ബ്രെക്സിറ്റിന് ശേഷം ബ്രിട്ടൻ അനുവർത്തിക്കാനൊരുങ്ങുന്ന ഇമിഗ്രേഷൻ നയത്തെച്ചൊല്ലി യൂറോപ്യൻ യൂണിയൻ കുടിയേറ്റക്കാർക്കിടയിൽ കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നതെങ്കിലും അത് മലയാളികളടക്കമുള്ള നോൺ യൂറോപ്യൻ കുടിയേറ്റക്കാർക്ക് ശുഭപ്രതീക്ഷയാണുണ്ടാക്കുന്നത്. രാജ്യം യൂണിയനിൽ നിന്നും വിട്ട് പോയതിന് ശേഷം നഴ്സുമാർക്കും അദ്ധ്യാപകർക്കും ഐടിക്കാർക്കും കുടിയേറാൻ പ്രത്യേക പരിഗണന നൽകുമെന്നും റിപ്പോർട്ടുണ്ട്. ഇവിടുത്തെ നഴ്സുമാരിൽ നല്ലൊരു ശതമാനവും മലയാൽകളായതിനാൽ അവർക്കിത് സന്തോഷവാർത്തയാണ്. കൂടാതെ ഈ മേഖലകളിലുള്ളവരും യുകെയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുമായ മലയാളികൾക്കും ഇത് പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ് പകർന്ന് നൽകുന്നത്. ഇതിന് പുറമെ ബ്രെക്സിറ്റിന് ശേഷം ലണ്ടനും സ്‌കോട്ട്ലൻഡിനും പ്രത്യേക പദവി നൽകിയേക്കുമെന്നും സൂചനയുണ്ട്.

ബ്രെക്സിറ്റന് ശേഷം മേൽപ്പറഞ്ഞ തസ്തികകൾക്ക് പുറമെ ബാലെറ്റ് ഡാൻസർമാർ, വെൽഡർമാർ തുടങ്ങിയ രംഗത്തുള്ളവർക്കും ബ്രിട്ടനിൽ മികച്ച അവസരങ്ങളുണ്ടാകും. ഇവർക്ക് വിസ നൽകുന്നതിന് മുന്തിയ പരിഗണന നൽകുമെന്നാണ് സൂചന. ഇത്തരത്തിൽ ബ്രെക്സിറ്റിന് ശേഷം ഇവിടുത്തെ വിദഗ്ധ തൊഴിലുകളിൽ ഉണ്ടായേക്കാവുന്ന വിടവ് നികത്താൻ പ്രാപ്തമായ രീതിയിലുള്ള കുടിയേറ്റ നയമാണ് സർക്കാർ തയ്യാറാക്കി വരുന്നത്. ഭൂമിശാസ്ത്രത്തിലുപരിയായി ഓരോ ഇടത്തെയും എംപ്ലോയർമാരുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കുടിയേറ്റ നയമായിരിക്കും അധികം വൈകാതെ നടപ്പിലാക്കുന്നത്. ഇത് പ്രകാരം എവിടെയാണ് വിദഗ്ദ തൊഴിലാളികളുടെ കുറവുള്ളതെന്ന് എംപ്ലോയർമാർക്ക് ഗവൺമെന്റിനോട് വെളിപ്പെടുത്താനാവുമെന്നും തൽഫലമായി തങ്ങൾ അത് നികത്താനുതകുന്ന വിധത്തിലുള്ള നടപടി കൈക്കൊള്ളുമെന്നും ഗവൺമെന്റ് വക്താവ് വെളിപ്പെടുത്തുന്നു.

സർക്കാരിന്റെ ഷോർട്ടേജ് ഒക്യുപേഷൻ ലിസ്റ്റ് നിലവിൽ യുകെയിലേക്കുള്ള ടയർ 2 വർക്ക് പെർമുറ്റുകൾ നൽകാനാണ് ഉപയോഗിച്ച് വരുന്നത്. ഇത് പ്രകാരം ഹെൽത്ത് വർക്കർമാർ, എൻജിനീയർമാർ, ടീച്ചർമാർ, സോഫ്റ്റ് വെയർ ഡെവലപർമാർ, വെൽഡർമാർ, ബാലറ്റ് ഡാൻസർമാർ ,ജിയോളജിസ്റ്റുഖ്ല# എന്നിവർക്കാണ് വർക്ക് പെർമിറ്റുകൾ നൽകി വരുന്നത്. യുകെ യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ട് പോകാനായുള്ള ബ്രെക്സിറ്റ് വോട്ടിന് ശേഷം തങ്ങൾക്ക് ഇമിഗ്രേഷന് മേൽ പുതിയ അധികാരം നൽകണമെന്ന് സ്‌കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്ടുർജൻ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നും അധികം വൈകാതെ യുകെ വേറിട്ട് പോയാലും ലണ്ടനിലേക്ക് ഇയു രാജ്യങ്ങളിൽ നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഒരു പ്രത്യേക ലണ്ടൻ വിസ അനുവദിക്കണമെന്ന് ലണ്ടൻ മേയറായ സാദിഖ് ഖാനും ശക്തമായി ആവശ്യപ്പെട്ടിരുന്നു.

ബ്രിട്ടൻ യൂണിയന്റെ സിംഗിൾ മാർക്കറ്റിൽ നിന്നും പൂർണമായും വിട്ട് പോകുമെന്നും അതിർത്തി നിയന്ത്രണം തിരിച്ച് പിടിച്ച് ഇയു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന് മൂക്കുകയറിടുമെന്നും കഴിഞ്ഞ ചൊവ്വാഴ്ചത്തെ ചരിത്ര പ്രസിദ്ധമായ ബ്രെക്സിറ്റ് നയപ്രഖ്യാപനത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ തറപ്പിച്ച് പറഞ്ഞിരുന്നു.എന്നാൽ ബ്രെക്സിറ്റിന് ശേഷം യൂണിയൻ രാജ്യങ്ങളുമായി പുതിയ വ്യാപാരക്കരാറുകളിൽ ഏർപ്പെടുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. ഇതിന് പുറമെ സീസണൽ വർക്കർമാർക്ക് പ്രത്യേക വിസ അനുവദിക്കുകയെന്ന ഒരു നിർദ്ദേശവും ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ ഇത്തരം വർക്കർമാർ തങ്ങൾ ഒമ്പത് മാസമോ അതിൽ കുറവോ സമയം മാത്രമേ ബ്രിട്ടനിൽ കഴിയുകയുള്ളൂവെന്ന് തെളിയിച്ചിരിക്കണം. ഫ്രൂട്ട് പിക്കിങ് പോലുള്ള കാലിക ജോലികൾക്കാണ് ഇവരെ കൊണ്ടു വരണമെന്ന നിർദ്ദേശം ഉയർന്നിരിക്കുന്നത്.

നിലവിൽ യുകെയിലെ തൊഴിലില്ലായ്മ നിരക്ക് പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെങ്കിലും ചില പ്രത്യേക മേഖലകളിൽ ഇവിടുത്തുകാരെ തീരെ ലഭിക്കാത്ത അവസ്ഥയും നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുടിയേറ്റത്തിന് നിയന്ത്രണമേർപ്പെടുത്തണമെന്ന വ്യക്തമായ സന്ദേശമാണ് ബ്രെക്സിറ്റ് വോട്ടിലൂടെ ജനം നൽകിയിരിക്കുന്നതെന്നാണ് ഹോം ഓഫീസ് വക്താവ് അഭിപ്രായപ്പെടുന്നത്. എല്ലാവർക്കും വേണ്ടി പ്രവർത്തിക്കുന്ന ഒരു പുതിയ ഇമിഗ്രേഷൻ സംവിധാനം കെട്ടിപ്പടുത്തുകൊണ്ട് വോട്ടർമാരുടെ ആ ആഗ്രഹം സർക്കാർ സഫലമാക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നും രാജ്യം വിട്ട് പോരുന്നതോടെ സർക്കാർ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറയുന്നു. സ്വതന്ത്ര വ്യപാരക്കരാർ ഓസ്ട്രേലിയയുമായിട്ട് ബ്രിട്ടന് ലഭിക്കണമെങ്കിൽ ബ്രിട്ടൻ ഓസ്ട്രേലിയക്കാർക്ക് കുടിയേറ്റ നിയമങ്ങളിൽ ഇളവ് അനുവദിക്കണമെന്നാണ് ഇന്നലെ ലണ്ടനിലെ ഓസ്ട്രേലിയൻ ഹൈക്കമ്മീഷണറായ അലക്സാണ്ടർ ഡൗണർ ആവശ്യപ്പെട്ടിരിക്കുന്നത്.