ലണ്ടൻ: ബ്രെക്സിറ്റിന് ശേഷം യുകെ ഗവൺമെന്റ് അനുവർത്തിക്കുന്ന വിസ- കുടിയേറ്റ നയങ്ങൾ ഏത് വിധത്തിലായിരിക്കുമെന്ന് വിശദീകരിക്കുന്ന വൈറ്റ് പേപ്പർ ബുധനാഴ്ച പാർലിമെന്റിൽ പുറത്തിറക്കി. ഇതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രഫഷണലുകൾക്കും ഏറെ മെച്ചമുണ്ടാകുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അതായത് ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടൻ തൊഴിൽ അന്വേഷകരായ ഇന്ത്യക്കാർക്ക് ലോട്ടറിയായി മാറുമെന്നുറപ്പാണ്. രാജ്യത്തേക്കാൾ പ്രധാനം കഴിവിനാകുമ്പോൾ നമുക്ക് ഗുണം ഉണ്ടാകുന്നത് ഇത്തരത്തിലാണ്.

കഴിവിനെ മാത്രം അടിസ്ഥാനമാക്കിയുള്ള യുകെയുടെ ഭാവി ഇമിഗ്രേഷൻ സിസ്റ്റം ഹൗസ് ഓഫ് കോമൺസിന്റെ മേശപ്പുറത്ത് വച്ചിരിക്കുന്ന ഹോം സെക്രട്ടറി സാജിദ് ജാവിദാണ്. ഇത് പ്രകാരം ലോകത്തിലെവിടെ നിന്നും യുകെയിലേക്കെത്തുന്ന ഉയർന്ന കഴിവുകളുള്ള കുടിയേറ്റക്കാർക്ക് യാതൊരു വിധത്തിലുള്ള പരിധിയും ഏർപ്പെടുത്തില്ല. ഇതിന് പുറമെ ഇന്റർനാഷണൽ സ്റ്റുഡന്റ്സിനുള്ള പോസ്റ്റ്-സ്റ്റഡി വർക്ക് ഓഫറിംഗുകളും മെച്ചപ്പെട്ടുന്നതായിരിക്കും. യൂറോപ്യൻ യൂണിയനിൽ നിന്നുമുള്ള ട്രാൻസിഷൻ പിരിയഡിന് ശേഷം 2021 ഡിസംബർ മുതലായിരിക്കും പുതിയ നിർദേശങ്ങൾ നടപ്പിലാക്കുന്നത്.

മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുകെയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിച്ചതിന് ശേഷമായിരിക്കും പുതിയ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നത്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോയതിന് ശേഷം യൂറോപ്യന്മാർക്ക് ഇവിടേക്കുള്ള ഫ്രീ മൂവ് മെന്റിന് അറുതി വരുകയും അതിന് പകരം കഴിവിനെ അടിസ്ഥാനമാക്കിയുള്ള ഒരു കുടിയേറ്റ വ്യവസ്ഥ നടപ്പിലാകുമെന്നുമാണ് പുതിയ നയം വെളിപ്പെടുത്തുന്ന വേളയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ വെളിപ്പെടുത്തിയിരിക്കുന്നത്.

പുതിയ നയത്തിലൂടെ ലോകത്തിലെമ്പാടുമുള്ള ഏറ്റവും കഴിവുറ്റ കുടിയേറ്റക്കാരെ യുകെയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് പുതിയ നയം വിശദീകരിക്കവെ ജാവിദ് വെളിപ്പെടുത്തിയിരിക്കുന്നത്. നിലവിലെ നിയമമനുസരിച്ച് വർഷത്തിൽ 20,700 സ്‌കിൽഡ് വർക്കർമാർക്ക് മാത്രമേ വിസ അനുവദിക്കാവൂ എന്ന പരിധിയുണ്ട്. എന്നാൽ പുതിയ നയം നടപ്പിലായാൽ ഈ പരിധി എടുത്ത് മാറ്റുന്നതായിരിക്കും. ഇത് ഇന്ത്യയിൽ നിന്നുമുള്ള ഐടി പ്രഫഷണലുകൾ, ഡോക്ടർമാർ, എന്നിവർക്ക് ഗുണകരമായിത്തീരുന്നതായിരിക്കും.

ഏത് സ്‌കിൽ ലെവലിലുമുള്ള വർക്കർമാർക്കും 12 മാസം ദൈർഘ്യമുള്ള വിസ റൂട്ട് ടെംപററി പിരിയഡിലേക്ക് അനുവദിക്കാനും നീക്കമുണ്ട്. ഇത് താൽക്കാലിക ജോലിക്കായി വിദേശികളെ കൊണ്ട് വരാനാഗ്രഹിക്കുന്ന ബിസിനസുകൾക്ക് പ്രയോജനപ്പെടും. ഈ റൂട്ടിലൂടെ എത്തുന്നവർക്ക് തങ്ങളുെ കുടുംബാംഗങ്ങളെയും കൊണ്ട് വരാൻ സാധിക്കും. പുതിയ പ്ലാനുകളെ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇന്റസ്ട്രി സ്വാഗതം ചെയ്തിട്ടുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ നിന്നുമുള്ള സ്‌കിൽഡ് വർക്കർമാരുടെ മൂല്യത്തെ മാനിക്കുന്ന നയമാണിതെന്നും സിഐഐ പ്രതികരിക്കുന്നു. എല്ലാ മാസ്റ്റേർസ് സ്റ്റുഡന്റ്സിനും ബാച്ചലേർസ് സ്റ്റുഡന്റ്സിനും യുകെയിലെ പഠിപ്പിന് ശേഷം ആറ് മാസത്തെ പോസ്റ്റ് സ്റ്റഡി ലീവ് നൽകുമെന്ന വാഗ്ദാനവും പുതിയ ഇമിഗ്രേഷൻ നയത്തിന്റെ ഭാഗമായുണ്ട്. അന്താരാഷ്ട്ര വിദ്യാർത്ഥികളെ ബ്രെക്സിറ്റിന് ശേഷം കൂടുതലായി ആകർഷിക്കുന്നതിന് വേണ്ടിയാണിത്.