- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധിയിൽ ഉത്തരവാദിത്തം നിറവേറ്റാതെ കടന്നുകളയുന്നു എന്ന് വിമർശകർ; നീണ്ട ഒരു വർഷം വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും അനേകം പ്രതിസന്ധികളെ അഭിമുഖീകരിച്ചയാൾക്ക് ഒരൽപം വിശ്രമം ആവശ്യമെന്ന് മറ്റൊരുകൂട്ടർ; ബോറിസ് ജോൺസന്റെ ഒഴിവുകാലയാത്ര വിവാദമാകുമ്പോൾ
ലണ്ടൻ: കോവിഡ് വ്യാപനം ഒരുവിധം നിയന്ത്രണാധീനമാക്കിയപ്പോൾ ഇന്ധനക്ഷാമം എത്തി. വിതരണശൃംഖല താറുമാറായതോടെ ഭക്ഷ്യക്ഷാമവും; ബ്രിക്സിറ്റിന്റെ നന്തരഫലങ്ങൾ മറ്റൊരിടത്ത്. അതിനിടയിൽ അഫ്ഗാനിൽ നിന്നേറ്റ പ്രഹരവും. ബ്രിട്ടന്റെ ചരിത്രത്തിൽ ഒരുപക്ഷെ ഇത്രയേറെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവന്ന മറ്റൊരു പ്രധാനമന്ത്രിയുണ്ടാകില്ല. ഔദ്യോഗിക ജീവിതത്തിൽ പ്രശ്നങ്ങളൊഴിഞ്ഞ് നേരമില്ലായിരുന്നെങ്കിൽ ബോറിസ് ജോൺസന്റെ വ്യക്തിജീവിതവും ഒട്ടും വ്യത്യസ്തമല്ലായിരുന്നു.
ഗുരുതരമായ കോവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കാണേണ്ട അവസ്ഥ സംജാതമായി ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്. അതിനുപുറമെ അദ്ദേഹത്തിന്റെ പ്രിയ മാതാവ് മരണമടഞ്ഞു, വിവാഹമോചനം നടന്നു, കുട്ടി ജനിച്ചു, മറ്റൊരു വിവാഹം നടന്നു, ഇപ്പോഴിതാ രണ്ടാമത്തെ കുട്ടിയെ പ്രതീക്ഷിച്ചിരിക്കുന്നു. അങ്ങനെ വ്യക്തി ജീവിതത്തിലും ഏറെ മാനസിക സമ്മർദ്ദങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടതായി വന്നു. ഇതിനെല്ലാം ഒരു അറുതിവരുത്തുവാനാണ് ഒരു ചെറിയ ഇടവേളയെടുത്ത് സ്പെയിനിലെ മാർബെല്ലാ പട്ടണത്തിലേക്ക് പോകാൻ ഒരുങ്ങുന്നത്.
പ്രധാനമന്ത്രിയായതിനു ശേഷം ഒരു ഒഴിവുകാലവും മനസ്സമാധാനത്തോടെ പൂർണ്ണമായും ചെലവഴിക്കാൻ ബോറിസ് ജോണസന് ആയിട്ടില്ലെന്നതാണ് സത്യം. ഏറ്റവും ഒടുവിൽ അദ്ദേഹത്തിന്റെ വേനലവധി വരെ അഫ്ഗാൻ പ്രതിസന്ധിമൂലം ഒരു ദിവസം കഴിഞ്ഞപ്പോൾ നിർത്തേണ്ടി വന്നു. ടോണ്ടൺ ട്രെയിൻ സ്റ്റേഷനിലേക്ക് പൂർണ്ണമായും ഇൻ ചെയ്യാത്ത ഷർട്ടുമിട്ടെത്തിയ അദ്ദേഹത്തിന്റെ ദൃശ്യം ഇന്നും പലരും ഓർക്കുന്നുണ്ടാകും. അതുപോലെത്തന്നെയായിരുന്നു ഏകദേശം ഒരു വർഷം മുൻപ് അദ്ദേഹം ഒരുക്കിയ സ്കൊട്ടിഷ് ഹൈലാൻഡ്സിലെ ഒഴിവുകാലവും.
അദ്ദേഹത്തിന്റെ ഒഴിവുകാലയിടം ഒരു പമുഖ മാധ്യമം പുറത്തറിയിച്ചതോടെ സുരക്ഷാ കാരണങ്ങളാൽ അദ്ദേഹത്തിന് അത് അവസാനിപ്പിച്ച് തിരിച്ചുവരേണ്ടതായി വന്നു. കരീബിയൻ ദ്വീപുകളിൽ ഒഴിവുകാലം ആസ്വദിക്കാൻ പോയതും ഏറെ വിവാദമായിരുന്നു. കാർഫോൺ വെയർഹൗസ് സഹസ്ഥാപകന്റെ വീട്ടിൽ താമസിച്ചതാണ് വിവാദകാരണമായത്. അങ്ങനെ മനസമാധാനത്തോടെ ഒരു ഒഴിവുകാലം ആസ്വദിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയിട്ടില്ല.
അതിനെല്ലാം പരിഹാരമായിട്ടാണ് ഗർഭിണിയായ ഭാര്യ കാരിയും മകൻ വിൽഫുമൊന്നിച്ച് സ്പെയിനിലെ മാർബെല്ലയിലേക്കുള്ള യാത്ര. കൊസ്റ്റാ ഡെൽ സോളിലെ ഒരു സ്വകാര്യ വില്ലയിലായിരിക്കും ഇവരുടെ താമസം എന്നറിയുന്നു. കഴിഞ്ഞയാഴ്ച്ചത്തെ പാർലമെന്റ് സമ്മേളനത്തിനുശേഷമാണ് ഇവർ യാത്ര തിരിച്ചത്. വെള്ളിവെളിച്ചത്തിൽ നിന്നുമൊഴിഞ്ഞ് ബീച്ചുകളിലെ ജീവിതവും ക്ലബ്ബ് ജീവിതവുമൊക്കെ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന പ്രശസ്തർക്ക് ഏറെ പ്രിയമുള്ള ഒരിടമാണ് മാർബെല്ല.
നേരത്തേ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ഇവിടെ ഒഴിവുകാലം ആഘോഷിച്ചിട്ടുണ്ട്. 2010-ൽ മിഷായെൽ ഒബാമയും ഇവിടം സന്ദർശിച്ചിരുന്നു. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണും ഭാര്യ സമന്തയും ഇവിടെ ഒഴിവുകാലം ചെലവഴിച്ചിട്ടുണ്ട്. റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന് ഇവിടെ 20 മില്ല്യൺ പൗണ്ടിന്റെ ഒരു ആഡംബര വസതി ഉണ്ടെന്നുള്ള ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അടുത്തകാലത്ത് പ്രമുഖ ഫുട്ബോൾ താരം ക്രിസ്റ്റിനൊ റൊണാൾഡോയും ഇവിടെ 1.4 മില്ല്യൺ പൗണ്ടിന്റെ ഒരു കടൽത്തീര വസതി സ്വന്തമാക്കിയിരുന്നു.
മറുനാടന് ഡെസ്ക്