ലോകത്തെ പകർച്ചവ്യാധികളിലേറെയും ജലജന്യരോഗങ്ങളാണ്. അതുകൊണ്ടാണ് ഡോക്ടർമാർ പോലും പുറത്തുനിന്ന് വെള്ളം കുടിക്കുമ്പോൾ ബോട്ടിൽഡ് വാട്ടർ കുടിക്കാൻ നിർദേശിക്കുന്നത്. ജലജന്യ രോഗങ്ങളുടെ വ്യാപനം സമീപകാലത്തായി വർധിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കുടിവെള്ളം ശുദ്ധമായിരിക്കേണ്ടതിന്റെ ആവശ്യകത മുമ്പെന്നത്തേ ക്കാളും ശക്തമാവുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ബോട്ടിൽഡ് വാട്ടർ കുടിക്കരുതെന്ന പുതിയൊരു നിർദ്ദേശം പരിസ്ഥിതി വാദികളും ആരോഗ്യപ്രവർത്തകരും മുന്നോട്ടുവെക്കുന്നു. ജലദൗർലഭ്യത്തിന്റെ കാലത്ത് ബോട്ടിൽഡ് വാട്ടർ കുടിക്കുന്നത് ജലചൂഷണം വർധിപ്പിക്കുമെന്നതാണ് ഒരു വാദം. ഒരു ലിറ്റർ ബോട്ടിൽഡ് വാട്ടർ ഉണ്ടാക്കുന്നതിന് മൂന്ന് ലിറ്ററോളം ഭൂഗർഭജലം വേണ്ടിവരുന്നുവെന്ന് പ്രമുഖ ന്യൂട്രീഷണി്‌സറ്റ് രുജുത ദിവേകർ പറയുന്നു. ഭൂഗർഗജലമല്ലെങ്കിൽക്കൂടി, ബോട്ടിൽഡ് വാട്ടറിന് ഇത്തരത്തിൽ ജലം അനാവശ്യമായി പാഴാക്കേണ്ടിവരുന്നുണ്ട്.

മാത്രമല്ല, വേണ്ടത്ര ശുദ്ധീകരണം ഉറപ്പുവരുത്താത്ത കമ്പനികൾപോലും വൻവിലയ്ക്കാണ് വെള്ളം വിൽക്കുന്നത്. അതുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിയെയും നശിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും ആരോഗ്യ സംരക്ഷണത്തിനുവേണ്ടിയും ബോട്ടിൽഡ് വാട്ടർ ഉപേക്ഷിക്കണമെന്നാണ് അവരുടെ വാദം. വീട്ടിൽനിന്നിറങ്ങുമ്പോൾ ഒരു കുപ്പി തിളപ്പിച്ചാറ്റിയ വെള്ളം കൈയിൽ കരുതിയാൽ തീരാവുന്നതേയുള്ളു പ്രശ്‌നമെന്നും രുജുത പറയുന്നു. തേങ്ങാവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയ മറ്റു മാർഗങ്ങൾ ആലോചിക്കാവുന്നതാണെന്നും അവർ നിർദേശിക്കുന്നു.