തൃശ്ശൂർ: കുന്നംകുളത്ത് കേന്ദ്രമാക്കി നടന്ന സാമ്പത്തിക തട്ടിപ്പിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോൾ തട്ടിപ്പിന് ഇരയായവർ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ. സിനിമാക്കാരിയായ അവതാരകയും മുൻ കോൺഗ്രസ് എംപിയും ഓർത്തഡോക്‌സ് ബിഷപ്പുമാരും ചേർന്ന് നടത്തിയ ഓഹരി കുംഭകോണത്തിൽ സമ്പാദ്യം ഏറെ പോയത് വൈദികരുതേടാണ്. വൈദികർ പണം നിക്ഷേപിച്ചതു കണ്ട് പണം ബിആർഡി എന്ന കുന്നംകുളത്തെ ധനകാര്യ സ്ഥാപനത്തിൽ പണമിറക്കിയവരുമാണ് ഇപ്പോൾ പണം തിരിച്ചു കിട്ടാതെ ദുരിതത്തിലായത്. തട്ടിപ്പു സംബന്ധിച്ച് നേരത്തെ മറുനാടൻ മലയാളി വാർത്ത പുറത്തുവിട്ടിരുന്നു. ഈ വാർത്തയുടെ തുടർച്ചയെന്നോണം തട്ടിപ്പിന് ഇരയായവരെ തേടിയിറങ്ങിയപ്പോൾ വ്യക്തമായത് ക്രൈസ്തവ വിശ്വാസികളാണ് കൂടുതൽ ഇരകളാക്കപ്പെട്ടത് എന്നായിരുന്നു. നിരവധി വൈദികരുടെ പരിശുദ്ധ സമ്പാദ്യവും നഷ്ടമായി.

കേരളത്തിന്നകത്തും പുറത്തുമുള്ള മലയാളികളുടെയും പ്രവാസി മലയാളികളും ചോരനീരാക്കി ഉണ്ടാക്കിയ കോടികളും വെള്ളത്തിൽ വരച്ച വരപോലയായി. ഇപ്പോൾ ഞങ്ങൾക്ക് പുറത്തുവിടേണ്ടിവരുന്നത് ബി.ആർ.ഡി. (BRD) യുടെ കൊടും വഞ്ചനയിൽ അകപ്പെട്ട ക്രൈസ്തവ സഭയിലെ മുതിർന്ന വൈദിക ശ്രേഷ്ടരുടെ വേദനയുടെ കഥകളാണ്. ''ഒരാളുടെ പണമോ വസ്തുവോ മറ്റൊരാൾ നേരല്ലാത്ത മാർഗ്ഗത്തിൽ കൈക്കലാക്കുമ്പോൾ ആ വസ്തു യജമാനനു വേണ്ടി കരഞ്ഞുകൊണ്ടിരിക്കും ' 85 വയസ്സുള്ള ഫാദർ ജേക്കബ്ബ് തൈക്കാട്ടിൽ ബി.ആർ.ഡി. യുടെ കവർച്ചയെ ക്കുറിച്ച് പണം പോയ ഒരു വൈദികൻ മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്.

റിട്ടയർചെയ്ത മിഷൻ ആശുപത്രിയോട് അനുബന്ധിച്ച വിശ്രമ കേന്ദ്രത്തിൽ ജീവിതം നയിക്കുകയാണ് ഇയാൾ. ബിആർഡി ഷെയർസിൽ ജീവിത സമ്പാദ്യം മുഴുവൻ ഫാദർ ജേക്കബ് തൈക്കാട്ടിൽ നിക്ഷേപിച്ചിരുന്നു. നൽപ്പത് ലക്ഷത്തോളം രൂപയാണ് തനിക്ക് നഷ്ടമായതെന്ന് അദ്ദേഹം വ്യക്തമാക്കി. അവസാന നാളുകളിലെ ജീവിതത്തിന് വേണ്ടിയാണ് താൻ പണം സ്വരുക്കൂട്ടിയത്. കിഡ്‌നി, ഹൃദയ രോഗങ്ങൾ തന്നെ ഇപ്പോഴും അലട്ടുന്നുണ്ട്. ഇതിന്റെ ചികിത്സയ്ക്ക് അടക്കം പണം കരുതിവച്ചാണ് നിക്ഷേപിച്ചത്. അതുകൊണ്ട് തന്നെ ഈ പണം എനിക്ക് തിരികെ വേണം.- ഫാദർ പറഞ്ഞു.

ഫാദർ ജോസ് തെക്കേക്കര എന്ന വൈദികനും താനും വഞ്ചനക്ക് ഇരായായ വിവരം മറുനാടനോട് തുറന്നു പറഞ്ഞു. റിട്ടയർ ജീവിതം നയിക്കുകയാണ് ഇദ്ദേഹം. അമ്പതിനായിരത്തിൽ കുറയാത്ത ഷെയറാണ് തനിക്കുണ്ടായിരുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഏകദേശം 60 ലക്ഷം രൂപ വിലവരും. ഈ പണം തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നെന്നാണ് അദ്ദേഹവും പറയുന്നത്. തന്റെ അവസാന കാലത്തേക്കുള്ള സമ്പാദ്യമെന്ന നിലയിൽ ഈ പണം ആവശ്യമുണ്ടെന്നും മരണാനന്തര ശുശ്രൂഷയ്ക്കും മറ്റു വേണ്ടിയെങ്കിലു പണം വേണമെന്നും ഫാദർ ജോസ് തെക്കേക്കര മറുനാടനോട് പറയുന്നു.

1990 ൽ തൃശൂരിൽ കുന്നംകുളം അങ്ങാടിയിൽ തുടങ്ങിയ ഒരു കൊച്ചു ഓഹരി വിപണന സ്ഥാപനമായിരുന്നു ബി.ആർ.ഡി. അഥവാ ബി.രമാദേവി, സ്‌റോക്ക് ബ്രോക്കേർസ്. പിൽക്കാലത്ത് 1993 ലാണ് ബി.ആർ.ഡി. നിയമപ്രകാരം ഒരു ധനകാര്യ സ്ഥാപനമാവുന്നത്. പിന്നീട് ബി.ആർ.ഡി. സെക്യൂരിറ്റീസ്, ബി.ആർ.ഡി. ഫിനാൻസ്, ബി.ആർ.ഡി. മോട്ടോർസ്, ബി.ആർ.ഡി. കാർ വേൾഡ് തുടങ്ങിയ വേറെയും കമ്പനികൾ ചേർന്നാണ് ബി.ആർ.ഡി. ഗ്രൂപ്പ് ഓഫ് കമ്പനി രൂപം കൊണ്ടത്.

കേവലം 50 ലക്ഷത്തിൽ നിന്നുതുടങ്ങിയ കമ്പനിക്ക് ഇന്ന് 500 കോടിയുടെ ആസ്തിയിലേക്ക് കുതിച്ചു കയറിയത് വിശ്വാസികളെ മുതലെടുത്തു കൊണ്ടായിരുന്നു. പ്രതിസന്ധികളുടെ നടുവിലും 25 കോടിയുടെ ലാഭമുണ്ടെന്നും കമ്പനിയുടെ അവകാശവാദം മുഴങ്ങുമ്പോഴും നാട്ടിലും വിദേശത്തുമായി ഓഹരിനിക്ഷേപകരുടെ വിങ്ങലുകളും തേങ്ങലുകളും നാം കേൾക്കുന്നുണ്ട്. ഓർത്തഡോക്‌സ് തിരുമേനിമാരുടെ കാർമ്മികത്വത്തിൽ സി.സി. വില്യംസ് വർഗീസ് എന്ന വിശ്വാസി മുഖാന്തിരം കോടികളുടെ ഓഹരി കുംഭകോണമാണ് അരങ്ങേറിയത്. കുംഭകോണത്തിന്റെ അൾത്താരയിൽ ബലിയർപ്പിച്ച് രക്തസാക്ഷികളായവരിൽ കൂടുതലും ദേവാലയങ്ങളുടെ അകത്തളങ്ങളിൽ തിരുവസ്ത്രം ധരിച്ച ദൈവത്തിന്റെ പ്രതിപുരുഷന്മാരായ പാവം വൈദികരാണെന്ന് മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായി. വിവിധങ്ങളായ ക്രൈസ്തവ മത വിഭാഗങ്ങളിലെ അനവധി വൈദികരാണ് ബിആർഡിയിൽ പണം നിക്ഷേപിച്ച് സമ്പാദ്യമെല്ലാം പോയത്.

ഈ വൈദികരുടെ പരിശുദ്ധ സാന്നിദ്ധ്യമാണ് മറ്റു വിശ്വാസികളേയും കമ്പനിയിലേക്ക് ആകർഷിക്കാനുള്ള കാരണം. യഥാർത്ഥത്തിൽ ഈ വൈദികരുടെ തിരുവസ്ത്രവും തിരുക്കുരിശും കമ്പനി തന്ത്രപൂർവ്വം ഷെയർ മാർക്കറ്റിങ്ങിന്നായി ഉപയോഗപ്പെടുത്തുകയായിരുന്നു. സഭക്കും സമൂഹത്തിനുംവേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത ഈ വൈദികശ്രേഷ്ടരെ പറ്റിക്കുമ്പോൾ ബി.ആർ.ഡി. നടത്തുന്നത് ഒരു സമുദായത്തെ മുഴുവൻ വിശ്വാസത്തിന്റെ പേരിൽ നശിപ്പിക്കുകയായിരുന്നു. തങ്ങളെ വഞ്ചിച്ചവർക്കെതിരെ നിരാലംബരായ വൈദികർ മറുനാടനോട് തുറന്നു പറഞ്ഞിട്ടുണ്ട്.

അതേസമയം ആരോപണങ്ങളെ തടയിടാനും വഞ്ചനക്ക് പരാതി വരാതിരിക്കാനും നിരവധി പേർ രംഗത്തുണ്ട്. കമ്പനിയുടെ കുറച്ചു ഡയറക്ടർമാരും സ്റ്റാഫ് അംഗങ്ങളുമാണ് ഓഹരി നിക്ഷേപത്തിന്റെ ഭാഗമായി ഊതിവീർപ്പിച്ച വാഗ്ദാനങ്ങൾ കൊടുത്തുകൊണ്ട് ഇത്തരത്തിൽ ജനങ്ങളിൽനിന്ന് പണം വ്യാപകമായി ശേഖരിച്ചതെന്നാണ് സ്വയം പ്രതിരോധിച്ചു കൊണ്ട് തന്നെ ബിആർഡി അധികൃതർ പറയുന്നത്. അവർക്ക് ഇത്തരത്തിൽ പണം സ്വരൂപിക്കുന്നതിന്ന് പ്രോത്സാഹനമായി ഭീമമായ കമ്മീഷനും കൊടുത്തിരുന്നു. ഇതൊന്നും കമ്പനിയുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് കമ്പനി. ഓഹരിയുടമകൾ അവർക്ക് ബോണസ് ഇനത്തിൽ പ്രതിവർഷം കിട്ടിയ 18 ശതമാനം ഓഹരികളാണ് ഇത്തരത്തിൽ വിറ്റഴിക്കപ്പെട്ടത്. കമ്പനി ഓഹരികൾ ട്രാൻസ്ഫർ ചെയ്യുക മാത്രമാണ് കമ്പനി ചെയ്തുകൊണ്ടിരുന്നത്. മാത്രമല്ല, ഇത്തരത്തിൽ വിപണനം നടത്തിയ ഷെയറുകളുടെ പണം കമ്പനിക്ക് കിട്ടിയിട്ടില്ലെന്നും കമ്പനി പറയുന്നു.

കമ്പനിയുടെ പേരിൽ കമ്പനിയറിയാതെ ഓഹരിയുടമകളും കമ്പനിയുടെ കുറച്ചു ഡയറക്ടർമാരും സ്‌റാഫ് അംഗങ്ങളുമാണ് ഇത്തരത്തിൽ ഓഹരിവിൽപ്പന നടത്തിയതെന്നും കമ്പനി ആരോപണമുന്നയിക്കുന്നു. എന്നാൽ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ കോടികൾ എത്തിയതിന് തെളിവുണ്ട് താനും. കമ്പനിയുടെ ഇത്തരത്തിലുള്ള അനധികൃത ഓഹരി വില്പന തിരുതകൃതിയായി നടന്നത് പ്രവാസികൾക്കിടയിലായിരുന്നു. അമ്പത് ഷെയർ വാങ്ങുന്ന എല്ലാവരെയും കമ്പനി ഡയറക്ടർമാരാക്കാമെന്ന മോഹന വാഗ്ദാനവുമായാണ് അനധികൃത ഓഹരി വിൽപ്പനക്കാർ പ്രവാസികളെ തെറ്റിദ്ധരിപ്പിച്ചത്.

എന്നാൽ 150 ഷെയർ വാങ്ങുന്നവരെ മാത്രമേ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കാൻ കഴിയു എന്നാണ് എംഡിയുടെ പക്ഷം. പ്രവാസിയായ ജോജിയും ജോൺ മത്തായിയും ഈ വഴിയിലൂടെ കമ്പനി ഡയറക്ടർമാരായവരാണ്. ഇത്തരത്തിൽ കമ്പനി ഡയറക്ടർമാരായവരും അവർക്ക് വിഹിതമായ പ്രതിവർഷ ബോണസ് ഓഹരികൾ വ്യാപകമായി വിറ്റുപോന്നു. കമ്പനിയുടെ എം.ഡി.യും ഡയറക്ടർമാരും ഇത്തരത്തിൽ ഷെയറുകൾ വിറ്റിട്ടുണ്ടെന്ന് എം.ഡി. വില്യംസ് വർഗ്ഗീസ് സമ്മതിക്കുന്നു.

പ്രവാസിയായ കമ്പനി ഡയറക്ടർ ജോജിയും, ജോൺ മത്തായിയും, എം.ഡി.യുടെ ബന്ധുകൂടിയായ കമ്പനി ഡയറക്ടർ ഡേവിഡ് രാജും കൂടിയാണ് കമ്പനിയുടെ അനുവാദമില്ലാതെ ബി.ആർ.ഡി. ഇന്റർനാഷണൽ എന്നൊരു സ്ഥാപനം ഷാർജ ഫ്രീ സോണിൽ ആരംഭിച്ചതെന്നും എം.ഡി. വില്യംസ് വർഗ്ഗീസ് പറയുന്നു. എന്നാൽ ഈ സ്ഥാപനം ഉത്ഘാടനം ചെയ്തത് എം.ഡി.ക്ക് സുപരിചിതനായ ഓഹരിയുടമ കൂടിയായ ഫാദർ മത്തായിയാണ്. പിന്നീട് ഈ സ്ഥാപനം വഴിയാണ് പ്രവാസികൾക്കിടയിൽ നിന്നുള്ള പുതിയ ഡയറക്ടർമാർ കമ്പനിയിലേക്കുവരുന്നതും അവർ മുഖാന്തിരം വ്യാപകമായ ബോണസ് ഓഹരികൾ വിറ്റഴിക്കപ്പെട്ടതും.

ഓർത്തഡോക്‌സ് ബിഷപ്പുമാർ ചുക്കാൻ പിടിച്ച ഈ തട്ടിപ്പു കമ്പനിയുടെ അരങ്ങത്തും അമരത്തും കേരളത്തിലെ എംപി.മാരും രാഷ്ട്രീയ പ്രമാണിമാരും പൊലീസ് സേനയിലെ ഉന്നതരും പ്രവാസി വ്യവസായികളും സിനിമാലോകത്തെ മിന്നും താരങ്ങളുമാണ് നിലയുറപ്പിച്ചിരുന്നത്. എന്നാൽ കമ്പനി പൊളിഞ്ഞതോടെ ഇത്തരക്കാരടുെ ഇടപാടുകളെല്ലാം ആരുമറിയാതെ അവസാനിപ്പിച്ചു. കബളിപ്പിക്കപ്പെട്ടതാകട്ടെ കുറെ വീട്ടമ്മമാരും നാട്ടുകാരും ചോര നീരാക്കി പണമുണ്ടാക്കിയ പ്രവാസികളും വൈദികരുമാണ്.

കേവലം 10 രൂപ മാത്രം മുഖവിലയുള്ള 5000 ഓഹരികളുടെ 12000 യുണിറ്റാണ് ബി.ആർ.ഡിക്കുള്ളതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ 14000 ഓഹരികളുണ്ടെന്നാണ് കമ്പനിയിലെ ചില വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. കമ്പനി പ്രസിദ്ധം ചെയ്ത വിവരത്തെ മാത്രം അടിസ്ഥാനപ്പെടുത്തിയാൽ തന്നെ മൊത്തം 89.87 കോടിയുടെ ഓഹരി ക്രയവിക്രയം നടന്നതായാണ് അറിയാൻ കഴിയുന്നത്.
എന്നാൽ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വില്യംസ് വർഗീസും കൂട്ടാളികളും ഓഹരിയുടെ യഥാർത്ഥ വിലയായ 10 മുതൽ 13 രൂപ മറച്ചുവച്ച് 120 രൂപ മുതൽ 150 രൂപയ്ക്കാണ് വിറ്റഴിച്ചത്. കൂടാതെ പുതിയ ഓഹരികൾ ഇറക്കാതെ ഏതാനും പേർക്ക് ഡിവിഡന്റ് ഇനത്തിൽ 18 ശതമാനം ബോണസ് ഓഹരികൾ നിയമവിരുദ്ധമായി നൽകുകയും ചെയ്തു. നിലവിലെ കമ്ബനി നിയമം അനുസരിച്ച് ഡിവിഡന്റ് ഒരിക്കലും ബോണസ് ഓഹരിയായി കൊടുക്കരുതെന്ന നിബന്ധനയുണ്ട്. ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത്.