ബ്രിട്ടൻ അതിന്റ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നിലൂടെ കടന്നു പോവുകയാണ്. യൂറോപ്യൻ യൂണിയന്റെ ഭാഗമായി തുടരണമോ വേണ്ടയോ എന്ന വിഷയത്തിൽ നാളെ ബ്രിട്ടീഷുകാർ റഫറണ്ടം നടത്തുകയാണ്. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയും പ്രതിപക്ഷമായ ലേബർ പാർട്ടിയും മൂന്നാം കക്ഷിയായ ലിബറൽ ഡെമോക്രാറ്റിക്കുകളും ഒരുമിച്ച് യൂറോപ്യൻ യൂണിയനിൽ തുടരാൻ വേണ്ടി കോടികൾ ഇറക്കി കാംപെയിൻ നടത്തിയിട്ടും ബ്രിട്ടീഷ് മനസ് യൂറോപ്പിന് എതിരാണ് എന്നാണ് അവസാന നിമിഷത്തെ സൂചനകൾ വ്യക്തമാക്കുന്നത്. അഭിപ്രായ വോട്ടുകളിൽ രണ്ട് പക്ഷവും തുല്യനിലയിലായിരുന്നു. ഏറ്റവും ഒടുവിൽ നടത്തിയ അഭിപ്രായ വോട്ടുകളിൽ ചിലത് ബ്രെക്‌സിറ്റിനെ അനുകൂലിക്കുമ്പോൾ മറ്റു ചിലത് യൂറോപ്യൻ യൂണിയനിൽ തുടരുന്നതിനെയാണ് അനുകൂലിക്കുന്നത്.

കഴിഞ്ഞ ആഴ്ച യൂറോപ്യൻ യൂണിയനിൽ തുടരണം എന്ന് ശക്തിയുക്തം വാദിച്ചിരുന്ന ലേബർ പാർട്ടി എംപി വെടിയേറ്റു മരിക്കുന്നതുവരെ യൂണിയൻ ഉപേക്ഷിക്കുന്നവർക്കായിരുന്നു മുൻതൂക്കം. എന്നാൽ ബ്രെക്‌സിറ്റ് വിരുദ്ധരുടെ രക്തസാക്ഷിയായി പെട്ടെന്ന് ജോ കോക്‌സ് എംപി മരിക്കുകയും യൂറോപ്യൻ യൂണിയനിൽ തുടരുന്നത് അനുകൂലിക്കുന്നവരടെ എണ്ണം പെട്ടെന്ന് വർദ്ധിക്കുകയും ചെയ്തത് മാത്രമാണ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറോണിനും പ്രതിപക്ഷ നേതാവ് ക്രോബിനും പ്രതീക്ഷ നൽകുന്നത്. എന്നാൽ കൺസർവേറ്റീവ് നേതാവും മുൻ ലണ്ടൻ മേയറുമായ ബോറിസ് ജോൺസനും വലത് തീവ്രവാദ പാർട്ടിയായ യുകിപും നേതൃത്വം നൽകുന്ന ബ്രെക്‌സിറ്റിന് അനുകൂലമാണ് സാധാരണക്കാരുടെ മനസ് എന്നാണ് വ്യക്തമാകുന്നത്.

ബ്രെക്‌സിറ്റ്, റിമെയ്ൻ ക്യാമ്പെയ്‌നുകൾ

2005ൽ യൂറോപ്യൻ യൂണിയനിൽ അംഗമായതുമുതൽ നേരിടുന്ന പ്രശ്‌നങ്ങളാണ് ഇപ്പോൾ യൂണിയൻ അഗത്വം ബ്രിട്ടൻ ഉപേക്ഷിക്കണോ അതോ യൂണിയൻ അംഗമായി തുടരണോ എന്ന് രണ്ടു ചേരികളായി തിരിഞ്ഞുള്ള ക്യാമ്പെയ്‌നുകളിലേക്കും നാളത്തെ നിർണായക ഹിതപരിശോധനയിലേക്കും എത്തിച്ചിട്ടുള്ളത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന് വാദിക്കുന്നവരുടെ ക്യാമ്പെയ്‌നാണ് ബ്രെക്‌സിറ്റ്. തുടരണമെന്ന് വാദിക്കുന്നവരുടെ പ്രചരണം റിമെയ്‌നും. യൂറോപ്യൻ യൂണിയനിൽ അംഗമായതുമുതൽ ബ്രിട്ടന്റെ സാമ്പത്തികാടിത്തറ തകരുന്നു എന്ന വാദമാണ് ഇപ്പോൾ റഫറണ്ടത്തിൽ എത്തി നിൽക്കുന്നത്. ഇത് ഏറെക്കുറെ വാസ്തവമാണുതാനും. യൂണിയൻ അംഗമായതുമുതൽ അംഗരാജ്യങ്ങളിൽ ഏതിന്റെയെങ്കിലും പാസ്‌പോർട്ടുള്ളവർക്ക് യൂണിയൻ അംഗമായ ഏതുരാജ്യത്തിലും പോകാനും ജോലിചെയ്യാനും സ്വാതന്ത്ര്യമായി. ഇത് ഏറെ പ്രശ്‌നമുണ്ടാക്കിയത് സാമ്പത്തികമായി മുന്നിൽ നിന്ന ബ്രിട്ടൻ, ഫ്രാൻസ്്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലായിരുന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യങ്ങളിൽ നിന്നുമെല്ലാം ബ്രിട്ടൻ ഉൾപ്പെടെയുള്ള സമ്പന്ന രാജ്യങ്ങളിലേക്ക് തൊഴിൽതേടിയും അല്ലാതെയും കുടിയേറ്റം വ്യാപകമായി. ഇതോടെ ബ്രിട്ടീഷുകാർക്കും പഴയകാലംമുതൽ അവിടെയെത്തിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർക്കും തൊഴിൽരംഗത്തും സാമ്പത്തികരംഗത്തും വൻ പ്രതിസന്ധി നേരിട്ടു. ഇതോടെയാണ് ബ്രിട്ടൻ യൂണിയൻ അംഗത്വമുപേക്ഷിച്ച് പഴയ സ്വതന്ത്രരാഷ്ട്രമെന്ന നിലയിലേക്ക് മാറണമെന്ന് ആവശ്യമുയരുന്നത്. ഈ ആവശ്യങ്ങളാണ് ഇപ്പോൾ ഹിതപരിശോധനയിൽ എത്തിനിൽക്കുന്നതും. നാളത്തെ ഹിതപരിശോധനയിൽ 4 കോടി 62 ലക്ഷം പേരാണ് വിധിയെഴുതുന്നത്.

ബ്രെക്‌സിറ്റിനെ നേരിടാൻ പ്രൊജക്റ്റ് ഫിയർ

ബ്രക്‌സിറ്റ് വാദികൾ ശക്തിപ്രാപിക്കുന്ന ഘട്ടത്തിലാണ് പ്രൊജക്ട് ഫിയർ എന്ന തന്ത്രവുമായി മറുപക്ഷക്കാർ രംഗത്തെത്തുന്നത്. യൂറോപ്യൻ യൂണിയൻ വിടുന്നത് ഭീമാബദ്ധമാവുമെന്നും സാമ്പത്തികരംഗം ആകെ തകരുമെന്നുമായിരുന്നു പ്രചരണം. ബ്രക്‌സിറ്റ് വാദത്തെ നയിക്കുന്ന നേതാക്കൾ വംശീയവാദികളായതും റീമെയ്ൻ പക്ഷത്ത് ഭരണ, പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് നിൽക്കുന്നതും ഈ വാദത്തിന് ആക്കംകൂട്ടി. ഇതോടെയാണ് ബ്രിട്ടീഷ് ജനത വൻ ആശയക്കുഴപ്പത്തിലായത്. യൂറോപ്യൻ യൂണിയൻ വിടുന്നതിനെതിരെ ശക്തമായ പ്രചരണായുധമായി പ്രൊജക്റ്റ് ഫിയർ മാറി.
യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ വിട്ട് പോകുന്നത് രാജ്യത്തെ നിക്ഷേപസാധ്യതകളെയും തൊഴിലവസരങ്ങളെയും ബാധിക്കുമെന്ന വാദമുയർത്തി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തിൽ റിമെയ്ൻ അനുകൂലികൾ ജനങ്ങളിൽ ഭയപ്പാട് സൃഷ്ടിക്കുകയായിരുന്നു. യൂറോപ്യൻ യൂണിയന്റെ തണലിൽ കഴിയുന്നതിന്റെ ഗുണഫലങ്ങളായിരുന്നു റിമെയ്ൻ വാദികൾ ചൂണ്ടിക്കാട്ടിയത്.

എന്നാൽ ആ തണലിന് നൽകേണ്ടിവരുന്ന സാമ്പത്തിക സഹായത്തിന്റെ ബാധ്യതകളാണ് പറഞ്ഞ് ബ്രക്‌സിറ്റുകാരും തിരിച്ചടിക്കുന്നു. കുടിയേറ്റക്കാരെ നിയന്ത്രിക്കുമെന്നും പരമാവധി തൊഴിലുകൾ ബ്രിട്ടീഷ് ജനതയ്ക്ക് മാത്രമാക്കും എന്നൊക്കെ പ്രസംഗിച്ചിരുന്ന ഡേവിഡ് കാമറൂൺ കുടിയേറ്റം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല വഴിയായ ബ്രെക്‌സിറ്റിനെ എന്തുകൊണ്ട് എതിർക്കുന്നു എന്നും അവർ ചോദിക്കുന്നു. എന്നാൽ കൺസർവേറ്റീവ് പാർട്ടിയിലെ മറ്റ് അംഗങ്ങൾ വിഷയത്തിൽ നിഷ്പക്ഷ നിലപാടെടുക്കുന്നു. നിലവിലെ സ്ഥിതി തുടരണമെന്ന നിലപാടിലാണ് എസ്എൻപിയും.
ഇയു വിരുദ്ധരും ബ്രിട്ടീഷ് ദേശീയത ഉയർത്തിക്കാട്ടുന്നവരുമാണ് യുകെഐപി നേതാക്കന്മാർ. ഇവരാണ് ബ്രക്‌സിറ്റ് വാദത്തിന് കരുത്ത് പകരുന്നത്. ലേബർ, കൺസർവേറ്റീസ് പാർട്ടിക്കൾക്കിടയിൽ യുകെഐപിക്ക് വ്യക്തമായ ജനപിന്തുണ ലഭിക്കുന്നുണ്ട്. വിദേശികൾ ബ്രിട്ടണിൽ പ്രവേശിക്കുന്നത് തടയണമെന്നതാണ് ഈ പാർട്ടിയുടെ പ്രധാന അജണ്ടയെന്നും അതുകൊണ്ടുതന്നെ ഇവർക്ക് ലഭിക്കുന്ന പിന്തുണ ആശങ്കാജനകമാണെന്നും എതിർപക്ഷം ആരോപിക്കുന്നുണ്ട്.

ജോ കോക്‌സിന്റെ കൊലപാതകം ബ്രെക്‌സിറ്റിന് തിരിച്ചടിയായി

എന്നാൽ യൂറോപ്യൻ യൂണിയന് അനുകൂലമായി റിമെയിൻ കാംപിൽ നിലകൊണ്ടിരുന്ന ലേബർ എംപി ജോ കോക്‌സിന്റെ കൊലപാതകം ഉദിച്ചുയർന്ന ബ്രെക്‌സിറ്റ് വികാരത്തെ ഇല്ലാതാക്കാനുള്ള സാധ്യത ഇപ്പോൾ ശക്തമായിരിക്കുകയാണ്. ഇവരുടെ കൊലയ്ക്ക് പിന്നിൽ വംശീയവാദിയായ ടോമിമേയർ ആണെന്ന് തെളിഞ്ഞിരിക്കുന്നത് റിമെയിൻ ക്യാമ്പിന് ഗുണം ചെയ്യുന്നു. വടക്കൻ ലണ്ടനിലെ ബാട്‌ലി ആൻഡ് സ്‌പെൻ മണ്ഡലത്തിലെ എംപിയായ ഇവർ മണ്ഡലത്തിൽ വോട്ടർമാരുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിനെയാണ് വെടിയേറ്റ് മരിച്ചത്. വെസ്റ്റ് യോർക്ക് ഷെയറിലെ ബിർസ്റ്റാളിലായിരുന്നു ആക്രമം അരങ്ങേറിയത്. 41കാരിയായ ജോ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ്. പ്രചാരണ പരിപാടികളിൽ സജീവമായിരിക്കെയാണ് ജോ കൊല്ലപ്പെട്ടത്. ലേബർ പാർട്ടിയുടെ ആദ്യ വനിതാ എംപിയെന്ന ബഹുമതിയും ജോയ്ക്കുണ്ടായിരുന്നു. 2015 മുതൽ എംപിയായി തുടരുന്ന കോക്‌സ്, സിറിയിലേക്ക് നിയോഗിച്ച സംയുക്ത പാർലമെന്റ് സമിതിയുടെ അധ്യക്ഷ കൂടിയായിരുന്നു.

റഫറണ്ടത്തിൽ ഏത് വിധേനയും വിജയിക്കുകയെന്ന ലക്ഷ്യത്തോടെ ലീവ് കാംപയിൻകാർ നടത്തിയ നെറികെട്ട പ്രചാരണത്തിന് ജോ ബലിയാടായി തീരുകയായിരുന്നുവെന്ന വിമർശനം ഉയർന്നതോടെയാണ് ബ്രെക്‌സിറ്റ് വാദത്തിനെതിരെ മുന്നേറാൻ റിമെയ്ൻ വിഭാഗത്തിനായത്. രാഷ്ട്രീയപരമായ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണോ ഈ കൊലപാതകം നടത്തിയതെന്ന കാര്യവും ഇയാളോട് ചോദിച്ചറിയുന്നുണ്ട്. യുകിപ് കഴിഞ്ഞ ദിവസം ലീവ് കാംപയിനിനെ അനുകൂലിച്ച് പ്രസിദ്ധീകരിച്ച ഒരു പോസ്റ്ററിനെയും കോയ്‌ലെ ന്യൂസ്‌നൈറ്റിനിടെ ശക്തമായി വിമർശിച്ചിരുന്നു. അഭയാർത്ഥികൾ കൂട്ടത്തോടെ യുകെയിലേക്ക് ഒഴുകി വരുന്ന ഒരു പോസ്റ്ററായിരുന്നു അത്. ബ്രേക്കിങ് പോയിന്റ് എന്നായിരുന്നു ആ പോസ്റ്ററിന് വിവരണം നൽകിയിരുന്നത്.

ഇന്ത്യക്കാരന്റെ മനസ്സ് ബ്രക്‌സിറ്റിനൊപ്പം

മലയാളികളടക്കമുള്ള ഇന്ത്യക്കാർ ആഗ്രഹിക്കുന്നത് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നാണ്. ഇതിന് പല കാരണങ്ങളുമുണ്ട്. 2005ൽ പോളിഷുകാരുടെ വരവോടെയാണ് യൂറോപ്പിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. പിന്നീട് യൂറോപ്യൻ യൂണിയൻ പലവട്ടം വളർന്നുവലുതായി. ബൾഗേറിയയും, റൊമേനിയയും പോലെയുള്ള യൂറോപ്യൻ സ്വഭാവം ഇല്ലാത്ത രാജ്യങ്ങളിൽ നിന്നു പോലും കുത്തൊഴുക്കുണ്ടായി. പിടിച്ചുപറിയും, മോഷണവും, വേശ്യാവൃത്തിയും വരെ യുകെയിൽ സർവ്വസാധാരണമായ കുടിയേറ്റമായിരുന്നു ഇത്. ഇങ്ങനെ എത്തിയവർ തൊഴിൽ കരസ്ഥമാക്കിയപ്പോൾ പുറന്തള്ളപ്പെട്ടത് മലയാളികൾ അടങ്ങിയ യൂറോപ്പിന്റെ വെളിയിൽ നിന്നും എത്തിയ യോഗ്യതയുള്ള കുടിയേറ്റക്കാരായിരുന്നു. എന്ന് മാത്രമല്ല ഇംഗ്ലീഷുകാർക്ക് തൊഴിൽ നഷ്ടപ്പെട്ടപ്പോൾ അവർ നമ്മെയെല്ലാം വെറുക്കാൻ തുടങ്ങി. മുമ്പത്തേക്കാൾ ഇംഗ്ലീഷുകാരുമായുള്ള ബന്ധം വഷളായതിനും ഇതുകാരണമായി.

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടർന്നാൽ ഇനി പാരയാകാൻ പോകുന്നത് തുർക്കികളാണ്. യൂണിയനിൽ ചേരാനുള്ള ഏതാണ്ട് തയ്യാറെടുപ്പുകളും പൂർത്തിയായി. തുർക്കികൾ കൂടി എത്തിയാൽ വെറുതെ ജോലി ചെയ്യാം എന്നു പറഞ്ഞാൽ പോലും മലയാളിക്ക് ജോലി കിട്ടാത്ത സാഹചര്യം ഉണ്ടാവും. എന്ന് മാത്രമല്ല വംശീയ പ്രശ്‌നങ്ങൾ രൂക്ഷമാകാനും സാധ്യതയും ഉണ്ട്. ഇക്കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ നമ്മുടെ സുരക്ഷയ്ക്കും, ബ്രിട്ടന്റെ വളർച്ചയ്ക്കും, നമ്മുടെ ജോലിയുറപ്പിനും ഒക്കെ യൂറോപ്യൻ യൂണിയന് പുറത്ത് കടക്കുകയാണ് വേണ്ടത്. എൻഎച്ച്എസ് നേരിടുന്ന അധിക ബാധ്യത യൂറോപ്യൻ കുടിയേറ്റക്കാരുടെയാണ്. അവരിൽ മഹാഭൂരിപക്ഷവും നാട് വിട്ടാൽ എൻ എച്ച്എസ് സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപെടും. ബ്രിട്ടീഷുകാരെക്കാൾ കൂടുതൽ ക്രിമിനൽ പ്രവൃത്തികൾ ചെയ്യുന്നത് യൂറോപ്യൻ കുടിയേറ്റക്കാരാണെന്ന് തെളിയിക്കുന്നു. യൂറോപ്യൻ കുടിയേറ്റം അവസാനിച്ചാൽ നെറ്റ് ഇമിഗ്രേഷനിൽ വലിയ വ്യത്യാസം വരും. ഇങ്ങനെ നെറ്റ് ഇമിഗ്രേഷനിൽ കുറവ് വന്നാൽ നാട്ടിൽ നിന്നും മറ്റുമുള്ള യോഗ്യതയുള്ളവരുടെ നിയമനത്തിന് വീണ്ടും അവസരം ഉണ്ടാകാം. സ്റ്റുഡന്റ് വിസ അടക്കമുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവു വരാം. അതുകൊണ്ട തന്നെ മലയാളിയെ സംബന്ധിച്ചിടത്തോളം ബ്രെക്‌സിറ്റ് ആവശ്യകരമായ ഒരു തീരുമാനം ആയിരിക്കും.

തുർക്കിയുടെ വരവ് മാത്രമല്ല ഇന്ത്യക്കാരെ ആശങ്കപ്പെടുത്തേണ്ടത്. യൂറോപ്പിലേയ്‌ക്കെത്തിയ സിറിയൻ അഭയാർത്ഥികളെ ഇപ്പോൾ എല്ലാ രാജ്യങ്ങളും വീതം വച്ചെടുക്കുകയാണ്. അങ്ങനെ വരുമ്പോൾ ബ്രിട്ടനും ഏറ്റെടുക്കേണ്ടി വരും അനേകരെ. ഇവരിൽ പലരും ഐസിസ് ട്രെയിനിങ് ലഭിച്ച ഭീകരർ ആണ് എന്ന ആരോപണം സജീവമാണ്. ബ്രിട്ടൻ എന്തിനുവേണ്ടി വിലകൊടുത്ത് ഭീകരരെ വാങ്ങുന്നു എന്ന ചോദ്യമാണ് പ്രധാനം.

ബ്രെക്സിറ്റിനെ എതിർത്ത് ഡേവിഡ് ബെക്കാമും വിക്ടോറിയയും

അതേസമയം ഫറണ്ടത്തിന് വെറും ഒരു ദിവസം മാത്രം ശേഷിക്കെ റിമെയിൻ കാംപിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ഇതിഹാസം ഡേവിഡ് ബെക്കാമും ഫാഷൻ ഡിസൈനറായ അദ്ദേഹത്തിന്റെ ഭാര്യ വിക്ടോറിയയും രംഗത്തെത്തിയത് റിമെയിൻ ക്യാമ്പിന് ആവേശമായി. തനിക്കും ബ്രിട്ടീഷുകാരായ മറ്റ് കളിക്കാർക്കും മാഞ്ചസ്റ്റർ യൂണൈറ്റഡിൽ തിളങ്ങാനായത് യൂറോപ്യൻ താരങ്ങളായ എറിക് കാന്റോണ, റോയ് കീനെ, പീറ്റർ സ്‌കെമെയ്ക്കൽ എന്നിവരുടെ പിന്തുണ ഉള്ളതിനാലായിരുന്നുവെന്നുമായിരുന്നു ബെക്കാം അഭിപ്രായപ്പെട്ടത്.

ബെക്കാമിനൊപ്പം ഇംഗ്ലണ്ടിന് വേണ്ടി കളിച്ച റിയോ ഫെർഡിനാണ്ടും റിമെയിനിനെ പിന്തുണച്ചു. തങ്ങൾക്ക് മാഞ്ചസ്റ്റർ യൂണൈറ്റഡിൽ വിജയങ്ങൾ നേടാനായത് യൂറോപ്യൻ യൂണിയനിൽ രാജ്യത്തിന് അംഗത്വമുള്ളതുകൊണ്ടായിരുന്നുവെന്നാണ് ഫെർഡിനാണ്ട് പറയുന്നത്. അതിനിടെ മുൻ ഇംഗ്ലണ്ട് റഗ്‌ബി കാപ്റ്റൻ ലൗറെനെ ഡാലഗിയോ, മാരത്തോൺ ചാമ്പ്യൻ പോള റാഡ്ക്ലിഫ് എന്നിവരടക്കമുള്ള 50 സ്പോർട്സ് സെലിബ്രിറ്റികൾ യൂറോപ്യൻ യൂണിയനിൽ രാജ്യം തുടരുന്നതിനെ പിന്തുണച്ച് കത്തെഴുതി. മുൻ നോർത്തേൺ അയർലണ്ട് ഫുട്ബോളർ നെയില് ലെനോൻ, മുൻ വെൽഷ് ഗോൾകീപ്പർ നെവെല്ലെ സൗത്താൾ എന്നിവരും ഈ കത്തിൽ ഒപ്പ് വച്ച പ്രമുഖരാണ്. എന്നാൽ സ്പോർട്സ് സെലിബ്രിറ്റികളുടെ ഈ കത്തിനെ രൂക്ഷമായി വിമർശിച്ച് ക്രിസ്റ്റർ പാലസ് ചെയർമാനായ സ്റ്റീവ് പാരിഷ് രംഗത്തെത്തിയിരുന്നു.ഇത് കളിക്കളത്തിലെ രാഷ്ട്രീയമാണെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. 20 ക്ലബുകൾ ബ്രിട്ടൻ യൂണിയനിൽ തുടരണമെന്നാണ് ആവശ്യപ്പെടുന്നതെന്ന പ്രീമിയർ ലീഗ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് സ്‌കുഡാമോറിന്റെ വാദത്തെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. അതേസമയം, സ്പോർട്സ് സെലിബ്രിറ്റികളുടെ കത്തിനെ സ്വാഗതം ചെയ്തുകൊണ്ട് ഡേവിഡ് കാമറോൺ രംഗത്തെത്തി.

അവസാന നിമിഷം ഇഞ്ചോടിഞ്ച് പോരാട്ടം

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരേണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുള്ള നിർണായകമായ റഫറണ്ടത്തിന് വെറും ഒരു ദിവസം കൂടി ശേഷിക്കവെ ലീവ് പക്ഷവും റിമെയിൻ പക്ഷവും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇതിൽ ഒരു പോളിൽ ബ്രെക്സിറ്റിന് രണ്ട് പോയിന്റ് മുൻതൂക്കം ലഭിച്ചപ്പോൾ മറ്റൊരിടത്ത് റിമെയിനാണ് അഞ്ച് പോയിന്റ് മുൻതൂക്കമുണ്ടായിരിക്കുന്നത്.
ദി ടൈംസിന് വേണ്ടി നടത്തിയ യുഗോവ് പോളിലാണ് ബ്രെക്സിറ്റിന് രണ്ട് പോയിന്റ് ലീഡ് ലഭിച്ചിരിക്കുന്നത്. ഇതിൽ ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന 44 ശതമാനം പേരും റിമെയിനിനെ പിന്തുണയ്ക്കുന്നത് 42 ശതമാനം പേരുമാണ്. എന്നാൽ ടെലിഗ്രാഫിന് വേണ്ടി നടത്തിയ ഒആർബി പോളിൽ റിമെയിനിന് അഞ്ച് പോയിന്റ് ലീഡുണ്ടായി. സർവേഷൻ പോളിൽ റിമെയിൻ കാപയിനുള്ള പിന്തുണ ചുരുങ്ങിയിട്ടുണ്ട്. ഇത് പ്രകാരം ബ്രെക്സിറ്റിനേക്കാൾ വെറും ഒരു ശതമാനം മാത്രം പേരെ അവരെ പിന്തുണയ്ക്കുന്നുള്ളൂ.

റഫറണ്ടത്തോടനുബന്ധിച്ചുള്ള പ്രചാരണത്തിന്റെ അവസാന നാളുകളിലും ഇരുപക്ഷവും സമ്പദ് വ്യവസ്ഥ, കുടിയേറ്റം എന്നീ വിഷയങ്ങളിലൂന്നിക്കൊണ്ടുള്ള പ്രചാരണങ്ങൾ തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത്. നെറ്റ് ഇമിഗ്രേഷൻ പതിനായിരങ്ങളിലേക്ക് ചുരുക്കുകയെന്ന ടോറികളുടെ ലക്ഷ്യം ഒരിക്കലും നടക്കുകയില്ലെന്ന് സിവിൽ സെർവന്റ്സ് പ്രധാനമന്ത്രിയെ 2012 മുതൽ ബോധിപ്പിക്കുന്നതാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് കാമറോണിന്റെ മുൻ വഴികാട്ടിയായ സ്റ്റീവ് ഹിൽട്ടൻ രംഗത്തെത്തിയത് റിമെയിൻ പക്ഷത്തിന് കനത്ത തിരിച്ചടിയായിരുന്നു. എന്നാൽ ഇതിനുള്ള മറുപടിയുമായി ഇന്നലെ ഐടിവിയിലെ ലൈവ് ഇന്റർവ്യൂവിൽ പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. മൈഗ്രേഷൻ വെട്ടിക്കുറയ്ക്കാൻ എളുപ്പവഴികളില്ലെന്നും ഹിൽട്ടൻ പറയുന്നതിൽ യാഥാർത്ഥ്യമില്ലെന്നുമായിരുന്നു കാമറോൺ പ്രതികരിച്ചത്.