ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയനുമായി ഒരു സ്വതന്ത്രവ്യാപാര കരാറുണ്ടാക്കുന്നതിന് പകരമായി ഡിവോഴ്സ് ബിൽ വകയിൽ 40 ബില്യൺ പൗണ്ട് നൽകാമെന്ന് തെരേസയും കാബിനറ്റും തീരുമാനിച്ചു. ആദ്യം ഈ വകയിൽ ഒന്നും കൊടുക്കില്ലെന്നായിരുന്നു തെരേസയും കൂട്ടരും തറപ്പിച്ച് പറഞ്ഞിരുന്നത്. പിന്നീട് അതിൽ അയവ് വരുത്തുകയും 20 ബില്യൺ പൗണ്ട് നൽകാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇപ്പോഴിതാ അതിന്റെ ഇരട്ടി തുക കൊടുക്കാമെന്നാണ് ബ്രിട്ടന്റെ നിലപാട്. ഇത്തരത്തിൽ ബ്രെക്സിറ്റിന് വേണ്ടി യൂറോപ്പിന് പണം നൽകി ബ്രിട്ടൻ പാപ്പരാവുമോ..? എന്ന ചോദ്യം ഇതോടെ ഉയർന്ന് വരുന്നുണ്ട്.

യുകെ ചുരുങ്ങിയത് 40 ബില്യൺ പൗണ്ടെങ്കിലതും നൽകിയില്ലെങ്കിൽ തങ്ങൾ തുറന്ന ചർച്ചക്ക് തയ്യാറാവില്ലെന്ന് ബ്രസൽസ് ഉറവിടങ്ങൾ ശക്തമായ സൂചന നൽകിയതിനെ തുടർന്നാണ് തെരേസ ഈ നിർണാക തീരുമാനമെടുക്കാൻ നിർബന്ധിതയായിത്തീർന്നത്. 10 പ്രധാനപ്പെട്ട മിനിസ്റ്റർമാർ ഡൗണിങ് സ്ട്രീറ്റിൽ ചേർന്ന അതീവ രഹസ്യയോഗത്തിലാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇതിനെ തുടർന്ന് ടോറി പാളയത്തിൽ പട തുടങ്ങിയിട്ടുമുണ്ട്. അടുത്ത മാസം ചേരുന്ന നിർണായകമായ യൂറോപ്യൻ യൂണിയൻ സമ്മിറ്റിന് മുന്നോടിയായിട്ടാണ് യുകെ ഈ നിർണായക തീരുമാനമെടുത്തിരിക്കുന്നത്.

യൂണിയന് നൽകേണ്ടുന്ന തുക എത്രയാണെന്ന് ഇന്നലെ രണ്ട് മണിക്കൂറോളം നീണ്ട യോഗത്തിൽ വച്ച് കൃത്യമായി തീരുമാനിച്ചില്ലെന്നും സൂചനയുണ്ട്. വ്യാപാരക്കരാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച ഒരിക്കൽ യൂണിയനുമായി നടത്തിയതിന് ശേഷം തുകയുടെ കാര്യത്തിൽ അന്തിമതീരുമാനമെടുത്താൽ മതിയെന്നാണ് മിനിസ്റ്റർമാരുടെ നിലപാടെന്നും റിപ്പോർട്ടുണ്ട്. ചാൻസലർ ഫിലിപ്പ്ഹാമണ്ടിന്റെ നേതൃത്വത്തിലുള്ള റിമെയിനർമാരും ബ്രെക്സിറ്റ് വാദികളായ മിനിസ്റ്റർമാരുടെ തലവൻ ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസനും തമ്മിൽ ഇക്കാര്യത്തിൽ യോജിപ്പിലെത്താൻ ഏറെ വിഷമം നേരിടുന്നുണ്ട്.

യൂറോപ്യൻ യൂണിയനുമായുള്ള ഭാവിയിലെ ബന്ധത്തെക്കുറിച്ച് ഉറപ്പൊന്നും ലഭിക്കാതെ ഡിവോഴ്സ് ബിൽ വകയിൽ കൊടുക്കേണ്ട തുക വർധിപ്പിക്കരുതെന്നാണ് ബോറിസ് മുന്നറിയിപ്പേകിയിരിക്കുന്നത്. യൂണിയന് നൽകുന്ന തുക വർധിപ്പിച്ചതിൽ ടോറി ബെഞ്ചുകളിൽ കഴിഞ്ഞ രാത്രി കടുത്ത ക്രോധം ഉയർത്തിയിരുന്നു. ഇവിടെ ചെലവ് വെട്ടിച്ചുരുക്കൽ നയം തുടർന്ന് ഗവൺമെന്റ് ജനത്തെ കഷ്ടത്തിലാക്കിക്കൊണ്ടിരിക്കെ ബ്രസൽസിന് ബില്യൺ കണക്കിന് പണം നൽകുന്നത് നാളത്തെ ബജറ്റിന്റെ പശ്ചാത്തലത്തിൽ ജനരോഷം ക്ഷണിച്ച് വരുത്തുമെന്നാണ് നിരവധി ടോറി എംപിമാർ മുന്നറിയിപ്പേകുന്നത്.

നല്ലൊരു ട്രേഡ് ഡീൽ യൂണിയനുമായി ലഭിക്കണമെങ്കിൽ യുകെ ഇനിയും വർഷങ്ങളോളം യൂറോപ്യൻ യൂണിയൻ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ ചീഫ് നെഗോഷ്യേറ്ററായ മൈക്കൽ ബാർണിയർ രംഗത്തെത്തിയതും ശ്രദ്ധേയമായി. ബ്രസൽസിന്റെ വ്യാപകമായ നിയമങ്ങൾ ഇനിയും അനുസരിക്കാൻ തയ്യാറായാൽ മാത്രമേ യൂണിയൻ ആകർഷകമായ വ്യാപാരക്കരാർ ബ്രിട്ടന് നൽകുകയുള്ളുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മുന്നറിയിപ്പേകിയിരുന്നു.