കൃത്യം ഒരു വർഷം മുമ്പ് നൈജീരിയയുടെ തെരുവിൽ നിന്ന് അൻജ ലോവൻ എന്ന ജീവകാരുണ്യ പ്രവർത്തക ലോകത്തിന്റെ മുന്നിലേക്ക് പോസ്റ്റു ചെയ്ത ആ ചിത്രങ്ങൾ അക്ഷരാർഥത്തിൽ കരളലിയിക്കുന്നതായിരുന്നു. പട്ടിണിയുടെ ആൾരൂപമായ, പുഴുവരിച്ച നിലയിൽ കണ്ടെത്തിയ ഒരു രണ്ടുവയസുകാരന് വെള്ളം കൊടുക്കുന്ന ചിത്രമായിരുന്നു ലോവൻ അന്ന് പ്രസിദ്ധപ്പെടുത്തിയത്. ഒരു വർഷം പിന്നിടുമ്പോൾ ആ രണ്ടു വയസുകാരൻ ഇന്ന് പൂർണ ആരോഗ്യവാനായി തന്റെ സ്‌കൂൾ പഠനം ആരംഭിക്കാൻ ഒരുങ്ങുന്നു. ഹോപ്പ് എന്ന രണ്ടുവയസുകാരനെ കണ്ടെത്തിയ നിലയിലുള്ള ഫോട്ടോയും അവൻ ഇന്ന് സ്‌കൂളിൽ പോകുന്നതിന്റെ ഫോട്ടോയും വീണ്ടും ഫേസ് ബുക്കിൽ പ്രസിദ്ധീകരിച്ച് ലോവൻ സാക്ഷ്യപ്പെടുത്തുന്നു; ഇവൻ പിശാചിന്റെ മകനല്ല; സന്തോഷത്തിന്റെ, പ്രതീക്ഷയുടെ ആൾരൂപമാണിവൻ.

പിശാചു ബാധിച്ചുവെന്ന് പറഞ്ഞാണ് ഹോപ്പിന്റെ മാതാപിതാക്കൾ അവനെ തെരുവിൽ ഉപേക്ഷിച്ചത്. ആഫ്രിക്ക ജീവകാരുണ്യപ്രവർത്തനം നടത്തി വരുന്ന ഡാനിഷ് യുവതിയായ അൻജ ലോവൻ കഴിഞ്ഞ വർഷം ജനുവരി 30നാണ് നൈജീരിയയിലെ തെരുവിൽ ഹോപ്പിനെ കണ്ടെത്തുന്നത്. കുട്ടിയെ കാണുമ്പോൾ ആരും അറച്ചുപോകുന്ന കോലമായിരുന്നു അവന്. രണ്ടു വയസുകാരന്റെ ശാരീരിക വളർച്ചയില്ലാത്ത, തീർത്തും അവശനിലയിലായിരുന്ന ഹോപ്പിനെ ലോവൻ ഉടൻ തന്നെ ഏറ്റെടുത്ത് ആശുപത്രിയിലാക്കുകയായിരുന്നു. പിന്നീട് അവന്റെ ചികിത്സാ ചെലവിനായി ലോകത്തോട് അഭ്യർത്ഥിച്ചപ്പോൾ പത്തു ലക്ഷം ഡോളറാണ് ഹോപ്പിനായി ലഭിച്ചത്. എട്ടു മാസത്തെ ആശുപത്രി വാസവും ലോകത്തിന്റെ പ്രാർത്ഥനയും കൂടിയായപ്പോൾ ഹോപ്പ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. തീർത്തും ചുണക്കുട്ടിയായി.

ആഫ്രിക്കൻ കുട്ടികൾക്കായുളഅള എയ്ഡ് എഡ്യൂക്കേഷൻ ആൻഡ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്റെ സ്ഥാപകയാണ് അൻജ ലോവൻ. മൂന്നു വർഷം മുമ്പ് രൂപീകരിച്ച ഫൗണ്ടേഷൻ പിശാചു ബാധിതരെന്നു മുദ്രകുട്ടി പുറന്തള്ളപ്പെടുന്ന കുട്ടികളെ ഏറ്റെടുത്തു സംരക്ഷിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ആയിരക്കണക്കിന് കുട്ടികളെയാണ് ഇത്തരത്തിൽ പിശാചു ബാധിതരെന്ന് പറഞ്ഞ് സ്വന്തം മാതാപിതാക്കൾ തന്നെ പുറന്തള്ളുന്നത്. ഇത്തരത്തിൽ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന കുട്ടികൾ പലതരം ചൂഷണങ്ങൾക്കു വിധേയരാകുകയോ അല്ലെങ്കിൽ മരണത്തിന് കീഴടങ്ങുകയോ ചെയ്യാറുണ്ടെന്ന് ലേവൻ ഫേസ്‌ബുക്കിൽ കുറിക്കുന്നു.

ഇന്ന് ലോവൻ സാധാരണ കുട്ടിയാണ്. പുത്തൻ ഉടുപ്പിട്ട്, ബാഗുമായി അവൻ തന്റെ സ്‌കൂളിലേക്ക് യാത്രയാകുകയാണ്. ഹോപ്പിന്റെ സ്‌കൂളിലേക്കുള്ള ആദ്യ ദിനത്തിൽ ഒരു വർഷം മുമ്പുള്ള അവന്റെ ചിത്രവും സ്‌കൂൾ യൂണിഫോമിൽ നിൽക്കുന്ന ചിത്രവും ഒരുമിച്ച് ലോവൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്, പിശാചു ബാധിതനെന്ന് മുദ്രകുത്തി തെരിവുലേക്ക് വലിച്ചെറിഞ്ഞ കുട്ടി സ്‌നേഹത്തണലിൽ വളർന്ന കഥ ലോകത്തോട് പറയുന്നതിനായി...