ന്യൂഡൽഹി: ഇന്ത്യയുടെ വജ്രായുധമായ ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈൽ - ബ്രഹ്മോസ് തേടി കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോകത്തിലെ ഏക ശബ്ദാതിവേഗ ക്രൂസ് മിസൈലായ ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യം ഫിലിപ്പൈൻ ആകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് അറബ് രാജ്യങ്ങളടക്കം താൽപര്യം പ്രകടിപ്പിച്ചത്. യുഎഇയും സൗദി അറേബ്യയുമായാണ് ബ്രഹ്മോസ് വാങ്ങാൻ ആഗ്രഹിക്കുന്ന അറബ് രാജ്യങ്ങളെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെ മിസൈൽ വ്യാപാരത്തിലും ഇന്ത്യ സജീവ പേരായി മാറുകയാണ്.

ഇന്ത്യൻ പ്രതിരോധസേനകളുടെ കൈവശം ഇന്നുള്ള ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, തൊടുത്തതിന് ശേഷവും നിയന്ത്രിക്കാവുന്നതുമായ മിസൈൽ സംവിധാനമാണ് 'ബ്രഹ്മോസ് മിസൈൽ സിസ്റ്റം'. ലോകത്തിലെ ആദ്യ സൂപ്പർസോണിക് ക്രൂസ് മിസൈലാണ് ഇത്. ബ്രഹ്മോസിന്റെ അവസാന ഘട്ട നിർണായ പരീക്ഷണം ഈ വർഷം നടക്കുന്നുണ്ട്. ഇന്ത്യൻ പ്രതിരോധസേനകളുടെ കൈവശം ഇന്നുള്ള ആയുധങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും, തൊടുത്തതിന് ശേഷവും നിയന്ത്രിക്കാവുന്നതുമായ മിസൈൽ സംവിധാനമാണ് 'ബ്രഹ്മോസ് മിസൈൽ സിസ്റ്റം'. ശബ്ദത്തേക്കാൾ 2 മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക്ക് മിസൈൽ. ഇന്ത്യയുടെ 'ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ' റഷ്യയുടെ 'എൻ.പി.ഒ.മഷിനോസ്റ്റോയേനി' മിസൈൽ ശാസ്ത്ര കമ്പനികളുടെ സംയുക്ത സംരംഭമാണ് 'ബ്രഹ്മോസ് മിസൈൽ സിസ്റ്റം' രൂപകൽപ്പന ചെയ്ത് നിർമ്മാണം പൂർത്തിയാക്കി ഇന്ത്യയുടെ മൂന്ന് പ്രതിരോധസേനകൾക്കും നൽകിയത്.

ഈ മിസൈലിനാണ് ഡിമാൻഡ് കൂടുന്നത്. ഇന്ത്യൻ ആർമി ചീഫ് ജനറൽ എം. എം. നരവാനെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ എന്നിവിടങ്ങളിൽ നാല് ദിവസത്തെ സന്ദർശനത്തിനെത്താനിരിക്കെയാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇരു രാജ്യങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി നരവാനെ കൂടിക്കാഴ്ച നടത്തും. കൂടാതെ സൗദി നാഷണൽ ഡിഫൻസ് കോളേജിനെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഈ ചർച്ചകളിൽ ബ്രഹ്മോസിന്റെ കൈമാറ്റവും വിഷയമാകുമെന്നാണ് റിപ്പോർട്ട്. ഖത്തർ, യുഎഇ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് മേഖലകളിൽ നിന്ന് ബ്രഹ്മോസ് മിസൈൽ വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് ഓൺലൈൻ റിപ്പോർട്ട് ചെയ്തിരുന്നു. ചർച്ചകൾ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്, കോവിഡ്-19 മൂലമുള്ള ആഗോള ലോക്ക്ഡൗൺ കാരണം കൂടുതൽ ചർച്ചകൾ നിർത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കരയും കടൽ അധിഷ്ഠിത പതിപ്പുകൾ വിൽക്കുന്നതിനായി തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇന്തോ-റഷ്യൻ ബ്രഹ്മോസ് സംവിധാനം സ്വന്തമാക്കുന്ന ആദ്യ രാജ്യമായി ഫിലിപ്പൈൻസ് മാറുമെന്നാണ് റിപ്പോർട്ട്. ബ്രഹ്മോസ് മിസൈൽ ഇടപാട് സംബന്ധിച്ച് ഇന്ത്യൻ, ഫിലിപ്പീൻസ് ഉദ്യോഗസ്ഥരും കഴിഞ്ഞ വർഷം ചർച്ച ചെയ്തിരുന്നു. അടുത്ത വർഷം പ്രധാനമന്ത്രി മോദിയും ഫിലിപ്പൈൻ പ്രസിഡന്റ് ഡുട്ടെർട്ടും തമ്മിലുള്ള നയതന്ത്ര ഉച്ചകോടിയിൽ ഇരു രാജ്യങ്ങളും ബ്രഹ്മോസ് കരാർ ഒപ്പിട്ടേക്കുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം മുതൽ ഫിലിപ്പൈൻസ് സൈന്യത്തിന്റെ ആദ്യത്തെ ലാൻഡ് ബേസ്ഡ് മിസൈൽ സിസ്റ്റം ബാറ്ററി ഇന്ത്യയുടെ ബ്രഹ്മോസുമായി സജ്ജമാക്കാൻ മനില ഒരുങ്ങുകയാണ്. 2019 ഡിസംബറിൽ ഒരു എക്‌സ്‌പോയിൽ മിസൈലിന്റെ ലാൻഡ് അധിഷ്ഠിത പതിപ്പിനെ വാങ്ങാൻ താൽപര്യമുണ്ടെന്ന സൂചന നൽകിയിരുന്നു. ആയുധ സംവിധാനം നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് തങ്ങളുടെ ടീമിനെ മനില സന്ദർശിക്കാൻ ഈ മാസം തന്നെ അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ 'ബ്രഹ്മപുത്രാ' നദിയുടേയും റഷ്യയിലെ 'മോസ്‌കോ' നദിയുടേയും പേരുകളിൽ നിന്നാണ് 'ബ്രഹ്മോസ്' എന്ന പേര് ഈ സംയുക്ത പ്രതിരോധസംരംഭത്തിന് ലഭിച്ചത്. ഇന്ന് ഇന്ത്യയുടെ ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ആയുധമായി 'ബ്രഹ്മോസ് മിസൈൽ സിസ്റ്റം' മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സംയുക്തസംരംഭത്തിൽ 'റാംജെറ്റ് എൻജിനും', 'മിസൈൽ സീക്കറും' അടക്കം 65% ഭാഗങ്ങളും റഷ്യൻ സംഭാവനയാണ്. അടുത്ത ഘട്ടമായ ശബ്ദത്തേക്കാൾ 7 മടങ്ങ് വേഗതയിൽ സഞ്ചരിക്കുന്ന 'ബ്രഹ്മോസ്-2' 'ഹൈപ്പർസോണിക്ക് മിസൈലി'ന്റെ പണിപ്പുരയിലാണ് 'ബ്രഹ്മോസ് എയറോസ്പേസ് ലിമിറ്റഡിലെ' ശാസ്ത്രജ്ഞന്മാർ.

ശബ്ദത്തിന്റെ 2.8 ഇരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ബ്രഹ്മോസിനാകും. ഭൂഗുരുത്വം ഉപയോഗിച്ചാണ് ബാലിസ്റ്റിക് മിസൈലുകൾ പകുതി ദൂരത്തിന് ശേഷം സഞ്ചരിക്കുന്നത്. ക്രൂസ് മിസൈലുകൾ തുടക്കം മുതൽ ലക്ഷ്യസ്ഥാനം വരെ ഇന്ധനം ഉപയോഗിക്കുന്നവയാണ്. അതുകൊണ്ട് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ കൃത്യത കൂടുതലാണ്. ആളില്ലാ വിമാനം പോലെ ലക്ഷ്യ സ്ഥാനം വരെ ബ്രഹ്മോസിനെ നിയന്ത്രിക്കാനാകും. ഉദാഹരണത്തിന് മലകൾക്ക് ഇടയിലേയും ചെങ്കുത്തായ പ്രദേശങ്ങളിലേയും മറ്റും ദുഷ്‌കര ലക്ഷ്യസ്ഥാനങ്ങൾ പോലും പ്രകൃതിയുടെ പ്രതിബന്ധങ്ങൾ മറികടന്ന് ബ്രഹ്മോസ് കൃത്യമായി തകർക്കും.

2003ൽ ബംഗാൾതീരത്ത് പടക്കപ്പലിൽനിന്ന് ഇന്ത്യൻ നാവികസേനക്കായി നിർമ്മിച്ച 'ബ്രഹ്മോസ് മിസൈൽ' ആദ്യമായി പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. തുടർന്ന് 2004, 2006, 2009 വർഷങ്ങളിൽ ഇന്ത്യയുടെ കരസേനക്കായി നിർമ്മിച്ച 'ബ്രഹ്മോസ് മിസൈലുകൾ' പരീക്ഷിക്കുകയും വിജയിക്കുകയും ചെയ്തു. 2008-ൽ 'ബ്രഹ്മോസ് മിസൈൽ' ആദ്യമായി ഇന്ത്യൻ നാവികസേനയുടെ രജപുത് ക്ലാസ്സ് 'ഡിസ്ട്രോയറായ' 'ഐ.എൻ.എസ്സ് റൺവീറിൽ' നിന്നും ലംബമാനമായി വിക്ഷേപിക്കുകയും വിജയിക്കുകയും ചെയ്തു.

2013-ൽ ബംഗാൾ ഉൾക്കടലിൽ വെച്ച് അന്തർവാഹിനിയിൽ നിന്ന് 'ബ്രഹ്മോസ് മിസൈൽ' വിക്ഷേപിക്കുകയും വിജയിക്കുകയും ചെയ്തു.ഏറ്റവും അവസാനമായി 2017 നവംബർ 22-ന് ബംഗാൾ ഉൾക്കടലിന് മുകളിൽ വെച്ച് ഇന്ത്യയുടെ അത്യാധുനിക മൾട്ടിറോൾ യുദ്ധവിമാനമായ 'സുഖോയ്-30 എം.കെ.ഐയ്യിൽ' നിന്ന് 2.5 ടൺ 'ബ്രഹ്മോസ് മിസൈൽ' വിജയകരമായി വിക്ഷേപിച്ച് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. വായുവിൽ നിന്നും കരയിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ഏക ക്രൂയിസ് മിസൈലാണ് നമ്മുടെ 'ബ്രഹ്മോസ് മിസൈൽ'.