ലണ്ടൻ: പ്രശ്നങ്ങളില്ലാതെ തന്നെ വേർപിരിയുന്നതിനായി ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പിട്ട ബ്രെക്സിറ്റ് വ്യാപാര കരാർ യൂറോപ്യൻ യൂണിയൻ അമ്പാസിഡർമാർ ഐക്യകണ്ഠേന അംഗീകരിച്ചു. യൂറോപ്യൻ യൂണിയനിലെ 27 അംഗരാജ്യങ്ങളുടെ പ്രതിനിധികളാണ് 660 ബില്ല്യൺ വിലമതിക്കുന്ന വ്യാപാരകരാറിന്റെ കരടുരൂപം അംഗീകരിച്ചത്. ഇതോടെ ബ്രെക്സിറ്റ് അവസാനിക്കുന്ന ഡിസംബർ 31 ന് ശേഷം ഈ കരാറായിരിക്കും ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാരബന്ധങ്ങളുടെ അടിസ്ഥാനമാകുക.

കൂടുതൽ ഔപചാരികതകൾക്കായി ഈ ബില്ല് പുതുവത്സര ദിനത്തിൽ യൂറോപ്യൻ പാർലമെന്റിൽ അവതരിപ്പിക്കും. ഇ യു- യു കെ വ്യാപാര സഹകരണ കരാർ എന്ന് പേരിട്ടിരിക്കുന്ന ഈ കരാറിലെ വ്യവസ്ഥകൾ ഈ ബുധനാഴ്‌ച്ചയാണ് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിക്കുക. കേവലം ഒരു ദിവസത്തെ ചർച്ച മാത്രമേ ഈ ബില്ലിൽ ഉണ്ടാവുകയുള്ളു. നിലവിൽ ഭരണകക്ഷിക്ക് പാർലമെന്റിൽ വ്യക്തമായ ഭൂരിപക്ഷമുള്ളതിനാലും പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ പിന്തുണയുള്ളതിനാലും ഈ ബിൽ പാർലമെന്റിൽ പാസാകും എന്നത് ഉറപ്പാണ്.

ലേബർ പാർട്ടി ഈ ബില്ലിനെ പിന്തുണയ്ക്കുമെന്ന് അവരുടെ നേതാവ് സർ കീർ സ്റ്റാർമർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലുംനിഴൽ മന്ത്രിസഭയിലെ അംഗങ്ങൾ ഉൾപ്പടെ ചില എം പിമാർ ഇതിനെതിരായി നിൽക്കുകയാണ്. ചില നിഴൽ മന്ത്രിസഭാംഗങ്ങൾ രാജിവയ്ക്കുവാനും നീക്കമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് പ്രധാനമായും വിമർശനങ്ങൾ ഉയർന്നിട്ടുള്ളത്. ബ്രിട്ടീഷ് മത്സ്യബന്ധന മേഖലയുടെ താത്പര്യങ്ങൾ സംരക്ഷിച്ചു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ഫലത്തിൽ നേരെ തിരിച്ചാണ് ഉണ്ടായിരിക്കുന്നത് എന്നാണ് ഈ മേഖലയിൽ ഉള്ളവർ ആരോപിക്കുന്നത്.

മത്സ്യബന്ധന തൊഴിലാളികളെ ബോറിസ് ജോൺസൺ ചതിച്ചു എന്നാണ് നാഷണൽ ഫെഡറേഷൻ ഓഫ് ഫിഷർമെൻസ് ഓർഗനൈസേഷൻസ് ചെയർമാൻ ആൻഡ്രൂലോക്കർ പറഞ്ഞത്. ബ്രിട്ടീഷ് അതിർത്തിയിൽ മുഴുവൻ മത്സ്യസമ്പത്തിലും തങ്ങൾക്ക് അവകാശം ഉറപ്പാക്കാമെന്ന് വാഗ്ദാനം നൽകിയ ബോറിസ് ഇപ്പോൾ അതിൽ ഒരു ഭാഗത്തിനു മേലിൽ മാത്രമാണ് അവകാശം നൽകുന്നത് എന്ന് അവർ ആരോപിച്ചു.

അതേസമയം നേരത്തേ ലഭിച്ചതിനേക്കാൾ ഏറെ ഗുണങ്ങൾ ഈ കരാർ വഴി മത്സ്യബന്ധനത്തൊഴിലാളികൾക്ക് ലഭിക്കും എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ബ്രിട്ടീഷ് തൊഴിലാളികളുടെ ക്വാട്ട വർദ്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, ടാരിഫ് ഇല്ലാത്ത ഒരു വലിയ വിപണി ഈ കരാറിലൂടെ ലഭ്യമായിട്ടുമുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മറ്റു മേഖലകളിൽ നേട്ടങ്ങൾ ലഭിക്കുവാനായി സർക്കാർ മത്സ്യബന്ധന മേഖലയെ ബലികൊടുത്തു എന്ന ആരോപണവും ഉയരുന്നുണ്ട്.

അതേസമയം, യൂറോപ്യൻ യൂണിയനുമായി കരാറിൽ ഏർപ്പെട്ടുവെങ്കിലും മറ്റു രാജ്യങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ് ബ്രിട്ടൻ. ഇന്റർനാഷണൽ സെക്രട്ടറി ലിസ് ട്രസ്സ് ഇന്നലെ അറിയിച്ചത് ഈ ആഴ്‌ച്ചതന്നെ ടർക്കിയുമായി ഒരു വ്യാപാരകരാർ ഒപ്പുവയ്ക്കുമെന്നാണ്. യൂറോപ്യൻ യൂണിയനിലെ ക്സ്റ്റംസ് ബ്ലോക്ക് അംഗമാണ് ടർക്കി എന്നതിനാൽ, ഇയു- യുകെ കരാറിനു മുൻപ് അവരുമായി ഒരു കരാർ സാധ്യമായിരുന്നില്ല.