- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോറിസ് ജോൺസൺ ഇത്തവണയും രക്ഷപ്പെടുമോ? കുട്ടികൾക്ക് പോലും കോമാളിയായിക്കഴിഞ്ഞെന്നു വിമർശം; വെറും രണ്ടര വർഷം കഴിയുമ്പോഴേക്കും ബ്രിട്ടന് ബോറിസിനെ മതിയായി; കാലൊടിഞ്ഞ താറാവെന്നു വിളിച്ചു മാധ്യമങ്ങൾ; 12 വർഷത്തിനിടയിൽ അഞ്ചാം പ്രധാനമന്ത്രിയെത്തുമോ?
ലണ്ടൻ: കഴിഞ്ഞ പതിറ്റാണ്ടിനിടയിൽ നാല് പ്രധാനമന്ത്രിമാർ വന്നു പോയ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ അഞ്ചാം മുഖം എപ്പോഴെത്തും? രാഷ്ട്രീയ ചർച്ചകളിൽ മാത്രമല്ല സാധാരണക്കാരുടെ ഡിന്നർ ടേബിളിൽ പോലും ഇത് തന്നെ ചർച്ച വിഷയം. കാലൊടിഞ്ഞ താറാവെന്നു വരെയായി മാധ്യമ ലോകത്തെ വിമർശം. ഞായറാഴ്ചത്തെ പത്ര വായനയിൽ വലിയ കൗതുകമുള്ള ബ്രിട്ടീഷ് ജനതയുടെ കയ്യിൽ ഇന്നലെ എത്തിയ മുഴുവൻ പത്രങ്ങളിലും ബോറിസിനെതിരെയുള്ള കനത്ത വിമർശത്താൽ നിറഞ്ഞു നിൽക്കുക ആയിരുന്നു. ബ്രിട്ടീഷ് മാധ്യമങ്ങളുടെ ചുവട് പിടിച്ചു വാഷിങ്ടൺ പോസ്റ്റ് അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങളും കാലൊടിഞ്ഞ താറാവായാണ് ബോറിസിനെ ഇന്നലെ വിശേഷിപ്പിച്ചത്. പാർട്ടിയിലും അദ്ദേഹത്തിന് ലഭിക്കുന്ന പരിരക്ഷ ദുർബലം ആയതിനാൽ ഒരു രാജി എന്നത് വലിയ ചോദ്യ ചിഹ്നം പോലും ആകുന്നില്ല എന്നതാണ് നിലവിലെ വസ്തുത.
ഈ ബലപരീക്ഷ അദ്ദേഹം കടന്നു കയറിയാൽ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ സമീപകാലത്തുണ്ടായ വലിയൊരു അത്ഭുതമായി മാറും എന്നതും തർക്കമില്ലാത്ത കാര്യമാണ്. പൊതു ജനങ്ങളോട് മാപ്പു പറഞ്ഞ ഭർത്താവിനെ സംരക്ഷിക്കാൻ ജീവിത പങ്കാളി കാരിസ് വരെ തങ്ങൾക്കു തെറ്റ് പറ്റിയെന്നു മട്ടിൽ പൊതു സമൂഹത്തിൽ തല താഴ്ത്തി നിൽക്കാൻ തയ്യാറായി എന്നതും സൂചനയായി മാറുകയാണ്. പ്രധാനമന്ത്രിക്കസേര രക്ഷിച്ചെടുക്കാൻ ബോറിസ് കുടുംബത്തെ വരെ തയ്യാറാക്കി കഴിഞ്ഞുവെന്നതാണ് ഇതിലൂടെ നിരീക്ഷിക്കാനാകുന്നതും. വാർത്തകൾ വീക്ഷിക്കുന്ന കുട്ടികൾക്ക് മുൻപിൽ പോലും ബോറിസിന് കോമാളിയുടെ വേഷം ആയിക്കഴിഞ്ഞെന്നാണ് പ്രതിപക്ഷവും മാധ്യമങ്ങളും ഒന്ന് പോലെ ആക്ഷേപമുയർത്തുന്നതും. ബോറിസിന്റെ പങ്കാളിയായ കാരിസ് ജോൺസണും കോവിഡ് നിയമ ലംഘനം നടത്തി വിരുന്നു നടത്തി എന്ന ആരോപണം കൂടി വന്നതോടെ ആകെ ആടിയുലഞ്ഞ പായ്ക്കപ്പൽ ആയി മാറുകയാണ് ബോറിസിന്റെ ഈ ദിവസങ്ങൾ.
1987ൽ മാർഗരറ്റ് താച്ചർ നേടിയ വിജയത്തിന് ശേഷം ഏറ്റവും ത്രസിപ്പിക്കുന്ന കൺസർവേറ്റീവ് വിജയമാണ് രണ്ടു വർഷം മുൻപ് ബോറിസ് ജോൺസൻ സ്വന്തമാക്കിയത്. കാര്യമായ പരുക്കില്ലാതെ കോവിഡ് കാലത്തെ തരണം ചെയ്തു മുന്നേറിയ ബോറിസിന് അടുത്ത പൊതു തിരഞ്ഞെടുപ്പിലും വിജയം അനായാസം ആയിരിക്കുമെന്ന് പൊതുവെ കണക്കുകൂട്ടൽ നടക്കുന്ന സമയത്താണ് കാര്യങ്ങൾ പാടെ തകിടം മറിയുന്നത്. മികച്ച നേതാവില്ലാത്ത അവസ്ഥയിൽ കുഴഞ്ഞു മറിഞ്ഞു കിടന്ന പ്രതിപക്ഷം ഇപ്പോൾ ബോറിസിനെതിരെ വമ്പൻ മുന്നേറ്റമാണ് അഭിപ്രായ വോട്ടുകളിൽ നടത്തുന്നത് എന്നത് ചെറിയ കാര്യമല്ല.
കഴിഞ്ഞ 10 വർഷത്തിനിടെ നാല് പ്രധാനമന്ത്രിമാരുടെ കീഴിലൂടെ കടന്നു പോയ ബ്രിട്ടൻ ഈ ദിവസങ്ങളിൽ അഞ്ചാം പ്രധാനമന്ത്രിയെ കണ്ടെത്തേണ്ടി വരുമോ എന്ന ചോദ്യവും പ്രധാനമാകുകയാണ്. കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെന്ന് മാത്രമല്ല, ഇന്ത്യക്കാർക്ക് കൂടുതലായി കച്ചവട താൽപര്യം മുൻനിർത്തി വിസ അനുവദിക്കാനുള്ള നീക്കം ബ്രക്സിറ്റ് ആശയത്തെ തുരങ്കം വയ്ക്കുന്നതാണ് എന്ന ആരോപണവും ഇപ്പോൾ ബോറിസിനെ തിരിഞ്ഞു കൊത്തുകയാണ്. ഇതും കൺസർവേറ്റീവുകളുടെ പാരമ്പര്യ വോട്ടു ബാങ്കിൽ വിള്ളൽ വീഴ്ത്തും എന്നതിനാൽ പരാജയ ഭീതിയിൽ കൂടുതൽ എംപിമാർ ഈ ദിവസങ്ങളിൽ ബോറിസിനെതിരെ തിരിയാൻ കാരണമായിരിക്കുകയാണ്.
കഴിഞ്ഞ വർഷം നടന്ന മൂന്നു ഉപതെരഞ്ഞെടുപ്പുകളിലും പ്രതിപക്ഷ കക്ഷിയായ ലിബറൽ ഡെമോക്രാറ്റ് വിജയം കണ്ടെത്തിയതും ഇതിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്. അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന നോർത്ത് ഷ്രോപ്ഷെയർ, ചെഷം, അമർഷം സീറ്റുകളാണ് ടോറികൾക്കു മത്സര തീവ്രത പോലും പ്രകടിപ്പിക്കാനാകാതെ അടിയറവ് പറയേണ്ടി വന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടയിലെ ഏറ്റവും വലിയ ജനപ്രീതിയാണ് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി ഇപ്പോൾ അഭിപ്രായ സർവ്വേകളിൽ നേടിയത് എന്നതും ബോറിസിന്റെ തല ഉരുളാൻ നല്ലൊരു ആയുധമായി മാറിയേക്കും.
അന്നും പലവട്ടം അസ്ഥിര സർക്കാരുകൾ
ഇതിനു മുൻപ് എഴുപതുകളിലാണ് ഇത്തരം അസാധാരണവും ഉറപ്പില്ലാത്തതുമായ സർക്കാരുകളുടെ കീഴിൽ ബ്രിട്ടൻ കടന്നുപോകേണ്ടി വന്നത്. 1970 കൺസർവേറ്റീവ് പ്രധാനമന്ത്രിയായി എത്തിയ സർ ഹാരോൾഡ് ഹീത്, തുടർന്ന് ലേബർ നേതാവായ ഹാരോൾഡ് വിത്സൺ, വീണ്ടും ലേബറിനായി ജെയിംസ് കല്ലഗൻ, തുടർന്ന് കൺസർവേറ്റീവ് ഉരുക്കു വനിതാ മാർഗരറ്റ് താച്ചർ എന്നിവരാണ് 1970 മുതൽ 1979 വരെയുള്ള അസ്ഥിര സർക്കാരുകളെ നയിച്ചത്. 1979ൽ അധികാരമേറ്റ മാർഗരറ്റ് താച്ചർ നീണ്ട 11 വർഷം പദവിയിൽ ഇരുന്ന ശേഷമാണ് കസേര ഒഴിയുന്നതും.
ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി കസേരയിൽ ഇരുന്നതിന്റെ ഖ്യാതിയും മാർഗരറ്റ് തച്ചറോടൊപ്പമാണ്. അൻപതുകളിലും ബ്രിട്ടൻ അസ്ഥിര സർക്കാരുകളെ നാലെണ്ണം കാണേണ്ടി വന്നിട്ടുണ്ട്. ക്ലെമന്റ് ആറ്റ്ലി, സർ വിൻസ്റ്റൺ ചർച്ചിൽ, സർ ആന്തണി ഈഡൻ, ഹാരോൾഡ് മാക്മില്ലൻ എന്നിവരായിരുന്നു അന്ന് പ്രധാനമന്ത്രിമാർ. 90ലെ ഗോർഡൻ ബ്രൗണിന് ശേഷം വന്ന കൺസേർവേറ്റീവ് പ്രധാനമന്ത്രിമായ കാമറോൺ, തെരേസ, ബോറിസ് എന്നിവരെ സൂചിപ്പിക്കും വിധം ക്ലെമന്റ് ആറ്റ്ലിക്ക് ശേഷം അമ്പതുകളിൽ വന്ന ചർച്ചിൽ, ഈഡൻ, മാക്മില്ലൻ എന്നീ മൂന്നു പ്രധാനമന്ത്രിമാരും കൺസർവേറ്റീവുകളായിരുന്നു.
ഒരു വശത്ത് ഏറ്റവും തീഷ്ണമായ സഹനം, മറുവശത്തു ഉല്ലാസവും തിമിർപ്പും
ലോകം കണ്ട ഏറ്റവും തീക്ഷണമായ കോവിഡ് സഹനമാണ് ബ്രിട്ടീഷ് ജനത അനുഭവിച്ചതും, അനുഭവിച്ചു കൊണ്ടിരിക്കുന്നതും. മാസങ്ങൾ നീണ്ട ലോക്ഡൗൺ മൂലം തകർന്ന സാമൂഹ്യ ജീവിതം. ഉറ്റവരെയും പ്രിയപ്പെട്ടവരെയും ഒരു നോക്ക് കാണാതെയുള്ള അവസാന വിടവാങ്ങലുകൾ. വർഷത്തിൽ ഒന്നിച്ചു കുടുംബമായി കാണാൻ പലർക്കും ലഭിക്കുന്ന വർഷത്തിലെ ഏക അവസരമായ ക്രിസ്മസ് ദിനം തുടർച്ചയായി രണ്ടു വർഷവും നഷ്ടപ്പെടുത്തിയവർ.
ആവശ്യത്തിന് പിപിഇ കിറ്റ് പോലും ഇല്ലാതെ സ്വന്തം ജീവൻ അപകടത്തിലാക്കിയും ജോലിക്കെത്തി അനേകായിരങ്ങളെ രക്ഷിക്കാൻ തയ്യാറായ മുൻനിര ആരോഗ്യ പ്രവർത്തകർ. വിശന്നും ആരും സഹായത്തിനില്ലാതെ ഒറ്റപ്പെട്ടും കഴിഞ്ഞവർക്ക് സഹായമായി ഓടിയെത്തിയ സന്നദ്ധ സേവകർ. ഇത്തരത്തിൽ സമാനതകൾ ഇല്ലാത്ത കാഴ്ചകളാണ് ബ്രിട്ടീഷ് ജനത അനുഭവിച്ചു തീർത്തത്, ഇപ്പോഴും അനുഭവിക്കുന്നത്.
എന്നാൽ മറുവശത്തോ, ഭരണഘടനാപരമായി ഉള്ള സകല മര്യദകളും കാറ്റിൽ പറത്തി ബോറിസ് ജോൺസണും കൂട്ടരും സ്വന്തം ഓഫിസിൽ അനേകം പേരെ വിളിച്ചു കൂട്ടി ക്രിസ്മസ് പാർട്ടി നടത്തി എന്ന ആക്ഷേപം ഞെട്ടലോടെയാണ് ബ്രിട്ടീഷ് ജനത കേട്ടത്. തങ്ങൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് അധികാര വർഗത്തിന് ഉള്ളത് എന്ന് സാധാരണക്കാരെ കൊണ്ട് ചോദിപ്പിക്കും വിധം തൊട്ടുപിന്നാലെ അനേകം തവണ ഇത്തരത്തിൽ ലോക്ഡൗൺ റൂളുകളും സർക്കാർ നിർദേശങ്ങളും ബോറിസിന്റെ ഓഫിസ് നിരാകരിച്ചതായി തെളിവ് സഹിതം പുറത്തു വന്നു.
ഇത്തരത്തിൽ ലോക്ഡൗൺ നിയമ ലംഘനം നടത്തി ലണ്ടനിൽ നിന്നും ന്യൂകാസിൽ വരെ കാറോടിച്ചു പോയ ബോറിസിന്റെ മുൻ ഉപദേശകൻ ഡൊമനിക് കമ്മിൻസ്, സാമൂഹ്യ അകലം പാലിക്കാതെ കാമുകിയായ ഓഫീസ് ജീവനക്കാരിയെ ചുംബിച്ചതിന്റെ പേരിൽ മന്ത്രി സ്ഥാനം പോയ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് എന്നിവരുടെയൊക്കെ അനുഭവം മുന്നിൽ ഉള്ളപ്പോഴാണ് ബോറിസും സഹപ്രവർത്തകരും നിയമ ലംഘനം നടത്തി അഴിഞ്ഞാടിയത് എന്നതും ഗൗരവം വർധിപ്പിക്കുന്നു.
സ്കോട്ടിഷ് നാഷണൽ പാർട്ടി എംപി മാർഗരറ്റ് ഫെയറർ കോവിഡ് പോസിറ്റീവ് ആയ ശേഷം ട്രെയിൻ യാത്ര നടത്തി എന്നത് തെളിഞ്ഞപ്പോൾ പിഴയും പാർട്ടി നടപടിയും നേരിടേണ്ടി വന്നതും ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ തലക്കെട്ടുകൾ സൃഷ്ടിച്ച സംഭവങ്ങളാണ്. ഇവരെക്കൂടാതെ ലണ്ടൻ മേയർ സ്ഥാനാർത്ഥി ഷോൺ ബെയ്ലി, ബോറിസിന്റെ പ്രസ് സെക്രെട്ടറി ആയിരുന്ന അല്ലെഗ്ര സ്ട്രാറ്റസോൺ, മുൻ സ്കോട്ലൻഡ് ചീഫ് മെഡിക്കൽ ഓഫിസർ കാതറിൻ കൽദാർവുഡ്, പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധൻ പ്രൊഫ് നീൽ ഫെർഗൂസൻ എന്നിവരൊക്കെ കോവിഡ് നിയമങ്ങൾ ലംഘിക്കപ്പെട്ടതിന്റെ പേരിൽ സ്ഥാന ത്യാഗം ചെയ്യേണ്ടി വന്നവരാണ്. ധാർമികത ഉയർത്തിപ്പിടിച്ചായിരുന്നു ഇവരുടെയൊക്കെ രാജിയും. ഇവരെയൊക്കെ പുറം ലോകത്തിനു തുറന്നു കാട്ടിയതും ബ്രിട്ടീഷ് മാധ്യമ ലോകത്തിന്റെ കൂടി വിജയമാണ്.
ഇതിനേക്കാൾ ഒക്കെ വേദനിപ്പിക്കുന്ന കാഴ്ചയും ബ്രിട്ടീഷ് ജനത കണ്ടതും കോവിഡ് കാലത്തു തന്നെയാണ്. പ്രിയതമന്റെ സംസ്കാര വേളയിൽ എല്ലാവരിലും നിന്നും ഒറ്റപ്പെട്ടു ചടങ്ങുകളിൽ ഒരു മൂലയ്ക്കിരുന്നു വേദന സ്വയം ഏറ്റെടുത്ത ബ്രിട്ടീഷ് രാജ്ഞിയുടെ ചിത്രം അത്രവേഗത്തിൽ ജനം മറന്നു പോകില്ല. രാജ്ഞി ഏറ്റവും വേദന അനുഭവിച്ച ആ ദിവസത്തിന്റെ തലേന്നും ബോറിസിന്റെ ഓഫിസിൽ മദ്യ വിരുന്നു നടന്നു എന്നതാണ് ഇപ്പോൾ അദ്ദേഹം നേരിടുന്ന ആരോപണത്തിൽ ഏറ്റവും പ്രധാനമാകുന്നതും. ഇത്തരം അനേകം കാര്യങ്ങൾ മുന്നിൽ നിൽകുമ്പോൾ ബോറിസ് മാത്രം നിഷ്പ്രയാസം ഊരിപ്പോരുമോ എന്ന ചോദ്യമാണ് ഇപ്പോൾ ലോകമെങ്ങും ഉയരുന്നത്.