'അധികാരത്തിനെതിരെയുള്ള മനുഷ്യന്റെ സമരം, മറവിക്കെതിരെയുള്ള ഓർമയുടെ സമരം തന്നെയാണ്' എന്ന വാക്യം കമ്യൂണിസ്റ്റ് സർവാധിപത്യത്തിനെതിരെ എഴുതപ്പെട്ട മിലാൻ കുന്ദേരയുടെ ഒരു നോവലിലുള്ളതാണ്. കെ സി നാരായണൻ ഈ വാക്യം സി ആർ പരമേശ്വരന്റെ 'പ്രകൃതിനിയമ'ത്തിനെഴുതിയ പഠനത്തിൽ പരാമർശിച്ചതുമുതലാണ് മലയാളി എഴുത്തുകാരും വായനക്കാരും ഓർമയുടെ രാഷ്ട്രീയത്തെക്കുറിച്ച് മുൻപില്ലാതിരുന്നവിധം ചിന്തിച്ചു തുടങ്ങുന്നത്.

ആനന്ദും മാധവനും സാറാജോസഫും അംബികാസുതനും പ്രഭാകരനും മുതൽ ടി പി രാജീവനും സുഭാഷ്ചന്ദ്രനും സന്തോഷ്‌കുമാറും വരെയുള്ള എഴുത്തുകാർ തങ്ങളുടെ നോവലുകളെ ചരിത്രത്തോടും രാഷ്ട്രീയത്തോടും ബന്ധപ്പെടുത്തുന്നതിന്റെ മുഖ്യ രീതിശാസ്ത്രംതന്നെ ഓർമയായി മാറി.

'പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ആദ്യ നോവലിലെന്നപോലെ 'കെ ടി എൻ കോട്ടൂർ: എഴുത്തും ജീവിതവും' എന്ന രണ്ടാമത്തെ നോവലിലും രാജീവന്റെ രചനാതന്ത്രം ഓർമയുടെ ഈ രാഷ്ട്രീയവൽക്കരണവും ചരിത്രവൽക്കരണവുമാണ്.

രാജീവന്റെ രണ്ടു നോവലുകൾക്കുമുണ്ടായ രണ്ടു ദുര്യോഗങ്ങൾ എടുത്തുപറയുക തന്നെവേണം. ഒന്നാമത്തേത്, യാതൊരു നിലവാരവുമില്ലാത്ത സിനിമകളായി ഇവയ്ക്കുണ്ടായ അനുകല്പനമാണ്. മുഴുവൻ രാഷ്ട്രീയോർജ്ജവും ചോർത്തിക്കളഞ്ഞ് വെറും പ്രേമകഥകളും നാടകസംഭാഷണങ്ങളുമായി ഈ നോവലുകളെ രഞ്ജിത്ത് സിനിമയാക്കിയതോടെ, ആ സിനിമകളുടെ നിലവാരമില്ലായ്മ നോവലുകളുടെയും പരിമിതിയായി പൊതുവെ കരുതപ്പെട്ടു. രണ്ടാമത്തേത്, കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ ഇടതുപക്ഷ നിരൂപകർ ഈ കൃതികൾക്കുനേരെ കൈക്കൊണ്ട അവഗണനയാണ്. കഴിഞ്ഞ ദശകത്തിൽ മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച നോവലായിട്ടും പാലേരിമാണിക്യം വ്യാപകമായി തമസ്‌കരിക്കപ്പെട്ടതിന്റെ കാരണമിതു മാത്രമായിരുന്നു.[BLURB#1-VL]

1957 ലെ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്തുണ്ടായ ഒരു ദലിത് യുവതിയുടെ കൊലപാതകക്കേസ് പ്രതിസ്ഥാനത്തുവന്ന ജന്മിക്കുവേണ്ടി മുഖ്യമന്ത്രി ഇ എം എസ് അട്ടിമറിച്ചുവെന്ന രാഷ്ട്രീയവിചാരണയായിരുന്നു പാലേരിയുടെ ചരിത്രസമീപനം. ദേശീയപ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും കോൺഗ്രസ് നേതാവായും പിന്നെ സോഷ്യലിസ്റ്റായും മുൻനിരയിലെത്തിയ കെ ടി എൻ കോട്ടൂർ, കമ്യൂണിസ്റ്റ് പാർട്ടിയോടും നേതൃത്വത്തോടും തെറ്റിപ്പിരിഞ്ഞ് അജ്ഞാതജീവിതം നയിച്ച് ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു മറഞ്ഞുപോയതിന്റെ കഥയാണ് പുതിയ നോവൽ.

മലബാറിലെ കോട്ടൂർ എന്ന വിദൂരഗ്രാമത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാഗാന്ധിക്കും ദേശീയ സ്വാതന്ത്ര്യസമരത്തിനും മുദ്രാവാക്യം വിളിച്ചു മരിച്ചുപോയ പിതാവിൽനിന്നു പകർന്നുകിട്ടിയ രാഷ്ട്രീയജീവിതമായിരുന്നു കെ ടി എൻ കോട്ടൂരിന്റേത്. തകർന്നുകൊണ്ടിരുന്ന നായർ തറവാടുകളുടെയും പരിണമിക്കുന്ന പൊതുസമൂഹത്തിന്റെയും പശ്ചാത്തലം കോട്ടൂരിന് ഊറ്റം പകർന്നു. മാതാപിതാക്കൾ മരിച്ചതോടെ അയാൾ കവിയും ബുദ്ധിജീവിയും സംഘാടകനും പ്രഭാഷകനും കാമുകനുമായി ജീവിച്ചു. ദേശീയപ്രസ്ഥാനത്തിൽ രൂപംകൊണ്ടുതുടങ്ങിയ സോഷ്യലിസ്റ്റ് ചേരിയിൽ കൃഷ്ണപിള്ളയ്ക്കും എ കെ ജിക്കുമൊപ്പം അംഗമായി. സോഷ്യലിസ്റ്റ് ചേരി കമ്യൂണിസ്റ്റ് പാർട്ടിയായി രൂപംമാറിയതോടെ ആശയപരമായ അഭിപ്രായഭിന്നതകളും പ്രയോഗപരമായ വഴിമാറ്റങ്ങളും അയാളിൽ നാമ്പെടുക്കുന്നു. വിദ്യാഭ്യാസം അവസാനിപ്പിച്ച് പ്രത്യക്ഷ രാഷ്ട്രീയപ്രവർത്തനങ്ങളോടു വിടപറഞ്ഞ്, സുശീല എന്ന പ്രണയിനിയെ ഒഴിവാക്കി വീട്ടിൽ തിരിച്ചെത്തുന്ന കോട്ടൂർ വീട്ടിലെ ജോലിക്കാരി ജാനുവിനെ ഗർഭിണിയാക്കി നാടുവിട്ടു. കാലങ്ങൾക്കുശേഷം തിരിച്ചെത്തുന്ന കോട്ടൂർ കുറെനാൾ പാടിക്കുന്നിലെ വള്ളിക്കൊപ്പം കഴിഞ്ഞു. പിന്നെ തന്നോടുതന്നെ പകപോക്കാനായി അന്ധയായ ലക്ഷ്മിക്കുട്ടിയെ വിവാഹം ചെയ്തു. ഇതിനിടെ ഭാഗംവയ്ക്കലും അവശേഷിച്ച തറവാടിന്റെ ശൈഥില്യവുമൊക്കെ പൂർത്തിയായി. അധികം താമസിയാതെ ഭാര്യയെ ഉപേക്ഷിച്ച് അയാൾ മദിരാശിയിലേക്കു നാടുവിട്ടു. അവിടെ എം ഗോവിന്ദനെ ഇടയ്ക്കിടെ ചെന്നുകണ്ടും അലഞ്ഞുതിരിഞ്ഞും ലൈംഗികത്തൊഴിലാളിയായ സുശീലയ്‌ക്കൊപ്പം ജീവിക്കുന്നു. ഇന്ത്യ സ്വതന്ത്രമായ ദിവസം മറീനകടപ്പുറത്ത് ദേശീയപതാകയെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോഗ്രാഫിന്റെ രൂപത്തിൽ ചരിത്രത്തിലേക്കു തിരോഭവിച്ച കോട്ടൂരിൽ നോവൽ അവസാനിക്കുകയും ചെയ്യുന്നു.

ലേഖനങ്ങളും കത്തുകളും കവിതകളും മറ്റുമായി തന്റെ രാഷ്ട്രീയജീവിതത്തെയും സ്വകാര്യജീവിതത്തെയും അടയാളപ്പെടുത്തിയ എഴുത്തുകാരനും കവിയും എന്ന നിലയിലാണ് നോവൽ കോട്ടൂരിനെ അവതരിപ്പിക്കുന്നത്. തന്റെ എഴുത്ത് ജീവിതമാക്കി ചരിത്രത്തിലേക്കു വിവർത്തനം ചെയ്ത ഒരു മനുഷ്യന്റെ കഥയായി മാറുന്നു, അതുവഴി ഈ നോവൽ. ആധുനികതാവാദത്തിന്റെ ഉച്ചഘട്ടത്തിൽ മലയാളി എഴുത്തുകാരും കലാപ്രവർത്തകരും അവതരിപ്പിച്ച അരാജകജീവിതത്തിന്റെ പ്രവാചകസ്വരൂപമായി രാജീവൻ കോട്ടൂരിനെ മാറ്റുന്നു. എഴുത്തിലും സ്വകാര്യജീവിതത്തിലും അയാൾ ഒരുപോലെ അരാജകവാദിയായിരുന്നു. 'പാലേരിമാണിക്യ'ത്തിലെന്നപോലെ കമ്യൂണിസത്തിന്റെ രാഷ്ട്രീയവിചാരണ തന്നെയാണ് കോട്ടൂരിലും രാജീവന്റെ നോവൽ ദൗത്യം. അതിനു കൂടുതൽ വിശാലമായ ഒരു ചരിത്രപശ്ചാത്തലം സങ്കല്പിക്കുന്നുവെന്നു മാത്രമേയുള്ളു.[BLURB#2-VR]

മഹാത്മാഗാന്ധിയുടെ നിലപാടുകളെയും സമരമുറകളെയും നിശിതമായി വിമർശിക്കുന്ന 'സോഷ്യലിസ്റ്റ്', കമ്യൂണിസത്തിന്റെ നരഹത്യകളിൽ ചങ്കുതകരുന്ന 'ഹ്യൂമനിസ്റ്റ്', സാഹിത്യത്തിനും സംസ്‌കാരത്തിനും മേൽ പിടിമുറുക്കുന്ന കക്ഷിരാഷ്ട്രീയ നിലപാടുകൾക്കെതിരെ എഴുത്തുകാരുടെയും കലാപ്രവർത്തകരുടെയും വ്യക്തി-ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കുന്ന 'ലിബറലിസ്റ്റ്' , കമ്യൂണിസ്റ്റ് പാർട്ടിയോടു വിയോജിച്ചിട്ടും കർഷകർക്കൊപ്പം കർഷകത്തൊഴിലാളികളെ ഒരു കുടക്കീഴിൽ സംഘടിപ്പിക്കുന്ന 'യഥാർഥ' കമ്യൂണിസ്റ്റ്, ദേശീയ സ്വാതന്ത്ര്യത്തിന്റെയും കർഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെയും സംഘർഷങ്ങൾക്കിടയിലും വ്യക്തിജീവിതം താറുമാറാക്കിക്കളയുന്ന 'അനാർക്കിസ്റ്റ്'... കെ ടി എൻ കോട്ടൂരിന്റെ ജീവിതം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒന്നാംപകുതി സാക്ഷ്യം വഹിച്ച മുഴുവൻ 'ഇസ'ങ്ങളിലൂടെയും കടന്നുപോകുന്നു. 'എത്ര ഉദാത്തമാണെങ്കിലും എല്ലാ സംഘടനകളും വിജയിക്കുന്നത് ജനങ്ങളുടെ അജ്ഞതയിലും നിസ്സഹായതയിലുമാണ്' എന്ന് തിരിച്ചറിഞ്ഞ കോട്ടൂർ കമ്യൂണിസ്റ്റ് പാർട്ടിയോടു വിടപറയുന്നു. പാർട്ടിസമ്മേളനങ്ങളിലെ ചർച്ചകളിൽ കൃഷ്ണപിള്ളയോടും എ കെ ജിയോടും ഇ എം എസിനോടും ഉണ്ണിരാജയോടും ഏറ്റുമുട്ടുന്ന കോട്ടൂർ, നാല്പതുകളിൽ കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിൽ ഉയർന്നുവന്ന ലിബറൽ ജനാധിപത്യ, വിമതസ്വരങ്ങളുടെ ആൾരൂപമായി ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. എം ഗോവിന്ദനെത്തേടി മദിരാശിക്കുപോകുന്ന കോട്ടൂരിലാണ് നോവലിന്റെയും ചരിത്രത്തിന്റെയും ക്ലൈമാക്‌സ് എന്നും പറയാം.

ഒരിക്കൽ കോട്ടൂർ തന്റെ ബാല്യകാലസഖിയായ സുശീലയോട് പറയുന്നുണ്ട്, 'തോറ്റംപാടി ആളുകളെ കോമരങ്ങളാക്കുന്ന, ഉറഞ്ഞുതുള്ളിക്കുന്ന, എന്തിനെന്നറിയാതെ സ്വന്തം തലവെട്ടിപ്പൊളിക്കാൻ പ്രേരിപ്പിക്കുന്ന, തീയിലൂടെ നടത്തിക്കുന്ന, പ്രാകൃതമായ അനുഷ്ഠാനങ്ങൾ തന്നെയാണ് ഈ കാലത്തും പാർട്ടികൾ പിന്തുടരുന്നത്. ഏറെനാൾ ഞാനും ഒരു കോമരമായി വെളിച്ചപ്പെട്ട് പുലമ്പി. ഇനി അതുവയ്യ. അതു രാഷ്ട്രീയമായാലും സാഹിത്യമായാലും'.

പാർട്ടിവിട്ട കോട്ടൂരിനെ പാർട്ടി മറന്നതുപോലെ നാടുവിട്ട കോട്ടൂരിനെ നാട്ടുകാരും മറന്നു. മറവി പ്രസ്ഥാനങ്ങളുടേതാകട്ടെ, വ്യക്തികളുടേതാകട്ടെ, ആത്മരക്ഷയ്ക്കായി അവർ നിർമ്മിച്ചെടുക്കുന്ന ഒരു കവചമാണ്. ഓർമകൾ അവരെ അസ്വസ്ഥരാക്കും. 'ചിലർ ജീവിച്ചിരിക്കുമ്പോൾതന്നെ വിസ്മൃതിയിലേക്കു തള്ളപ്പെടുന്നു. ചിലർ മരണശേഷവും എന്ന വ്യത്യാസമേയുള്ളു'.[BLURB#3-VL]

ദേശീയപ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലുമൊക്കെ പ്രവർത്തിച്ച് അജ്ഞാതരായി ചരിത്രത്തിൽ മുങ്ങിമറഞ്ഞുപോകുന്ന പതിനായിരക്കണക്കിനു സാധാരണ മനുഷ്യരുടെ പ്രതീകമല്ല കെ ടി എൻ കോട്ടൂർ. പ്രസ്ഥാനങ്ങളും സംഘടനകളും കെട്ടിപ്പടുത്ത ആദർശവാദികളെ ആ സ്ഥാപനങ്ങൾതന്നെ ആസൂത്രിതമായ തന്ത്രങ്ങളിലൂടെ തമസ്‌കരിച്ചും മറന്നും ചരിത്രത്തിൽ കുഴിച്ചുമൂടാൻ നടത്തുന്ന ശ്രമങ്ങളുടെ ഇരയാണ് അയാൾ. ഇത്തരം ഒട്ടധികം ആദർശവാദികൾ നോവലിൽതന്നെ മറവിയിലാണ്ടു പോകുന്നുണ്ട്. കോട്ടൂരിന്റെ അച്ഛൻ മുതൽ തീവ്രദേശീയവാദിയായി മാറുന്ന കേശവൻനായരും ഏറ്റവും നിസ്വനായിട്ടും ജീവിതത്തിൽ അസാമാന്യമായ പ്രജ്ഞയും സ്ഥൈര്യവും വെളിപ്പെടുത്തുന്ന നകുലനും തന്റെ പ്രണയവും ഭാവിയും മറ്റൊരാൾക്കു പങ്കുവയ്ക്കാനാവില്ല എന്നു തുറന്നുപറയുന്ന സുശീലയും വരെ. പ്രായോഗികതയും അവസരവാദവുമാണ് രാഷ്ട്രീയത്തിൽ വിജയത്തിന്റെ ചവിട്ടുപടികളെന്നും പലരെയും പലതിനെയും മറന്നുകൊണ്ടു മാത്രമേ പ്രസ്ഥാനങ്ങൾക്കും സംഘടനകൾക്കും നിലനിൽക്കാനാവൂ എന്നും ചരിത്രം തെളിയിക്കുന്നു. അങ്ങനെയാണ് അവർക്കുവേണ്ടി നിർമ്മിക്കപ്പെടുന്ന ചരിത്രം ഓർമകളുടേതെന്നതിനെക്കാൾ മറവികളുടേതാകുന്നുവെന്ന് നോവൽ സ്ഥാപിക്കുന്നത്.

ടി പി രാജീവൻ തന്റെ ആദ്യ നോവലിലെന്നപോലെ കെ ടി എൻ കോട്ടൂരിലും ചെയ്യുന്നത് ഈവിധമുള്ള മറവിക്കെതിരെ ഓർമകൾ മുന്നോട്ടുവച്ചുകൊണ്ട് യഥാർഥ ചരിത്രത്തിനു കാവലിരിക്കുകയാണ്. ആഖ്യാനത്തിൽ 'പാലേരിമാണിക്യ'ത്തിന്റെ മുറുക്കമോ ചടുലതയോ കോട്ടൂരിനില്ല. കോട്ടൂരിന്റെ കവിതയും ലേഖനങ്ങളുമായി ഈ കൃതി അവതരിപ്പിക്കുന്ന അസംഖ്യം രചനകൾക്ക് ഭാവതീവ്രത തീരെ കുറവാണ്. അവയുടെ ഭാഷ 1930-40 കാലത്തേതുമല്ല. കോട്ടൂരിന്റെ ജീവചരിത്രവും കോട്ടൂരിനെക്കുറിച്ചുള്ള ഗവേഷണവുമാകട്ടെ തീർത്തും ബാലിശങ്ങളുമാണ്. എങ്കിലും ഓർമകളെ മറവിക്കെതിരെ നിരത്തുന്ന രാഷ്ട്രീയ പ്രക്രിയയിൽ പാലേരിമാണിക്യത്തെപ്പോലെ ഈ നോവലും മലയാളഭാവനയിൽ ഒരു വഴിമാറി നടപ്പാണ് എന്നുപറയാം.[BLURB#4-H]

നോവലിൽനിന്ന്
ഏറ്റവും പിൻനിരയിലായിരുന്നു കെ ടി എൻ കോട്ടൂർ ഇരുന്നിരുന്നത്. മനസ്സില്ലാമനസ്സോടെ എഴുന്നേറ്റ് കോട്ടൂർ ഹാളിന്റെ മുൻനിരയിലേക്കു നടന്നു. വേദിയിലേക്കു കയറണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചു. വിളിച്ചത് കൃഷ്ണപിള്ളയാണ്. പോയില്ലെങ്കിൽ മോശമല്ലേ എന്നു തോന്നിയതുകൊണ്ട് വേദിയിലേക്കു കയറി. പിന്നീട് എന്താണ് പറഞ്ഞത് എന്ന് കോട്ടൂരിനുപോലും നിശ്ചയമില്ലായിരുന്നു.

കോട്ടൂർ പറഞ്ഞു: കണ്ണാടികളില്ലാത്ത വീട്ടിലാണ് ഞാൻ ജനിച്ചത്. അതുകൊണ്ടുതന്നെ ഞാൻ എങ്ങനെയാണ് എന്ന് എനിക്കുപോലും അറിയില്ലായിരുന്നു. ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയ ദിവസമാണ് ഞാൻ ആദ്യമായി കണ്ണാടി നോക്കുന്നത്. അതും ആരെങ്കിലും കാണുന്നുണ്ടോ എന്നു സംശയിച്ചും ഭയന്നും. വഴിയിൽനിന്ന് കിട്ടിയ കുപ്പിച്ചില്ല് ചാണകത്തിൽ ഉറപ്പിച്ച് അതിലേക്കു നോക്കിയ ആദിമനിവാസിയുടെ അനുഭവമായിരുന്നു എനിക്ക്. എന്റെ ഛായ എന്റെ പൂർവികരുടെ ഛായയായി ഞാൻ തെറ്റിദ്ധരിച്ചു. കണ്ണാടിയെ ഞാൻ ആരാധിക്കാൻ തുടങ്ങി. കണ്ണാടിക്കു മുൻപിൽ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങി. എന്റെ പൂർവികരോട് എനിക്കു പറയാനുള്ളത് ഞാൻ കണ്ണാടിക്കു മുന്നിൽ നിന്ന് പറയാനും കരയാനും അഭ്യർത്ഥിക്കാനും തുടങ്ങി. ആദ്യമായ് സ്വന്തം നിഴൽ കണ്ടവന്റെ പരിഭ്രമവും ഞെട്ടലുമാണ് എനിക്ക്, ഈ ക്യാമ്പിൽ പങ്കെടുത്തപ്പോൾ ഉണ്ടായത്.

അതേസമയംതന്നെ, കണ്ണാടിയിലെ നിഴലുകളെ നാം വിശ്വസിച്ചുകൂടാ. അത് നമ്മുടെ പൂർവികരുടെ രൂപമല്ലാത്തതുപോലെതന്നെ നമ്മുടെ രൂപവുമല്ല. ഈ പരിശീലനക്കളരിയിൽ പല കാര്യങ്ങളും നമ്മൾ അറിഞ്ഞു. ലോകചരിത്രം, 1935-ലെ ഇന്ത്യാ ആക്ട്, നമ്മുടെ ഗ്രാമങ്ങളിലെ ജീവിതം, കോൺഗ്രസ്സിന്റെ ചരിത്രം, തൊഴിലാളിവർഗചരിത്രം, ലോകത്ത് ഉരുണ്ടുകൂടിവരുന്ന ഫാഷിസ്റ്റ് യുദ്ധഭീഷണി, അതിനെതിരെ ശക്തിപ്രാപിച്ചുവരുന്ന ജനകീയപ്രസ്ഥാനം; ഇങ്ങനെ ഏതാണ്ട് എല്ലാ വിഷയങ്ങളെപ്പറ്റിയുമുള്ള സാമാന്യവിവരം നമുക്കു ലഭിച്ചുകഴിഞ്ഞു. പക്ഷേ, നമ്മളെപ്പറ്റി, നമുക്ക് എന്തെങ്കിലും അറിയാനോ മനസ്സിലാക്കാനോ കഴിഞ്ഞോ?

എന്തിനാണ് നമ്മളെക്കൊണ്ട് 'ഡ്രിൽ' എടുപ്പിച്ചതെന്ന് നമ്മുടെ ബഹുമാനപ്പെട്ട അദ്ധ്യാപകർ പറഞ്ഞു. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനുള്ള കായികമായ കരുത്ത് നമുക്കു വേണം. അതേസമയം കായികമായ കരുത്തുകൊണ്ടുമാത്രം നമുക്കു പ്രതിസന്ധികളെ തരണം ചെയ്യാൻ പറ്റുമോ? അതിനുള്ള മാനസികമായ കരുത്തുകൂടി നമുക്കു വേണ്ടേ? ആദ്യമായി കണ്ണാടി നോക്കുന്നവന്റെ വിഭ്രാന്തികളിൽനിന്ന് നമുക്കു മോചനം വേണ്ടേ? നമുക്ക് നമ്മളെയെങ്കിലും തിരിച്ചറിയാൻ കഴിയേണ്ടേ?

ഇവിടെ നോക്കൂ, നമ്മൾ ജാതിക്കും മതത്തിനും എതിരാണ്. പക്ഷേ, നമ്മെ നയിക്കുന്നവരോ, പിള്ളയും മേനോനും നായരും നമ്പൂതിരിയും. അത്തരം പൂർവാർജിത നിഴലുകളിൽനിന്ന് എന്തുകൊണ്ട് അവർക്കു രക്ഷപ്പെടാൻ കഴിയുന്നില്ല? ആദ്യമായി കണ്ണാടി നോക്കിയ ആദിമനിവാസികളാണോ നമ്മെ നയിക്കുന്നത്? സ്വാതന്ത്ര്യം എന്ന സങ്കല്പം ഒരു കണ്ണാടിയാണെങ്കിൽ, പ്രണയം എന്ന സങ്കല്പവും ഒരു കണ്ണാടിയാണ്. ഒന്നുകിൽ നമുക്കത് എറിഞ്ഞുടയ്ക്കാം, അല്ലെങ്കിൽ നമ്മുടെ ഭിത്തികളിൽ എല്ലാവർക്കും കാണുന്നതുപോലെ ആണിയടിച്ചു തൂക്കാം.

സംസാരിക്കുന്നതിനിടയിൽ കെ ടി എൻ കോട്ടൂർ ഇടയ്ക്കിടയ്ക്ക് പി കൃഷ്ണപിള്ളയെ നോക്കുന്നുണ്ടായിരുന്നു. കൃഷ്ണപിള്ളയാകട്ടെ ശ്വാസമടക്കി കോട്ടൂരിന്റെ സംസാരം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

'എന്റെ വാക്കുകൾ അവ്യക്തമായെങ്കിൽ, അത് നാം ചർച്ചചെയ്ത വിഷയങ്ങളെപ്പറ്റിയുള്ള നമ്മുടെതന്നെ അവ്യക്തതയുടെ ഫലമായുണ്ടായതാണ്'. സംസാരം അവസാനിപ്പിക്കുന്നതിനു മുൻപ് കോട്ടൂർ പറഞ്ഞു.

കൃഷ്ണപിള്ളയടക്കം വേദിയിലുണ്ടായിരുന്നവരും സദസ്സിലുണ്ടായിരുന്നവരും എങ്ങനെയാണ് കോട്ടൂരിന്റെ അഭിപ്രായങ്ങളോടു പ്രതികരിക്കേണ്ടത് എന്നറിയാതെ കുറച്ചുനേരം നിശ്ശബ്ദരായ് ഇരുന്നു. അംഗങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും മറുപടി പറയേണ്ട ചുമതല ഇ എം ശങ്കരൻ നമ്പൂതിരിപ്പാടിനായിരുന്നു. 'സോഷ്യലിസം പ്രാവർത്തികമാക്കാൻ കഴിയുമോ', 'ബ്രിട്ടീഷുകാർ ഇന്ത്യവിട്ടു പോയാൽ രാജ്യത്ത് അരാജകത്വം വരില്ലേ?', 'മാപ്പിളലഹളയുടെ അടിത്തറ വർഗീയതയായിരുന്നില്ലേ?', 'സായുധകലാപത്തിന് ജനങ്ങളെ തയ്യാറാക്കുന്നത് കോൺഗ്രസ്സിന്റെയും ഗാന്ധിയുടെയും പ്രഖ്യാപിത മാർഗങ്ങളിൽ നിന്നുള്ള വ്യതിചലനമല്ലേ?' എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കു മറുപടി പറഞ്ഞശേഷം ഇ എം എസ്, കോട്ടൂർ ഉന്നയിക്കാൻ ശ്രമിച്ച വിഷയത്തിലേക്കു കടന്നു.

കെ ടി എൻ കോട്ടൂർ: എഴുത്തും ജീവിതവും
(നോവൽ)
ടി പി രാജീവൻ
കറന്റ്ബുക്‌സ്, തൃശൂർ
275 രൂപ