യൂറോപ്യൻ യൂണിയനിൽനിന്ന് വിടുതൽ തേടാനുള്ള ബ്രിട്ടന്റെ തീരുമാനത്തിൽ അണുവിട മാറ്റമില്ലെന്ന് തെരേസ മെയ്‌. യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കവെയാണ് ബ്രെക്‌സിറ്റ് നടപടികളിൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്ന് തെരേസ പ്രഖ്യാപിച്ചത്.

ബ്രെക്‌സിറ്റിനെക്കുറിച്ച് പുനരാലോന വേണമെന്നും പാർലമെന്റിൽ വോട്ടെടുപ്പ് വേണമെന്നുമുള്ള ആവശ്യം ബ്രിട്ടനിൽ ശക്തമാകുന്നതിനിടെയാണ് തെരേസയുടെ ഉറച്ച പ്രഖ്യാപനം. ബ്രസ്സൽസിൽ നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയനിലെ മറ്റ് 27 രാജ്യങ്ങളുടെയും ഭരണാധികാരികളോട് ബ്രിട്ടൻ പിന്നോട്ടില്ലെന്ന കാരായം തെരേസ വ്യക്തമാക്കി.

ബ്രിട്ടീഷ് ജനത ഒരു തീരുമാനമെടുത്തു. അതിൽനിന്നിനി പിന്നോട്ടില്ല. ജനതയുടെ തീരുമാനം നടപ്പാക്കുകയും ഭാവിയെക്കുറിച്ച് ആലോചിക്കുകയാണ് ഇപ്പോൾ ബ്രിട്ടൻ. ബ്രെക്‌സിറ്റിൽ വെള്ളം ചേർത്ത് നടപടികൾ മയപ്പെടുത്തുമെന്നും അല്ലെങ്കിൽ ചിലപ്പോൾ റദ്ദാക്കുമെന്നുമുള്ള അഭ്യൂഹങ്ങളെ പാടേ തള്ളുകയാണ് ഈ തീരുമാനത്തിലൂടെ തെരേസ ചെയ്തത്.

ഹിതപരിശോധനയെക്കുറിച്ച് യൂറോപ്യൻ യൂണിയൻ യോഗത്തിൽ തെരേസ പരാമർശിക്കുകയില്ല എന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, കൃത്യമായ സന്ദേശം യൂറോപ്യൻ യൂണിയന് കൊടുക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് കഴിഞ്ഞുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ പല നേതാക്കളും ഇപ്പോഴും ബ്രിട്ടൻ പൂർണമായും വിട്ടുപോകില്ലെന്ന് വിശ്വസിക്കുന്നവരാണ്. ഉച്ചകോടിക്കിടെ പല നേതാക്കളും തെരേസ മേയോട് ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ബ്രിട്ടൻ പോകുന്നത് മൂലം യൂറോപ്യൻ യൂണിയനിലുണ്ടായേക്കാവുന്ന ക്ഷീണം മറികടക്കാൻ എന്ത് തന്ത്രമാണ് ആസൂത്രണം ചെയ്യേണ്ടതെന്ന ആലോചനയിലാണ് ഈ നേതാക്കളിപ്പോൾ.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ കുടിയേറ്റപ്രശ്‌നത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് ഉച്ചകോടി ചേർന്നത്. വിരുന്നിനിടെ കുറച്ചുസമയം മാത്രമാണ് തെരേസയ്ക്ക് സംസാരിക്കാൻ അനുവദിക്കപ്പെട്ടിരുന്നത്. എന്നാൽ, ആ സമയം കൊണ്ടുതന്നെ വ്യക്തമായി ബ്രിട്ടന്റെ ബ്രെക്‌സിറ്റ് നിലപാട് വിശദീകരിക്കാൻ പ്രധാനമന്ത്രിക്കായി.