- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിൻഫ്രയിൽ പത്തേക്കർ അനുവദിച്ചതിൽ വിവാദം മുറുകുന്നു; സർക്കാർ ഭൂമിയിൽ ഡിസ്റ്റലറി തുടങ്ങുന്ന ആദ്യ വ്യവസായിയായി അലക്സ് മാളിയേക്കൽ; സിപിഎം നേതാക്കളുടെ സുഹൃത്തിന് ഉത്തരവിനൊപ്പം ഭൂമിയും നൽകിയത് സ്വജനപക്ഷപാതം; പിണറായി സർക്കാർ അട്ടിമറിച്ചത് 1999ലെ ഇടത് ഭരണകാലത്തെ വിനോദ് റായി ഉത്തരവ്; ഒന്നും ആരും അറിഞ്ഞില്ലെന്ന് തുറന്ന് പറഞ്ഞ് കാനം രാജേന്ദ്രനും; ചെന്നിത്തല തുറന്നുവിട്ട ബ്രൂവറി ചലഞ്ച് പിണറായി സർക്കാരിനെ ഉറക്കം കെടുത്തുമ്പോൾ
തിരുവനന്തപുരം: പൊതുമേഖലയിൽ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കരുതെന്നായിരുന്നു സർക്കാർ ഉത്തരവ്. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് താത്പര്യപത്രം ക്ഷണിക്കാതെ അതിരഹസ്യമായി സംസ്ഥാനത്ത് ബിയർ, മദ്യ ഉത്പാദനത്തിനായി മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്. 1999ൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ വിനോദ് റായിയാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. ഫലത്തിൽ സ്വകാര്യ മേഖലയ്ക്ക് ബ്രൂവറുയും ഡിസ്റ്റലറിയും തുടങ്ങാൻ സംസ്ഥാനത്ത് വിലക്കുണ്ട്. ഇത് മറികടക്കാൻ വേണ്ടിയാണ് അതീവ രഹസ്യമായി ഉത്തരവുകൾ ഇറങ്ങിയത്. ജൂൺ, ജൂലായ് മാസങ്ങളിൽ സംസ്ഥാനം പ്രളയത്തിലും രക്ഷാപ്രവർത്തനത്തിലും മുഴുകിയപ്പോഴാണ് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവുകളിറക്കിയത്. ഇതിൽ ഒരെണ്ണത്തിന് വ്യവസായ വകുപ്പ് സമ്മാനമായി പത്തേക്കർ വസ്തു കിൻഫ്രയിലും നൽകി. ബ്രൂവറിക്കായി സർക്കാർ ഭൂമി ലഭിച്ചതോടെയാണ് എക്‌സൈസ് വകുപ്പ് മുമ്പിൽ അപേക്ഷ വരുന്നതും ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതും. ഇതോടെ സംഭവം വിവാദമായി മറുകയാണ്. വൻ ഗൂഢാലോചനയാണ് ഇതിന് പിന്നി
തിരുവനന്തപുരം: പൊതുമേഖലയിൽ ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കരുതെന്നായിരുന്നു സർക്കാർ ഉത്തരവ്. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് താത്പര്യപത്രം ക്ഷണിക്കാതെ അതിരഹസ്യമായി സംസ്ഥാനത്ത് ബിയർ, മദ്യ ഉത്പാദനത്തിനായി മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത്. 1999ൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെ വിനോദ് റായിയാണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. ഫലത്തിൽ സ്വകാര്യ മേഖലയ്ക്ക് ബ്രൂവറുയും ഡിസ്റ്റലറിയും തുടങ്ങാൻ സംസ്ഥാനത്ത് വിലക്കുണ്ട്. ഇത് മറികടക്കാൻ വേണ്ടിയാണ് അതീവ രഹസ്യമായി ഉത്തരവുകൾ ഇറങ്ങിയത്.
ജൂൺ, ജൂലായ് മാസങ്ങളിൽ സംസ്ഥാനം പ്രളയത്തിലും രക്ഷാപ്രവർത്തനത്തിലും മുഴുകിയപ്പോഴാണ് ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവുകളിറക്കിയത്. ഇതിൽ ഒരെണ്ണത്തിന് വ്യവസായ വകുപ്പ് സമ്മാനമായി പത്തേക്കർ വസ്തു കിൻഫ്രയിലും നൽകി. ബ്രൂവറിക്കായി സർക്കാർ ഭൂമി ലഭിച്ചതോടെയാണ് എക്‌സൈസ് വകുപ്പ് മുമ്പിൽ അപേക്ഷ വരുന്നതും ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതും. ഇതോടെ സംഭവം വിവാദമായി മറുകയാണ്. വൻ ഗൂഢാലോചനയാണ് ഇതിന് പിന്നിൽ നടന്നതെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം.
എറണാകുളം കിൻഫ്രാ പാർക്കിൽ പവർ ഇൻഫ്രാടെക് പി. ലിമിറ്റഡിന് പത്തേക്കർ ഭൂമി വിട്ടുനൽകാനും അനുമതി നൽകിയത് വ്യവസായ വകുപ്പാണ്. ഈ ഭൂമി വിട്ടു നൽകിയത് ഇപ്പോഴത്തെ വ്യവസായ മന്ത്രി കൈക്കൊണ്ട തീരുമാനമാണോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരേണ്ടതുണ്ട്. സെപ്റ്റംബർ അഞ്ചിനാണ് ബ്രൂവറി ലൈസൻസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങിയത്. അതായത് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥലത്ത് ഇല്ലാത്തപ്പോൾ. മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സക്കായി പോയ വേളയിൽ ഉത്തരവിറങ്ങിയത് ആരുടെ താൽപ്പര്യപ്രകാരം ആണെന്ന ചോദ്യമാണ് ഉയരുന്നത്. ആരോപണം എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ടാണെങ്കിലും 10 ഭൂമി വ്യവസായ വകുപ്പിന്റെ കീഴിലുള്ളതാണ്. അതുകൊണ്ട് തന്നെ ഭൂമിയാണ് വിവാദ കേന്ദ്രവും.
എന്നാൽ, ഭൂമിക്കായി പവർ ഇൻഫ്രാടെക് അപേക്ഷ നൽകുന്നതും അനുവദിക്കുന്നതും മുൻ വ്യവസായ മന്ത്രി എ സി മൊയ്ദീന്റെ കാലത്താണെന്നാണ് ഇ പി ജയരാജനോട് അടുത്ത വൃത്തങ്ങൾ വിശദീകരിക്കുന്നത്. അതുകൊണ്ട് ഈ വിഷയത്തിൽ വ്യവസായ വകുപ്പിന് പങ്കില്ലെന്നാണ് വാദം. ആദ്യമായാണ് ബ്രൂവറിയും ഡിസ്റ്റലറിയും തുടങ്ങാൻ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറുന്നത്. അലക്സ് മാളിയേക്കലിനാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധം അലക്സിനുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിലാണ് അലക്സിന് സ്ഥലം കൂടി അനുവദിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനു പിന്നിൽ കോടികളുടെ അഴിമതിയാണെന്നാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചെങ്കിലും ആശയക്കുഴപ്പം മാറുന്നില്ല.
1999ൽ ഇടത് സർക്കാരാണ് ഡിസ്റ്ററിയുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്. ഇതിന് ശേഷം ലഭിക്കുന്ന സ്വകാര്യ മേഖലയിൽ നിന്നുള്ള അപേക്ഷകളെല്ലാം വിനേദ് റായിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടി തള്ളിക്കളയുകയായിരുന്നു സർക്കാർ രീതി. എന്നാൽ ഇത്തവണ നടന്നത് വിചിത്രമായ നടപടികളാണ്. ഒന്നും വേണ്ടെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടി പുതിയവ അനുവദിക്കുകയാണ് ചെയ്തത്. ഇടത് മുന്നണിയിലെ രണ്ടാമത്തെ ഘടകക്ഷിയായ സിപിഐയും ഇത് അറിഞ്ഞില്ല. മന്ത്രിസഭ പോലും അറിയാതെ ഉത്തരവ് ഇറക്കുകയും ചെയ്തു. സർക്കാരിന്റെ നയപരമായ തീരുമാനമാണ് ഇക്കാര്യത്തിൽ വേണ്ടതെങ്കിലും ബജറ്റിലോ നയപ്രഖ്യാപനത്തിലോ പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുമെന്ന് സൂചനപോലും നൽകിയിരുന്നില്ലെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. മന്ത്രിസഭയിലും ഇക്കാര്യം ആലോചിച്ചതായി വെളിപ്പെടുത്തിയിരുന്നില്ലെന്നും ആരോപിച്ചു. ഇത് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രനും സമ്മതിക്കുന്നു. ഇതോടെയാണ് ദൂരുഹതകൾക്ക് പുതിയ മാനം വരുന്നത്.
സർക്കാരിനു ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് കണക്കിലെടുത്താണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതെന്ന് ഉത്തരവിൽ പറയുന്നു. ഇതുവഴി തീരുവയിനത്തിലും മറ്റും സർക്കാരിന് അധികവരുമാനം ലഭിക്കുമെന്നും ഒട്ടേറെപ്പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ കിട്ടുമെന്നും എക്സൈസ് കമ്മിഷണറുടെ ശുപാർശയിൽ പറയുന്നു. സംസ്ഥാനത്തെ ഉപഭോഗത്തിന്റെ 40 ശതമാനം ബിയറും മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും കമ്മിഷണർ ചൂണ്ടിക്കാട്ടിയിരുന്നു. 1999-നുശേഷം സംസ്ഥാനത്ത് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചിട്ടില്ല. 1996-ൽ ഇതിനായി 125 അപേക്ഷകൾ ലഭിച്ചിരുന്നെങ്കിലും സർക്കാർ നിയോഗിച്ച വിനോദ് റായി സമിതിയുടെ ശുപാർശ കണക്കിലെടുത്ത് 1999 സെപ്റ്റംബറിൽ ഈ അപേക്ഷകൾ തള്ളുകയായിരുന്നു. മന്നം ഷുഗർമില്ലിന്റെ സഹകരണ സംഘത്തിനുമാത്രമാണ് അന്ന് അനുമതി നല്കിയത്.
കണ്ണൂർ ജില്ലയിൽ വാരം എന്ന സ്ഥലത്ത് ശ്രീധരൻ ബ്രൂവറി പി. ലിമിറ്റഡിന് മാസം അഞ്ചു ലക്ഷം കെയ്‌സ് ബിയർ ഉത്പാദിപ്പിക്കാനും പാലക്കാട് എലപ്പുള്ളി വില്ലേജിൽ വർഷം അഞ്ചു ലക്ഷം ഹെക്ടാലിറ്റർ ബിയർ ഉത്പാദിപ്പിക്കാൻ അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് പി. ലിമിറ്റഡിന് അനുമതിയും നൽകി. എറണാകുളം കിൻഫ്രാ പാർക്കിൽ പവർ ഇൻഫ്രാടെക് പി. ലിമിറ്റഡിന്റേതാണ് മറ്റൊന്ന്. ശേഷി ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. തൃശ്ശൂർ ജില്ലയിൽ ഇന്ത്യൻനിർമ്മിത വിദേശമദ്യം നിർമ്മിക്കാൻ കോമ്പൗണ്ടിങ്, ബ്ലെൻഡിങ്, ബോട്ടിലിങ് യൂണിറ്റ് സ്ഥാപിക്കാൻ പെരുമ്പാവൂരിലെ ശ്രീചക്രാ ഡിസ്റ്റിലറീസ് പി. ലിമിറ്റഡിന് അനുമതി. സ്ഥലം വ്യക്തമാക്കിയിട്ടില്ല. അതായത് തൃശൂരിൽ എവിടെ വേണമെങ്കിലും അവർക്ക് യൂണിറ്റ് തുടങ്ങാം.
പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചതിനുപിന്നിൽ കോടികളുടെ അഴിമതി നടന്നു. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണം. സംസ്ഥാനത്ത് നടക്കുന്നത് ബ്രൂവറി ചലഞ്ചാണ്. മുഖ്യമന്ത്രി അറിഞ്ഞുള്ളതാണ് നടപടി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിലാണ് ആദ്യ ബ്രൂവറിയെന്നത് ശ്രദ്ധേയമാണ്. മുമ്പു ലഭിച്ച അപേക്ഷകൾ പിന്തള്ളിയാണ് ഇതിന് അനുമതി നൽകിയിട്ടുള്ളത്. ഇത്രയും സുപ്രധാന കാര്യം മന്ത്രിസഭ ചർച്ച ചെയ്യാത്തതെന്താണെന്നു വ്യക്തമാക്കണം. പത്രപ്പരസ്യം നൽകി നടപടി സുതാര്യമാക്കിയില്ല. അപേക്ഷകരെ ഏതു മാനദണ്ഡപ്രകാരം തിരഞ്ഞെടുത്തെന്നു വ്യക്തമാക്കണമെന്നും ചെന്നിത്തല പറയുന്നു.
നടപടികൾ സുതാര്യമാണ്. സർക്കാരിനു ലഭിച്ച അപേക്ഷകളിൽ എക്സൈസ് കമ്മിഷണർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് മന്ത്രി രാമകൃഷ്ണനും പറയുന്നു. ഇവിടെ ഉത്പാദനം കൂട്ടുന്നത് ഇതരസംസ്ഥാന ലോബിയെ സമ്മർദത്തിലാക്കും. ആരോപണങ്ങൾക്കുപിന്നിൽ അവരുടെ സമ്മർദം ഉണ്ടോയെന്ന് പരിശോധിക്കണം. പൊതുമേഖലയിൽ പാലക്കാട് ചിപ്‌കോസ്, ട്രാവൻകൂർ ഷുഗേഴ്‌സ് എന്നിവിടങ്ങളിൽ ബ്രൂവറി/ഡിസ്റ്റിലറി തുടങ്ങാനുള്ള നടപടികൾക്കൊപ്പമാണ് സ്വകാര്യ മേഖലയ്ക്കും അനുമതി നല്കിയതെന്നും മന്ത്രി പറയുന്നു.