മുംബൈ: യൂറോപ്പ്യൻ യൂണിയൻ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം ഇന്ത്യൻ വിപണികളെയും പിടിച്ചുലച്ചു. ബ്രിക്‌സിറ്റ് ആശങ്കയും പിന്നാലെ തീരുമാവും കൂടി ഉണ്ടായതോടെ ഇന്ത്യൻ കമ്പനികളുടെ ഷെയർ വിലയിൽ വലിയ ഇടിവാണ് ഉണ്ടായത്. ഏകദേശം നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യൻ കമ്പനികൾക്കെല്ലാം കൂടി ഉണ്ടായതായി വിലയിരുത്തുന്നത്. ഇന്നലെ ഇന്ത്യൻ വ്യാപാര സൂചികയിൽ നിക്ഷേപകരൂടെ ആകെ മൂല്യമായി ഉണ്ടായത് 101.4 ലക്ഷം കോടിയായിരുന്നു. എന്നാൽ ബ്രിക്‌സിറ്റ് ആശങ്ക ശക്തമായതോടെ ഇന്ന് വ്യാപാരം തുടങ്ങിയതോടെ വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്.

മൊത്തം നിക്ഷേപകർക്കും പ്രൊമോട്ടർമാരുടെ ഉൾപ്പെടെ എല്ലാ ലിസ്റ്റുചെയ്ത ഓഹരികളുടെയും മൂല്യം ഇടിവു സംഭവിച്ചു. ഇത് 98 ലക്ഷം കോടിക്ക് താഴെക്ക് വരികയായിരുന്നു. ബ്രിട്ടന്റെ നാണയമായ പൗണ്ടിന്റെ വില ഗണ്യമായി കുറഞ്ഞതും ഇന്ത്യൻ വിപണിയെ ബാധിച്ചു. 31 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് പൗണ്ടിന്റെ മൂല്യം താഴ്ന്നത്. ബ്രെക്‌സിറ്റ് ആദ്യഫല സൂചനകൾ പുറത്തു വന്നതോടെ തന്നെ പൗണ്ടിന്റെ മൂല്യത്തിൽ വൻ ഇടിവ് സംഭവിച്ച് തുടങ്ങിയിരുന്നു. വിദേശനാണ്യ വിപണിയിൽ പൗണ്ടിന് കഴിഞ്ഞ 30 വർഷത്തെ കുറഞ്ഞ നിരക്കാണ്.

ബ്രെക്സിറ്റ് ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഇന്ത്യൻ ഓഹരി വിപണയിൽ വൻ തകർച്ചയിലേക്കാണ് വിപണി കൂപ്പുകുത്തിയത്. സെൻസെക്സ് 1,050 പോയിന്റ് വരെ നഷ്ടം രേഖപ്പെടുത്തി. ദേശീയ സൂചികയായ നിഫ്റ്റി അതിന്റെ സമീപകാലത്തെ താഴ്ന്ന നിരക്കായ 8,000 പോയിന്റിനും താഴെയാണ് വ്യാപാരം നടക്കുന്നത്. 10 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ സെൻസെക്സ് വ്യാപാരം നടക്കുന്നത്. 26,000 പോയിന്റിനും താഴെയാണ് സെൻസെക്സിന്റെ വ്യാപാരം. നിഫ്റ്റി ഒരവസരത്തിൽ 450 പോയിന്റിൽ അധികം ഇടിഞ്ഞ് 8,000 പോയിന്റിനും താഴെ എത്തിയിരുന്നു. നിഫ്റ്റിയിൽ 51 ഓഹരികളും മൂല്യം ഇടിഞ്ഞു നഷ്ടം രേഖപ്പെടുത്തി.

യുകെയോട് അടുപ്പമുള്ള കമ്പനികളുടെ ഓഹരികളിലെ ഇടിവാണ് പ്രധാനം. ടാറ്റ മോട്ടോഴ്സ് 14 ശതമാനവും ടാറ്റ സ്റ്റീൽ 8 ശതമാനവും നഷ്ടം നേരിട്ടു. ഐടി ഓഹരികളും നഷ്ടത്തിലായി. രൂപയുടെ മൂല്യത്തിൽ ഓഗസ്റ്റിനു ശേഷം നേരിടുന്ന ഇടക്കാല നഷ്ടമാണിത്. ഡോളറിനൈതിരെ 68 രൂപ 85 പൈസ എന്ന നിരക്കിലേക്ക് എത്തി. 68.11 എന്ന നിലയിലും രൂപ വ്യാപാരം നടത്തി. ഈ സാഹചര്യത്തിൽ സ്വർണമാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകരെല്ലാം സ്വർണത്തിലേക്ക് തിരിഞ്ഞതോടെ സ്വർണ്ണത്തിന് വൻ തോതിൽ വില ഉയർന്നു.