മെൽബൺ: സർക്കാരുമായിട്ടുള്ള വേതന പ്രശ്‌നത്തിന്റെ പേരിൽ ബോർഡർ ഫോഴ്‌സ്, ഇമിഗ്രേഷൻ, അഗ്രിക്കൾച്ചർ ജീവനക്കാർ 24 മണിക്കൂർ പണിമുടക്കിന് ഒരുങ്ങുന്നു. നവംബർ ഒമ്പതിനാണ് നടത്തുന്ന പണിമുടക്കിൽ ഓസ്‌ട്രേലിയൻ എയർപോർട്ടുകളിൽ എത്തുന്ന യാത്രക്കാർ ഏറെ വലയുമെന്ന് മുന്നറിയിപ്പുണ്ട്.

ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിലെ യൂണിയൻ അംഗങ്ങൾ പണിമുടക്കിൽ പങ്കെടുക്കുമെന്നതിനാൽ രാജ്യത്തെ എയർപോർട്ടുകളുടെ പ്രവർത്തനം പാടേ താറുമാറാകുമെന്നാണ് ആശങ്ക. അറൈവൽ കാർഡുകൾ, പാസ്‌പോർട്ട് ചെക്കിംഗുകൾ, കസ്റ്റംസ് ഇൻസ്‌പെക്ഷൻ, സ്‌ക്രീനിങ്, മറ്റ് എയർപോർട്ട് ഡ്യൂട്ടികളെയെല്ലാം പണിമുടക്ക് സാരമായി ബാധിക്കും.

വേതന വ്യവസ്ഥകളെ ചൊല്ലിയാണ് ബോർഡർ ഫോഴ്‌സ് പണിമുടക്ക് നടത്തുന്നത്. അടുത്തിടെ ബോർഡർ ഫോഴ്‌സിന് അനുവദിച്ച ശമ്പള വർധന രണ്ടു ശതമാനമെന്നുള്ളത് തീരെ അപര്യാപ്തമാണെന്നും വേതന വർധന ഉയർത്തണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഇതേ ആവശ്യം ഉന്നയിച്ച് സെപ്റ്റംബർ അവസാന വാരം പത്തു ദിവസം രണ്ടു മണിക്കൂർ വച്ച് ബോർഡർ ഫോഴ്‌സ് സ്റ്റാഫുകൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ദിവസം രണ്ടു മണിക്കൂർ പണിമുടക്ക് നടത്തിയതു പോലും അന്താരാഷ്ട്ര ടെർമിനലിലെത്തിയ യാത്രക്കാർക്ക് ഏറെ ദുരിതം സമ്മാനിച്ചിരുന്നു.

വേതന വർധനയെച്ചൊല്ലിയുള്ള തർക്കത്തിൽ പെട്ടിരിക്കുന്ന അഗ്രിക്കൾച്ചർ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫുകളും ഇന്റർനാഷണൽ എയർപോർട്ടുകളിൽ പണിമുടക്കും. പാഴ്‌സൽ സ്‌ക്രീനിങ്, ഇന്റർനാഷണൽ ഫ്രെയ്റ്റ് സ്‌ക്രീനിങ് എന്നിവ ഇവരുടെ പണിമുടക്കു മൂലം തടസപ്പെടും.