- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എപ്പടി പാടിനാരോ?
കർണാടകസംഗീതത്തിൽ അഭിരുചിയോ അതിനോട് വലിയ ആഭിമുഖ്യമോ ഇല്ലാത്തവരെപ്പോലും വായനയിൽ പിടിച്ചിരുത്തുന്ന അസാധാരണമായൊരു സാംസ്‌കാരിക ജീവചരിത്രഗ്രന്ഥമാണ് ഇന്ദിരാമേനോന്റെ എപ്പടി പാടിനാരോ? രണ്ടു കാരണങ്ങളാണ് ഇതിനുളളത്. ഒന്ന്, എം.എൽ. വസന്തകുമാരി കർണാടകസംഗീതത്തിലെ സുവർണദശ എന്നു വിശേഷിപ്പിച്ച 1930-65 കാലത്ത് ഉയർന്നുവന്ന ഏറ്റവും പ്രഖ്യാതരായ പതി
കർണാടകസംഗീതത്തിൽ അഭിരുചിയോ അതിനോട് വലിയ ആഭിമുഖ്യമോ ഇല്ലാത്തവരെപ്പോലും വായനയിൽ പിടിച്ചിരുത്തുന്ന അസാധാരണമായൊരു സാംസ്‌കാരിക ജീവചരിത്രഗ്രന്ഥമാണ് ഇന്ദിരാമേനോന്റെ എപ്പടി പാടിനാരോ? രണ്ടു കാരണങ്ങളാണ് ഇതിനുളളത്. ഒന്ന്, എം.എൽ. വസന്തകുമാരി കർണാടകസംഗീതത്തിലെ സുവർണദശ എന്നു വിശേഷിപ്പിച്ച 1930-65 കാലത്ത് ഉയർന്നുവന്ന ഏറ്റവും പ്രഖ്യാതരായ പതിനാല് ഗായകരെക്കുറിച്ചുളള അനുപമസുന്ദരമായ ജീവിതരേഖകളാണ് ഈ ഗ്രന്ഥത്തിലുളളത്. രണ്ട്, എഴുത്തിന്റെ സൗന്ദര്യത്തെ വായനയുടെ സൗഭാഗ്യമാക്കാൻ കഴിയുന്ന വിവർത്തനത്തിന്റെ സൗന്ദര്യം ഇത്രമേൽ ആകർഷകമായി വെളിപ്പെടുന്ന മറ്റൊരു ഗ്രന്ഥം അടുത്തകാലത്തൊന്നും മലയാളത്തിലുണ്ടായിട്ടില്ല. ഇന്ദിരാമേനോന്റെ എഴുത്തും പി.കെ. ഉത്തമന്റെ വിവർത്തനവും, ശാസ്ത്രീയമാകട്ടെ, ജനപ്രിയമാകട്ടെ, സംഗീതസാഹിത്യത്തിന്റെ മണ്ഡലത്തിൽ മലയാളത്തിലിന്നോളമുണ്ടായിട്ടുളള ഏറ്റവും മികച്ച കൃതിയായി 'എപ്പടി പാടിനാരോ'യെ മാറ്റുന്നു.
ക്ലാസിക്കൽ കലകളെക്കുറിച്ചുളള പഠനങ്ങളിൽ മിക്കപ്പോഴും മേൽക്കൈ നേടുന്നത് മതാത്മകവും മിത്തിക്കലുമായ സവർണഭാവനാ ലോകങ്ങളായിരിക്കും. ഭൗതികവും മാനുഷികവുമായ ചരിത്രത്തെ അവ പിന്നാക്കം തളളും. ഇന്ദിരാമേനോന്റെ ഈ ഗ്രന്ഥം അനിതരസാധാരണമാംവിധം സാമൂഹികവും മാനവികവുമായി കർണാടകസംഗീതകലയെ സമീപിക്കുകയും ചരിത്രപരവും വിമർശനാത്മകവുമായി അതിന്റെ മൂല്യനിർണയം നടത്തുകയും ചെയ്യുന്നു.
കൃഷ്ണാനദിക്കു തെക്കും കാവേരിനദിക്കു വടക്കുമുളള ഭൂപ്രദേശത്തെ ഒരു സംഗീതപദ്ധതിയെയാണ് കർണാടകസംഗീതം എന്നു വിളിച്ചുപോരുന്നത്. അഞ്ചുനൂറ്റാണ്ടെങ്കിലുമായി പല സംഗീതധാരകളിലൊന്നായി ഈ പാരമ്പര്യം ഇടമുറിയാതെ നിലനിന്നു വരുന്നുമുണ്ട്. വായ്പാട്ടിന്റെയും വാദ്യോപകരണങ്ങളുടെയും തനതുശൈലിയിലൂന്നി, സാഹിത്യത്തിലെന്നപോലെ സംഗീതത്തിന്റെ രാഗ-താള-മേള-ലയ പദ്ധതികളിലും മൗലികമായി വേറിട്ടുനിൽക്കുന്നു കർണാടകസംഗീതം. തുടക്കം തൊട്ടിന്നുവരെ ഇത് ഒരു വരേണ്യകലയും സംസ്‌കാരവുമാണ് - 'ശങ്കരാഭരണം' സിനിമ സൃഷ്ടിച്ച ജനപ്രിയതരംഗത്തിന്റെ ഇടവേളയൊഴിച്ചാൽ.
പുരന്ദരദാസൻ, അന്നമാചാര്യർ എന്നിവർക്കുശേഷം ത്യാഗരാജൻ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവരും പിന്നീട് സ്വാതിതിരുനാളുമാണ് കർണാടകസംഗീതത്തിലെ ഏറ്റവും പ്രാമാണികരായ കൃതികർത്താക്കൾ. തഞ്ചാവൂരിലും പിന്നീട് മദിരാശിയിലുമായി വളർന്നുപടർന്ന ഈ സംഗീതത്തിൽ ഓരോ കാലത്തും അതിപ്രഗത്ഭരായ സംഗീതജ്ഞരുണ്ടായി - ഗായകരും വാദ്യോപകരണ വിദഗ്ദ്ധരുമായി. ഇവരിൽ 1930-65 കാലത്തെ ഏറ്റവും പ്രശസ്തരായ പതിനാലു ഗായകരെക്കുറിച്ചാണ് ഇന്ദിരാമേനോൻ എഴുതുന്നത്. ഈ ഗായകരുടെയും അവർ പ്രതിനിധാനം ചെയ്ത സംഗീതസംസ്‌കാരത്തിന്റെയും പൊതുപശ്ചാത്തലവും അതിന്റെ സാമൂഹികതയും ഗ്രന്ഥകാരി ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു : 'മദ്രാസ് സംഗീതകേന്ദ്രമായി ഉയർന്നുവന്നതിന് ശേഷം വന്നത് മാറ്റത്തിന്റെ കാലമായിരുന്നു. മാറ്റം സാംസ്‌കാരികം മാത്രമായിരുന്നില്ല. സാങ്കേതികവിദ്യാരംഗത്തും വമ്പിച്ച മാറ്റങ്ങൾ ഉണ്ടായി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഗ്രാമഫോണും, 1930-കളിൽ റേഡിയോയും രംഗപ്രവേശം ചെയ്തു. രണ്ടും സംഗീതത്തിന്റെ അവതരണത്തിലും വിതരണത്തിലും പരിണാമപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഗ്രാമഫോണും റേഡിയോയും ചേർന്ന് എല്ലാം നിരപ്പാക്കിയെന്ന് പറയാം. സാമൂഹ്യമായ വേലിക്കെട്ടുകൾ പൊളിച്ചുനീക്കി. അദൃശ്യരായ ശ്രോതാക്കളിലേയ്ക്ക് സംഗീതം എത്തിക്കുക വഴി സംഗീതത്തിനുണ്ടായിരുന്ന ആഢ്യത്വം അവസാനിപ്പിച്ചു. ഭയം മൂലമോ അന്ധവിശ്വാസം മൂലമോ, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലെ ഗായകന്മാർ ഗ്രാമഫോണിനെ തിരസ്‌കരിച്ചു. അതേസമയം, ദേവദാസീസമ്പ്രദായവിരുദ്ധപ്രസ്ഥാനത്തിന്റെ സമ്മർദ്ദം മൂലം നൃത്തമുപേക്ഷിച്ച് സംഗീതത്തിലേയ്ക്ക് തിരിഞ്ഞ ദേവദാസികളായ ഗായികമാർ ഈ അവസരം മുതലെടുത്തു. പുതിയ കാലത്തിന്റെ രക്ഷാധികാരിയുടെ വിളിക്ക് അവർ ആകാംക്ഷാപൂർവം കാതോർത്തു. 1930-കളിൽ മൈക്രോഫോൺ പ്രചാരത്തിൽ വന്നത് ഗായികമാർക്ക് അനുഗ്രഹമായി. ശബ്ദത്തിന്റെ പരിമിതികൾ പ്രശ്‌നമല്ലാതായിത്തീർന്നു.
ആദ്യം വ്യാപാരിവർഗ്ഗവും പിന്നാലെ സാമാന്യജനങ്ങളും രക്ഷാധികാരികളായി ഉയർന്നുവരിക എന്നത് പുതിയ നഗരപരിഷ്‌കൃതിയിൽ അനിവാര്യമായിരുന്നു. പൊതുജനപങ്കാളിത്തംമൂലം ഉണ്ടാകാനിടയുളള നിലവാരത്തകർച്ചയെക്കുറിച്ചുളള ചർച്ചകൾ തുടരവേതന്നെ, സംഗീതസഭകൾ കൂണുപോലെ മുളച്ചുപൊന്തുകയും സംഗീതത്തിന്റെ ശ്രീകോവിൽ പൊതുജനങ്ങൾക്ക് മുമ്പിൽ മലർക്കെ തുറക്കപ്പെടുകയും ചെയ്തു'.
അരിയക്കുടി രാമാനുജ അയ്യങ്കാർ, മഹാരാജപുരം വിശ്വനാഥ അയ്യർ, മുസിരി സുബ്രഹ്മണ്യ അയ്യർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ, മധുര മണി അയ്യർ, ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ, ടി.വൃന്ദ, ടി. മുക്ത, എം.എസ്. സുബ്ബുലക്ഷ്മി, ഡി.കെ. പട്ടമ്മാൾ, ജി.എൻ. ബാലസുബ്രഹ്മണ്യം, എം.എൽ. വസന്തകുമാരി, പാലക്കാട് കെ.വി. നാരായണസ്വാമി, എം.ഡി. രാമനാഥൻ എന്നിവരുടെ ഗംഭീരങ്ങളായ കലാജീവചരിത്രങ്ങൾ അതിനിശിതവും സൂക്ഷ്മവുമായ സംഗീതകലാബോധത്തോടെ വാക്കുകളിലാവിഷ്‌ക്കരിക്കുന്നു ഈ ഗ്രന്ഥം.
അസാമാന്യമായ സംഗീതബോധവും സൗന്ദര്യശിക്ഷണവും ഭാഷാശൈലിയും നിരീക്ഷണപാടവവും വിമർശനശേഷിയും ഒത്തിണങ്ങിയവയാണ് ഈ ജീവിതരേഖകൾ ഒന്നടങ്കം. കർണാടകസംഗീതപാരമ്പര്യത്തിൽ ഇരുപതാം നൂറ്റാണ്ടിൽ മദിരാശി കേന്ദ്രീകരിച്ചുണ്ടായ നവീകരണത്തിന്റെയും റേഡിയോ, മൈക്രോഫോൺ, റെക്കോർഡിങ്, സിനിമ തുടങ്ങിയ സാങ്കേതികതകൾ സൃഷ്ടിച്ച വഴിമാറ്റങ്ങളുടെയും ആലാപനരംഗത്തും പക്കമേളരംഗത്തും നിലനിന്ന സ്ത്രീവിവേചനം അവസാനിച്ചുതുടങ്ങിയ സന്ദർഭങ്ങളുടെയും ദേശീയപ്രസ്ഥാനം മുതൽ ജാതിവിരുദ്ധപ്രസ്ഥാനം വരെയുളളവ സൃഷ്ടിച്ച നവോത്ഥാനത്തിന്റെയും പശ്ചാത്തലത്തിലാണ് 1930-65 കാലത്തെ ഈ സാംസ്‌കാരികരൂപത്തിന്റെ ഒരു സവിശേഷ ചരിത്രഘട്ടമായി ഇന്ദിരാമേനോൻ അടയാളപ്പെടുത്തുന്നത്. മേല്പറഞ്ഞ നാലു ചരിത്ര-രാഷ്ട്രീയ സന്ദർഭങ്ങളിൽ നിന്നാണ് ഈ സംഗീതപഠനത്തിന്റെ സൗന്ദര്യശാസ്ത്രം അവർ വികസിപ്പിച്ചെടുക്കുന്നതും. അതിഭൗതികതയുടെയും മതാത്മകതയുടെയും അചരിത്രത്തിന്റെയും കലായുക്തികൾ അവർ സംശയരഹിതമായിത്തന്നെ കൈവിടുന്നു. എന്നിട്ട്, നാനാവിധ മാറ്റങ്ങളോട് സർഗാത്മകമായി പ്രതികരിച്ച മഹാഗായകരുടെ പ്രതിഭാവിലാസങ്ങളെ ഒരു തലമുറയുടെ ആസ്വാദന സൗഭാഗ്യമായി കോറിയിടുന്നു.
ഈ ഗ്രന്ഥത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന കാവ്യസുന്ദരവും എന്നാൽ കാര്യമാത്ര പ്രസക്തവുമായ ജീവിതാഖ്യാനങ്ങൾക്ക് ഒരുദാഹരണം മാത്രം സൂചിപ്പിക്കട്ടെ. സ്വരദുർഗയായ എം.എസ്. സുബ്ബുലക്ഷ്മിയെക്കുറിച്ച് ഇന്ദിരാമേനോൻ എഴുതുന്നു: 'കുംഭകോണവും, തുടർന്ന് മദ്രാസ്സും വന്നുകണ്ട് കീഴടക്കിയതിനുശേഷം അവസാനംവരെ ജനസഞ്ചയം സുബ്ബുലക്ഷ്മിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പക്ഷേ, അത് ചേമ്പിലയിലെ വെളളംപോലെ ആയിരുന്നു. സുബ്ബുലക്ഷ്മി ജനങ്ങളോടൊത്ത് ജീവിച്ചു; അവരിൽ ഒരാളായിത്തീരാതെ. കാരണം, അവർ ജീവിച്ചിരുന്നത് മറ്റൊരു കാലത്തിലായിരുന്നു - ചിദംബരത്തെ കനകസഭയിൽ നടരാജൻ പരമാനന്ദനടനം ആടിയിരുന്ന ആ കാലത്തിൽ; തിരുവാലങ്കാട്ടെ വനസ്ഥലികളിൽ ശിവതാണ്ഡവം കണ്ട് കാരയ്ക്കൽ അമ്മയാർ ഉന്മാദനിയായി പാടിനടന്നിരുന്ന ആ കാലത്തിൽ; ശ്രീരംഗനാഥനുമായുളള തന്റെ വിവാഹത്തെപ്പറ്റി ആണ്ടാൾ സ്വപ്നം കണ്ടിരുന്ന ആ കാലത്തിൽ.
ചോളരാജാക്കന്മാാരുടെ കാലത്തെ ഒരു വെങ്കലപ്രതിമയെ, ഒരു പല്ലവശിലാവിഗ്രഹത്തെ, ഒരു അജന്താച്ചിത്രത്തെ മറ്റെല്ലാ കലാരൂപങ്ങളേക്കാളും ഉദാത്തമാക്കുന്നതെന്താണ്? ഈ ചോദ്യത്തിനുളള ഉത്തരം സുബ്ബുലക്ഷ്മിയുടെ സംഗീതത്തിൽ നമുക്ക് കണ്ടെത്താം. ആശയാവിഷ്‌ക്കരണത്തിലും നിർവഹണത്തിലും കാണിക്കുന്ന ധീരത; ശരിയായ അനുപാതം; അനാവശ്യ സംഗതികളെല്ലാം ഒഴിവാക്കിക്കൊണ്ട്, ഭാവാവിഷ്‌ക്കരണത്തിൽ പാലിക്കുന്ന മിതത്വം. ചോളകാലഘട്ടത്തിലെ ആ പാർവതീശില്പം നോക്കുക. ഹിമഗിരികന്യകയുടെ ത്രിഭംഗനില, മനോഹരമായ കരങ്ങൾ, അക്ഷോഭ്യഭാവം എന്നിവയാണ് നമ്മെ വശീകരിക്കുന്നത്. ഉമയുടെ കൈ എത്ര സുഭഗമായിട്ടാണ് താഴോട്ട് ചാഞ്ഞുകിടക്കുന്നത്! അതുതന്നെയാണ് സുബ്ബുലക്ഷ്മി 'സാമഗാന വിനോദിനീ' എന്ന് പാടുമ്പോൾ അവസാനസ്വരത്തിൽ വരുന്ന അല്പമാത്രമായ ആ താഴ്ച. ഇതൊന്നുമാത്രം പോരും അവരുടെ സംഗീതത്തെ സൗന്ദര്യാനുഭൂതിയുടെ ഉദാത്തതലങ്ങളിലേയ്ക്കുയർത്താൻ'.
വായിച്ചുതന്നെ അനുഭവിക്കണം ഈ ഗ്രന്ഥത്തിലുടനീളം തുളളിതുളുമ്പി നിറയുന്ന ഇത്തരമൊരു ആഖ്യാനശൈലിയുടെ ലാവണ്യവും സൗകുമാര്യവും.
എപ്പടി പാടിനാരോ
ഇന്ദിരാമേനോൻ/വിവ. പി.കെ. ഉത്തമൻ
മഹാത്മാഗാന്ധി സർവകലാശാലാപ്രസിദ്ധീകരണം
എസ്.പി.സി.എസ്. വിതരണം
2012, വില:200 രൂപ