതാവെന്ന് ഈ ലോകത്തോടു വിളിച്ചുപറയുന്ന ധീരവും സർഗസമ്പന്നവുമായ ഒരു സ്ത്രീജീവിതത്തിന്റെ സത്യവാങ്മൂലം. ഒറ്റയ്ക്കു തുഴഞ്ഞ് അവർ താണ്ടിയ ഒരു കടൽ ദൂരത്തിന്റെ ശബ്ദരേഖ. സ്‌നേഹവും വാത്സല്യവും പ്രണയവും സംരക്ഷണവും പങ്കാളിത്തവും പരസ്പരബഹുമാനവും കൊതിച്ച ഒരു പെൺകുട്ടിക്ക് അവയോരോന്നും നിഷേധിക്കപ്പെടുന്നതിന്റെ വെറുങ്ങലിപ്പിക്കുന്ന വാഗർഥം.

ഇരുനൂറു പുറങ്ങളുള്ള ഈ പുസ്തകത്തിന്റെ ആദ്യ അഞ്ചുഭാഗങ്ങൾ (നൂറ്റിനാൽപ്പതു പുറം വരെ) മലയാളത്തിലെഴുതപ്പെട്ടിട്ടുള്ള ഏറ്റവും അസാധാരണവും ഹൃദയസ്പർശിയുമായ ആത്മകഥകളിലൊന്നാണ്. ഒരു 'താര'ജീവിതത്തിന്റെ ഇരുൾമൂടിയ സ്വകാര്യതകളിലേക്കുള്ള അപൂർവമായ തിരനോട്ടങ്ങൾ. വായനക്കാരെ മാത്രമല്ല, സമൂഹത്തെത്തന്നെ വിസ്മയിപ്പിക്കുന്ന ആത്മാനുഭവങ്ങളുടെ മറനീക്കലുകൾ. കണ്ണീരും കിനാവും കലർന്നൊഴുകിയുണ്ടാകുന്ന ചുഴിക്കുത്തുകളിൽ നിലതെറ്റി മുങ്ങാതെ അതിജീവിച്ച ഒരു പെണ്ണിന്റെ കഥ. സിനിമാറ്റിക് എന്നുതന്നെ പറയാവുന്ന ആഖ്യാനകലയുടെ മാന്ത്രികലാവണ്യം കൊണ്ട് വായനയിൽ ഒരനുഭവമായി മാറുന്നു, ഭാഗ്യലക്ഷ്മിയുടെ ആത്മകഥയിലെ ഈ അഞ്ചുഭാഗങ്ങളും. [BLURB#1-H] 'ഒറ്റപ്പെട്ടുപോയ കുട്ടി' എന്ന ഒന്നാംഭാഗമാണ് ഈ രചനയിലെ ഏറ്റവും നാടകീയവും വികാരനിർഭരവുമായ ഏട്. അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ കോഴിക്കോട്ടെ ഒരനാഥാലയത്തിൽ സഹോദരങ്ങൾക്കൊപ്പം ജീവിച്ച ബാല്യം. അവിടെ നിന്നും മദിരാശിയിലെ വലിയമ്മയുടെ നിയന്ത്രണത്തിലേക്ക്. അവിടെ സിനിമയിൽ ഡബ്ബുചെയ്തും ചെറിയ റോളുകളിൽ അഭിനയിച്ചും രൂപംകൊള്ളുന്ന കൗമാരം. വീട്ടിലെ കൊടിയ പീഡനങ്ങൾ, ഒറ്റപ്പെടലുകൾ, തിരസ്‌കൃതമാകുന്ന സ്‌നേഹസൗഭാഗ്യങ്ങൾ, അമ്മയുടെ മരണം, സഹോദരന്റെ തിരോധാനം. വറ്റിവരണ്ട ബാല്യകൗമാരങ്ങളിൽ ഭാഗ്യലക്ഷ്മി എന്ന പേരുതന്നെ ഒരു വൈരുധ്യമായി മാറിയ പെൺകുട്ടിയുടെ യാതനാനിർഭരമായ ജീവിതയാത്രകൾ. 'അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും മാനസികപീഡനത്തിന്റെയും ഘോഷയാത്രയായിരുന്നു, നാൽപ്പത്തെട്ടുവർഷത്തെ എന്റെ ജീവിതം' എന്ന് ഗ്രന്ഥാരാംഭത്തിൽ അവർ എഴുതുന്നുണ്ട്.

മദിരാശിയിലെ ഡബ്ബിങ് ജീവിതമാണ് രണ്ടാംഭാഗം. പ്രേംനസീറിന്റെയും ഷീല, ശാരദ തുടങ്ങിയവരുടെയും സ്‌നേഹവാത്സല്യങ്ങൾ ഏറെ ലഭിച്ചപ്പോഴും വീട് ഭാഗ്യലക്ഷ്മിക്കു തടവറ തന്നെയായിരുന്നു. എൺപതുകളിൽ, യൗവനാരംഭത്തിൽത്തന്നെ മദിരാശിയിലെ വലിയമ്മയുടെ അടിമത്തത്തിൽ നിന്നുള്ള മോചനം മാത്രം കൊതിച്ച് നടത്തിയ വിവാഹം. ആദ്യദിനം മുതൽ അതൊരു പുതിയ നരകമായി മാറി, ഭാഗ്യലക്ഷ്മിക്ക്. പണം മാത്രം സ്‌നേഹിച്ച ഭർത്താവ്. സ്‌നേഹമെന്തെന്നറിയാത്ത രാപകലുകൾ. സമൂഹത്തെ ഭയന്നും അഭയം കൊതിച്ചും മാത്രം സഹിച്ചുജീവിച്ച വർഷങ്ങൾ. ഒടുവിൽ പതിനഞ്ചോളം വർഷത്തെ കയ്പു മാത്രം നിറഞ്ഞ ദാമ്പത്യത്തോടു വിടപറഞ്ഞ്, എല്ലാ സമ്പാദ്യങ്ങളുമുപേക്ഷിച്ച്, രണ്ടു മക്കളോടുമൊപ്പം പടിയിറങ്ങിപ്പോരേണ്ടിവന്നു ഭാഗ്യലക്ഷ്മിക്ക്. [BLURB#2-VR]  സ്വന്തം കാലിൽ നിൽക്കാനുള്ള അക്കാലത്തിന്റെ സംഘർഷങ്ങൾ. ആത്മവിശ്വാസം മാത്രം കൈമുതലാക്കി, മക്കളുടെ കൈപിടിച്ച് വീടിനും ദാമ്പത്യത്തിനും പുറത്തേക്കുപോന്ന ഒരു സ്ത്രീയുടെ അവസ്ഥയും അനുഭവങ്ങളും മലയാളത്തിൽ മുൻപൊരു നാവിൽ നിന്നു കേൾക്കാത്തവിധം ആർജ്ജവത്തോടെ മലയാളി കേൾക്കുകയായിരുന്നു, ഭാഗ്യലക്ഷ്മിയിൽ നിന്ന്. കഥയെക്കാൾ വിചിത്രമായ ജീവിതത്തിന്റെ പച്ചപരമാർഥങ്ങളായി അവ ഈ പുസ്തകത്തിൽ ആവിഷ്‌കൃതമാകുന്നു.

പെറ്റമ്മക്കുപോലും വേണ്ടാതായ ജീവിതത്തിൽ ഭർത്താവിന്റെ അച്ഛനിൽ നിന്നു മാത്രം കിട്ടിയ സ്‌നേഹത്തിന്റെ ഹ്രസ്വകാലമാണ് ഭാഗ്യലക്ഷ്മി തന്റെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. ഒപ്പം മധ്യവയസ്സിലുണ്ടായ ഒരു പ്രണയത്തിന്റെ 'കാലം കുറഞ്ഞദിനമെങ്കിലുമർഥദീർഘ'മായ ഓർമ്മകളും. പ്രണയം പോലെ സ്ത്രീക്ക് ആത്മബോധവും വിശ്വാസവും പകർന്നുനൽകുന്ന മറ്റൊരനുഭവമോ അവസ്ഥയോ ഇല്ല എന്ന് മാധവിക്കുട്ടിക്കുശേഷം ഏറ്റവും ആർജ്ജവത്തോടെ പറഞ്ഞുവയ്ക്കുന്നു, ഭാഗ്യലക്ഷ്മി. പ്രണയത്തിന്റെ രാസപ്രവർത്തനം ഒരു സ്ത്രീയെ വസന്തത്തിലെ പൂമരംപോലെ സുന്ദരിയാക്കുമെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു.

ശാരീരികമായ രോഗാവസ്ഥകൾ, മക്കൾക്കുണ്ടായ അപകടങ്ങൾ, ഭർതൃപിതാവിന്റെ മരണം, ജോലിഭാരം നൽകിയ ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ, സ്‌നേഹരഹിതമായ ബന്ധങ്ങൾ, അപവാദങ്ങൾ, അവഗണനകൾ, കുറ്റപ്പെടുത്തലുകൾ.... ഒറ്റയ്ക്കു ജീവിക്കേണ്ടി വരുന്ന ഏതു സ്ത്രീയും നേരിടേണ്ടിവരുന്ന മഹാദുരിതങ്ങളുടെ കാണാക്കയങ്ങളിലേക്ക് ഭാഗ്യലക്ഷ്മിയും വീണുപോയി. പക്ഷെ സ്വന്തം പ്രജ്ഞയും ആത്മവിശ്വാസവും കൂസലില്ലായ്മയും കൊണ്ടുമാത്രം അവൾ കരകയറി. സങ്കടങ്ങളുടെ പെരുങ്കടൽതീരത്ത് ഏകയായി നിന്ന് അവൾ എഴുതി : 'സ്വന്തവും ബന്ധവും ഒന്നുമില്ലാത്ത ഒരാളായിരുന്നില്ലേ ഞാൻ. ഈ സമൂഹത്തിൽ ഇങ്ങനെയൊക്കെ അഡ്ജസ്റ്റ്‌മെന്റിലും ധാരണയിലും ആർക്കൊക്കെയോവേണ്ടി ജീവിക്കുന്ന ഒരുപാടു സ്ത്രീകളും പുരുഷന്മാരുമുണ്ടാകാം.

ശരിക്കും അഭിനയം തന്നെയാണ് ദാമ്പത്യജീവിതം എന്ന് ഈ ആറ് വർഷത്തിനുള്ളിൽ ഞാൻ നന്നായി മനസ്സിലാക്കി. ഒരു വികാരവും പ്രകടിപ്പിക്കാൻ അവകാശമില്ല. വിവാഹം കഴിഞ്ഞ് ആറ് വർഷമായെങ്കിലും, രണ്ട് കുട്ടികളായെങ്കിലും ഒരിക്കൽപ്പോലും എന്റെ ഭർത്താവിൽ നിന്ന് സ്‌നേഹപ്രകടനമോ ഒരു കരുതലോ എനിക്ക് കിട്ടിയിട്ടേയില്ല. ഒന്നോർത്തു നോക്കിയാൽ ആരിൽ നിന്നാണ് എനിക്കു കിട്ടിയിട്ടുള്ളത്? കരുതൽ എന്താണെന്ന് ഞാൻ അറിയുന്നതിനു മുമ്പ് അച്ഛൻ മരിച്ചു പോയി. എന്നെ സംരക്ഷിക്കേണ്ട അമ്മയെ ഞാൻ സംരക്ഷിച്ചു... അമ്മയും പോയി. ഒരിക്കൽപോലും സഹോദരസ്‌നേഹം എന്താണെന്നുപോലും മനസ്സിലാക്കിത്തരാതെ ഏട്ടനും എവിടെയോ പോയി. ജീവനോടെയുള്ള സഹോദരിക്ക് അത് പ്രകടിപ്പിക്കാൻ മനസ്സില്ല. ഇനി ഭർത്താവിൽ നിന്നുമാത്രം പ്രതീക്ഷിക്കുന്നതെന്തിന്? ഇനി ഞാൻ കുടുംബമായി ജീവിക്കേണ്ടത് എന്റെ ആവശ്യമല്ല. എന്റെ മക്കളുടെ ആവശ്യമാണ്. അവർക്കു വേണ്ടി ഞാൻ എല്ലാം സഹിക്കണം'

അങ്ങനെ ഒറ്റയ്‌ക്കൊരു ജീവിതം. ഉറ്റ സുഹൃത്തുക്കൾ ചിലരുടെ സഹായങ്ങൾ. മുതിർന്ന ചലച്ചിത്രപ്രവർത്തകരുടെ സംരക്ഷണം. പ്രാണവായുപോലുള്ള സൗഹൃദങ്ങൾക്കുവേണ്ടി മാത്രം ഭാഗ്യലക്ഷ്മി നീക്കിവയ്ക്കുന്നു, ഈ ആത്മകഥയിലെ ഒരു ഭാഗം. ഡബ്ബിങ് ജീവിതത്തിന്റെ തുടർച്ചകളും സംഘടനാപ്രവർത്തനത്തിലും നേതൃത്വത്തിലും സജീവമായ വർഷങ്ങളും സൂചിതമാകുന്ന അവസാന ഭാഗങ്ങൾ, ആദ്യ ഭാഗങ്ങളിൽ കരുപ്പിടിപ്പിച്ച ജീവിതത്തിന്റെ പിൽക്കാല ഈടുവയ്പുകളായി മാറുന്നു. [BLURB#3-H] രണ്ടുവർഷത്തിനുള്ളിൽ എട്ടു പതിപ്പുകൾ പുറത്തുവന്ന ഈ ഗ്രന്ഥത്തിന്റെ വായന, ഭാഗ്യലക്ഷ്മിയെന്ന മികച്ച കലാകാരിയെ, ആത്മബോധത്തിന്റെ ഉടൽരൂപമായി മാറിയ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥാകാരിയെന്ന നിലയിലാവും മലയാളത്തിൽ അടയാളപ്പെടുത്തുക. അത്രമേൽ സങ്കടകരവും സംഘർഷഭരിതവുമായ ഒരു നിയോഗത്തിന്റെ മേലാണ് അവർ തന്റെ ആത്മബലമുള്ള കയ്യൊപ്പുചാർത്തി, ഭ്രാന്തിനും ആത്മഹത്യക്കും വഴിപ്പെടാതെ ജീവിതത്തിന്റെ കൊടിപ്പടം പാറിച്ചു നിലനിൽക്കുന്നത്.

സ്വരഭേദങ്ങൾ (ആത്മകഥ)
ഭാഗ്യലക്ഷ്മി
ഡി.സി. ബുക്‌സ്, 2012
വില : 195 രൂപ

പുസ്തകത്തിൽ നിന്ന്: 'അങ്ങനെ എനിക്കുമുണ്ടായി ഒരു പ്രണയം. മോഹനസുന്ദര സ്വപ്നങ്ങൾ പൂവിടുന്ന കൗമാരത്തിലോ പ്രണയം തീവ്ര ആവേഗം സൃഷ്ടിക്കുന്ന യൗവനത്തിലോ ആയിരുന്നില്ല അതെന്നിൽ വന്നുചേർന്നത്. എല്ലാ തുണയും തണലും നഷ്ടപ്പെട്ടുനിൽക്കുന്ന മധ്യവയസ്സിലായിരുന്നു ഞാനൊരു പ്രണയിനിയായത്.

നമ്മൾ ഒരുപാട് സ്‌നേഹിക്കുന്നവർക്ക് മാത്രമേ നമ്മെ ഒത്തിരി വേദനിപ്പിക്കാനും സാധിക്കൂ. ജീവിതത്തിൽ ഒരിടത്തും തോല്ക്കാത്ത എന്നെ ഞാൻ പ്രണയിച്ച വ്യക്തി തോല്പിച്ചു. കുട്ടിക്കാലം മുതൽക്കേ സംഘർഷഭരിതമായ സാഹചര്യത്തിലൂടെ ജീവിച്ചതുകൊണ്ട് പ്രണയത്തിന്റെ പാരവശ്യമൊന്നും എനിക്കനുഭവപ്പെട്ടിട്ടില്ല. പതിനെട്ട് പത്തൊൻപത് വയസ്സുള്ളപ്പോൾ ഗാനമേളയ്ക്ക് പാടാൻ പോകുമ്പോഴും ഡബ്ബിങ് തിയേറ്ററുകളിലും തുണ്ടുകടലാസുകളിൽ ഐ ലൗ യു എന്ന് എഴുതി തന്നവരുണ്ട്. പക്ഷേ, പിന്നെയത് എങ്ങനെ തുടരണം എന്നറിയില്ല, ഫോണില്ല, ഒറ്റയ്ക്ക് പുറത്തിറങ്ങാൻ നിർവ്വാഹമില്ല. സ്വപ്നങ്ങളിലും, വല്യമ്മ കൂടെയുണ്ടായിരുന്നു, ഒരു വടിയുമായി.

ആദ്യമായി ഐ ലൗ യു എന്നെഴുതിയ കടലാസുതുണ്ട് കിട്ടിയ ദിവസം ഇന്നും ഞാൻ ഓർത്ത് ഞാൻ ചിരിക്കും. അത് കിട്ടിയപ്പോൾ ഒരു വെപ്രാളമായിരുന്നു. എന്റെ മുഖത്തെ കള്ളലക്ഷണം വല്യമ്മ പെട്ടെന്ന് തിരിച്ചറിഞ്ഞു. പിന്നെ അടിയോടടി. വല്യമ്മ അടിതുടങ്ങിയാൽ പിന്നെ രക്ഷയില്ല. വടി പൊട്ടുന്നതു വരെ അടിക്കും. ഏതെങ്കിലും ഒരാൺകുട്ടിയോട് സംസാരിക്കുന്നതിനായിരിക്കും മിക്കവാറും അടികൊള്ളുന്നത്. ആ പേടികൊണ്ട് ആ കടലാസ് തുണ്ട് അപ്പോഴേ കാറ്റിൽ പറത്തും- എന്റെ പ്രണയത്തെയും.
പ്രണയത്തിന്റെ സുഖമെന്താണെന്ന് ഒരിക്കലും മനസ്സിലാക്കാൻ സാധിച്ചിട്ടില്ല, സ്വാതന്ത്ര്യമില്ലാത്തതു കൊണ്ട്. സ്വാതന്ത്ര്യം കിട്ടിയപ്പോൾ പ്രായം കഴിഞ്ഞുപോയി.
പ്രണയത്തിൽ അകപ്പെട്ട കുട്ടികളെ കാണുമ്പോൾ എനിക്ക് പുച്ഛമായിരുന്നു. മണ്ടന്മാരും മണ്ടികളും ആവും അവർ അപ്പോൾ.
ഈ ലോകത്ത് പ്രണയം എന്നൊന്നില്ല എന്നുതന്നെ വിശ്വസിച്ചു ഞാൻ. സ്ത്രീ-പുരുഷബന്ധം വെറും ശാരീരികബന്ധം മാത്രമാണെന്നും.
പക്ഷേ, എനിക്കുമുണ്ടായി പ്രണയം. എന്റെ നാല്പതാം വയസ്സിൽ. എനിക്കദ്ദേഹത്തോടുണ്ടായിരുന്ന പ്രണയം അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്നോ എന്നറിയില്ല. അതുകൊണ്ട് ഞാൻ പേര് പറയുന്നില്ല.

ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. വല്ലപ്പോഴും മാത്രം ഫോണിൽ സംസാരിക്കുന്ന, അപൂർവ്വമായി കാണാറുള്ള വെറുമൊരു സുഹൃത്ത്. എപ്പോഴും പുസ്തകങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. അതുകൊണ്ടുതന്നെ എനിക്കയാളോട് തികഞ്ഞ ബഹുമാനമായിരുന്നു. വിവാഹബന്ധം വേർപെടുത്തി താമസിക്കുന്ന കാലം, ഒരു ദിവസം ഞാനും മക്കളും പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനിൽ വരികയായിരുന്നു. ഞങ്ങൾ ആ ട്രെയിനിൽ ഉണ്ടെന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു. വണ്ടി എറണാകുളത്ത് എത്തിയപ്പോൾ വൈകുന്നേരം ആറുമണി. അദ്ദേഹം ഞങ്ങളുടെ കംപാർട്ട്‌മെന്റിൽ വന്നു കയറി. കുട്ടികൾക്ക് കഴിക്കാനും കുടിക്കാനും എന്തൊക്കെയോ വാങ്ങിക്കൊണ്ടു വന്നിരുന്നു. അല്പം കഴിഞ്ഞ് അദ്ദേഹം യാത്ര പറഞ്ഞ് ഇറങ്ങിപ്പോയി. സമയം കഴിഞ്ഞിട്ടും വണ്ടി അനങ്ങുന്നില്ല. അയാൾ തിരികെയെത്തി. 'വണ്ടി നാല് മണിക്കൂർ വൈകും, നിങ്ങൾ തിരുവനന്തപുരത്ത് എത്തുമ്പോൾ ഒന്ന് ഒന്നര മണിയെങ്കിലും ആവും. എന്തു ചെയ്യും ലക്ഷ്മീ?' 'ഓ, എന്തു ചെയ്യാനാ, ഒരു ടാക്‌സി വിളിച്ച് പോകും അല്ലെങ്കിൽ നേരം വെളുക്കുന്നതു വരെ സ്റ്റേഷനിൽ ഇരിക്കും.'
അയാൾ വീണ്ടും ഇറങ്ങിപ്പോയി.
അല്പസമയം കഴിഞ്ഞ് തിരിച്ചുവന്നു.
' ഞാനും വരാം നിങ്ങളോടൊപ്പം '
ട്രെയിനിൽ അദ്ദേഹം കുട്ടികളോടൊത്ത് എന്തോ പറഞ്ഞു ചിരിക്കുകയും കളിക്കുകയും അവരെ ടോയ്‌ലറ്റിൽ കൊണ്ടുപോവുകയും ഒക്കെ ചെയ്യുന്നുണ്ട്. വണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോൾ പറഞ്ഞതുപോലെ ഒന്നരമണി. ഒരു ടാക്‌സി പിടിച്ച് ഞങ്ങളെ വീട്ടിൽ ഇറക്കിയിട്ട് അദ്ദേഹം തിരികെ പോയി.

അപ്പോഴൊന്നും എനിക്കൊന്നും തോന്നിയില്ല. കാരണം അന്ന് എന്നെ അങ്ങനെയൊക്കെ സഹായിക്കുന്ന ഒരുപാടു പേരുണ്ടായിരുന്നു. സഹായിക്കുന്നവരോടെല്ലാം പ്രണയം തോന്നുക സ്വാഭാവികമല്ലല്ലോ. പിന്നെ കുറേ നാൾ ഞങ്ങൾ തമ്മിൽ കണ്ടിട്ടില്ല. സംസാരിച്ചിട്ടുമില്ല. ഞാൻ അതേക്കുറിച്ച് ചിന്തിച്ചിട്ടുമില്ല. 2001 കാലഘട്ടത്തിലെല്ലാം നിരവധി കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തു പകർന്നാട്ടം നടത്തുകയായിരുന്നു ഞാൻ. ഒരു കഥാപാത്രത്തിൽ നിന്ന് മറ്റൊരു കഥാപാത്രത്തിലേക്ക്. ഒരു സിനിമയിൽ നിന്നും മറ്റൊരു സിനിമയിലേക്ക്. റെക്കോർഡിങ് റൂമിൽ കയറുമ്പോൾ ഞാനെന്റെ ദുഃഖങ്ങൾ വാതിൽപ്പടിക്കു പുറത്തുവച്ചു. പിന്നീട് ഡബ്ബിങ് തീരുവോളം ഞാനവ ഓർക്കുകയേയില്ല. ഒടുവിൽ എല്ലാം കഴിഞ്ഞ് റൂമിലെത്തുമ്പോൾ വീണ്ടും എന്നെ തേടിയെത്തും. ആരും എന്നെ കാത്തിരിക്കാനില്ല എന്ന അറിവ് എന്നെ ഭ്രാന്തുപിടിപ്പിച്ചു. ജീവിതം വല്ലാത്തൊരു അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു.

ഒരിക്കൽ ഞാൻ ചെന്നൈയിൽ ഡബ്ബിങ്ങിന് പോയ ദിവസം. ജോലി കഴിഞ്ഞ് ഞാൻ റൂമിൽ തിരിച്ചെത്തി. രാത്രി ഒൻപതരയായി കാണും. അയാൾ വിളിച്ചു. കുറേ നാളുകൾക്ക് ശേഷം. പതിവുപോലെ പലതും സംസാരിച്ചു. മൂന്ന് നാല് ദിവസം ഞാൻ ചെന്നൈയിലായിരുന്നു. അപ്പോഴൊക്കെ അയാൾ വിളിക്കും. പിന്നീട് അയാളുടെ ഫോൺവിളിക്കായി ഞാൻ കാത്തിരിക്കാൻ തുടങ്ങി.
ഒടുവിൽ ഒരു ദിവസം അദ്ദേഹം പറഞ്ഞു.. എന്നെ വല്ലാതെ സ്‌നേഹിക്കുന്നു എന്ന്.
ആദ്യമായിട്ടാണ് ഒരാൾ വാക്കുകളിലൂടെ, ശബ്ദത്തിലൂടെ ..ഞാൻ നിന്നെ സ്‌നേഹിക്കുന്നു..എന്ന് എന്നോട് പറയുന്നത്. അതും എന്റെ ചെവിയിൽ. നിശ്ശബ്ദയായിരുന്ന് അയാൾ പറയുന്നതു ഞാൻ കേട്ടുകൊണ്ടേയിരുന്നു. ഞാൻ സംസാരിച്ചാൽ അയാളുടെ ശബ്ദത്തിന്റെ സുഖം മുറിഞ്ഞുപോകുമോ എന്നു തോന്നി. അതേ, ഞാൻ പ്രണയിനിയാവുകയായിരുന്നു. പിന്നീട് പലപ്പോഴും ഞങ്ങൾ സംസാരിച്ചു. പലതും. സിനിമ, പുസ്തകം, സംഗീതം, ഞാൻ ചെയ്ത സിനിമകൾ എന്തിന് എന്നിലുള്ള അപാകതകളെക്കുറിച്ചും ഒക്കെ അയാൾ പറഞ്ഞു. ആദ്യമായിട്ടാണ് ഒരാൾ എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. പ്രണയം ഒരു സ്ത്രീയെ സുന്ദരിയാക്കും എന്നു പറയുന്നത് ശരിയാണ്. അതെ, ആദ്യമായി ഞാൻ സുന്ദരിയാണെന്ന് പറയുന്നത് അയാളായിരുന്നു. അതുവരെ എന്നോടാരും അങ്ങനെ പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്റെ ഭർത്താവുപോലും. നുണയാണോ ഇയാൾ പറയുന്നത് എന്നുപോലും തോന്നി. എനിക്കും അങ്ങനെയൊരു വിശ്വാസമില്ലായിരുന്നു. ഞാൻ പ്രണയത്തിന്റെ പുഴയിലൊഴുകുകയായിരുന്നു. അതുവരെ ഒരുങ്ങി നടക്കാൻ ശ്രദ്ധയില്ലാത്തയാളായിരുന്നു ഞാൻ. സാരി ഭംഗിയായി ചുറ്റുന്നതിനോ മുഖം മിനുക്കുന്നതിനോ ഞാൻ പ്രാധാന്യം കൊടുത്തിരുന്നില്ല. സാരിക്ക് മാച്ചിങ് ബ്ലൗസ്സോ, അത് എനിക്ക് ചേരുന്ന നിറമോ ആയിരിക്കണമെന്നില്ല. ഞാൻ വൃത്തിയായി നടക്കും അത്രതന്നെ. അയാൾ എനിക്കു ചേരുന്ന നിറങ്ങൾ പറഞ്ഞുതന്നു. വായിക്കേണ്ട പുസ്തകങ്ങളെക്കുറിച്ച്, കേൾക്കേണ്ട പാട്ടുകളെക്കുറിച്ച്. ലോകക്ലാസിക് സിനിമകളെക്കുറിച്ചും ഒക്കെ അയാൾ പറഞ്ഞു തന്നു.

അദ്ദേഹവും എന്നെപ്പോലെ മുൻകോപിയും ഈഗോയിസ്റ്റുമായിരുന്നു. മദ്യപിക്കില്ല, പുകവലിക്കില്ല. ഇങ്ങനെ എനിക്കിഷ്ടമുള്ള ഒരുപാട് ഗുണങ്ങളായിരിക്കാം എന്നെ അയാളിലേക്ക് അടുപ്പിച്ചത്. ഞങ്ങൾ സ്‌നേഹിച്ചു, വഴക്കുകൂടി, പിണങ്ങി, വീണ്ടും അതിലേറെ സ്‌നേഹിച്ചു. മനോഹരമായിരുന്നു ആ കാലങ്ങൾ. ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച നാളുകൾ ഉണ്ടായിട്ടില്ല.

ഞാൻ എന്നെത്തന്നെ ശ്രദ്ധിക്കാൻ തുടങ്ങി. എന്നിലെ ഗുണങ്ങളെയും ദോഷങ്ങളെയും കുറിച്ചു ഞാൻ ബോധവതിയായി. ഞാൻ മാറുകയായിരുന്നു. രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും. അതുവരെ റെക്കോർഡിങ് റൂമിലും പുറത്തും എല്ലായ്‌പോഴും മുഖം വീർപ്പിച്ച് എല്ലാവരെയും തുറിച്ചു നോക്കുന്ന ഒരു ഭാഗ്യലക്ഷ്മിയായിരുന്നു ഞാൻ. ഞാനെങ്ങാനും ഒന്നു ചിരിച്ചുപോയാൽ എല്ലാവരും എന്നെ പറ്റിക്കും എന്ന ചിന്ത എന്നിൽ എപ്പോഴും ഞാൻ ഒരു ബാരിക്കേഡ് സൃഷ്ടിച്ചു വച്ചു. മുടി മുറുക്കി പിന്നിയിട്ട് ഒരുതരം ധാർഷ്ട്യത്തോടെ ഡബ്ബിങ് തീയേറ്ററിലേക്ക് ഞാൻ വരുന്നതു കാണുമ്പോൾ പലരും പറയുന്നതു കേട്ടിട്ടുണ്ട്: 'എന്തൊരു ജാതി വരവാണിത്'

എന്റെ പ്രണയം മുറുകി പിന്നിയിരുന്ന എന്റെ മുടി വിടർത്തിയിട്ടു. എന്റെ നെറ്റിയിൽ എപ്പോഴും ഒരു ചുവന്ന പൊട്ടു തൊടുവിച്ചു. മുഖത്തൊരു പുഞ്ചിരി ഉണ്ടായിരിക്കാനും മറ്റുള്ളവരെ വിശ്വസിക്കാനും പഠിപ്പിച്ചു. ഒരിക്കലും മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ ഒരു വ്യക്തിക്കു സാധിക്കില്ലാ എന്നു ഞാൻ വിശ്വസിച്ചിരുന്നു.

നമുക്ക് ജീവിക്കാൻ മറ്റൊരാൾ പുറകിൽനിന്ന് പിന്താങ്ങിയിട്ട് കാര്യമില്ല, നമ്മൾതന്നെയാണ് നമ്മുടെ ശക്തിയും ധൈര്യവും, നമ്മെ തന്നെയാണ് നമ്മൾ ആദ്യം സ്‌നേഹിക്കേണ്ടത്. എത്ര സ്‌നേഹമുള്ള മാതാപിതാക്കന്മാരുണ്ടെങ്കിലും ഭർത്താവുണ്ടെങ്കിലും മക്കളുണ്ടെങ്കിലും നമ്മളുടെ ശരീരവും മനസ്സും ആരോഗ്യത്തോടെ വെയ്‌ക്കേണ്ടത് നമ്മൾ തന്നെയാണ്. ഒരാളും അവസാനം വരെ നമ്മോടൊപ്പം ഉണ്ടാകുമെന്നു വിചാരിക്കരുത്. ആരുമില്ലെങ്കിലും നീ നിന്റെ ആത്മധൈര്യം കൈവിടരുത്, നമുക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനേ അവകാശമുള്ളൂ. വേദനിപ്പിക്കാൻ അവകാശമില്ല. ഇങ്ങനെ കുറേകാര്യങ്ങൾ അയാൾ എന്നെ പഠിപ്പിച്ചു തന്നു.
അദ്ദേഹം കുറേശ്ശേ കുറേശ്ശേ എന്നെ മാറ്റിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. അടിമത്ത്വം സഹിക്കവയ്യാത്തതുകൊണ്ട് ഒരു ധൈര്യത്തിൽ വിവാഹബന്ധത്തിൽ നിന്ന് ഇറങ്ങിയെങ്കിലും മറ്റ് പല കാര്യങ്ങളിലും തീരെ ധൈര്യമില്ലാത്ത ആളായിരുന്നു ഞാൻ.

2001 വരെ ഞാൻ അത്രയൊന്നും മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എനിക്ക് സംസാരിക്കാനറിയില്ല, മാദ്ധ്യമങ്ങളിലും, വേദികളിലും ഒന്നും പ്രസംഗിക്കാനും, സാംസ്‌കാരിക കാര്യങ്ങളിൽ ഇടപെടാനും അദ്ദേഹമെന്നെ നിർബന്ധിച്ചു.

സംസാരിക്കുന്ന വിഷയങ്ങൾ എഴുതി പഠിപ്പിച്ചു. ആദ്യമൊക്കെ നോക്കി വായിക്കാൻ പറയും. മോശമല്ലേ നോക്കി വായിക്കുന്നത് എന്നു ചോദിക്കുമ്പോൾ പറയും. എത്രയോ വലിയ ആളുകൾ നോക്കി വായിക്കുന്നത് കണ്ടിട്ടില്ലേ... ഏത് വിഷയം സംസാരിക്കുമ്പോഴും, എന്റെ മുമ്പിൽ ഇരിക്കുന്നവരേക്കാൾ ആ വിഷയം സംസാരിക്കാൻ ഞാൻ എന്തുകൊണ്ടും അർഹയാണ് എന്നു സ്വയം തോന്നണം.

ഒരു കളിമണ്ണിനെ ശില്പമാക്കുകയായിരുന്നു അയാൾ. ഞാൻ അടിമുടി മാറിത്തുടങ്ങി. എനിക്കുതന്നെ എന്നെക്കുറിച്ച് അഭിമാനം തോന്നത്തക്കവിധം, രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും സംസാരത്തിലും മാത്രമല്ല, സമൂഹത്തിലും എനിക്കൊരു വ്യക്തിത്വം ഉണ്ടാക്കിത്തന്നത് അയാളായിരുന്നു.
പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല.

പതുക്കെപ്പതുക്കെ അയാൾ എന്നിൽനിന്ന് അകലാൻ തുടങ്ങി. ഫോൺവിളികൾ കുറഞ്ഞു. കാണാറില്ല. ഇതിനിടയിൽ എനിക്കൊരു ആക്‌സിഡന്റ് ഉണ്ടായി. സാമാന്യം നല്ല അപകടമായിരുന്നു. ഒരു ടാങ്കർലോറിയുമായി കൂട്ടിയിടിച്ച് വണ്ടി തവിടുപൊടിയായി. എനിക്കൊന്നും പറ്റിയില്ലെങ്കിലും ആ റോഡിൽ ആള് കൂടിയപ്പോ പെട്ടെന്ന് ഞാൻ ടെൻഷനിലായി. പക്ഷേ, എനിക്ക് ഒട്ടും ഭയമില്ലായിരുന്നു. എനിക്ക് വിളിക്കാൻ ഒരാളുണ്ട്, അതായിരുന്നു എന്റെ ധൈര്യം. ഉടനെ ഞാൻ അയാളെ വിളിച്ചു. എന്നെ ഞെട്ടിക്കുന്ന മറുപടിയായിരുന്നു അയാൾ പറഞ്ഞത്.
'എനിക്കിപ്പോ വരാൻ പറ്റില്ല'.
ആ നിമിഷം ഞാൻ തളർന്നുപോയി.

ജീവിതത്തിൽ ഒരപകടം സംഭവിച്ചാൽ ഞാൻ തീർത്തും ഒറ്റപ്പെട്ടു പോകും, ഞാൻ ഒരു അനാഥതന്നെയാണ് എന്നൊക്കെ തോന്നി. അപകടത്തേക്കാൾ വലിയ ഞെട്ടലാണ് അത് എന്നിലുണ്ടാക്കിയത്. ആ സമയത്ത് എന്നെ ഓടിവന്ന് സഹായിച്ചത് മറ്റുപലരുമായിരുന്നു.

ഈ സംഭവം എന്നെ വല്ലാതെ തളർത്തിക്കളഞ്ഞു. ലക്ഷ്മിക്ക് എന്തെങ്കിലും പറ്റിയോ എന്നുപോലും അയാൾ ചോദിച്ചില്ല. ഇതേക്കുറിച്ച് അയാളോട് ഞാൻ ചോദിച്ചപ്പോൾ വളരെ ഉദാസീനതയോടെയാണ് അയാൾ മറുപടി പറഞ്ഞത്. എങ്കിലും ഞാൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു. അയാളുടെ സാഹചര്യം അതായിരിക്കാം.

പിന്നീടൊരിക്കൽ എന്റെ ചെറിയ മകൻ ഒരു ബൈക്ക് ആക്‌സിഡന്റിൽപ്പെട്ട് മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കിടക്കുമ്പോഴും ഞാൻ ആദ്യം അയാളെയാണ് വിവരം അറിയിച്ചത്. ഞാൻ തകർന്നുനിൽക്കുന്ന ഒരു സമയമാണ്. എല്ലാവരോടും ധൈര്യത്തോടെ സംസാരിക്കുന്നുണ്ട്. ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ് എന്ന് ഡോക്ടർമാർ പറയുന്നുണ്ട്. അപ്പോഴും എന്റെ പ്രതീക്ഷ മുഴുവൻ അയാളുടെ വരവിലായിരുന്നു. എല്ലാം പറഞ്ഞൊന്ന് കരയാൻ. പക്ഷേ, അന്നും അയാൾ വന്നില്ല. പിന്നീട് ഒരു മാസം കഴിഞ്ഞിട്ടാണ് അയാൾ എന്റെ കുട്ടിയെ കാണാൻ വരുന്നത്.

ഒരു ദിവസം നിർബന്ധിച്ച് ചോദിച്ചപ്പോൾ അയാൾ പറഞ്ഞു :
ഒന്നാലോചിച്ച് നോക്കൂ ലക്ഷ്മീ, എന്നെയും ലക്ഷ്മിയെയും ഒരുമിച്ച് കണ്ടാൽ ആളുകൾ എന്തൊക്കെ പറയും. എന്റെ കാര്യം പോട്ടെ, ലക്ഷ്മിയുടെ ജീവിതത്തെ അത് വല്ലാതെ ബാധിക്കും. വിവാഹം കഴിക്കാതെ ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു നടന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഇന്നുവരെ ലക്ഷ്മിക്ക് ഒരു ചീത്തപ്പേരുണ്ടായിട്ടില്ല. ഇനിയും അതുണ്ടാവരുത്. ഈ സമൂഹം നമ്മളെ മനസ്സിലാക്കില്ല'.

ഞാൻ മനസ്സിൽ ചോദിച്ചു, 'എന്നെ വല്ലാതെ സ്‌നേഹിക്കുന്നു' എന്നു പറഞ്ഞപ്പോൾ നിങ്ങൾ ഇതൊന്നുമോർത്തില്ലേ? ഒരാളെ സ്‌നേഹിക്കാനും വേണ്ടെന്നു വയ്ക്കാനും ഇത്ര എളുപ്പമാണോ?

പിന്നീട് ഞാനുമാലോചിച്ചു. ശരിയാണ് ഞങ്ങൾക്ക് ഒരുപാടു പരിമിതികളുണ്ട്. പ്രത്യേകിച്ച് എനിക്ക്. ഒരു ബന്ധം വേർപെടുമ്പോൾ മറ്റൊന്നിൽ ചെന്നുവീഴുന്നത് സർവ്വസാധാരണമാണ്, അങ്ങനെയൊന്നിൽ ഞാനും ചെന്ന് വീഴാൻ പാടില്ല. ഇനിയൊരു വിവാഹം എനിക്ക് ഭയമായിരുന്നു. രഹസ്യമായ ബന്ധത്തിൽ എനിക്ക് ഒട്ടും താൽപര്യമില്ല.

എല്ലാ സ്‌നേഹവും മനസ്സിൽ വച്ചുകൊണ്ടുതന്നെ ഞങ്ങൾ പിരിഞ്ഞു.