യൂറോപ്യൻ യൂണിയനിൽനിന്ന് ഹിതപരിശോധനയിലൂടെ പുറത്തുപോയ ബ്രിട്ടനോടുള്ള പ്രതികാരം വീട്ടുകയാണ് മറ്റ് യൂറോപ്യൻ രാജ്യങ്ങൾ. ഫ്രാൻസിനും ബ്രിട്ടനും ഇടയിലുള്ള ഡോവർ ചെക്ക് പോസ്റ്റിൽ ജീവനക്കാരെ നിയോഗിക്കാതെ ബ്രിട്ടനിലേക്കുള്ള യാത്രക്കാരെ ഉപദ്രവിച്ചാണ് ഫ്രാൻസ് പക തീർക്കുന്നത്.

മതിയായ ജീവനക്കാരില്ലാത്തതിനാൽ ചെക്ക് പോസ്റ്റിലെ പരിശോധനകൾക്ക് കാലതാമസമെടുക്കുന്നത് പനിതാനായിരക്കണക്കിന് യാത്രക്കാരെയാണ് പെരുവഴിയിലാക്കിയത്. പത്തുമണിക്കൂറോളം നീണ്ട ക്യൂവിൽ പെട്ടത് രണ്ടരലക്ഷത്തോളം ഡ്രൈവർമാരാണ്. കാറുകളിലും മറ്റുമായി കുടുങ്ങിയത് അതിന്റെ ഇരട്ടിയോളം പേരും.

നീസിൽ കഴിഞ്ഞയാഴ്ചയുണ്ടായ ഭാകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിലെ പരിശോധന ഫ്രാൻസ് കർശനമാക്കിയിരുന്നു. എന്നാൽ, ജീവനക്കാരില്ലാതായതോടെ പരിശോധനയ്ക്ക് കാലതാമസം നേരിടാനും തുടങ്ങി. കാറുമായി അതിർത്തിയിലെത്തിയ പലർക്കും ഒരുദിവസത്തിലേറെ അതിനുള്ളിൽത്തന്നെ ചെലവിടേണ്ടിവന്നു.

ആയിരക്കണക്കിന് വാഹനങ്ങളിൽ വഴിയിൽ കുടുങ്ങിയതോടെ 12 മൈലോളം നീളത്തിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഗതാഗത കുരുക്ക് പൂർണമായും നീങ്ങാൻ ഇനിയും രണ്ടുദിവസമെങ്കിലും എടുക്കുമെന്നാണ് സൂചന. ബ്രെക്‌സിറ്റിനോടുള്ള പകവീട്ടലാണ് ഫ്രഞ്ച് അധികൃതർ നടത്തുന്നതെന്ന് യാത്രക്കാരിൽ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളിൽ പറയുന്നു.

ഇത്രയേറെ വാഹനങ്ങൾ വഴിയിൽ കുരുങ്ങിയിട്ടും ഒരു പൊലീസുകാരനെ മാത്രമാണ് രേഖകൾ പരിശോധിക്കാനായി ഫ്രഞ്ച് അധികൃതർ നിയോഗിച്ചിട്ടുള്ളത്. യാത്രക്കാരുടെ പാസ്‌പോർട്ടുൾപ്പെടെയുള്ള രേഖകൾ പരിശോധിച്ചശേഷമാണ് വാഹനം കടന്നുപോകാൻ അനുവദിക്കുന്നത്. ഓരോ വാഹനവും പരിശോധിക്കാൻ 40 മിനിറ്റെങ്കിലും എടുക്കുന്നുണ്ടെന്നും വഴിയിൽ കുടുങ്ങിയ യാത്രക്കാർ പറയുന്നു.