മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ അർദ്ധരാത്രിയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിന് ദാരുണാന്ത്യം. ബൈക്കിൽ സഞ്ചരിച്ച വിഷ്ണു എന്ന 23കാരനാണ് തക്ക സമയത്ത് ആശുപത്രിയിൽ എത്തിക്കാതിരുന്നതിനാൽ ചോരവാർന്നു മരിച്ചത്. ക്രിസ്മസ് പരിപാടികളിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുമ്പോൾ മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ തിങ്കളാഴ്ച രാവിലെയാണ് വിഷ്മു സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുന്നത്.

തിങ്കളാഴ്ച രാവിലെ മൂന്നോടെ മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ അടൂപ്പറമ്പിലായിരുന്നു അപകടം. വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. പിന്നാലെയെത്തിയ കാർയാത്രക്കാരായ യുവാക്കളാണ് റോഡരികിൽ രക്തം വാർന്ന നിലയിൽ വിഷ്ണുവിനെ കണ്ടത്. ഉടൻതന്നെ മൂവാറ്റുപുഴ പൊലീസിന്റെയും ഫയർഫോഴ്സിന്റേയും സഹകരണത്തോടെ കോലഞ്ചേരി മെഡിക്കൽ മിഷനിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോലഞ്ചേരി വിവോ ഷോറൂമിലെ ജീവനക്കാരനായിരുന്നു വിഷ്ണു.

സംസ്‌കാരം നടത്തി. പിതാവ് ബിജു എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റാണ്. മാതാവ് ബേബി അടൂപ്പറമ്പ് കിഴക്കേകല്ലേലിൽ കുടുംബാംഗം. ഏക സഹോദരി: അഞ്ചു. സഹോദരീഭർത്താവ്: നിതിൻ കുമാർ.