കൊല്ലം: കുപ്പിവെള്ളത്തിന്റെ വില 12 രൂപയായി കുറച്ചിട്ടും ഇപ്പോഴും വിൽക്കുന്നത് 20 രൂപയ്ക്ക് തന്നെ. 12 രൂപ മതിയെന്ന് നിർമ്മാതാക്കൾ പറഞ്ഞിട്ടും 13 രൂപ തരാമെന്ന് സർക്കാർ ഓർഡർ ഇട്ടിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും കുപ്പിവെള്ളം ഇപ്പോഴും വിൽപ്പന നടത്തുന്നത് 20 രൂപയ്ക്കാണ്. വിദേശ കുത്തക കമ്പനികളുടെ പിടിവാശിക്ക് മുൻപിൽ സർക്കാരിന്റെ നട്ടെല്ല് വളഞ്ഞതോടെയാണ് കുപ്പിവെള്ളത്തിന്റെ വില 20 രൂപയിൽ തന്നെ തുടരുന്നത്.

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ചെന്ന് കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് അസോസിയേഷനിലെ ഒരു വിഭാഗത്തിന്റെ എതിർപ്പു മൂലം വില കുറയ്ക്കൽ അനിശ്ചിതത്വത്തിൽ ആകുക ആയിരുന്നു. ബഹുരാഷ്ട്ര കുത്തക കമ്പനികൾ വിലയിൽ മാറ്റംവരുത്താൻ തയ്യാറാകാത്തതാണ് ഇതിനു തടസ്സമായി നിൽക്കുന്നത്.

20 രൂപയ്ക്ക് കടകളിൽ നിന്നും വാങ്ങുന്ന കുപ്പിവെള്ളത്തിന് 12 രൂപയാക്കണമെന്നാണ് അസോസിയേഷൻ ആവശ്യപ്പെട്ടത്. സർക്കാർ ഇടപെട്ട് അത് 13 രൂപയാക്കണമെന്ന ഓർഡിനൻസും പുറത്തിറക്കി. എന്നാൽ, ഇതോടെ പ്രതിസന്ധിയിലായ ചെറുകിട കച്ചവടക്കാർ പഴയവിലയിൽ തന്നെയാണ് വിൽപ്പനനടത്തിയത്.

154 കമ്പനികൾക്കാണ് കുപ്പിവെള്ളം നിർമ്മിക്കാനും വിപണനം നടത്താനുമുള്ള ലൈസൻസുള്ളത്. ഇതിൽ ഒരു ലിറ്റർ കുപ്പിവെള്ളം വിൽക്കുന്നവരും ചെറിയ അളവിൽ വിൽപ്പന നടത്തുന്നവരുമുണ്ട്. ഏപ്രിൽ രണ്ടുമുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും എങ്ങും വേണ്ടവിധത്തിൽ നടപ്പായില്ല.

കുപ്പിവെള്ളത്തിന്റെ വിലക്കൂടുതൽ ഗുണനിലവാരം മൂലമാണെന്ന് സ്ഥാപിക്കുന്നവരും ഏറെയുണ്ട്. എന്നാൽ, പാക്കേജ് ഡ്രിങ്കിങ് വാട്ടറിന് കേന്ദ്ര ഐ.എസ്. (ഇന്ത്യൻ സ്റ്റാന്റേർഡ്) 14543 നിലവാരം രേഖപ്പെടുത്തും. ഇത് പൊതുജനം തിരിച്ചറിയണമെന്നും കേരള ബോട്ടിൽഡ് വാട്ടർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം റാം പറഞ്ഞു.