- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പതിനെട്ട് വയസ്സ് കഴിഞ്ഞ എല്ലാവർക്കും കരുതൽ ഡോസ് വാക്‌സിൻ ഞായറാഴ്ച മുതൽ; പണം നൽകി സ്വീകരിക്കാം; ബൂസ്റ്റർ ഡോസ് നൽകുക, സ്വകാര്യ വാക്സിനേഷൻ സെന്ററുകൾ വഴിയെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് 18 വയസ്സ് പൂർത്തിയായ എല്ലാവർക്കും ഞായറാഴ്ച മുതൽ സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽനിന്ന് കോവിഡ് വാക്‌സിൻ ബൂസ്റ്റർ ഡോസുകൾ ലഭ്യമാകുമെന്ന് കേന്ദ്രസർക്കാർ. വാക്‌സിൻ സ്വീകരിക്കുന്നവർ ഇതിന് പണം നൽകണം.
ഏപ്രിൽ പത്ത് ഞായറാഴ്ച മുതൽ രാജ്യത്തെ എല്ലാ സ്വകാര്യ വാക്‌സീനേഷൻ കേന്ദ്രങ്ങൾ വഴിയും ആളുകൾക്ക് മൂന്നാം ഡോസ് അഥവാ കരുതൽ ഡോസ് വാക്‌സീൻ സ്വീകരിക്കാം. ആദ്യ രണ്ട് ഡോസ് വാക്‌സീൻ പോലെ കരുതൽ ഡോസ് അഥവാ ബൂസ്റ്റർ ഡോസ് വാക്‌സീൻ സൗജന്യമായിരിക്കില്ല. സ്വകാര്യ വാക്‌സീനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വാക്‌സീനേഷൻ എന്നതിനാൽ പണം നൽകേണ്ടി വരും.
രണ്ടാം ഡോസ് വാക്‌സീൻ എടുത്ത് ഒൻപത് മാസം പൂർത്തിയായ ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് വാക്‌സീൻ സ്വീകരിക്കാൻ അനുമതിയുള്ളൂ. അതേസമയം സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴിയുള്ള ഒന്ന്, രണ്ട് ഡോസ് വാക്‌സീനേഷനും മുതിർന്ന പൗരന്മാർക്കും ആരോഗ്യപ്രവർത്തകർക്കും മുൻനിര കോവിഡ് പോരാളികൾക്കും നൽകുന്ന ബൂസ്റ്റർ ഡോസ് വാക്‌സീനേഷനും തുടരും.
മൂന്നാം ഡോസ് നിർബന്ധമാക്കിയ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുന്നവർക്ക് ബൂസ്റ്റർ ഡോസിനുള്ള അനുമതി ആശ്വാസമാകും. ചൈനയടക്കം വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ബൂസ്റ്റർ ഡോസ് വിതരണം ചെയ്യണമെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ദർ ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ആരോഗ്യപ്രവർത്തകർ, കോവിഡ് മുൻനിര പ്രവർത്തകർ, അറുപതു വയസ്സുകഴിഞ്ഞവർ എന്നിവർക്കു മാത്രമാണ് ബൂസ്റ്റർ ഡോസ് സൗജന്യമായി ലഭിക്കുന്നത്. രാജ്യത്തെ പ്രായപൂർത്തിയായ വലിയൊരു വിഭാഗത്തിനും പണം നൽകി ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടി വരും.
സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, അറുപതു വയസ്സുകഴിഞ്ഞവർ എന്നിവർക്കായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഡോസ്, രണ്ടാം ഡോസ്, ബൂസ്റ്റർ ഡോസ് വിതരണങ്ങൾ തുടരുകയും അതിന്റെ വേഗംകൂട്ടുകയും ചെയ്യുമെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
പതിനഞ്ചിനും അതിനു മുകളിലും പ്രായമുള്ള 96 ശതമാനം പേർക്കും കുറഞ്ഞത് കോവിഡിന്റെ ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെന്നും 83 ശതമാനം പേർക്ക് രണ്ടു ഡോസും ലഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
പല രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമാകുന്നതിന്റെയും മൂന്നാംഡോസ് സ്വീകരിക്കാത്തതിനാൽ ചിലർക്ക് വിദേശയാത്രയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നതിന്റെയും പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. ഇസ്രയേൽ പോലുള്ള രാജ്യങ്ങൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തപക്ഷം വാക്സിനേഷൻ പൂർത്തിയായതായി അംഗീകരിക്കുന്നില്ല.




