- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈക്കൂലി കേസിൽ ഇറിഗേഷൻ വനിതാ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജാമ്യമില്ല; 12,500 രൂപയുടെ ബില്ല് മാറിക്കിട്ടാൻ 10,000 രൂപ കൈക്കൂലിയോ എന്ന് പരാതിക്കരനോട് കോടതി; മുൻവൈരാഗ്യത്തിന്റെ പേരിലുള്ള കള്ള ട്രാപ്പെന്ന പ്രതിഭാഗം വാദം വിലപ്പോയില്ല
തിരുവനന്തപുരം: കൈക്കൂലി കേസിൽ കോട്ടയം ചങ്ങനാശ്ശേരി മൈനർ ഇറിഗേഷൻ വനിതാ അസി. എക്‌സി.എഞ്ചിനീയർ ബിനു തോമസിന് ജാമ്യമില്ല. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ജി.ഗോപകുമാറാണ് മെയ് 5 മുതൽ റിമാന്റിൽ കഴിയുന്ന പ്രതി സമർപ്പിച്ച രണ്ടാം ജാമ്യഹർജിയും തള്ളിയത്. പ്രതിയുടെ വീട്ടിൽ നടത്തിയ സെർച്ചിൽ (റെയ്ഡ്) 8 വിലയാധാരങ്ങൾ കണ്ടു കിട്ടിയിട്ടുള്ളതിനാൽ അവിഹിത സ്വത്തു സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും 2 ഗസറ്റഡ് ഉദ്യോഗസ്ഥരുടെ മൊഴി മാത്രമേ എടുക്കാൻ സാധിച്ചിട്ടുള്ളുവെന്നും വിജിലൻസ് ബോധിപ്പിച്ചു.
അന്വേഷണം പ്രാരംഭ ഘട്ടത്തിൽ നിൽക്കുന്ന കേസിൽ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രയാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്. അതേ സമയം പ്രതി കൈക്കൂലി ആവശ്യപ്പെട്ടതായി എഫ് ഐ (പ്രഥമവിവര) മൊഴിയിൽ ഒരിടത്തും കരാറുകാരൻ പറഞ്ഞിട്ടില്ലെന്നും കരാറുകാരന്റെ മുൻ വർക്കുകൾ മോശമായതിനാൽ പ്രതി വർക്ക്‌സർട്ടിഫൈ ചെയ്ത വേളകളിൽ അക്കാര്യം രേഖപ്പെടുത്തിയ മുൻവൈരാഗ്യത്തിലും പ്രതിക്ക് 10,000 രൂപ പടി കൊടുത്താലേ കാര്യം സാധിക്കൂവെന്ന് മറ്റു കരാറുകാർ പറഞ്ഞതായ വ്യാജ ആരോപണത്തിൽ പ്രതിയെ കള്ളക്കെണിയൊരുക്കി പ്രതി ആവശ്യപ്പെടാതെ പണം നൽകി വ്യാജ ട്രാപ്പ് കേസിൽ കുരുക്കിയതാണെന്നുമുള്ള പ്രതിഭാഗം വാദത്തിൽ അടിസ്ഥാനമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അതേ സമയം 12,500 രൂപയുടെ കോഷൻ ഡിപ്പോസിറ്റ് മാറിക്കിട്ടാൻ 10,000 രൂപ കൈക്കൂലിയോയെന്ന് പരാതിക്കാരനോട് കോടതി ചോദിച്ചു.അതിന് മുമ്പ് 1,50,000 മാറിക്കിട്ടിയല്ലോയെന്നും കോടതി ചോദിച്ചു. 5 വർക്കുകളുടെ കോഷൻ ഡിപ്പോസിറ്റ് തിര്യെ ലഭിക്കാനാണ് കരാറുകാരൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളുവെന്നും മറ്റു രണ്ടു വർക്കുകളുടെ തുക ലഭിക്കാൻ അപേക്ഷ നൽകാത്തതിനെക്കുറിച്ചും കോടതി സംശയം പ്രകടിപ്പിച്ചു. കരാറുകാരന് 1,50,000 രൂപ ട്രാപ്പിന് മുമ്പ് പ്രതി മാറി നൽകിയതായും പ്രതിഭാഗം ബോധിപ്പിച്ചു.
അന്നൊന്നും കരാറുകാരൻ പ്രതി കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിപ്പെട്ടിട്ടില്ലെന്ന പ്രതിഭാഗം വാദത്തിൽ കഴമ്പുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യഹർജി പരിഗണിക്കവേ കോടതി പരാതിക്കാരനായ കരാറുകാരനെയും അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം വിജിലൻസ് സർക്കിൾ ഇൻസ്‌പെക്ടറെയും നോട്ടീസ് നൽകി വിളിച്ചു വരുത്തിയിരുന്നു.
12,500 രൂപയും 6 വർഷത്തെ പലശയുമുൾപ്പെടെ 23,000 തിര്യെ ലഭിക്കാൻ ആണ് പ്രതി 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ വിജിലൻസ് സി ഐ യെ കോടതി രൂക്ഷമായി വിമർശിച്ചു. 6 വർഷത്തിൽ മുതലിന്റെ ഇരട്ടിപ്പലിശയോയെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയ സി ഐ കോടതിയിൽ നിന്ന് വിയർത്തു.