- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് പടിയിറക്കത്തിന്റെ സമയമായോ? ഒരു പതിറ്റാണ്ടിനു ശേഷം ആദ്യമായി ലേബർ പാർട്ടി അഭിപ്രായ സർവ്വേയിൽ മുൻപിൽ; ജനകീയനായ ബോറിസ് ജോൺസന്റെ ജനപ്രീതി പൊടുന്നനെ ഇടിഞ്ഞു
ലണ്ടൻ:ലേബർ പാർട്ടിക്ക് തികച്ചും അപ്രതീക്ഷിത വിജയം സമ്മാനിക്കുന്നതായിരുന്നു ഇന്നലെ നടന്ന അഭിപ്രായ സർവ്വേ. ഭരണകക്ഷി എം പിമാർ ഉൾപ്പെടുന്ന സാമ്പത്തിക അഴിമതികളുടെ വെളിച്ചത്തിലായിരുന്നു ഈ സർവ്വേ നടന്നത്. ഈ അഴിമതിയെ കൈകാര്യം ചെയ്യുന്നതിൽ ബോറിസ് ജോൺസന് പരാജയം സംഭവിച്ചു എന്നാണ് സർവ്വേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷം പറയുന്നത്. ഈ പൊതുജന ക്ഷോഭമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി അഭിപ്രായ സർവേയിൽ മുൻകൈ നേടാൻ ലേബർ പാർട്ടിയെ സഹായിച്ചത്. ആറു പോയിന്റുകൾക്കാണ് ലേബർ പാർട്ടി ടോറികളുടെ മുന്നിലെത്തിയത്.
ബ്രിട്ടനിൽ എം പിമാർക്ക് ആ സ്ഥാനം വഹിക്കുന്നതിനൊപ്പം മറ്റ് ജോലികളിൽ ഏർപ്പെടാനും നിയമപരമായ അനുവാദമുണ്ട്.. എന്നാൽ, അതിനായി പാർലമെന്റ് അംഗം എന്ന പദവിയോ അധികാരമോ സ്വാധീനമോ ഉപയോഗിക്കരുതെന്ന് കർശനമായി പറയുന്നു. മാത്രമല്ല, രണ്ടാം ജോലിയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്തുകയും വേണം. അതുപോലെ സർക്കാരുമായുള്ള കാര്യങ്ങൾക്ക് പെയ്ഡ് ലോബീയിംഗും അനുവദനീയമല്ല. കഴിഞ്ഞയാഴ്‌ച്ച ഓവൻ പാറ്റേഴ്സൺ മന്ത്രിമാരെ ലോബിയിങ് ചെയ്തു എന്ന ആരോപണത്തിൽ സസ്പെൻഷനിലായതോടെയാണ് പാർലമെന്റ് അംഗം എന്ന പദവി ദുരുപയോഗം ചെയ്ത് പണമുണ്ടാക്കുന്ന എം പിമാരുടെ കഥകൾ പുറത്തുവന്നത്.
പല എം പിമാരും വളരെ ഉയർന്ന വേതനം ലഭിക്കുന്ന മറ്റു ജോലികൾ ചെയ്യുന്നുണ്ട് എന്ന് ഇതോടെ വ്യക്തമായി. അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന ജെഫ്രി കോക്സ് പാർലമെന്റ്അംഗമെന്ന സ്വാധീനം ഉപയോഗിച്ച് 2005 മുതൽ ഇന്നുവരെയുള്ള കാലയളവിൽ 6 മില്ല്യൺ പൗണ്ട് സമ്പാദിച്ചു എന്ന വിവരവും പുറത്തുവന്നു. ഇത് എം പി എന്ന നിലയിലുള്ള ശമ്പളത്തിനു പുറമേയുള്ള തുകയാണ്. ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് ഉൾപ്പടെയുള്ള നിരവധി പാർലമെന്റംഗങ്ങൾക്ക് ഇത്തരത്തിൽ രണ്ടാം ജോലിയുണ്ട്. ഇവരിൽ പലരും ഇക്കാര്യം പരസ്യപ്പെടുത്തിയിട്ടുമില്ല.
ഈ അഴിമതി കഥകൾ പുറത്തുവന്നതോടെയാണ് ബോറിസ് ജോൺസന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞത്. പ്രധാനമന്ത്രി കാര്യങ്ങൾ നേരായ രീതിയിൽ കൈകാര്യം ചെയ്യുന്നില്ല എന്ന ആരോപണം ഭരണകക്ഷി അംഗങ്ങളിൽ നിന്നുതന്നെ ഈ ഫലം പുറത്തുവന്നതിനുശേഷം ഉയർന്നുവന്നിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ഒരു എം പി പറഞ്ഞു. ഈ തട്ടിപ്പ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട ബോറിസ് ജോൺസൺ മാപ്പു പറയണമെന്നാണ് സർവ്വേയിൽ പങ്കെടുത്തവരിൽ വൻ ഭൂരിപക്ഷം പറയുന്നത്. എന്നാൽ, ബോറിസ് ജോൺസൺ മാപ്പ് പറയാൻ തയ്യാറുമല്ല.
കോടികൾ അവിഹിതമായി സമ്പാദിച്ച ടോറി എം പി സർ ജെഫ്രി കോക്സ് പുറത്തുപോകണമെന്ന അഭിപ്രായമാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേർക്കും. മാത്രമല്ല, എം പി മാർക്ക്, അവർ ആ പദവിയിൽ ഇരിക്കുന്നിടത്തോളം കാലം മറ്റൊരു ജോലി ചെയ്യുവാനുള്ള അനുവാദം നൽകരുതെന്നാണ് സർവ്വേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ പറഞ്ഞത്. കാൽ ഭാഗം ആളുകൾ മാത്രമാണ് അവർക്ക് രണ്ടാം ജോലി അനുവദിക്കാമെന്ന അഭിപ്രായം പറഞ്ഞത്. ഒരാഴ്‌ച്ചകൊണ്ട് കൺസർവേറ്റീവ് പാർട്ടിക്ക് നാല് പോയിന്റുകൾ നഷ്ടപ്പെട്ടാപ്പോൾ ലേബർ പാർട്ടിക്ക് നേടാനായത് 5 പോയിന്റുകളാണ്. അഭിപ്രായ സർവ്വേയിൽ ഭരണകക്ഷിക്ക് 34 ശതമാനം വോട്ടുകൾ കിട്ടിയപ്പോൾ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് ലഭിച്ചത് 40 ശതമാനം വോട്ടുകളാണ്. 2019 മെയ് മാസത്തിനുശേഷം ഇതാദ്യമായാണ് ലേബർ പാർട്ടിക്ക് ഇത്ര വലിയ ലീഡ് ലഭിക്കുന്നത്.
സംഭവ ബഹുലമായ ഒരാഴ്‌ച്ചയുടേ അവസാനത്തിലാണ് ബോറിസ് ജോൺസന് ഈ തിരിച്ചടി ലഭിക്കുന്നത്. ലോബീയിങ് നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ കാബിനറ്റ് മന്ത്രി ഓവൻ പാറ്റേഴ്സണെ സസ്പെൻഡ് ചെയ്യാനുള്ള നടപടി തടയാൻ ശ്രമിച്ചതുമുതൽക്കായിരുന്നു ബോറിസ് ജോൺസന്റെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പാറ്റേഴ്സണെ രക്ഷിക്കുവാനായി നിയമത്തിൽ മാറ്റം വരുത്താൻ സഹായിക്കണമെന്നായിരുന്നു ബോറിസ് ഭരണകക്ഷി അംഗങ്ങളോട് ആവശ്യപ്പെട്ടത്. എന്നാൽ, പിറ്റേ ദിവസം തന്നെ ബോറിസിന് ഈ പദ്ധതി ഉപേക്ഷിക്കേണ്ടതായി വന്നു. സ്വന്തം പാർട്ടിയിൽ നിന്നു തന്നെ ഉയർന്ന കടുത്ത എതിർപ്പായിരുന്നു കാരണം.
അതിനുശേഷം സർ ജെഫ്രി ബ്രിട്ടീഷ് വെർജിൻ ദ്വീപുകൾ ജോലിചെയ്യുന്നുണ്ടെന്നും നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് മറ്റു ചില ആരോപണങ്ങളും ചില മാധ്യമങ്ങൾ ഉയർത്തിക്കൊണ്ടുവന്നു. അതിനെ തുടർന്ന് എം പി മാർ എന്ന നിലയിലുള്ള ജോലി ആദ്യം നിർവ്വഹിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബോറിസ് രംഗത്തെത്തി. എന്നാൽ, ഇക്കാര്യത്തിൽ താൻ ഖേദം പ്രകടിപ്പിക്കില്ലെന്ന് അദ്ദേഹം തർക്കത്തിനിടയില്ലാത്ത വിധം വ്യക്തമാക്കുകയും ചെയ്തു. ഇതാണ് പൊതുജനരോഷത്തിന് ഇടയാക്കിയത്.
മറുനാടന് ഡെസ്ക്