- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈസ് ചാൻസലർക്കും പ്രോവൈസ് ചാൻസലർക്കും 30 ലക്ഷം വീതം മുടക്കി പുത്തൻ ഇന്നോവ ക്രിസ്റ്റ; ജീവനക്കാർക്ക് ബെൻസിന്റെ ആഡംബര ബസ്; ഫീസ് നിരക്ക് കുത്തനെ കൂട്ടി വിദ്യാർത്ഥികളെ കൊള്ളയടി; സാങ്കേതിക സർവകലാശാലയിലെ ധൂർത്തിന് മൂക്ക് കയറിടാൻ ഗവർണർ ഇടപെടുമോ?
തിരുവനന്തപുരം: സർവകലാശാലകൾ വഴിവിട്ട നടപടികളുടെ കൂത്തരങ്ങായെന്ന ആക്ഷേപങ്ങൾക്ക് പിന്നാലെ സാങ്കേതിക സർവകലാശാലയിൽ ആഡംബര വാഹനങ്ങൾ വാങ്ങി കൂട്ടി ലക്ഷങ്ങൾ പാഴാക്കുന്നു. സർവകലാശാലകളിൽ വരും ദിവസങ്ങളിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അത് കണക്കിലെടുക്കാതെയാണ് മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ പേരിലുള്ള സാങ്കേതിക സർവകലാശാലയുടെ ധൂർത്തടി.
വൈസ് ചാൻസലർക്കും, പ്രോ വൈസ്ചാൻസലർക്കും സഞ്ചരിക്കാൻ നിലവിൽ വാഹനങ്ങളുണ്ടെങ്കിലും അത് മാറ്റി കഴിഞ്ഞ ആഴ്ച 30 ലക്ഷം വീതം വിലയുള്ള രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. വൈസ് ചാൻസലറും പ്രോ വൈസ് ചാൻസലറും പുതിയ കാറുകൾ വാങ്ങുന്നതിൽ ജീവനക്കാർ അമർഷം പ്രകടിപ്പിക്കാതിരിക്കാൻ അതിന് മുമ്പ് ജീവനക്കാരെയും തൃപ്തിപ്പെടുത്തി. ബൻസിന്റെ ആഡംബര ബസ് ഉൾപ്പെടെ രണ്ടെണ്ണം വാങ്ങി നൽകി. ജീവനക്കാരെ ഓഫീസിലെത്തിക്കുന്നതും തിരിച്ചുകൊണ്ടാക്കുന്നതും ഈ ബസിലാണ്. തീർന്നില്ല, സർവകലാശാലയിൽ പ്രത്യേകം വാഹനത്തിൽ ചീറിപ്പായുന്നവർ വേറെയുമുണ്ട്. കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നവർക്ക് പോലും പ്രത്യേക വാഹനം അനുവദിക്കുന്ന വിചിത്രമായ അവസ്ഥയാണ് സാങ്കേതിക സർവകലാശാലയിൽ.
കരാാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ലീഗൽ അഡൈ്വസറും സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും കൂടാതെ ചില സിൻഡിക്കേറ്റ് അംഗങ്ങളും വീട്ടിലേക്ക് പോകുന്നതിനും മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കുമായി സർവകലാശാലാ വാഹനങ്ങൾ കൂടിയേ തീരുവെന്ന അവസ്ഥയാണ്. സ്വകാര്യ ആവശ്യങ്ങൾക്ക് ഓഫീസ് വാഹനം ഉപയോഗിക്കുന്നുണ്ടെങ്കിൽ കിലോ മീറ്ററിന് എട്ട് രൂപ എന്ന നിലയിൽ സർവകലാശാലയിൽ അടയ്ക്കണമെന്നാണ് നിയമം. എന്നാൽ അതും പാലിക്കപ്പെടുന്നില്ല. ഇത്തരം അനധികൃത യാത്രകൾക്കായി മാത്രം സർവകലാശാല സ്വന്തം ഫണ്ടിൽ നിന്നും പ്രതിമാസം മുപ്പതിനായിരം രൂപ വീതം മിനിമം വാടക നൽകി ഏഴ് എസി കാറുകൾ കരാർ അടിസ്ഥാനത്തിൽ എടുത്തിരിക്കുകയാണ്. പ്രതിമാസം 2.10 ലക്ഷം രൂപ വാടക ഇനത്തിൽ മാത്രമാണ് ചെലവ്. ഇന്ധനത്തിന് വീണ്ടും ലക്ഷങ്ങൾ വേണം.
സർക്കാരിൽ നിന്നും അർഹതപ്പെട്ട ഗ്രാന്റ് പോലും വാങ്ങിയെടുക്കാൻ ശ്രമിക്കാതെ ധൂർത്തിനായി പണം കണ്ടെത്താനാണ് വിദ്യാർത്ഥികളെ പിഴിയുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇതിന്റെ ഭാഗമായാണ് എല്ലാ ഫീസും 5 ശതമാനം വർധിപ്പിച്ച് കഴിഞ്ഞ ആഴ്ച സർവകലാശാല ഉത്തരവിറക്കിയത്. കോവിഡ് മൂലം വിദ്യാർത്ഥികളും രക്ഷിതാക്കളും വലയുന്നതിനാൽ, സർക്കാർ നിർദ്ദേശമുണ്ടായിട്ടും മറ്റ് സർവകലാശാലകൾ ഫീസ് വർദ്ധനവ് നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സാങ്കേതിക സർവകലാശാലയുടെ തിടുക്കപ്പെട്ട നടപടി. സ്വന്തമായി കെട്ടിടം പോലുമില്ലാതെ ശ്രീകാര്യത്ത് കോളേജ് ഓഫ് എൻജിനിയറിങ് വളപ്പിലാണ് നിലവിൽ സാങ്കേതിക സർവകലാശാലയുടെ പ്രവർത്തനം.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്