- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആത്മാവിന്റെ അധോലോകങ്ങൾ
അംബികാസുൻ മാങ്ങാട്, സി.അഷ്‌റഫ്, ബന്യാമിൻ, കെ.പി. ഉണ്ണി, സെബാസ്റ്റ്യൻ പള്ളിത്തോട്, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണൻ, ടി.പി. രാജീവൻ, ഇ. സന്തോഷ്‌കുമാർ, സുഭാഷ്ചന്ദ്രൻ, കെ.വി. പ്രവീൺ, പ്രകാശൻ മടിക്കൈ, ഖദീജാ മുംതാസ്, സഹീറാതങ്ങൾ, കെ.ആർ.മീര തുടങ്ങിയവരുൾപ്പെടുന്ന മലയാള നോവലിലെ പുതിയ തലമുറയിലേക്ക് ഏറ്റവുമൊടുവിൽ കടന്നുവന്ന എഴുത്തുകാരനാണ് രാജീവ് ശിവശങ്
അംബികാസുൻ മാങ്ങാട്, സി.അഷ്‌റഫ്, ബന്യാമിൻ, കെ.പി. ഉണ്ണി, സെബാസ്റ്റ്യൻ പള്ളിത്തോട്, വി.ജെ. ജയിംസ്, ടി.ഡി. രാമകൃഷ്ണൻ, ടി.പി. രാജീവൻ, ഇ. സന്തോഷ്‌കുമാർ, സുഭാഷ്ചന്ദ്രൻ, കെ.വി. പ്രവീൺ, പ്രകാശൻ മടിക്കൈ, ഖദീജാ മുംതാസ്, സഹീറാതങ്ങൾ, കെ.ആർ.മീര തുടങ്ങിയവരുൾപ്പെടുന്ന മലയാള നോവലിലെ പുതിയ തലമുറയിലേക്ക് ഏറ്റവുമൊടുവിൽ കടന്നുവന്ന എഴുത്തുകാരനാണ് രാജീവ് ശിവശങ്കർ. ആഗോളവൽകൃതകാലത്തെ മലയാളിയുടെ സാമൂഹ്യ, രാഷ്ട്രീയജീവിതങ്ങളും ലോകാവബോധങ്ങളും നോവലിന്റെ ലാവണ്യയുക്തിയിലേക്കു വിവർത്തനം ചെയ്യുന്നതിന്റെ മികച്ച മാതൃകകളാണ് ഈ നോവലിസ്റ്റുകളുടെ, കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലെ ശ്രദ്ധേയമായ രചനകൾ. 2013 ലും 2014 ലും പുറത്തുവന്ന രാജീവിന്റെ മൂന്നു നോവലുകളും ഇതിനുദാഹരണമാണ്. തമോവേദം, പ്രാണസഞ്ചാരം, കൽപ്രമാണം എന്നിവ. നോവലിന്റെ പരന്ന കല്പനാവിതാനത്തെ കയ്യടക്കത്തോടെ കീഴടക്കുന്ന എഴുത്തും അതു സൃഷ്ടിക്കുന്ന അസാധാരണമായ വായനാക്ഷമതയും രാജീവിന്റെ മൂന്നു രചനകൾക്കുമുണ്ട്. ജനപ്രിയ സാംസ്‌കാരിക ഭാവുകത്വങ്ങളെ നോവലിന്റെ കലയാക്കി മാറ്റുന്ന വർത്തമാനകാല രചനകളിൽ വേറിട്ടുനിൽക്കുന്ന 'തമോവേദം' തന്നെ നോക്കുക.
മലയാളഭാവനയിൽ തീർത്തും അപരിചിതമായ ഒരു പ്രമേയത്തിന്റെ സാമൂഹ്യവൽക്കരണമാണ് ഈ നോവൽ. കേരളത്തിലുൾപ്പെടെ പ്രചരിക്കുന്ന 'സാത്താൻപൂജ'യെന്ന ക്രൈസ്തവ വിശ്വാസത്തിന്റെ അധോലോകമാണ് 'തമോവേദ'ത്തിലെ ഒരു പ്രമേയം. 'ഡാവിഞ്ചികോഡ്' മുതൽ ഹോളിവുഡ് സിനിമകൾ (ദ ഒമൻ, എക്‌സോർസിസ്റ്റ്...) വരെയുള്ളവ ഈ പ്രമേയത്തിനു പ്രചോദനമാണെന്നു കരുതാം. ഒപ്പം, സാത്താൻപൂജയ്ക്കായി ക്രൈസ്തവദേവാലയങ്ങളിൽ നിന്ന് 'ഓസ്തി' മോഷ്ടിക്കുന്നതിനെക്കുറിച്ചുള്ള നിരവധി കഥകളും. അതേസമയം ക്രൈസ്തവമായ 'സാത്താൻപൂജ'യെക്കാൾ ഈ നോവലിനെ പ്രമേയപരമായി നിർണയിക്കുന്നത് ഇതിനു സമാനവും സമാന്തരവുമായി ഹിന്ദുമതവിശ്വാസങ്ങൾക്കുള്ളിൽ കാണാവുന്ന ആചാരങ്ങളുടെ അധോലോകമാണ്. ദുർമന്ത്രവാദങ്ങളുടെയും ക്ഷുദ്രാചാരങ്ങളുടെയും അഥർവപാരമ്പര്യം എന്നു പറയാവുന്ന ഒന്ന്. മലയാളത്തിലെ ജനപ്രിയനോവൽ, സിനിമാരംഗങ്ങളിൽ പ്രചാരമുള്ള 'മാന്ത്രിക'രചനകളെ ഓർമയിലെത്തിക്കും ഇവിടെ 'തമോവേദം'. അപ്പോഴും ആഖ്യാനകലയിലെ മൗലികതയും വായനാക്ഷമതയിലെ വിജയവും തമോവേദത്തെ വേറിട്ടുനിർത്തുകതന്നെ ചെയ്യുന്നു.[BLURB#1-VL]
'സാത്താന്റെ സന്തതി' എന്നു ചെറുപ്പത്തിലേ വിളിപ്പേരു കിട്ടുന്ന വിശ്വനാഥന്റെ മുപ്പത്തിരണ്ടു വയസ്സുവരെയുള്ള അസാധാരണമായ ജീവിതവും അതീതാനുഭവങ്ങളുമാണ് നോവലിന്റെ സ്വരൂപം. 'കാവതി'യെന്ന ഗ്രാമത്തിലും പിന്നീട് കൊച്ചിനഗരത്തിലുമായി വിശ്വനാഥൻ നടത്തുന്ന വിഷംതീണ്ടിയ ജീവിതരഥയാത്രയുടെ അധോമാർഗങ്ങളുടെ മറനീക്കൽ. മലവെള്ളത്തിലൊഴുകിവന്ന കാട്ടുമരത്തിനൊപ്പം കാവതിയിലടിഞ്ഞ ദുർമന്ത്രവാദിയുടെ പേരക്കുട്ടിയാണ് സർപ്പസന്തതിയായ വിശ്വനാഥൻ. പച്ചോന്തുകളെ കുടുക്കിലാക്കി കൊന്നുകെട്ടിത്തൂക്കിയും തളർന്നുകിടക്കുന്ന അയൽക്കാരനുമേൽ നീറിൻകൂടുകളെറിഞ്ഞും കുളിക്കുന്ന സ്ത്രീകളെ ഒളിഞ്ഞുനോക്കിയും തള്ളയെക്കാൾ പ്രായമുള്ളവരുടെ മുലയ്ക്കു പിടിച്ചും ചാരായം കുടിച്ചു കൂത്തുമറിഞ്ഞും വണ്ടിക്കാളകളുടെ യാതന കണ്ടാനന്ദിച്ചും പെങ്ങളുടെ തലവെട്ടിമാറ്റിയ ചന്ദ്രന്റെ ചോരക്കത്തി കണ്ടു പുളകമണിഞ്ഞും ഇരുട്ടിനെയും പാമ്പുകളെയും ഇടിമിന്നലുകളെയും പ്രണയിച്ചും മരിച്ചുപോയവരെ നേരിൽക്കണ്ടും സ്വന്തം തന്തയെത്തന്നെ കൊലയ്ക്കുകൊടുത്തും വിശ്വനാഥൻ വളർന്നു.
ഗ്രാമത്തിന്റെ മിത്തുകൾക്കും വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും സമാന്തരമായി ഒരധോലോകം നെയ്‌തൊരുക്കുന്നു, അയാൾ. തന്റെ തറവാടിന്റെ മൂർത്തിയായി മാറിയ സ്വാമിയമ്മാവനെതിരെ ജ•ംകൊള്ളുന്ന പിശാചമൂർത്തിയായി വിശ്വം മാറുന്നു. ചന്ദ്രനും രാമൻവൈദ്യരുടെ മകൻ ശശിയും അയാളുടെ അടുപ്പക്കാരായി. സഹപാഠി സുമതിയെയും വിവാഹിതയായ എൽസമ്മയെയും സബീനയെയും അവളുടെ ഉമ്മ സുഹറയെയും മറിയാമ്മട്ടീച്ചറെയും ശശിയുടെ സഹോദരി ജയയെയും കൗമാരം മാറും മുൻപേ അയാൾ പ്രാപിച്ചു. ദുഃശകുനങ്ങളുടെ ബാല്യത്തിൽതന്നെ അച്ഛന്റെ പടുമരണം അയാൾ ചോദിച്ചുവാങ്ങുന്നു. ആഴക്കയങ്ങളിൽ മുങ്ങി ശവങ്ങൾ കണ്ടെത്തുന്നു. നിലയില്ലാക്കയങ്ങളിൽ പരേതാത്മാക്കളുമായി ഇണചേരുന്നു. ക്രൂരതകൾ ചിറകുമുളച്ച യൗവനത്തിൽ ആത്മാക്കളുടെ പ്രാണസഞ്ചാരങ്ങൾ മുൻകൂട്ടിയറിഞ്ഞ് കാട്ടുവഴികളിലും ഗ്രാമവീഥികളിലും നഗരപാതകളിലും അയാൾ ചതിയുടെ വാരിക്കുഴികൾ തീർക്കുന്നു.
സുധാകരനെ പുഴയിൽ ചവിട്ടിത്താഴ്‌ത്തി. അയാൾ ബലമായി പ്രാപിച്ച മറിയാമ്മട്ടീച്ചർ വിഷംകുടിച്ചു മരിച്ചു. അയാളിൽ നിന്നു ഗർഭം ധരിച്ച ജയ മൂന്നു കാലും കൊമ്പുമുള്ള ജീവിയെ പ്രസവിച്ചയുടൻ മരിച്ചു. തനിക്കെതിരെ നിന്നവരുടെ മരണവും തളർച്ചയും ദിനരാത്രങ്ങളെണ്ണി ഉറപ്പാക്കി.
ഒളിസേവകൾ, നിശാകേളികൾ, രതിമേളങ്ങൾ, കാമവെറികൾ, കാമനാവൈകൃതങ്ങൾ, അഗമ്യഗമനങ്ങൾ, സുരാപാനങ്ങൾ, ദുർമന്ത്രവാദങ്ങൾ, ഗൂഢചികിത്സകൾ, വിഷദംശനങ്ങൾ, അതീതകാലക്കാഴ്ചകൾ, പരകായ പ്രവേശങ്ങൾ, പടുമരണങ്ങൾ, പ്രേതഭാഷണങ്ങൾ, പകയുടെ കൊലവെറികൾ, ഹിംസകൾ.... പിശാചജീവിതത്തിന്റെ പ്രലോഭനങ്ങളിൽ പുളഞ്ഞാർക്കുന്ന വിശ്വനാഥന്റെ ജീവിതം കാവതിയിൽ നിന്ന് അടുത്തഘട്ടത്തിൽ കൊച്ചിയിലെത്തുന്നു.
അവിടെ, വിദേശികളിൽ നിന്നു പഠിച്ച സാത്താൻപൂജയുമായി ലൂയിസ് പാപ്പൻ വിശ്വനാഥനെ കാത്തിരിക്കുകയായിരുന്നു, സാത്താൻപൂജയുടെ ലഹരിയിൽ വിശ്വനാഥൻ അന്നയെയും കരോളിനയെയും മറ്റനവധി സ്ത്രീകളെയും പ്രാപിച്ചും കറുത്ത കുർബ്ബാന നടത്തി കൊച്ചിയുടെ അധോലോകം ഭരിച്ചും അളവറ്റ സ്വത്തുണ്ടാക്കി മദിച്ചും ജീവിച്ചു. പഴയ എതിരാളി ചന്ദ്രനെ ഒപ്പംകൂട്ടി ലൂയിസ് പാപ്പനെ കൊന്നു കായലിൽ താഴ്‌ത്തി. തുടർന്ന് പുതിയ എതിരാളികളെ ഒന്നൊന്നായി വകവരുത്തി. ഒടുവിൽ വിശ്വനാഥന് ചന്ദ്രൻ തന്നെ വിഷം കൊടുത്തു. കരിമൂർഖൻ കൊത്തിയിട്ടും ചാകാത്ത വിശ്വനാഥനെ ചന്ദ്രന്റെ വിഷദംശനത്തിൽ നിന്ന് ശശി കരകയറ്റിയെങ്കിലും മുൻകൂട്ടി പ്രവചിക്കപ്പെട്ട മുപ്പത്തിരണ്ടാം വയസ്സിലെ മരണത്തിനായി വിശ്വനാഥൻ ശശിയെയും കൂട്ടി കാവതിയിൽ തിരിച്ചെത്തി. മരണസമയത്ത് അമ്മ പൊതിയാക്കി നൽകിയ തന്റെ ദുഷ്ടജാതകവുമായി കണ്ണെത്താൻ കോവിലിലേക്കു പോകുന്ന വിശ്വം അവിടെ തന്റെ ചെകുത്താൻ ജന്മത്തിനു തിരശ്ശീലയിട്ടു. [BLURB#2-VR]
മുഖ്യപ്രമേയം ഹൈന്ദവാചാരങ്ങളുടെ അധോലോകമായിട്ടും ബൈബിളിന്റെ സ്വാധീനം 'തമോവേദ'ത്തിന്റെ ആഖ്യാനഘടനയിലുടനീളം കാണാം. 'ഉല്പത്തി' മുതൽ 'വെളിപാട്' വരെ. യഥാതഥമായ സ്ഥല കാലങ്ങളിൽ ഉറച്ചുനിൽക്കുമ്പോഴും മായിക യാഥാർഥ്യത്തിന്റെ മഴവിൽക്കാവടിയാട്ടം 'തമോവേദ'ത്തിലുടനീളമുണ്ട്. വിശ്വനാഥന്റെ ചെകുത്താൻസേവകളും പ്രഭാകരന്റെ കാട്ടുകഥകളും മൂശന്റെ ദീർഘദർശനങ്ങളും സ്വാമിയമ്മാവന്റെ ജീവിതവും കൊച്ചപ്പന്റെ പ്രവചനങ്ങളും രാമൻവൈദ്യരുടെ വിഷചികിത്സകളും സഹദേവന്റെ ഒടിവിദ്യകളും.... കാവതിയുടെ സമാന്തര മിത്തുകളായി മാറുന്നു.
സമകാല ജീവിതത്തെ മിത്തുകൾകൊണ്ടു മാന്ത്രികീകരിക്കുന്ന നോവൽഭാവനയിൽ രാജീവിന്റെ വഴി ഒന്നു വേറെതന്നെയാണ്. തമോവേദം മുതൽ കൽപ്രമാണം വരെ ഓരോ നോവലും ഇതിനുദാഹരണവുമാണ്. മിത്തുകളുടെ ഒരധോലോകംതന്നെ സ്വന്തമായി സൃഷ്ടിച്ചുകൊണ്ട് ആത്മാവിന്റെ തമോസഞ്ചാരങ്ങൾക്ക് ഒരു നരകഭൂപടം നിർമ്മിച്ചു നൽകുകയാണ് തമോവേദത്തിൽ രാജീവ്. അതുവഴി, ആധുനികാനന്തര മലയാള ജനപ്രിയനോവൽ ഭാവനയുടെ മികച്ച മാതൃകകളിലൊന്നായി ഈ കൃതി മാറുകയും ചെയ്യുന്നു.
തമോവേദം (നോവൽ)
രാജീവ് ശിവശങ്കർ
ഡി.സി. ബുക്‌സ്, 2013.
വില : 140 രൂപ
നോവലിൽ നിന്ന് : ചേമഞ്ചിത്തേവരുടെ സാമ്രാജ്യത്തിന്റെ പടിവാതിൽക്കൽ വച്ച് എന്നെ കരിമൂർഖൻ കൊത്തിയ ദിവസംതന്നെ മൂശാനെ വീട്ടുനടയ്ക്കൽ വച്ച് അണലി കടിച്ചു. ഏതാനും ദിവസം മുൻപ് മണ്ണത്തൂക്കാവിൽ തോലുകോതാൻ പ്ലാവിനുമുകളിൽ കയറിയ മൂശാൻ വരുംകാലത്തിന്റെ കാഴ്ചയിൽ തന്റെ വിഷം തീണ്ടി കരിനീലിച്ച ഉടൽ പുൽപ്പായയിൽ കിടക്കുന്നതു കണ്ട നിമിഷം മുതലേ പേടിച്ചു വീട്ടിലൊതുങ്ങിയിരുന്നു. അന്നു രാവിലെ പശുവുമായി തൊടിയിലിറങ്ങുമ്പോൾ പൊന്തക്കാട്ടിൽനിന്ന് ഒരു പാമ്പ് പുളച്ചുചാടി മൂശാനെ ഓടിച്ചു. ഉച്ചയ്ക്കു മുറ്റത്തു നിരത്തിവച്ച ഓലമടൽ മെടയാനെടുക്കുമ്പോൾ ഓലത്തണുപ്പിൽ ചുരുണ്ടുകിടന്ന പാമ്പ് ഒരിക്കൽക്കൂടി അയാൾക്കു മുന്നിലേക്കു ചാടിവീണു. അതോടെ ഓല വലിച്ചെറിഞ്ഞു മൂശാൻ കയറ്റുകട്ടിലിൽ പോയിക്കിടന്നു.
മരത്തിനുമുകളിലിരുന്നാലെന്ന പോലെ ഉയരത്തിന്റെ അരക്ഷിതാവസ്ഥ അയാളെ വീർപ്പുമുട്ടിച്ചു. കൊക്കുകൾ പിളർത്തി തള്ളപ്പരുന്തുകൾ ചുറ്റും പറന്നു. തീച്ചൂടുമായി ഒരു കാറ്റു കാതുകൾക്കുള്ളിൽ മൂളി. ഉലയുന്ന മരംപോലെ മൂശാന്റെ ഉടൽ വിറച്ചു. നെഞ്ചിടിപ്പുകൾ കിണറ്റിലെറിഞ്ഞ കല്ലുകൾപോലെ മുഴങ്ങി. വിയർപ്പിന്റെ നീർത്തുള്ളികൾ ഉടലിലാകെ തെറിച്ചു. അടിവയറ്റിൽ കൊളുത്തിപ്പിടിച്ചു വേദന നുഴഞ്ഞുകയറിത്തുടങ്ങിയപ്പോൾ അയാൾക്കു വെളിക്കിരിക്കാൻ തോന്നി. വെള്ളം കോരാൻ അടുക്കളപ്പടിയിറങ്ങുമ്പോൾ, അനിവാര്യമായ ജീവിതഗതിയിലെ വിരാമചിഹ്നംപോലെ, കറിവേപ്പിനു കീഴിൽ കാത്തുകിടന്ന അണലി മൂശാനെ കടിച്ചു. ഭയം മലമായും മൂത്രമായും കട്ടിളപ്പടിയിൽ വീണുചിതറി.
പ്രഭാകരനും സുനിലും ജോൺസണും പിന്നേതോ ഈറ്റവെട്ടുകാരും ചേർന്നു തലച്ചുമടായി എന്നെ താങ്ങിയെടുത്തു രാമൻവൈദ്യരുടെ പൂമുഖത്തെത്തിക്കുന്നതിനു വളരെ മുൻപുതന്നെ മൂശാന്റെ കയറ്റുകട്ടിൽ എത്തിയിരുന്നു. പക്ഷേ, മരുന്നരച്ചുവയ്ക്കാൻ നാരായണനോടു നിർദ്ദേശിച്ചശേഷം രാമൻവൈദ്യർ പൂജാമുറിയിൽക്കയറി കതകടച്ചിരിക്കയായിരുന്നു. പതിവില്ലാതെ പൂജ നീണ്ടപ്പോൾ മൂശാനൊപ്പം വന്നവർ മാത്രമല്ല, നാരായണനും അസ്വസ്ഥനായി. വൈദ്യരെ തട്ടിവിളിക്കാൻ പക്ഷേ, ആർക്കും ധൈര്യമില്ലായിരുന്നു. വാടിത്തളർന്ന ചേനത്തണ്ടുപോലെ, കരിനീലിച്ച ഉടലുമായി, രോമകൂപങ്ങളിൽനിന്നു കിനിഞ്ഞിറങ്ങുന്ന ചോരച്ചെമപ്പിന്റെ മുത്തുകളുമായി മൂശാൻ കയറ്റുകട്ടിലിൽ കിടക്കുമ്പോഴാണു ഞാനെത്തുന്നത്. ആറും തട്ടിവിളിക്കാതെ, നിമിഷങ്ങൾക്കുള്ളിൽ പൂജാമുറിയുടെ വാതിൽ തുറക്കപ്പെട്ടു. വൈദ്യർ കൊടുങ്കാറ്റുപോലെ പുറത്തേക്കിറങ്ങി. ആദ്യം കണ്ണെറിഞ്ഞതു പുൽപ്പായയിൽ കിടത്തിയിരുന്ന എന്റെ നേരെയായിരുന്നു.
മൂശാനൊപ്പം വന്നവർ നിലവിളിച്ചു ശ്രദ്ധ ക്ഷണിച്ചപ്പോൾ വൈദ്യർ നിസംഗനായി അവിടേക്കു നോക്കി. പൂമുഖത്ത് ഒരേസമയം ഒരാളെ കിടത്തി ചികിത്സിക്കാനേ സൗകര്യമുള്ളൂ എന്നതിനാൽ മൂശാനെ ചായ്പിലേക്കു മാറ്റിക്കിടത്താൻ വൈദ്യർ നിർദ്ദേശിച്ചു. നാരായണൻ വിരിച്ചിട്ടുകൊടുത്ത പുൽപ്പായയിൽ അതീതകാലത്തിന്റെ കാഴ്ചകളൊന്നുമില്ലാതെ മൂശാൻ ഒരേ കിടപ്പു കിടക്കുമ്പോൾ രാമൻവൈദ്യർ എന്റെ ചുണ്ടുപിളർത്തി ആദ്യത്തെ കവിൾ മരുന്നുതന്നു. മുറിവായിൽ വച്ച വിഷക്കല്ല് വിഷം കുടിച്ചു നീലിച്ച് താഴേക്കടർന്നു വീഴുമ്പോൾ ചായ്പിൽനിന്നു നിലവിളിയുയർന്നു.
'കൊണ്ടുപൊയ്‌ക്കോളാൻ പറയൂ. ആളു മരിച്ചു'. തിരിഞ്ഞുപോലും നോക്കാതെ വൈദ്യർ നാരായണനോടു പറഞ്ഞു. നാരായണൻ അന്നാദ്യമായി അവിശ്വാസവും നീരസവും നിറഞ്ഞ കണ്ണുകളോടെ രാമൻവൈദ്യരെ നോക്കി.
നാരായണൻ വിചാരിച്ചു:
പൂജാമുറി ഇത്തിരി നേരത്തേ തുറന്നിരുന്നെങ്കിൽ, ഇത്തിരിമുൻപേ ഒരുകവിൾ മരുന്നു കൊടുത്തിരുന്നെങ്കിൽ മൂശാൻ രക്ഷപ്പെടുമായിരുന്നില്ലേ?
രോഗി വരുന്നതു മുൻകൂട്ടിയറിയുന്ന വൈദ്യർ മനഃപൂർവം പൂജാമുറിയിൽ കയറി വാതിലടച്ചതല്ലേ?
ഇത്രയും കാലം കാട്ടിലും മേട്ടിലും നിഴലുപോലെ കൂടെ നടന്ന മൂശാനെ രക്ഷിക്കാൻ വൈദ്യർ ബാധ്യസ്ഥനായിരുന്നില്ലേ?
കയറ്റുകട്ടിൽ പടിയിറങ്ങിപ്പോകുംവരെ നാരായണൻ ഈ ചോദ്യങ്ങൾ ഉള്ളിൽ നെരിപ്പോടായി കൊണ്ടുനടന്നു. മരുന്നുപുരയിൽ വൈദ്യരെ സൗകര്യത്തിനു കിട്ടിയപ്പോൾ അയാൾ ഒട്ടും മറച്ചുവയ്ക്കാതെ നീരസം തുറന്നുവിട്ടു.
അതുകേട്ടു വൈദ്യർ ദീർഘനിശ്വാസം വിട്ടു. പിന്നെ നെഞ്ചുതടവിപ്പറഞ്ഞു:
'നാരായണാ, ഞാൻ ദൈവമല്ല. ദൈവത്തിന്റെ ഒരുപകരണം മാത്രം. കാലപാശത്തെ തടയാൻ ഞാനാളല്ല. മൂശാന്റെ കഥ നീ അറിയാഞ്ഞിട്ടാണ്. ഇന്നു രാവിലെ മുതൽ കൊത്താൻ അവസരം കാത്ത് പാമ്പ് അയാളുടെ പിന്നാലെ നടക്കുകയായിരുന്നു. മരണസമയം കുറിക്കപ്പെട്ടൊരാളെ കൈപിടിച്ചു കയറ്റാൻ എനിക്കാവില്ല. അങ്ങനെ ചെയ്യാൻ പാടില്ല'.
ഞാനപ്പോൾ പുൽപ്പായയിൽ കിടന്ന് ഉണർച്ചയുടെ മൂന്നാമത്തെ പടിവാതിൽ തള്ളിത്തുറക്കുകയായിരുന്നു. മുന്നിൽ നിരു•േഷവാനായി ശശിച്ചേട്ടനിരിപ്പുണ്ടായിരുന്നു, എന്റെ തിരിച്ചുവരവും കാത്ത്.
'ചേമഞ്ചിത്തേവരാ നിന്നെ കാത്തത്'. ശശിച്ചേട്ടൻ പറഞ്ഞു.
'എന്നെ കാത്തതല്ല, പാമ്പുകൊത്തിച്ചു കൊല്ലിക്കാൻ നോക്കിയതാ'. അബോധത്തിലും ഞാൻ മനസ്സിൽ പറഞ്ഞു.
ചേമഞ്ചിത്തേവരുടെ പേര് ഞാൻ മനസ്സിൽ കുറിച്ചിട്ടു.