- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപഹരിക്കപ്പെടുന്ന ജീവിതങ്ങൾ
അമേരിക്കൻ മലയാളി കണ്ട സമകാലജീവിതത്തിന്റെ മികച്ച ആവിഷ്‌ക്കാരമായിരുന്നു കെ.വി. പ്രവീൺ എഴുതിയ 'ഡിജാൻലീ' (2009). അമേരിക്കയിലുള്ള മലയാളികളുടെ കുടുംബ, ദാമ്പത്യ, പ്രണയ കലഹങ്ങളുടെ അവതരണമെന്ന നിലയിലല്ല ഈ കൃതി ഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. മറിച്ച്, മലയാളി ഉൾക്കൊണ്ട അമേരിക്കൻ ജീവിതത്തിന്റെ ആഖ്യാനമെന്ന നിലയിലാണ്. ആഗോളവൽക്കരണകാലം സൃഷ്ടിച്ച ബഹ
അമേരിക്കൻ മലയാളി കണ്ട സമകാലജീവിതത്തിന്റെ മികച്ച ആവിഷ്‌ക്കാരമായിരുന്നു കെ.വി. പ്രവീൺ എഴുതിയ 'ഡിജാൻലീ' (2009). അമേരിക്കയിലുള്ള മലയാളികളുടെ കുടുംബ, ദാമ്പത്യ, പ്രണയ കലഹങ്ങളുടെ അവതരണമെന്ന നിലയിലല്ല ഈ കൃതി ഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. മറിച്ച്, മലയാളി ഉൾക്കൊണ്ട അമേരിക്കൻ ജീവിതത്തിന്റെ ആഖ്യാനമെന്ന നിലയിലാണ്. ആഗോളവൽക്കരണകാലം സൃഷ്ടിച്ച ബഹുരാഷ്ട്രകുത്തക വിപണിയുടെ അനന്തരഫലങ്ങളിലൊന്നായ ഇലക്ട്രോണിക് മാലിന്യപ്രശ്‌നമുൾപ്പെടെയുള്ളവ ആവിഷ്‌ക്കരിച്ച ഡിജാൻലീയിൽ കഥാപാത്രങ്ങൾ പോലും മലയാളികളായിരുന്നില്ല. എങ്കിലും അതൊരു മികച്ച പ്രവാസ മലയാള നോവലാകുന്നു. പ്രവീൺ എഴുതിയ രണ്ടാമത്തെ നോവൽ, 'പ്രച്ഛന്നവേഷ'വും (2013) സമാനമായ ഒരമേരിക്കൻ ജീവിതാനുഭവത്തിന്റെ സമകാല പ്രതിനിധാനമാണ്. ഇതിലും കഥാപാത്രങ്ങൾ മലയാളികളല്ല; അഥവാ ആണെന്നതിന്റെ സൂചനകളില്ല. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർക്കു പിറന്ന അരുൺ വിശ്വനാഥൻ എന്ന ചെറുപ്പക്കാരനാണ് നായകൻ.
അമേരിക്കൻ ജീവിതം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്കും കുടിയേറ്റക്കാർക്കും നൽകുന്ന ഭീതികളുടെയും സംഘർഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ചെറിയൊരു രാവണൻകോട്ടയാണ് 'ഡിജാൻലീ' എന്നപോലെ 'പ്രച്ഛന്നവേഷ'വും. ആദ്യനോവലിൽ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുന്ന കുറ്റാന്വേഷണമാണ് ഇതിവൃത്തമായി വികസിക്കുന്നതെങ്കിൽ, 'പ്രച്ഛന്നവേഷ'ത്തിൽ അത് ഒരു ക്രെഡിറ്റ് കാർഡ്തട്ടിപ്പ് കുറ്റത്തിന്റെ അന്വേഷണമായി വികസിക്കുന്നു. ഇരു നോവലുകളും സൈബർജീവിതത്തിന്റെ സമാന്തര സ്ഥലഭാവനയിലാണ് ആവിഷ്‌ക്കാരം പൂർത്തിയാക്കുന്നത്. പ്രതീതിയാഥാർഥ്യത്തിന്റെ സൈബർകാലം അരുണിനു മാത്രമല്ല, ഈ നോവലിലെ പല കഥാപാത്രങ്ങൾക്കും മേൽ വലപോലെ പടർന്നുനിൽക്കുന്നു. സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ ദശലക്ഷക്കണക്കായ പ്രവാസികൾക്ക് തങ്ങളുടെ ജീവിതം വഴിമുട്ടുന്നതിന്റെ സമീപകാല ചരിത്രമാണ് നോവലിന്റെ പ്രശ്‌നഭൂമിക. അമേരിക്കൻ കുടിയേറ്റക്കാരുടെ മകനായ അരുണും, അയാളെ കബളിപ്പിക്കുന്ന ഉക്രെയിനിൽ നിന്നുള്ള കുടിയേറ്റക്കാരനും, അരുണിനെ വിവാഹം ചെയ്ത് തന്റെ വ്യാജപൗരത്വവും ഭാവിയും സുരക്ഷിതമാക്കാൻ കൊതിക്കുന്ന അയാളുടെ കാമുകി, മെക്‌സിക്കൻ സ്വദേശിയായ ജൂലിയുമൊക്കെ ഈയർഥത്തിലാണ് സമാനരാകുന്നത്. [BLURB#1-VL]
അമേരിക്കയിൽ പ്രൊഫസറായ അച്ഛൻ. കാൻസർ ബാധിച്ചു മരിക്കുന്ന അമ്മ. ഒട്ടുമേ സുഖകരമല്ലാത്ത കുടുംബാന്തരീക്ഷം. പതറുന്ന ഭൗതികജീവിതം. ചിതറുന്ന മാനസികജീവിതം. സ്ഥിരതയില്ലാത്ത തൊഴിൽ. ഉറപ്പില്ലാത്ത വരുമാനം - സ്വന്തം ജീവിതം ഒറ്റയ്ക്കു ജീവിച്ചുതീർക്കാൻ വിധിക്കപ്പെട്ടവനാണ് അരുൺ വിശ്വനാഥൻ. തന്റെ ക്രെഡിറ്റ് കാർഡിൽനിന്ന് വലിയൊരു തുക താനറിയാതെ പിൻവലിക്കപ്പെട്ടതറിഞ്ഞ് ബാങ്കിലും പൊലീസ് സ്റ്റേഷനിലും പരാതിയുമായി കയറിയിറങ്ങുന്നു, അരുൺ. ഒടുവിൽ കുറ്റവാളിയെ കണ്ടുപിടിക്കാൻ സ്വയം തുനിഞ്ഞിറങ്ങി അതിൽ വിജയിക്കുമ്പോഴേക്കും അയാൾക്ക് വലിയൊരു തുക മാത്രമല്ല നഷ്ടമായത്. സ്വകാര്യതയെക്കുറിച്ചും സാമ്പത്തിക സുരക്ഷയെക്കുറിച്ചും തൊഴിൽ ഭദ്രതയെക്കുറിച്ചുമൊക്കെ അമേരിക്ക കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരങ്ങളിലുണ്ടായിരുന്ന വിശ്വാസം കൂടിയാണ്. യഥാർഥത്തിൽ ഈ നോവൽ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും മറ്റൊന്നല്ല. അമേരിക്ക അതിന്റെതന്നെ പൗരർക്കു മുന്നിൽ നേരിടുന്ന അവിശ്വാസമാണത്.
കഴിഞ്ഞ ദശകത്തിലെ പ്രസിദ്ധമായ സാമ്പത്തികമാന്ദ്യത്തിന്റെ ആഭ്യന്തര യുക്തികൾ പാശ്ചാത്യലോകത്തു സൃഷ്ടിച്ച അപാരമായ സ്വത്വസംഘർഷങ്ങളുടെ ഒരു ചെറിയ മഞ്ഞുപാളി മാത്രമാണ് 'പ്രച്ഛന്നവേഷം'. മലയാളസാഹിത്യത്തിൽ തീരെ പ്രമേയവൽക്കരിക്കപ്പെടാത്ത ആഗോള സാമ്പത്തികഘടനകളുടെ സാന്നിധ്യം മാത്രമല്ല ഈ കൃതിയെ ശ്രദ്ധേയമാക്കുന്നത്. നമ്മുടെ 'ന്യൂജനറേഷൻ സിനിമകൾ' പോലെ, തീരെ ചെറിയ ഒരു ചുറ്റുവട്ടവും കുറഞ്ഞ കഥാപാത്രങ്ങളും കടുത്ത സ്വകാര്യതയും റിയലിസ്റ്റിക്കായ ആഖ്യാനവും നേരിട്ടുള്ള ഭാഷയും 'പ്രച്ഛന്നവേഷ'ത്തിനുമുണ്ട്. സാമ്പത്തികമാന്ദ്യത്തിന്റെ അടിയൊഴുക്കുകൾ മേൽത്തട്ടിലുണ്ടാക്കിയ ഓളങ്ങൾ മാത്രമേ ഈ കൃതിയിലുള്ളൂ എന്നതു വാസ്തവമാണ്. അമേരിക്കയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റത്തിന്റെ ചില ചരിത്രാനുഭവങ്ങൾ ഒന്നുരണ്ടിടത്തു തിരിനീട്ടുന്നുണ്ടെങ്കിലും നോവൽ ആ വഴിക്കല്ല മുന്നേറുന്നത്. അസാഞ്ചെയും സ്‌നോഡനുമൊക്കെ പുറത്തുകൊണ്ടുവന്ന, അമേരിക്കൻ വ്യവസ്ഥയുടെ കഴുകൻ കണ്ണുകളുടെ സമീപകാല ചരിത്രമാണ് ആഖ്യാനത്തിനുള്ളിലെ മുഴക്കമായി നോവൽ ഏറ്റെടുക്കുന്നത്.
വെറുമൊരു സാമ്പത്തികത്തട്ടിപ്പു മാത്രമല്ല അരുണിനുണ്ടാകുന്നത്. തന്റെ സ്വകാര്യതയും സാമൂഹ്യസുരക്ഷയുമായി അത്രയും കാലം അയാൾ കരുതിയ എല്ലാറ്റിന്റെയും വിശ്വാസനഷ്ടം തന്നെയാണ്. ലിബറൽ ജനാധിപത്യവ്യവസ്ഥയിൽ പൗരരുടെ ഏറ്റവും മഹത്തായ ജീവിതമൂല്യം സ്വകാര്യതയുടെ സുരക്ഷയാണ്. അതിമേലുള്ള വിശ്വാസമാണ് അമേരിക്കക്കു സംരക്ഷിക്കാൻ കഴിയാത്തത്. താൻ ഭരണകൂടം മുതൽ അധോലോകം വരെയുള്ള ആരുടെയൊക്കെയോ നിരീക്ഷണത്തിലാണ് ജീവിക്കുന്നതെന്നും പലതരം കാർഡുകളിലേക്കു വിവർത്തനം ചെയ്ത്, ഒട്ടധികം പാസ്‌വേർഡുകളാൽ സംരക്ഷിക്കപ്പെടുന്നുവെന്ന് ഇത്രയുംകാലം കരുതിപ്പോന്ന തന്റെ സ്വകാര്യത മറ്റാർക്കും വായിക്കാൻ കഴിയുന്ന പുസ്തകം പോലെ കുത്തഴിഞ്ഞതാണെന്നും അരുൺ തിരിച്ചറിയുന്നു. പ്രണയവും വിവാഹവും കുടുംബവും രതിയും ദാമ്പത്യവുമൊക്കെ സുരക്ഷക്കും സുഭിക്ഷതക്കുമുള്ള മറകളാണെന്ന് ജൂലിയും കുറ്റവാളികൾ ഏതെങ്കിലും ചില ഗോത്രങ്ങളിൽ നിന്നുമാത്രമല്ല വരുന്നതെന്ന് വുൾഫും അയാളെ പഠിപ്പിക്കുന്നു. മനുഷ്യമൂല്യങ്ങളെന്ന് നാം കരുതിപ്പോരുന്ന എല്ലാറ്റിന്റെയും നിരാകരണം വ്യവസ്ഥയായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് 'പ്രച്ഛന്നവേഷം' തെളിയിക്കുന്നു. സ്വന്തം വിശ്വാസങ്ങളിൽനിന്നുപോലും അപഹരിക്കപ്പെടുന്ന വ്യക്തിജീവിതങ്ങൾ ഒന്നൊന്നായി കടന്നുവരുന്നു, ഈ നോവലിൽ. [BLURB#2-H]
പ്രവാസസാഹിത്യത്തിന്റെ (Diaspora literature) മലയാളചരിത്രം വംശീയതകളുടെ ആഗോളസംഘർഷങ്ങളിലേക്കു വെളിച്ചം വീശുന്നതിന്റെ മാതൃകയെന്ന നിലയ്ക്കും അമേരിക്കൻ സാമൂഹ്യജീവിതം നാനാതലങ്ങളിൽ അങ്ങേയറ്റം അരക്ഷിതമാണെന്നതിന്റെ രാഷ്ട്രീയസൂചകമെന്ന നിലയ്ക്കും 'പ്രച്ഛന്നവേഷം' സമകാല മലയാളനോവൽഭാവനയിൽ ശ്രദ്ധേയമായ ഒരിടം സ്വന്തമാക്കുകതന്നെ ചെയ്യും.
നോവലിൽനിന്ന് :
'തീർച്ചയായും ബ്രെസ്റ്റ് ക്യാൻസറിനേക്കാൾ ഭീതിദവും ഭയാനകവുമായ മരണമാർഗങ്ങളുണ്ട്. പക്ഷേ, ലളിതയുടെ അവസാന നാളുകൾ ഓർക്കുമ്പോൾ പ്രൊഫസർക്ക് അതിനേക്കാൾ ഭീകരമായ മറ്റൊന്നിനെക്കുറിച്ച് ഓർക്കാൻ കഴിയുന്നില്ല. തീർച്ചയായും കീമോതെറാപ്പിയും റേഡിയേഷനും ഒക്കെ സമയത്ത് ചെയ്തിരുന്നെങ്കിലും ആ ക്യാൻസർ അവളെ കൊല്ലുമായിരുന്നു. പക്ഷേ, ഒരു പത്തുവർഷംകൂടി അവളുടെ ആയുസ്സ് നീട്ടിക്കിട്ടാൻ അത് ഉതകുമായിരുന്നു എന്നു തീർച്ച. അതിനേക്കാൾ ഉപരിയായി അവളുടെ അവസാന നാളുകൾ, അവളുടെ മരണം ഇത്രയും വേദന നിറഞ്ഞതാവുമായിരുന്നില്ല എന്ന് നൂറുശതമാനം തീർച്ച.
തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാർ അടുത്തൊന്നും അത്രയും ദയനീയാവസ്ഥയിൽ കിടക്കുന്ന ഒരു രോഗിയെ കണ്ടിട്ടില്ല എന്നു സാക്ഷ്യം ച്ചു. ഒരു മനുഷ്യൻ, ജീവനുള്ള ഒരു മനുഷ്യൻ അഴുകുന്നു. വെറും എല്ലും തോലും. അവളുടെ ശരീരത്തിന്റെ മുകൾഭാഗം ഒരു പൊട്ടിയ പെട്ടിപോലെ തുറന്നിരിക്കുന്നു. പുറകുവശവും അതുപോലെതന്നെ. പൊട്ടിപ്പൊളിഞ്ഞ്, അഴുകി, ചീഞ്ഞ മാംസത്തിന്റെ ദുർഗന്ങം വമിച്ച്. ഏറ്റവും ഡോസ് കൂടിയ വേദനസംഹാരികൾക്കുപോലും അവളുടെ വേദന കുറയ്ക്കാൻ പറ്റിയില്ല. ആശുപത്രിചുമരുകൾക്കുള്ളിൽ അവളുടെ വേദന മോചനം കിട്ടാത്ത ആത്മാവിനെപോലെ വട്ടംകറങ്ങി.
ലളിതയുടെ മരണത്തിനുശേഷമുള്ള ദിനങ്ങളേക്കാൾ ക്ലേശകരമായിരുന്നു അരുൺ വീടുവിട്ടു പോയതിനു ശേഷമുള്ളവ. വാക്കുകൾ തട്ടി തിരിച്ചുവരാൻപോലും മറ്റൊരു മനുഷ്യജീവി ഇല്ലാത്ത വീട്ടിൽ പ്രൊഫസർ അതിരാവിലെ ഉറക്കമുണരുകയും ഒരു ഏകാന്ത തടവുകാരനെപ്പോലെ, ദുസ്സഹമായ തന്റെ ദൈനംദിന ജീവിതം നേരിടുകയും ചെയ്തു. [BLURB#3-VR]
മരിച്ചവരും വീടുവിട്ടുപോയവരും ഉപേക്ഷിച്ചുപോയ വസ്തുക്കളായിരുന്നു പ്രധാന അലോസരം. അവ ഇരുട്ടിൽ ഇടയ്ക്കിടെ തുറക്കുന്ന വന്യജീവികളുടെ കണ്ണുകൾപോലെ ആയിരുന്നു. അസാമാന്യമായ തെളിച്ചം. എന്തും തുളച്ചുകയറുന്ന തീക്ഷ്ണത.
ലളിത പാതിതുന്നി മുഴുമിച്ച ഒരു തലയിണ ഉറ. അവളുടെ കുങ്കുമചെപ്പ്. പൂപ്പാത്രങ്ങൾ. അടുത്ത വേനലിലേക്ക് കരുതിവച്ചിരുന്ന പച്ചക്കറിവിത്തുകൾ. ചില ബ്ലാക് ആൻഡ് വൈറ്റ് ഫോട്ടോകൾ. ഷെൽഫിൽ അവളുടെ പാതിയിൽ വൃത്തിയായി അടുക്കിവച്ചിരിക്കുന്ന സാരികൾ. അതിൽ ഏറ്റവും അടിയിലായി അവളുടെ കല്യാണസാരി.
അരുണിന്റെ മുറിയും ഓർമകളെ തുറന്നുവിട്ടു. അവൻ കൂടെ താമസിച്ചിരുന്നപ്പോൾ പ്രൊഫസർ ശ്രദ്ധിക്കാതിരുന്ന കൈപ്പാടുകൾ. അവന്റെ ബാല്യത്തിലെ കളിപ്പാട്ടങ്ങളുടെയും കോമിക് പുസ്തകങ്ങളുടെയും ചായപ്പെൻസിലുകളുടെയും പഴക്കംതട്ടിയ പെട്ടികൾ. അവൻ കൂടെ കൊണ്ടുപോയ പെട്ടിയിൽ സ്ഥലം തികയാഞ്ഞതുപോലെ ബാക്കിയായ സി.ഡി.കൾ. ജാസ്, റാപ്പ്, ബ്ലൂ. അവന്റെ കമ്പികൾ വിട്ടുപോയ പഴയ റാക്കറ്റുകൾ. ഒരിക്കൽ ദേഷ്യം വന്ന് അവൻ തല്ലി ഒടിച്ച ഗിത്താർ...'
പ്രച്ഛന്നവേഷം (നോവൽ)
കെ.വി. പ്രവീൺ
ഡി.സി. ബുക്‌സ്, 110 രൂപ