ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിന് വരത്തനാണ് ശശി തരൂർ. തരൂരെങ്ങാനും പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായാൽ എന്താകും സംഭവിക്കുകയെന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തലപുകഞ്ഞ് ആലോചിച്ചു. കേരളത്തിലെ കോൺഗ്രസ് നേതൃത്വം പോലും ശശി തരൂരിന്റെ കൈയിലെത്തിയേക്കാം. സംസ്ഥാന രാഷ്ട്രീയത്തിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് ശശി തരൂരിനെ കേരളത്തിലേക്ക് വല്ലതും ഹൈക്കമാണ്ടോ രാഹുൽ ഗാന്ധിയോ നിയോഗിച്ചാൽ പണി കിട്ടുകയും ചെയ്യും. ഈ സാധ്യതകളെല്ലാം ഇല്ലാതാക്കുക. ഏതു വിധേനയും തരൂരിനെ പാർട്ടി ജനറൽ സെക്രട്ടറിയാക്കാതിരിക്കുക.

മദ്യനയത്തിലും വെള്ളക്കരത്തിലും പോലും രണ്ടഭിപ്രായമായിരുന്നു കേരളത്തിൽ. പലരും ഒത്തു തീർപ്പിന് ശ്രമിച്ചിട്ടും ആരും ഒന്നിച്ചിരുന്നില്ല. ആശയ വ്യത്യാസങ്ങളാണ് കോൺഗ്രസിന്റെ മുഖമുദ്രയെന്ന് പോലും പറഞ്ഞ് നേതാക്കൾ തടിയൂരി. പക്ഷേ ശശി തരൂരിന്റെ പ്രശ്‌നത്തിൽ കെപിസിസി പ്രസിഡന്റ് സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഒന്നിച്ചിരുന്നു. ശശി തരൂരിന് കാരണം കാണിക്കൽ നോട്ടീസോ താക്കീതോ നൽകിയില്ല. നടപടി തീരുമാനം ഹൈക്കമാണ്ടിന് വിട്ടു. കെപിസിസി.യുടെ ഈ ആവശ്യം അച്ചടക്ക സമിതി ചെയർമാനായ എ.കെ.ആന്റണിയുടെ കൈയിലെത്തും.

നടപടിയെന്നാൽ ശശി തരൂരിനെ ദേശീയ ജനറൽ സെക്രട്ടറി ആക്കരുതെന്നാണ് സംസ്ഥാന നേതാക്കളുടെ മനസ്സിലിരുപ്പ്. ആന്റണി അടക്കമുള്ളവരോട് ഇക്കാര്യം സ്വകാര്യമായി നേതാക്കൾ അറിയിച്ചതായും സൂചനയുണ്ട്. മോദി സ്തുതിയിലൂടെ അതിന് കഴിഞ്ഞെന്ന ആത്മവിശ്വാസവും ചില നേതാക്കൾ പ്രകടിപ്പിച്ചു തുടങ്ങി കഴിഞ്ഞു. സംസ്ഥാന ഘടകത്തിന്റെ നടപടി ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ച് തരൂരിനെ പാർട്ടിയുടെ പ്രധാന ഭാരവാഹിയാക്കാൻ രാഹുൽ ഗാന്ധിക്ക് പോലും കഴിയില്ലെന്നാണ് ഇവരുടെ നിരീക്ഷണം. ഇതെല്ലാം മനസ്സിലാക്കിയാണ് ട്വീറ്റിലൂടെ കെ.പി.സിസി തീരുമാനത്തെ തരൂരും പരിഹസിച്ചത്.

രാജ്യം ഭരിച്ചിരുന്ന പാർട്ടിയാണ് മാസങ്ങൾക്ക് മുമ്പ് വരെ കോൺഗ്രസ്. പൊതു തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന് അവർ കരുതിയിരുന്നില്ല. പക്ഷേ ഇത്രയും വലിയ തിരിച്ചടി ആരും കരുതിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പാർലമെന്റിലെ അംഗബലം 44 ആയി ചുരുങ്ങി. പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടിയില്ല. മധ്യവർഗ്ഗം പാർട്ടിയിൽ നിന്ന് അകലുന്നുവെന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞു. ഇതിനിടെയിലും ബിജെപി. ഭീഷണിയെ അതിജീവിച്ച് ശശി തരൂർ ജയിച്ച് പാർലമെന്റിലെത്തി.

പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലെ ചെറിയ വിജയങ്ങൾ കോൺഗ്രസിന് പ്രതീക്ഷ നൽകി. ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പാർട്ടി തലത്തിൽ അഴിച്ചു പണി. നേതൃത്വത്തിൽ ചുറുചുറുക്കുള്ള പുതിയ മുഖങ്ങൾ. പ്രവർത്തക സമിതിയിലും മാറ്റം. കൂടുതൽ അടുപ്പമുള്ളവരെ വച്ചുള്ള പുനഃസംഘടനയാണ് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ലക്ഷ്യമിട്ടത്. അതിനുള്ള ചർച്ചകൾ ഡൽഹിയിൽ സജീവമായി. കേരളത്തിൽ നിന്ന് ഒരാളെ ജനറൽ സെക്രട്ടറിയാക്കാൻ സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയുടെ മനസ്സിലെ പേര് ശശി തരൂരിന്റേതായിരുന്നു. ഇതിനെയാണ് മോദി സ്തുതി ഉയർത്തി കേരളത്തിലെ നേതാക്കൾ ഇല്ലായ്മ ചെയ്തത്.

ഇതിനിടെയിൽ തരൂരിനെ പ്രതിരോധിക്കാൻ ബിജെപി. സംസ്ഥാന നേതൃത്വവും നീക്കം തുടങ്ങി. മോദിയോട് അടുപ്പമുള്ള തരൂർ ബി.ജെപിയിലെത്തിയാൽ സംഘടനാതലത്തിൽ വലിയ മാറ്റത്തിന് സാധ്യത വരും. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിപദവും ഇപ്പോഴുള്ള നേതാക്കൾക്കൊന്നും ലഭിക്കില്ല. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് തെരഞ്ഞെടുപ്പ് കേസിൽ തരൂരിനെതിരെ ബിജെപി. സംസ്ഥാന നേതൃത്വം നിലപാട് കടുപ്പിക്കുന്നത്. ബിജെപിയിൽ നിന്ന് തരൂരിനെ പരമാവധി അകറ്റാൻ കൂടിയാണ് ഇത്.

തിരുവനന്തപുരം ലോക്‌സഭയിൽ രാജഗോപാലിനെ രണ്ടാം സ്ഥാനത്ത് പിന്തള്ളിയാണ് തരൂർ ജയിച്ച് കയറിയത്. തരൂരിനെതിരെ ബിജെപിയുടെ ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹർജി നൽകി. ഇതിൽ രാജഗോപാൽ നൽകിയ സത്യവാങ്മൂലം ബിജെപിക്കുള്ളിലെ തരൂർ വിരുദ്ധ നീക്കത്തിന്റെ ഭാഗമാണ്. തിരുവനന്തപുരത്തു നിന്ന് ജയിച്ച ശശി തരൂരിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാണ് രാജഗോപാലിന്റെ ആവശ്യം.

നാമനിർദ്ദേശ പത്രിക അപൂർണമാണെന്നാണ് രാജഗോപാലിന്റെ വാദം. ഭാര്യയുടെയും മകന്റെയും പേരിലുള്ള സ്വത്തു വിവരങ്ങൾ മറച്ചുവച്ചാണ് തരൂർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നതെന്നും രാജഗോപാലിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു. ഈ കേസിനൊപ്പം ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും തരൂരിനെതിരെ നിയമയുദ്ധത്തിലാണ്. സുനന്ദാ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്വാമിയുടെ കേസും പ്രതീക്ഷയോടെയാണ് ബി.ജി.പി. സംസ്ഥാന നേതൃത്വം കാണുന്നത്. ഇതിലും ശശി തരൂർ കുടുങ്ങിയാൽ പിന്നെ ബിജെപിയെന്ന ചിന്ത കോൺഗ്രസ് എംപിക്ക് നഷ്ടമാകുമെന്നാണ് വിലയിരുത്തൽ.

തരൂരുമായി ബന്ധം വേണ്ടന്ന സംസ്ഥാന നേതൃത്വത്തിന്റെ മനസ്സ് ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് ഹൈക്കോടതിയിലെ കേസിൽ പുതിയ സത്യവാങ്മൂലമെന്നാണ് സൂചന. പക്ഷേ  പ്രധാനമന്ത്രി മോദി വിചാരിക്കുന്നതേ ബിജെപിയിൽ നടക്കൂ എന്ന് കേരളത്തിലെ നേതാക്കൾക്കും അറിയാം. അതുകൊണ്ട് തന്നെ കരുതലോടെ മാത്രമേ ഇക്കാര്യങ്ങളിൽ നേതാക്കൾ പ്രതികരിക്കൂ.