ബ്രെക്സിറ്റ് വിഷയത്തിൽ യൂറോപ്യൻ യൂണിയൻ ബ്രിട്ടന് മേൽ നാൾക്ക് നാൾ ഡിമാന്റുകൾ വർധിപ്പിക്കുന്ന പ്രവണതയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യൂറോപ്പ് വിടാൻ ബ്രിട്ടൻ നൽകേണ്ട തുക 92 ബില്യൺ ആയി ഉയർത്തിയിരിക്കുകയാണ് യൂണിയൻ. ഇതിന് പുറമെ ബ്രെക്സിറ്റിന് ശേഷം രണ്ട് കൊല്ലം കൂടി പണം നൽകണമെന്ന കടുംപിടിത്തവും ബ്രസൽസ് നേതൃത്വം മുന്നോട്ട് വച്ചിരിക്കുകയാണ്. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് നീങ്ങുന്നതെങ്കിൽ ബ്രെക്സിറ്റ് ബ്രിട്ടന്റെ നടുവൊടിക്കുമെന്ന് തീർച്ചയാണ്. ഈ വിധത്തിലുള്ള നിലപാടാണ് ബ്രെക്സിറ്റൽ യൂറോപ്യൻ യൂണിയൻ സ്വീകരിക്കുന്നതെങ്കിൽ ചർച്ചയേ വേണ്ടെന്ന് വച്ച് ഇറങ്ങിപ്പോകണമെന്ന വാദവും ശക്തമാണ്.

ഇത്തരത്തിൽ ഇരു ഭാഗത്തും കടുത്ത സമ്മർദം വർധിച്ച് വരുന്ന സാഹചര്യത്തിൽ വിലപേശൽ കടുത്ത ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കുമെന്ന് തെരേസ മെയ്‌ ആശങ്കപ്പെട്ടതിന് പിന്നാലെയാണ് കടുത്ത ഡിമാന്റുമായി യൂണിയൻ മുന്നോട്ട് വന്നിരിക്കുന്നത്. വിടുതൽ പ്രക്രിയ ഔപചാരികമായി പൂർത്തിയായാലും ബ്രിട്ടൻ യൂറോപ്യൻ യൂണിയനുള്ള ഫാം പേമെന്റുകൽ രണ്ട് വർഷം കൂടി നൽകണമെന്നാണ് ബ്രസൽസ് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്ന്. യൂണിയനിൽ നിന്നും വിട്ട് പോകണമെങ്കിൽ യുകെ യൂണിയന് വൻ തുക നഷ്ടപരിഹാരം നൽകണമെന്നത് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്.

എന്നാൽ അന്ന് ആവശ്യപ്പെട്ട തുകയേക്കാൾ 30 ബില്യൺ പൗണ്ട് കൂടുതലാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്ന തുകയായയ 92 ബില്യൺ പൗണ്ടെന്നതാണ് തെരേസയെയും കൂട്ടരെയും ചൊടിപ്പിച്ചിരിക്കുന്നത്.

നിലവിൽ യൂറോപ്യൻ കമ്മീഷന്റെ മുതിർന്ന നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയറുമായി മാത്രമാണ് തെരേസയ്ക്ക് ചർച്ച നടത്താൻ അനുമതി നൽകിയിരിക്കുന്നത്. യൂണിയനിൽ പെട്ട മറ്റ് രാജ്യങ്ങളുടെ തലവന്മാരുമായി തെരേസയെ ചർച്ച ചെയ്യാൻ അനുവദിക്കാത്ത അവസ്ഥയാണ്. എന്നാൽ താൻ യൂണിയൻ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, ചാൻസലർമാർ തുടങ്ങിയവരുമായി പ്രത്യേകം പ്രത്യേകം ബ്രെക്സിറ്റ് ചർച്ചകൾ നടത്താനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നായിരുന്നു തെരേസ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇന്നത്തെ സാഹചര്യത്തിൽ യൂണിയൻ അതിനുള്ള അവസരം നിഷേധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ബുധനാഴ്ച യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഒഫീഷ്യലുകൾക്കായി തെരേസ ഒരു വർക്കിങ് ഡിന്നർ നൽകിയിരുന്നു. ഇതിൽ വച്ച് കമ്മീഷൻ പ്രസിഡന്റ് ജീൻ ക്ലൗഡ് ജങ്കറുമായി തെരേസ ബ്രെക്സിറ്റിനെ ചൊല്ലി കടുത്ത അഭിപ്രായവ്യത്യാസം പൊട്ടിപ്പുറപ്പെടുകയും ചെയ്തിരുന്നു. ബ്രെക്സിറ്റ് ചർച്ചകൾ വിജയമാകില്ലെന്നായിരുന്നു ഡിന്നറിൽ വച്ചുണ്ടായ ഉരസലുകളെ തുടർന്ന് തെരേസ പ്രതികരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലവിൽ യൂറോപ്യൻ യൂണിയൻ പാർലിമെന്റ് ചീഫ് നെഗോഷ്യേറ്ററായ വെർഹോഫ്സ്റ്റാഡ്റ്റും ഇടപെടാൻ ആരംഭിച്ചിരിക്കുകയാണ്.

ഇത്തരത്തിൽ നഷ്ടപരിഹാരം നൽകുന്നതിന് യുകെയ്ക്ക് നിയമപരമായി യാതൊരു ബാധ്യതയുമില്ലെന്ന് കഴിഞ്ഞയാഴ്ചത്തെ ബ്രസൽസ് ചർച്ചകളിൽ വച്ച് തെരേസ വ്യക്തമാക്കിയതിനെ തുടർന്ന് കടുത്ത പ്രതിഷേധമായിരുന്നു യൂണിയൻ നേതാക്കന്മാർ ഉയർത്തിയിരുന്നത്. തുടർന്ന് യൂണിയനിലെ ഏറ്റവും ശക്തരായ അംഗങ്ങളായ ജർമനി, ഫ്രാൻസ് എന്നിവയുടെ സമ്മർദം മൂലം യുകെയിൽ നിന്നും കൂടുതൽ നഷ്ടപരിഹാരത്തുക ആവശ്യപ്പെടാൻ യൂണിയൻ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. തുക നൽകാൻ ബാധ്യതയില്ലെന്ന തെരേസയുടെ പ്രസ്താവനയ്ക്കുള്ള പ്രതികാരമെന്നോണമാണ് ഇപ്പോൾ യൂണിയൻ നഷ്ടപരിഹാരത്തുക വർധിപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. ഇതിനെ തുടർന്ന് യൂണിയൻ വിരുദ്ധരായ ടോറി എംപിമാർ കടുത്തപ്രതിഷേധവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തിലാണ് യൂണിയൻ മുന്നോട്ട് പോകുന്നതെങ്കിൽ യാതൊരു വിധത്തിലുമുള്ള വിലപേശലിനും കാത്ത് നിൽക്കാതെ യുകെ യൂണിയൻ വിട്ട് പോകണമെന്നും അവർ ശക്തമായി ആവശ്യപ്പെടുന്നുണ്ട്.