ലണ്ടൻ: ബ്രെക്‌സിറ്റ് ബിൽ നേരീയ വ്യത്യാസത്തിന് പാർലമെന്റിൽ പരാജയപ്പെട്ടത് യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളിൽ ബ്രിട്ടന് തിരിച്ചടിയാകുമെന്ന് പ്രാഥമിക വിലയിരുത്തൽ. യൂറോപ്യൻ യൂണിയന്റെ പിടിവാശികൾ പലതും അംഗീകരിച്ചുകൊടുക്കേണ്ട അവസ്ഥയിലാകും തെരേസ മേയെന്നാണ് സൂചന. യൂറോപ്യൻ യൂണിയൻ നേതാക്കളുമായി ഇന്ന് ചർച്ച നടത്താനിരിക്കെ, വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ ബ്രെക്‌സിറ്റ് കരാറിന് ശേഷം മാത്രം മതിയെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയൻ.

അതിർത്തി പ്രശ്‌നത്തിൽ ബ്രിട്ടനുമായി കലഹിച്ചുനിൽക്കുന്ന അയർലൻഡാണ് ഇക്കാര്യത്തിൽ കടുത്ത നിലപാടെടുത്തിരിക്കുന്നത്. വ്യാപാര കരാർ ചർച്ചകൾ മാർച്ചിനുശേഷം മാത്രം മതിയെന്ന് അയർലൻഡിന്റെ ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. തന്റെ രാജ്യത്തിന്റെ വിധേയത്വം യൂറോപ്യൻ യൂണിയനോടാണെന്നും യൂറോപ്യൻ യൂണിയനാമ് അയർലൻഡിന്റെ അടുത്ത സുഹൃത്തുക്കളെന്നും വരദ്കർ തുറന്നടിച്ചു.

ബ്രസൽസിൽ ബ്രെക്‌സിറ്റ് ചർച്ചകളുടെ അടുത്ത ഘട്ടം നാളെ തുടങ്ങാനിരിക്കെയാണ് വരദ്കർ കടുത്ത നിലപാടുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റ് ബിൽ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെട്ടതും നിലപാട് കടുപ്പിക്കാൻ കാരണമാണ്. 309-നെതിരെ 305 വോട്ടുകൾക്കാണ് ബിൽ പരാജയപ്പെട്ടത്. ഭരണകക്ഷിയിലെ 11 പേർ വിമതപക്ഷത്തുനിന്ന് ബില്ലിനെ എതിർത്തുവെന്നതും പ്രധാനമന്ത്രി തെരേസ മേയുടെ കരുത്തുചോർത്തുന്ന നടപടിയായി.

എന്നാൽ, പാർലമെന്റിൽ ബിൽ പരാജയപ്പെട്ടതിനെ തെരേസ മെയ്‌ അത്ര കാര്യമാക്കിയിട്ടില്ല. ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അവർ ഇന്നലെത്തന്ന എത്തിച്ചേർന്നിട്ടുണ്ട്. വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളിൽ ശ്രദ്ധേയ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് അവർ പങ്കെടുക്കുന്നത്. പാർലമെന്റിലുണ്ടായ തോൽവി നിരാശപ്പെടുത്തുന്നതാണെങ്കിലും, ബ്രെക്‌സിറ്റ് വിജയകരമായി നടപ്പാക്കുന്നതിൽ താനും തന്റെ സർക്കാരും പ്രതിജ്ഞാബദ്ധരാണെന്ന് തെരേസ വ്യക്തമാക്കി.

പാർലമെന്റിലെ പരാജയത്തിന് തുല്യമാണ് ബ്രിട്ടന് അയർലൻഡിന്റെ മനംമാറ്റവും വരുത്തുന്ന ക്ഷീണം. അയർലൻഡ് യൂറോപ്യൻ യൂണിയനിൽ അംഗമാണെന്നും അതുകൊണ്ട് അയർലൻഡിന്റെ ഉറ്റ സുഹൃത്തുക്കൾ യൂറോപ്യൻ യൂണിയനിലെ 27 അംഗ രാജ്യങ്ങളാണെന്നും വരദ്കർ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ബ്രിട്ടന് അനുകൂലമായ നിലപാട് ചർച്ചകളിൽ അയർലൻഡിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന പ്രഖ്യാപനം കൂടിയാണ് വരദ്കറുടെ വാക്കുകളിലുള്ളത്. ബ്രെക്‌സിറ്റ് സംബന്ധിച്ച കരാറിലെത്തിയശേഷം വ്യാപാര കരാറിനെക്കുറിച്ച് ആലോചിച്ചാൽ മതിയെന്ന യൂറോപ്യൻ യൂണിയൻ നിലപാടിനൊപ്പമാണ് അയർലൻഡെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.