ബ്രെക്സിറ്റ് നടപ്പിലാക്കാൻ തെരേസ മെയ്‌ സർക്കാർ നിർബന്ധമായും പാർലിമെന്റിൽ എംപിമാരുടെ പിന്തുണ തേടണമെന്ന ഇന്നലത്തെ ഹൈക്കോടതി വിധിയെത്തുടർന്ന് ബ്രെക്സിറ്റുമായി ബന്ധപ്പെട്ട ചർച്ച കൾ ഒന്ന് കൂടി ചൂട് പിടിച്ചിരിക്കുകയാണ്. പാർലിമെന്റിൽ വോട്ടെടുപ്പ് നടത്തിയാൽ യൂറോപ്യൻ അനുകൂല എംപിമാർ ബ്രെക്സിറ്റിനെ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്ന ഉത്കണ്ഠയും ശക്തമാകുന്നുണ്ട്. എന്നാൽ ഹൈക്കോടതി വിധി അന്തിമമല്ലെന്നും ഇതിനെതിരെ സുപ്രീം കോടതിയിൽ അപ്പീലിന് പോകുമെന്നുമാണ് ഗവൺമെന്റ് ഇന്നലെ തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ അവസരത്തിൽ അപ്പീലിന് പോയാൽ എന്താണ് സംഭവിക്കുക..?? പാർലിമെന്റിൽ വോട്ടിംഗിനെത്തിയാൽ എംപിമാർ എങ്ങനെ വോട്ട് ചെയ്യും...?? തുടങ്ങിയ ചോദ്യങ്ങൾ മിക്കവരുടെയും മനസിൽ ഉയരുന്നുമുണ്ട്.ഈ അവസരത്തിൽ ബ്രെക്സിറ്റിന്റെ ഭാവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ഏതാനും കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്.

ഹൈക്കോടതി വിധി തന്നെയാണ് സുപ്രീം കോടതിയും വിധിക്കുന്നതെങ്കിൽ റിമെയിൻ ക്യാമ്പിനെ പിന്തുണയ്ക്കുന്ന എംപിമാർക്ക് ബ്രെക്സിറ്റിനെ ഇല്ലാതാക്കാൻ ഒരു പുതിയ അവസരമായിരിക്കും പാർലിമെന്റിലെ വോട്ടിംഗിനിടെ ലഭിക്കുന്നത്. ഈ അവസരത്തിൽ ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശലിനെ വൈകിപ്പിക്കാനോ തടസപ്പെടുത്താനോ എല്ലാ ശ്രമവും നടക്കുമെന്നാണ് താൻ ഭയപ്പെടുന്നതെന്ന് യുകിപ് നേതാവ് നിഗെൽ ഫെരാഗ് ആശങ്കപ്പെട്ടിട്ടുണ്ട്. ബ്രെക്സിറ്റ് വിഷയത്തിൽ സുപ്രീം കോടതിയും ഹൈക്കോടതി നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ ബ്രെക്സിറ്റ് പ്രക്രിയ താറുമാറാകുമെന്ന ആശങ്ക നിലവിലുണ്ട്. ഇത് സംബന്ധിച്ച കേസ് സുപ്രീംകോടതിയിൽ ഡിസംബർ 5നാണ് ആരംഭിക്കുന്നത്. സർക്കാർ ഈ വിഷയത്തിൽ സുപ്രീം കോടതിയിലും പരാജയം ആവർത്തിക്കാനാണ് സാധ്യതയെന്നാണ് ഓപ്പൺ യൂറോപ്പിന്റെ ആക്ടിങ് ഡയറക്ടറായ സ്റ്റീഫൻ ബൂത്ത് പറയുന്നത്. ഇതിനെ തുടർന്ന് ബ്രെക്സിറ്റ് പ്രക്രിയക്കായി സർക്കാർ പുതിയ നിയമം നിർമ്മിക്കുകയോ പാർലിമെന്റിൽ വോട്ടെടുപ്പ് നടത്തുകയോ ചെയ്യാൻ നിർബന്ധിതമാവുമെന്നും ബൂത്ത് അഭിപ്രായപ്പെടുന്നു.

പാർലിമെന്റിൽ ബ്രെക്സിറ്റ് വിഷയത്തിൽ വോട്ടെടുപ്പ് നടന്നാൽ ഭൂരിഭാഗം എംപിമാരും ബ്രെക്സിറ്റിനെതിരായി വോട്ട് ചെയ്യാനുള്ള സാധ്യതയാണ് തെളിഞ്ഞ് കാണുന്നത്. എന്നാൽ എംപിമാർ ആർട്ടിക്കിൾ 50 പ്രകാരമുള്ള വിലപേശലിനെ തള്ളിക്കളഞ്ഞ് ബ്രെക്സിറ്റ് തടസപ്പെടുത്താൻ സാധ്യത കുറവാണെന്നാണ് സ്റ്റീഫൻ ബൂത്ത് അഭിപ്രായപ്പെടുന്നത്. ജൂൺ 23ന് നടന്ന ജനവിധിക്കെതിരായി പ്രവർത്തിക്കാൻ എംപിമാർ തയ്യാറാവില്ലെന്നും അദ്ദേഹം ഇതിനുള്ള കാരണമായി എടുത്ത് കാട്ടുന്നു. എന്നാൽ പകരം ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിന് എംപിമാർ കർക്കശമായ വ്യവസ്ഥകൾ മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പ്രവചിക്കുന്നു. ആർട്ടിക്കിൾ 50 എതിരായി എംപിമാർ വോ്ട്ട് ചെയ്താൽ പാർലിമെന്റിൽ അത് ടോറി കലാപത്തിന് വഴിയൊരുക്കും. കാരണം കോൺസർവേറ്റീവുകളാണ് പാർലിമെന്റിൽ കൂടുതലായുള്ളത്. ടോറി എംപിമാരിൽ ചിലരും നിരവധി ലേബർ, ലിബറൽ ഡെമോക്രാറ്റ് എംപിമാരും ,ഗ്രീൻ പാർട്ടി എംപിമാരും എസ്എൻപി എംപിമാരും ബ്രെക്സിറ്റിനെ എതിർക്കുന്നവരാണ്. എന്നാൽ അവരെല്ലാവരും കൂടി ചേർന്നാലും ബ്രെക്സിറ്റിനെ എതിർത്ത് തോൽപ്പിക്കാനുള്ള ഭൂരിക്ഷമുണ്ടാകില്ലെന്ന അഭിപ്രായവും ഉയർന്ന് വരുന്നുണ്ട്.

ബ്രെക്സിറ്റ് വിഷയത്തിൽ ജനങ്ങളുടെ ആഗ്രഹത്തെ ബഹുമാനിക്കണമെന്ന് ലേബർ നേതാവ് ജെറമി കോർബിൻ ആവർത്തിച്ച് പറയുന്നുണ്ട്. അതിനാൽ കോമൺസിൽ ബ്രെക്സിറ്റിനെ തടസപ്പെടുത്തുന്നതിനുള്ള ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് ബൂത്ത് അഭിപ്രായപ്പെടുന്നു. എന്നാൽ ഹൗസ് ഓഫ് ലോർഡ്സിൽ ബ്രെക്സിറ്റിനെ എതിർക്കുന്നവർ കൂടുതലാണെന്നത് ഭീഷണിയാകുന്നുണ്ട്. എന്നാൽ ലോർഡ്സും ബ്രെക്സിറ്റിനെ തടസപ്പെടുത്തില്ലെന്നും മറിച്ച് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങളാവശ്യപ്പെടുകയും വ്യവസ്ഥകൾ മുന്നോട്ട് വയ്ക്കപ്പെടുകയും ചെയ്യുമെന്നാണ് കരുതുന്നതെന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.