- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിംസയുടെ വേദാന്തം
മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും പ്രൊഫഷണലായ എഴുത്തുകാരിയാണ് കെ.ആർ.മീര. മാധവിക്കുട്ടിയെപ്പോലെ, തന്റെ തലമുറയിലെ മുഴുവൻ പുരുഷ എഴുത്തുകാരെയും പ്രതിഭയിലും ജനപ്രീതിയിലും മറികടക്കുന്നതിൽ മാത്രമല്ല ഈ പ്രൊഫഷണലിസം മീര പ്രകടമാക്കുന്നത്. പ്രസാധകർ, നിരൂപകർ, മാദ്ധ്യമങ്ങളിലെ പ്രചാരകർ തുടങ്ങിയവരുടെ പിന്തുണ
മാധവിക്കുട്ടിക്കും സാറാജോസഫിനും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും പ്രൊഫഷണലായ എഴുത്തുകാരിയാണ് കെ.ആർ.മീര. മാധവിക്കുട്ടിയെപ്പോലെ, തന്റെ തലമുറയിലെ മുഴുവൻ പുരുഷ എഴുത്തുകാരെയും പ്രതിഭയിലും ജനപ്രീതിയിലും മറികടക്കുന്നതിൽ മാത്രമല്ല ഈ പ്രൊഫഷണലിസം മീര പ്രകടമാക്കുന്നത്. പ്രസാധകർ, നിരൂപകർ, മാദ്ധ്യമങ്ങളിലെ പ്രചാരകർ തുടങ്ങിയവരുടെ പിന്തുണയോടെ തന്റെ സർഗജീവിതം എഴുത്തുകളത്തിൽ സമർഥമായി കരുനീക്കുന്നതിൽ മീരയ്ക്കുള്ള വൈഭവം മറ്റൊരു മലയാളി എഴുത്തുകാരിക്കുമില്ല. ഭാവനയുടെ പരപ്പിൽ, ഭാഷയുടെ തളിർപ്പിൽ, മീരയ്ക്കു സമകാലികരാരും ഭീഷണിയുമല്ല. മാദ്ധ്യമപ്രവർത്തനവും സാഹിത്യപ്രവർത്തനവും തമ്മിൽ കഴിഞ്ഞ നാലുനൂറ്റാണ്ടായി നിലനിൽക്കുന്ന ഉറ്റ സൗഹൃദത്തിന്റെ ഇങ്ങേത്തലയ്ക്കലാണ് മീരയുടെ ഇടം. സാഹിത്യവും സിനിമയും ടെലിവിഷനും; ഫീച്ചറും അഭിമുഖവും കഥയും തിരക്കഥയും നോവലും - ഓരോ മാദ്ധ്യമത്തിലും രചനയിലും മീരയ്ക്കു സ്വന്തമായൊരു കയ്യൊപ്പുകാണും. 'ആരാച്ചാർ' ആ കയ്യൊപ്പിന് തൂക്കുകയറിലെ കുടുക്കിന്റെ ആകൃതി നിർമ്മിച്ചുനൽകിയിരിക്കുന്നു.
ആധുനികാന്തരം മലയാളത്തിലെഴുതപ്പെട്ട ഏറ്റവും മികച്ച നോവലുകളിലൊന്നാണ് 'ആരാച്ചാർ'. ആന്ദ് സൃഷ്ടിച്ച ചരിത്രാഖ്യായികകളുടെ പരമ്പരയാണല്ലോ ആധുനികാന്തര മലയാളനോവലിന്റെ ഏറ്റവും ദീപ്തമായ മുഖം. ആരാച്ചാരും മറ്റൊരു താവഴിയിലല്ല രൂപംകൊണ്ടിട്ടുള്ളത്. ചരിത്രവും മിത്തും ഭൂതകാലത്തെയെന്നപോലെ വർത്തമാനകാലത്തെയും പ്രശ്‌നവൽക്കരിക്കുന്നതിന്റെ ഭാവനാഭൂപടമാണ് ഈ നോവൽ. ബംഗാളിനോവലുകളുടെ ഭൂമിശാസ്ത്രം മാത്രമല്ല, ഭാഷാ, ജീവിതസംസ്‌കാരങ്ങളും അസ്ഥിവരെ തുളഞ്ഞിറങ്ങിയ കൃതി. സമീപകാല ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ അടിസ്ഥാനപരമായ മൂല്യസംഘർഷങ്ങളിലൊന്നിന്റെ നേർചരിത്രം. വാർത്താടെലിവിഷൻ മനുഷ്യജീവിതത്തിൽ നടത്തുന്ന മ്ലേച്ഛവും ഹീനവുമായ കടന്നുകയറ്റങ്ങളുടെ കുറ്റവിചാരണ. എല്ലാറ്റിനുമുപരി ഒരു സ്ത്രീക്കുമാത്രമറിയാവുന്ന അവളുടെ ആത്മാനുഭവങ്ങളുടെയും പുരുഷ - പൊതു- സാമാന്യബോധത്തിനു പിടിതരാത്ത കാമനകളുടെയും തുറന്നെഴുത്ത്. മനുഷ്യജീവിതത്തിന്റെ മുഴുവൻ പ്രാണസഞ്ചാരങ്ങളെയും നിഷ്പ്രഭമാക്കുന്ന ഹിംസയുടെ വേദാന്തം.[BLURB#1-H]
നാനൂറ്റി അൻപത്തൊന്നുപേരെ തൂക്കിലേറ്റിയ കൊൽക്കൊത്തയിലെ ആരാച്ചാർ ഫണിഭൂഷണൻ ഗൃദ്ധാമല്ലിക്കിന്റെയും മകൾ ചേതനയുടെയും കഥയാണ് ഈ നോവൽ. ഒപ്പം ഗൃദ്ധയുടെ നശിച്ച കുടുംബത്തിന്റെയും. ചേതനയെ ലോകത്തെ ആദ്യ വനിതാ ആരാച്ചാരാക്കി മാറ്റി (മല്ലിക് കുടുംബത്തിൽ പതിമൂന്നാം നൂറ്റാണ്ടിൽ പിംഗളകേശിനിയെന്ന ആരാച്ചാർ ജീവിച്ചിരുന്നു) തന്റെ മാദ്ധ്യമത്തിന്റെ റേറ്റിങ് ഉയർത്താൻ ശ്രമിക്കുന്ന വാർത്താചാനൽ റിപ്പോർട്ടർ സഞ്ജീവ്കുമാർ മിത്രയാണ് നോവലിലെ മറ്റൊരു പ്രധാന കഥാപാത്രം. കൊൽക്കൊത്തയുടെ മനഃസാക്ഷിയെന്നപോലെ ജീവിക്കുന്ന 'ഭവിഷ്യത്' പത്രാധിപർ മാനൊബേന്ദ്രബോസ്, അരയ്ക്കു മുകളിൽ മാത്രം ശരീരവും ജീവിതവുമുള്ള, ചേതനയുടെ സഹോദരൻ രാമുദാ, തൂക്കിലേറ്റാൻ വിധിക്കപ്പെട്ട യതീന്ദ്രനാഥബാനർജി എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ വേറെയും.
വധശിക്ഷക്കെതിരെയുള്ള യതീന്ദ്രനാഥബാനർജിയുടെ ദയാഹർജി രാഷ്ട്രപതി കൊള്ളുന്നതിനും തള്ളുന്നതിനുമിടയിലുള്ള ചുരുങ്ങിയ മാസങ്ങളാണ് നോവലിന്റെ പ്രത്യക്ഷകാല പശ്ചാത്തലം. കൊൽക്കൊത്തയിലെ പൊതുസമൂഹവും മാദ്ധ്യമസമൂഹവും നടത്തുന്ന വിധിയെഴുത്തുകളുടെയും ശിക്ഷ നടപ്പാക്കലുകളുടെയും ഒരു സമാന്തരലോകം സ്ഥലപശ്ചാത്തലവും.
മല്ലിക് കുടുംബത്തിന്റെ പുരാണം ചരിത്രവും മിത്തുമായി കൂടിക്കുഴഞ്ഞാവിഷ്‌കൃതമാകുന്ന ഭൂതകാലത്തിന്റെ ആഖ്യാനമാണ് ഈ നോവലിലെ ഏറ്റവും ഭാവനാസമ്പന്നമായ ഭാഗം. ചേതനയും സഞ്ജീവ്കുമാറും തമ്മിലുള്ള പ്രണയത്തിന്റെയും കലഹത്തിന്റെയും ഔട്ട്‌ഡോർ ചിത്രീകരണങ്ങൾ ഏറ്റവും മൂർച്ചയുള്ള ഭാഗവും. 'ഗില്ലറ്റിൻ' പോലുള്ള ചെറുകഥകളിൽ മുൻപുതന്നെ മീര പ്രശ്‌നവൽക്കരിച്ചിട്ടുള്ള ഹിംസയുടെ ചരിത്രപാഠങ്ങൾ ഈ നോവലിന്റെ രാഷ്ട്രീയാന്തർധാരയാകുമ്പോൾ അസാധാരണമാംവിധം ദൃശ്യവൽക്കരിക്കപ്പെടുന്ന ഭാഷയുടെ ആഖ്യാനലാവണ്യം ആരാച്ചാരുടെ വായനാക്ഷമത ഉറപ്പാക്കുന്നു.
കൊൽക്കൊത്തയുടെ ഗലികളും ഘാട്ടുകളും തെരുവുകളും ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടങ്ങളും വേശ്യാലയങ്ങളും മുതൽ ടി.വി. സ്റ്റുഡിയോകളും ഹോട്ടലുകളും സൂപ്പർമാർക്കറ്റുകളും ജയിലുകളുംവരെ, ആരാച്ചാർ സൃഷ്ടിക്കുന്ന ഭാവനാഭൂമിശാസ്ത്രം അതിസൂക്ഷ്മമായ ഒരു സ്ഥലപുരാണത്തിന്റെ ഊടുംപാവുമായി മാറുന്നു. മിത്തും ചരിത്രവും ഇടകലരുന്ന രാജഭരണത്തിന്റെയും കൊളോണിയൽ ആധിപത്യത്തിന്റെയും ആധുനിക ബംഗാളിന്റെയും ജീവിതചിത്രങ്ങൾ നോവൽകാല ഭൂപടത്തിൽ വരയുന്നു. മിത്തിക്കൽ കഥാപാത്രങ്ങൾ ചരിത്രകഥാപാത്രങ്ങൾക്കൊപ്പം ബംഗാളിന്റെ ഉൾനാടുകളിലും വയലേലകളിലും രാജകൊട്ടാരങ്ങളിലും തടവറകളിലും റൈറ്റേഴ്‌സ് ബിൽഡിംഗിലുമൊക്കെ തങ്ങളുടെ ജീവിതം ജീവിച്ചുതീർക്കുന്നു. നാനാതരം ഹിംസകളുടെ സമാന്തരചരിത്രങ്ങൾ ഭരണകൂടത്തിന്റെ ഔദ്യോഗികഹിംസയുടെ രാഷ്ട്രീയത്തെ പൂരിപ്പിക്കുന്നു. വധശിക്ഷക്കനുകൂലവും പ്രതികൂലവുമായ സംവാദങ്ങളും പ്രക്ഷോഭങ്ങളും പൊതുസമൂഹത്തിലും മാദ്ധ്യമങ്ങളിലും ഒരുപോലെ അരങ്ങേറുന്നു.[BLURB#2-VR]
യതീന്ദ്രനാഥബാനർജിയുടെ തൂക്കിക്കൊലയിൽ നോവൽ അവസാനിക്കുന്നില്ല. എൺപത്തെട്ടാം വയസ്സിൽ സ്വന്തം സഹോദരനെയും അയാളുടെ ഭാര്യയെയും കൊന്ന് ഗൃദ്ധാമല്ലിക് ജയിലിലായി. ആലിപ്പൂർ ജയിലിൽ യതീന്ദ്രനാഥിനെ തൂക്കിലേറ്റി, ചാനൽസ്റ്റുഡിയോയിലെത്തിയ ചേതന, തന്റെ ജീവിതത്തെത്തന്നെ ഒരു കുടുക്കാക്കി മാറ്റി, തന്നെ വഞ്ചിച്ച സഞ്ജീവ്കുമാറിനെ കാമറാക്കും പ്രേക്ഷകർക്കും മുന്നിൽ, തത്സമയം തൂക്കിലേറ്റുന്നു. മനുഷ്യജീവിതത്തിന്റെ അർഥവും മൂല്യവും ഹിംസയുടെ തത്വചിന്തകളുമായി താരതമ്യം ചെയ്യപ്പെടുന്നു, 'ആരാച്ചാരി'ൽ.
നോവലിന്റെ ചരിത്രവൽക്കരണമെന്ന നിലയിൽ 'ആരാച്ചാർ' മലയാള ഭാവനയിൽ ഒരു കുതിച്ചുചാട്ടമാണ്. ഭാഷയുടെ ഇന്ദ്രജാലത്തിൽ, കവിതകളായി മാറുന്ന ഒറ്റവരിവാക്യങ്ങളിൽ, കഥപറച്ചിലിന്റെ ഒഴുക്കിൽ, അധ്യായങ്ങളുടെ ഘടനയിൽ, മിത്തുകളുടെ തുടർച്ചയിൽ, ചരിത്രത്തിന്റെ പടർച്ചയിൽ, ഈ നോവൽ നിർമ്മിക്കുന്ന ആഖ്യാനമണ്ഡലം 'അഗ്നിസാക്ഷി'ക്കും 'എന്റെ കഥ'ക്കും 'ആലാഹ'ക്കും ശേഷം മലയാളത്തിലുണ്ടായ ഏറ്റവും ഭാവനാസമ്പന്നമായ സ്ത്രീ നിർമ്മിതിയാണ്.
അങ്ങേയറ്റം സിനിമാറ്റിക്കാണ് 'ആരാച്ചാരു'ടെ ആഖ്യാനം. അതേസമയംതന്നെ ചേതനയുടെ ആത്മഭാഷണമായി രൂപപ്പെടുന്ന നോവൽ പലപ്പോഴും ആധുനികതയുടെ ലാവണ്യശാസ്ത്രങ്ങളിലൊന്നായ സിനിമാറ്റിക് ആഖ്യാനത്തെ മറികടന്ന് ആധുനികാന്തരതയുടെ ആഖ്യാനപാഠങ്ങളിൽ പ്രമുഖമായ ടെലി-വിഷ്വൽ സ്വഭാവത്തിലേക്കു മാറുകയും ചെയ്യുന്നു. ഏതുനിലയിലും ദൃശ്യാത്മകം.
ഏതാണ്ട് നാൽപതധ്യായംവരെ ഉജ്വലമായി മുന്നേറുന്ന ആരാച്ചാരുടെ രചന, പക്ഷെ പിന്നീടങ്ങോട്ട് അല്പമൊന്നു പതറുന്നു എന്നതും കാണാതിരുന്നുകൂടാ. മുൻപ് എൻ എസ് മാധവന്റെ 'ലന്തൻബത്തേരിയിലെ ലുത്തിനിയകൾ'ക്കു സംഭവിച്ചതുപോലെ, ഒരന്ത്യക്ലേശം ആരാച്ചാരെയും ബാധിച്ചിട്ടുണ്ട്. ടെലിവിഷൻ തുറക്കുമ്പോഴെല്ലാം സഞ്ജീവ്കുമാർമിത്ര പ്രത്യക്ഷനാകുന്നതും അയാളുടെ ഭൂതകാലം മലയാളിയുടേതാക്കാൻ നടത്തുന്ന ശ്രമവും മറ്റും ആരാച്ചാരുടെ അയുക്തികളായി മാറുന്നു. 'ആരാച്ചാരി'ലുടനീളമുള്ള 'അച്ഛൻ' വിളി 'ബാബ' എന്നാക്കി മാറ്റിനോക്കൂ. വ്യത്യാസം അത്ഭുതകരമായിരിക്കും.
ആരാച്ചാർ (നോവൽ)
കെ.ആർ. മീര
ഡി.സി. ബുക്‌സ്
275 രൂപ
പുസ്തകത്തിൽ നിന്ന്
പിന്നാലെ വന്ന സഞ്ജീവ്കുമാർ ഇരുട്ടിൽ എന്റെ കയ്യിൽ പിടിച്ചുനിർത്തി. നിലവറയിൽവച്ച് കുപ്പിവളക്കഷ്ണങ്ങൾ കുത്തിക്കയറിയ മുറിവുകൾ. പഴുത്തുതുടങ്ങിയ കൈത്തണ്ടയിൽ വിരലുകൾ അമർന്നു. ഞാൻ ഔ എന്നു ഞരങ്ങി. 'എന്റെ പ്രായശ്ചിത്തം....'
തടയാനാകുന്നതിനു മുമ്പേ അയാൾ എന്റെ കൈകൾ പിടിച്ച് വളകൾ അണിയിച്ചു. പിന്നീട് രണ്ടു കൈത്തലങ്ങളും പിടിച്ചുനിവർത്തി കൈവെള്ളയിൽ മൃദുവായി മീശരോമങ്ങൾ ഉരുമ്മുംവിധം ഉമ്മവച്ച് നടന്നുപോയി. എന്റെ കൈത്തലങ്ങൾ പൊള്ളി, തണുത്തുറഞ്ഞു. നിലത്താകെ വിറയൽ പടർത്തി തെക്കോട്ടുള്ള സർക്കുലാർ ട്രെയിൻ പാഞ്ഞു. ഘാട്ടിലേക്കു പോകാൻ കാത്തുനിൽക്കുകയായിരുന്ന വണ്ടികൾ നീങ്ങി. ഒരു ആംബുലൻസിന്റെ വെളിച്ചത്തിൽ ഞാൻ എന്റെ കൈത്തണ്ടകൾ കണ്ടു. വായിൽ ഉമിനീർ വറ്റി. എല്ലാ മുറിവുകളും പഴുത്തു വിങ്ങി. രക്തച്ചുവപ്പിൽ പച്ചയും വെള്ളയും കല്ലുകൾ പതിപ്പിച്ച മൺവളകൾ. വിലകൊടുത്തു വാങ്ങുന്നതിനു പകരം എന്റെയും വിൽപനക്കാരന്റെയും മുഴുവൻ നഗരത്തിന്റെയും കൺമുമ്പിൽ, മനഃസാക്ഷിക്കുത്തില്ലാതെ മോഷ്ടിച്ചവ.
സഞ്ജീവ്കുമാർ മിത്രയെ മനസ്സിലാക്കാൻ എനിക്കൊരിക്കലും സാധിച്ചില്ല. അയാൾ, ഗംഗയിലെന്നതുപോലെ, സ്വന്തം മാലിന്യങ്ങൾ എന്റെ ശരീരത്തിൽ നിമജ്ജനം ചെയ്തു. സ്വന്തം പുണ്യം ഉറപ്പാക്കിയശേഷം മണ്ണൊലിപ്പുകളെക്കുറിച്ചു വ്യാകുലപ്പെട്ടു. അത്രയേറെ നിന്ദിക്കപ്പെടാൻ എന്തുതെറ്റാണ് ഞാൻ ചെയ്തതെന്ന് എനിക്കു മനസ്സിലായില്ല. അപമാനവും രോഷവും കൊണ്ട് എനിക്കു ഭ്രാന്തിളകി. പിൽക്കാലത്ത്, അയാളോടു പക വീട്ടിയതിനുശേഷവും ആ ദിവസത്തെക്കുറിച്ചോർക്കുമ്പോഴൊക്കെ മൈദാനിൽ ദുപ്പട്ട കഴുത്തിൽ മുറുക്കപ്പെട്ട നിലയിൽ മരിച്ചുകിടന്ന യുവതിയുടേതായി കേട്ട നിലവിളി പോലെ അമാർസാതെ തുമി എരോകോം കൊർത്തേ പരോ നാ എന്നു നിലവിളിക്കാൻ എനിക്കും തോന്നി. നിങ്ങൾ എന്നോടിങ്ങനെ ചെയ്യരുതായിരുന്നു...! (പുറം - 116)
ഝരിഝരി ശബ്ദത്തോടെ മഴക്കാലം പെട്ടെന്നാണ് പൊട്ടിവീണത്. ആകാശം ആസുരശക്തിയോടെ ഭൂമിയിലേക്കു സുതാര്യമായ തൂക്കുകയറുകൾ എറിഞ്ഞു. ബർദ്വാനിൽ ഇടിമിന്നലേറ്റ് റാബിയ ഖാതൂം മരിച്ചു. അവൾക്കു പന്ത്രണ്ടു വയസ്സേയുണ്ടായിരുന്നുള്ളൂ. അവളുടെ കൂടെയുണ്ടായിരുന്ന ഒമ്പതു പെൺകുട്ടികളുടെ ശരീരം പൊള്ളി. അവരെല്ലാം പാവപ്പെട്ടവരുടെ കുട്ടികളായിരുന്നു. മഴയെ ഒരു മറയാക്കി പുലർച്ചെ മുതൽ ഞാൻ മൂടിപ്പുതച്ചു കിടന്നു. തലേന്നു രാത്രി ഞാൻ ഉറങ്ങിയില്ല. കരച്ചിൽ പൊട്ടിയുയരുകയും കണ്ണുനീർ പുറത്തുവരാതെ ഉറഞ്ഞുപോകുകയും ചെയ്തു. മുതിർന്ന പെൺകുട്ടിയായതിനുശേഷം ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി കണ്ണുനീരിന്റേതായിരുന്നു. എനിക്കൊരിക്കലും പൊട്ടിക്കരയാൻ സാധിച്ചില്ല. പുലർച്ചെ പാതിയുറക്കത്തിലെന്നവണ്ണം രാമുദാ 'അമാരെ തുമി അശേഷ്‌കൊരേ' എന്ന വരികൾ മൂളിയപ്പോൾ എനിക്കു വീണ്ടും സമചിത്തത നഷ്ടപ്പെട്ടു. എന്നെ അങ്ങ് അനശ്വരനാക്കിത്തീർത്തിരിക്കുന്നു എന്നർഥം വരുന്ന ആ വരികളിലാണ് ടാഗോറിന്റെ ഗീതാഞ്ജലി ആരംഭിച്ചിട്ടുള്ളത്. ദുഃഖം നിറഞ്ഞ രാത്രികളിൽ അച്ഛൻ തന്റെ മുറിയിൽ ഭിത്തിയിൽ തൂക്കിയിട്ട ചില്ലിട്ട പത്രത്താളുകളിലേക്കു നോക്കിക്കിടന്ന് അതുമുഴുവൻ ഉറക്കെ പാടാറുണ്ടായിരുന്നു.[BLURB#3-VL]
'ഈ ജീവിതത്തിന്റെ പാത്രം അങ്ങ് ശൂന്യമാക്കുകയും വീണ്ടും നവചൈതന്യം കൊണ്ട് അതു നിറയ്ക്കുകയും ചെയ്യുന്നു എന്ന വരി പാടുമ്പോൾ അച്ഛനും ഉന്മേഷവാനായി. പക്ഷേ, രാമുദാ തന്റെ കിടപ്പിലായ ശബ്ദത്തിൽ അതു പാടിയപ്പോൾ മ്ലാനതയും ദുഃഖവുമാണ് ഉണർന്നത്. തലയിണയുടെ ഒരുവശത്ത് ഇളകിയ പഞ്ഞി കൂട്ടിത്തയ്ച്ചിടത്തെങ്ങാൻ നഷ്ടപ്പെട്ട സ്വർണനാണയം തടഞ്ഞിരിപ്പുണ്ടോ എന്നു പരിശോധിക്കുകയായിരുന്ന ഥാക്കുമാ തന്റെ വിറയാർന്ന ശബ്ദത്തിൽ 'ആമാർ ശു ധു ഏക്ടിമുഠി ഭരി ദേതച്ഛ ദാൻ ദിവസ...' - രാവും പകലും അങ്ങ് എന്റെ ചെറിയ കൈകൾ നിറയെ സമ്മാനങ്ങൾ നൽകുന്നു - എന്നു രാമുദായുടെ ഗാനത്തിന്റെ തുടർച്ച ആലപിച്ചു. അതോടെ എന്റെ നിയന്ത്രണം വിട്ടു. എല്ലാവരും അറിഞ്ഞോ അറിയാതെയോ എന്നെ മാത്രം പരിഹസിക്കുന്നതുപോലെ അനുഭവപ്പെട്ടു. 'എത്രയോ യുഗങ്ങളായി നിന്റെ ദാനങ്ങൾ എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു' എന്ന അവസാനത്തെ വരി പൂർത്തിയാക്കാൻ അനുവദിക്കാതെ 'കുറച്ചു സ്വസ്ഥത തരുമോ' എന്നു ഞാൻ പൊട്ടിത്തെറിച്ചു. ഥാക്കുമാ ഗാനം നിർത്തി 'നേരം ഉച്ചയായിട്ടും കിടന്നുറങ്ങുന്നോ പെണ്ണുങ്ങൾ' എന്ന് ശകാരിച്ചു. (പുറം - 136).