യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടനെ വിടുതൽ ചെയ്യിക്കുന്നതിനുള്ള വിടുതൽ ചർച്ചകളുമായി മുന്നോട്ടുപോകാമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. പൊതുസഭയിൽ കൺസർവേറ്റീവുകള്ക്ക് ഒറ്റയ്്ക്ക് ഭൂരിപക്ഷം നഷ്ടമായതോടെ, ബ്രെക്‌സിറ്റ് ചർച്ചകൾ തൽക്കാലത്തേയ്ക്ക് മുടങ്ങിയിരിക്കുകയാണ്. തെരേസ മേയുടെ സർക്കാർ അധികാരമേൽക്കുന്നതുവരെ ചർച്ചകൾ പുനരാരംഭിക്കാനിടയില്ലെന്നാണ് യൂറോപ്യൻ യൂണിയൻ അധികൃതർ നൽകുന്ന സൂചന.

കൺസർവേറ്റീവ് അംഗങ്ങൾക്കിടയിലും ബ്രെക്‌സിറ്റിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം രൂക്ഷമാണ്. സ്‌കോട്ട്‌ലൻഡിൽനിന്നുള്ള മുതിർന്ന അംഗമായ റൂത്ത് ഡേവിഡ്‌സൺ അടക്കമുള്ള പലരും ബ്രെക്‌സിറ്റ് വ്യവസ്ഥകളിൽ മാറ്റം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ സിംഗിൾ മാർക്കറ്റിൽ തുടരുന്നതിനും സഞ്ചാര സ്വാതന്ത്ര്യം നിലനിർത്തുന്നതിനും വേണ്ടിയുള്ള വ്യവസ്ഥകൾക്കായി ശ്രമിക്കണമെന്നാണ് ഡേവിഡ്‌സൺ ആവശ്യപ്പെട്ടത്.

ബ്രെക്‌സിറ്റ് പ്രതീക്ഷിച്ചതിലും വൈകുമെന്നതിന്റെ സൂചനയായായാണ് ഇത്തരം എതിർപ്പുകൾ വ്യാഖ്യാനിക്കപ്പെടുന്നത്. യൂറോപ്യൻ യൂണിയൻ പ്രതിനിധികളും ഇപ്പോഴത്തെ സംഭവവികാസങ്ങളെ ഏറെ താത്പര്യത്തോടെയാണ് വീക്ഷിക്കുന്നത്. തെരേസയ്ക്ക് തന്റെ സർക്കാരിൽ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് ഇതേക്കുറിച്ച് യൂറോപ്യൻ യൂണിയനിലെ മുതിർന്ന നേതാക്കളിലൊരാൾ അഭിപ്രായപ്പെട്ടത്.

യൂറോപ്യൻ യൂണിയനും ബ്രിട്ടനുമായി ഈ ഘട്ടത്തിൽ ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്ന് വാദിക്കുന്നവരും ഏറെയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ യൂറോപ്യൻ കാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് അടുത്തിടെ രാജിവെച്ച തോമാസ് പ്രൗസ അക്കാര്യം തുറന്നുപറയുന്നു. ബ്രിട്ടനിലെ സർക്കാർ സ്ഥിരതയുള്ളതാകാതെ ചർച്ചകൾ നടത്തിയിട്ട് കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തെരേസ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവരുടെ കൂട്ടത്തിലുള്ളവർക്കുപോലും അറിയാത്ത സാഹചര്യമാണിപ്പോൾ. അവർക്കിടയിൽ പരസ്പര വിശ്വാസമില്ലായ്മയും രൂക്ഷമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.

പൊതുസഭയിലെ ഭൂരിപക്ഷം ടോറികൾക്ക് നഷ്ടപ്പെട്ടതോടെയാണ് ബ്രെക്‌സിറ്റ് ചർച്ചകളും അനിശ്ചിതത്വത്തിലായത്. വടക്കൻ അയർലൻഡിൽനിന്നുള്ള ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡി.യു.പി)യുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള ശ്രമത്തിലാണ് തെരേസ. എന്നാൽ, ബ്രെക്‌സിറ്റിന്റെ കാര്യത്തിൽ ഡി.യു.പിയുടെ നിലപാട് നിർണായകമാകും.. ബ്രെക്‌സിറ്റ് വോട്ടെടുപ്പിൽ, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് നിലപാടെടുത്ത മേഖലയാണ് വടക്കൻ അയർലൻഡ്. ഡി.യു.പി. ബ്രെക്‌സിറ്റിന് അനുകൂലമാണെങ്കിലും, വടക്കൻ അയർലൻഡിലെ ഭൂരിപക്ഷത്തിന്റെ നിലപാടിനെ അവർക്ക് അവഗണിക്കാനാവില്ല. ഇതും തെരേസയ്ക്ക് മുന്നിൽ വലിയ വെല്ലുവിളിയായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.