ചിലർക്കിങ്ങനെ ചില പറ്റുപറ്റും. പങ്കാളിയെ വഞ്ചിക്കുമ്പോൾ ചില സുപ്രധാന തെളിവുകൾ അലസമായി കൈകാര്യം ചെയ്തുപോകും. ഇവിടെയൊരു പെൺകുട്ടിക്ക് പറ്റിയതും അതുതന്നെയാണ്. ബോയ്ഫ്രണ്ട് ജോലിക്ക് പോയ തക്കം നോക്കി മറ്റൊരു കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു യുവതി. ബോയ്ഫ്രണ്ട് ജോലിക്ക് പോകാതായതോടെ, ഇവരെ രണ്ടുപേരെയും നിരാശപ്പെടുത്താതെ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാൻ മറ്റൊരു സുഹൃത്തിന് സന്ദേശമയച്ചു. അബദ്ധത്തിൽ ഈ സന്ദേശം പോയതാകട്ടെ, ബോയ്ഫ്രണ്ടിനും.

ബാൾട്ടിമോറിൽനിന്നുള്ള സോയി എന്ന യുവതിക്കാണ് ഈ അബദ്ധം സംഭവിച്ചത്. തന്റെ രഹസ്യകാമുകനെയും രണ്ടുവർഷമായി ഒപ്പം താമസിക്കുന്ന ബോയ്ഫ്രണ്ട് ജോർദൻ മക്‌നെല്ലിയെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാനാണ് സുഹൃത്തിന് സോയി മെസ്സേജ് അയച്ചത്. മെസ്സേജ് കിട്ടിയതാകട്ടെ ജോർദനും. കാമുകിയോടുള്ള പ്രതികാരം അയാൾ വീട്ടിയത് മെസ്സേജ് കോപ്പിചെയ്ത് ട്വിറ്ററിലും ഫേസ്‌ബുക്കിലുമൊക്കെ ഷെയർ ചെയ്തുകൊണ്ട്.

രഹസ്യകാമുകനുമായുള്ള വേഴ്ചയ്ക്കായി താനാകെ ഒരുങ്ങിയിരിക്കുകയാണെന്നും എന്നാൽ, ബോയ്ഫ്രണ്ടറിയാതെ എങ്ങനെ അയാളുമായുള്ള സമാഗമം തരപ്പെടുത്തുമെന്നും ചോദിച്ചുകൊണ്ടാണ് മെസ്സേജ്. തനിക്ക് രണ്ടുപേരെയും നിരാശപ്പെടുത്താനാവില്ലെന്ന് സോയി പറയുന്നു. സോയിയുമൊത്ത് ഒഴിവുകാലം ഫ്‌ളോറിഡയിൽ ചെലവഴിക്കുന്നതിന് ആഴ്ചയിൽ 60 മണിക്കൂറോളം കഠിനാധ്വാനം ചെയ്യുന്നയാളാണ് ജോർദൻ. അത്തരമൊരു അധികം ജോലിക്ക് ജോർദൻ പോയ സമയത്താണ്, സോയി രഹസ്യകാമുകനെ വേഴ്ചയ്ക്കായി വിളിച്ചുവരുത്തിയത്.

എന്നാൽ, തന്റെ സ്വപ്‌നത്തെക്കുറിച്ച് സുഹൃതത്തിന് അയച്ച മെസ്സേജാണതെന്നും അല്ലാതെ തനിക്ക് രഹസ്യകാമുകനില്ലെന്നുമൊക്കെ സോയി വിശദീകരിച്ചെങ്കിലും ജോർദൻ അതൊന്നും കേൾക്കാൻ തയ്യാറായില്ല. തന്റെ പ്രതികാരം മുഴുവൻ ട്വീറ്റുകളായി അയാൾ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. വഞ്ചനയുടെ കഥ അറിഞ്ഞതോടെ, ട്വിറ്ററിൽ ധാരാളം പേർ ജോർദന് പിന്തുണയുമായെത്തി. രണ്ടുവർഷമായി തന്നെ വഞ്ചിക്കുന്ന രാക്ഷസിയാണ് സോയിയെന്നാണ് ട്വിറ്ററിൽ ജോർദന്റെ വിലാപം.