കുറ്റകൃത്യങ്ങളുടെ തലസ്ഥാനമെന്ന് കുപ്രസിദ്ധിയാർജിച്ച ബ്രസീലിലെ റിയോ ഡി ജനെയ്‌റോയിൽ ഗ്രീക്ക് അംബാസഡർ കുര്യാക്കോസ് അമിരിഡിസിന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കാറിൽ കണ്ടെത്തിയപ്പോൾ, അധികമാരും നടുങ്ങിയില്ല. എന്നാൽ, ഭാര്യതന്നെ ഒരുക്കിയ കെണിയിൽപ്പെട്ടാണ് കുര്യാക്കോസിന് ജീവൻ നഷ്ടമായതെന്ന വാർത്ത ബ്രസീലിനെ നടുക്കി. 15 വർഷമായി ബ്രസീലിൽ ഗ്രീക്ക് നയതന്ത്ര ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയും ബ്രസീലുകാരിയെ കല്യാണം കഴിച്ച് അവിടുത്തുകാരനായി ജീവിക്കുകയും ചെയ്ത കുര്യാക്കോസിനെ ക്രിസ്മസ് ദിനത്തിൽ കാറിൽ ചുട്ടെരിക്കുകയായിരുന്നു.

റിയോയിലെ ക്രിമിനലുകളുടെ മറ്റൊരു ക്രൂരതയെന്ന് കരുതിയിരുന്ന കൊലപാതകത്തിൽ, അംബാസഡറുടെ ഭാര്യയടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രസീലുകാരിയായ ഭാര്യയ്ക്ക് മിലിട്ടറി പൊലീസുദ്യോഗസ്ഥനുമായുള്ള അവിഹിത ബന്ധം അംബാസഡർ കണ്ടുപിടിച്ചതാണ് കൊലപാതകത്തിന് കാരണം. ഭാര്യയുടെ ബന്ധുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ അംബാസഡർ ഏർപ്പെടുത്തിയ കാറുൾപ്പെടെയാണ് ചുട്ടെരിച്ചത്. ഭർത്താവിനെ കാണാനില്ലെന്ന് പൊലീസിൽ വിവരമറിയിച്ചതും ഭാര്യ ഫ്രാങ്കോയിസ് തന്നെ.

സെർജിയോ ഗോമസ് മൊറെയ്‌റ ഫിലോ എന്ന മിലിട്ടറി പൊലീസുകാരനാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഫിലോയും ഫ്രാങ്കോയിസും തമ്മിലുള്ള അവിഹിതം കുര്യാക്കോസ് കൈയോടെ പിടികൂടുകയായിരുന്നു. ക്രിസ്മസ് ദിനത്തിനുശേഷം ഭർത്താവിനെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കാണിച്ച് ഫ്രാങ്കോയിസ് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വ്യാഴാഴ്ച ഒരു അണ്ടർപാസ്സിൽ കത്തിക്കരിച്ച കാറും കുര്യാക്കോസിന്റെ മൃതദേഹവും പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫിലോയും ഫ്രാങ്കോയിസുമുൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തത്.

സ്വന്തം അപ്പാർട്ട്‌മെന്റിൽവച്ചുതന്നെയാണ് കുര്യാക്കോസ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. അപ്പാർട്ട്‌മെന്റിൽ ചോരക്കറകളും കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ അപ്പാർട്ട്‌മെൻിൽ കൊല്ലപ്പെട്ട കുര്യാക്കോസിന്റെ മൃതദേഹം പിന്നീട് കാറിനുള്ളിലാക്കി കൊണ്ടുപോയി തീകൊടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഫിലോയും ഫ്രാങ്കോയിസും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹം അപ്പാർട്ട്‌മെന്റിൽനിന്ന് മാറ്റി കാറിനുള്ളിലിട്ട് തീകൊളുത്തിയശേഷമാണ് ഫ്രാങ്കോയിസ് പൊലീസിനെ വിവരമറിയിച്ചതെന്നും വ്യക്തമായിട്ടുണ്ട്.