ർത്തമാനകാല സാമൂഹികസമസ്യകളെ മനസ്സിക്കുവാനും പരിഹരിക്കുവാനും സയൻസിന്റെ പിൻബലമുള്ള സിദ്ധാന്തങ്ങളുടെയടിസ്ഥാനത്തിൽ രചിക്കപ്പെട്ട ചരിത്രം അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസകൗൺസിൽ വൈസ്‌ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ ചൂണ്ടിക്കാട്ടി. ബ്രേക്ക്ത്രു സയൻസ് സൊസൈറ്റി സംഘടിപ്പിച്ച ജി എസ് പത്മകുമാർ അനുസ്മരണ പ്രഭാഷണ പരിപാടിയിൽ 'ചരിത്രം സയൻസിലൂടെ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രം ശരിയായി മനസ്സിലാക്കുവാൻ ശരിയായ ലോകവീക്ഷണം ആവശ്യമാണ്. ചരിത്രമെന്നത് മനുഷ്യന്റെ മാത്രം ചരിത്രമല്ല, പ്രപഞ്ചത്തിന്റെയും പ്രകൃതിയുടെയും അതിലെ സർവ്വജീവജാലങ്ങളുടെയും ചരിത്രമാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.

പഴയ അടിമ-ഉടമ ബന്ധത്തിന്റെ സാംസ്‌കാരിക ശേഷിപ്പുകളായി നമ്മുടെ നാട്ടിൽ ഇപ്പോഴും തുടരുന്ന ജാതി സമ്പ്രദായത്തിനു സയൻസിന്റെ അടിത്തറ യാതൊന്നുമില്ലെന്നും രാജൻ ഗുരുക്കൾ പറഞ്ഞു. അതിന്റെ ഏറ്റവും വലിയ തെളിവ്, ജാതി മാറിയുള്ള വിവാഹവും മറ്റു സമ്പർക്കങ്ങളും മഹാ അപരാധമായി കരുതപ്പെടുന്ന വ്യക്തികൾ തമ്മിൽപോലും ഒരു ചികിത്സാ ആവശ്യം വന്നാൽ രക്തം ദാനം ചെയ്യാനും സ്വീകരിക്കാനും കഴിയുന്നു എന്നുള്ളതു തന്നെയാണ്.

പ്രപഞ്ചവും പ്രകൃതിയും നിയമാനുസൃതമായാണ് നിലനിൽക്കുന്നതും പരിണമിക്കുന്നതും. തെർമോഡൈനാമിക്‌സ് നിയമങ്ങൾ എല്ലാ പ്രതിഭാസങ്ങൾക്കും ബാധകമാണ്. സസ്തനികളിൽ നിന്നു സമകാലീന മനുഷ്യനിലേക്കുള്ള പരിണാമത്തിൽ മനുഷ്യപ്രാമുഖ്യ കാലഘട്ടത്തിൽ ( anthrpocene) പ്രത്യേകിച്ച് വ്യവസായ വിപ്ലവത്തിനു ശേഷമുള്ള കാലഘട്ടത്തിൽ പ്രകൃതിക്കുമേൽ ഉണ്ടായ കൈയേറ്റങ്ങളും മാലിന്യങ്ങളും ഭൗമസംതുലന വ്യവസ്ഥയുടെ സീമകളെ ലംഘിച്ചിരിക്കുന്നു.

ന്യൂട്ടന്റെ പ്രിൻസിപിയ മാത്തമാറ്റിക്ക എന്ന ഗ്രന്ഥം പതിനേഴാം നൂറ്റാണ്ടിനു ശേഷമുള്ള കാലത്തെ സാമൂഹികശാസ്ത്ര ധാരണകളെ തകിടം മറിച്ചു. പില്ക്കാല സൈദ്ധാന്തികർക്കും സോഷ്യൽസയൻസ് ചിന്തകർക്കും മുമ്പിൽ മറികടക്കേണ്ടുന്ന ഒരു വെല്ലുവിളിയായി പ്രിൻസിപ്പിയയുടെ സമീപനം മാറി. ചരിത്രപഠനത്തിൽ ആര് എങ്ങനെഎന്ന ചോദ്യങ്ങളുടെ സ്ഥാനത്ത് എന്ത് എങ്ങനെ? എന്ന ചോദ്യങ്ങൾ സ്ഥാപിതമായി. യുക്തിഭദ്രവും വിമർശനാത്മകവുമായ സമീപനങ്ങൾ പ്രാബല്യം നേടി.

ചരിത്ര രചനയിൽ കൃത്യമായ കലാഗണന വളരെ പ്രധാനമാണ്. കാർബൻ ഡേറ്റിംങ്ങും പൊട്ടാസിയം അർഗോൺ ഡേറ്റിങ്ങും തെർമോ ലുമിനൻസ് രീതികളും ഇന്ന് ഉപയോഗിക്കുന്നു. മനുഷ്യ ചരിത്രം മനസ്സിലാക്കുന്നതിനു ഡി.എൻ. എ പഠനങ്ങൾ സഹായിക്കുന്നു. ജർമൻ നാസികളുടെ വംശീയ മേധാവിത്ത വാദങ്ങൾക്കു സയൻസിന്റെ പിൻബലമില്ലെന്നു പിന്നീടു നടന്ന ചർച്ചയിൽ ഡോ. രാജൻ ഗുരുക്കൾ ചൂണ്ടിക്കാട്ടി.

ബ്രേക്ക്ത്രു സയൻസ് സൊസൈറ്റി സംസ്ഥാന ചാപ്റ്റർ പ്രസിഡന്റ് ഡോ. പി.എസ്. ബാബു, സെക്രട്ടറി പ്രൊഫ.പി.എൻ. തങ്കച്ചൻ, കെ.എസ്.ഹരികുമാർ എന്നിവർ സംസാരിച്ചു