തൃശൂർ: വഴിപാട് കഴിപ്പിച്ചതിന് ശേഷം ഭക്തർ ദക്ഷിണ നൽകുന്നത് എല്ലാ ക്ഷേത്രങ്ങളിലും പതിവാണ്. എന്നാൽ ദക്ഷിണ വാങ്ങുന്നത് കൈക്കൂലിയായി മാറ്റി കൊച്ചിൻ ദേവസ്വം ബോർഡ് വടക്കഞ്ചേരി മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മേൽശാന്തിയെ സസ്‌പെന്റ് ചെയ്തത് വലിയ ചർച്ചയായിരിക്കുകയാണ്. ദക്ഷിണയെ കൈക്കൂലിയായി കണക്കാക്കരുതെന്ന് കോടതി തന്നെ ഉത്തരവ് നൽകിയിട്ടും ഇത്തരമൊരു കേസ് വിജിലൻസ് സൃഷ്ടിച്ചത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. വിചിത്രമായ സംഭവത്തിൽ ആദ്യം ഞെട്ടിയെങ്കിലും ക്ഷേത്ര മേൽശാന്തി വടക്കഞ്ചേരി തെക്കുംകര കല്ലൂർ മഠത്തിൽ സുരേഷ് എമ്പ്രാന്തിരി ഹൈക്കോടതിയെ സമീപിച്ചതോടെ കോടതി സസ്‌പെൻഷൻ റദ്ദാക്കി.

ദക്ഷിണ വാങ്ങിയ 20 രൂപ കൈക്കൂലി യാണെന്നും അതിനാൽ സസ്‌പെന്റ് ചെയ്യുകയാണെന്നും സൂചിപ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് മേൽശാന്തിക്ക് നൽകിയ ഉത്തരവ് സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് ഇത് വലിയ ചർച്ചയായത്. കോടികൾ കോഴവാങ്ങുന്നവർക്ക് എതിരെ ചെറുവിരലനക്കാതെ 20 രൂപ ദക്ഷിണവാങ്ങിയെന്ന കുറ്റത്തിന് പൂജാരിക്കെതിരെ നടപടിയെടുത്തത് വലിയ ചർച്ചയായി. വ്യാപക പ്രതിഷേധവും ഉയർന്നു. ബിജെപി നേതാവ് കെ.സുരേന്ദ്രൻ ഉൾപ്പെടെ പലരും ഇതിൽ പ്രതിഷേധിച്ച് എത്തി. തനിക്ക് നേരിട്ട ദുരനുഭവത്തെ പറ്റി അമ്പത്തഞ്ചുകാരനായ സുരേഷ് എമ്പ്രാന്തിരി മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.

'2017 സെപ്റ്റംബറിലായിരുന്നു സംഭവം. രാവിലെ എത്തിയ ഒരാൾ കൗണ്ടറിൽ നിന്നും പുഷ്പാഞ്ജലിക്കും മാലയ്ക്കും രസീതെടുത്തു. ചരട് പൂജിക്കണമെന്ന് പറഞ്ഞപ്പോൾ അതിന് പ്രത്യേക രസീതില്ല മേൽശാന്തിയോട് പറഞ്ഞാൽ മതിയെന്ന് ദേവസ്വം ജീവനക്കാരൻ അറിയിച്ചു. തുടർന്ന് ഇയാൾ എന്റടുത്ത് വന്ന് രസീത് തരുകയും ചരട് ജപിച്ചു തരുവാനും ആവശ്യപ്പെട്ടു. ഞാൻ വഴിപാട് കഴിപ്പിച്ചതിന് ശേഷം ചരടും ജപിച്ചു അയാൾക്ക് കൊടുത്തു. ചരട് ജപിച്ചതിന് എത്ര രൂപയാണെന്ന് ചോദിച്ചപ്പോൾ എന്തെങ്കിലും ദക്ഷിണ തന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു. അയാൾ പോയി കുറച്ച് സമയം കഴിഞ്ഞപ്പോൾ ദേവസ്വം ഓഫീസിൽ നിന്നും ഹാജരാകാൻ നിർദ്ദേശം ലഭിച്ചു. അതിൻ പ്രകാരം അവിടെയെത്തിയപ്പോൾ വഴിപാട് കഴിപ്പിച്ചയാൾ അവിടെ നിൽക്കുന്നത് കണ്ടു.

അപ്പോഴാണ് ഓഫീസർ പറഞ്ഞത് നിങ്ങൾ കൈക്കൂലി വാങ്ങിയെന്ന് റിപ്പോർട്ട് ലഭിച്ചു, അതിനാൽ വിശദീകരണം വേണം. ഉണ്ടായ കാര്യങ്ങളൊക്കെ കാണിച്ച് ഞാൻ വിശദീകരണം നൽകി. എന്നാൽ പിന്നീട് അതിനെപ്പറ്റി ഒന്നും അറിഞ്ഞില്ല. ആ സംഭവം അതോടെ കഴിഞ്ഞു എന്നു കരുതി. എന്നാൽ നാലു ദിവസം മുൻപ് സസ്‌പെൻഷൻ ലെറ്റർ കിട്ടിയപ്പോഴാണ് വിജിലൻസ് കേസെടുത്ത കാര്യം അറിയുന്നത്.

വിചിത്രമായ കാര്യത്തിന് സസ്‌പെൻഷൻ ചെയ്ത നടപടി്‌ക്കെതിരെ കോടതിയിൽ പരാതി നൽകാൻ സുഹൃത്തുക്കൾ ആവശ്യപ്പെട്ടു. ഇതോടെയാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. തൊട്ടടുത്ത ദിവസം തന്നെ കേസ് വിളിക്കുകയും അനുകൂല വിധി കോടതി നടത്തുകയും ചെയ്തു. തുടർന്ന് ദേവസ്വം ഓഫീസിൽ കോടതി ഉത്തരവ് എത്തിച്ചു കൊടുത്തു. തിങ്കളാഴ്ച മീറ്റിങ് ചേർന്ന ശേഷം എന്ന് തിരിച്ച് ജോലിക്ക് കയറാമെന്ന് അവിടെ നിന്നും അറിയിക്കുമെന്നാണ് ഇപ്പോൾ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ' -സുരേഷ് എമ്പ്രാന്തിരി പറയുന്നു.

പനങ്ങാട്ടുകര ദേവസ്വം കീഴേടം മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽ കാരായ്മ മേൽശാന്തിയാണ് സുരേഷ് എമ്പ്രാന്തിരി. അതായത് തലമുറകളായി ലഭിക്കുന്ന ജോലിയാണിത്. സുരേഷിന്റെ പിതാവായിരുന്നു മുൻപ് മേൽശാന്തി. അദ്ദേഹം വിരമിച്ചതിന് ശേഷം 1999 ലാണ് ഇദ്ദേഹം ഈ ക്ഷേത്രത്തിൽ ജോലിക്ക് കയറുന്നത്.

ഒരിടത്തും കേട്ടുകേൾവി പോലുമില്ലാത്ത കാര്യത്തിന് സസ്‌പെന്റ് ചെയ്തതിന്റെ അതിശയം ഇതുവരെ മാറിയിട്ടില്ലെന്ന് സുരേഷ് എമ്പാന്തിരി പറയുന്നു. സസ്‌പെൻഷൻ ഉത്തരവ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ മേൽശാന്തിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്.  തന്ത്രിമാരുടെയും മേൽശാന്തിമാരുടെയും സംഘടനകൾ പൂർണ്ണ പിൻതുണയുമായെത്തി. സംഭവം അറിഞ്ഞത് മുതൽ നാട്ടുകാരും സുഹൃത്തുക്കളും വിവരമന്വേഷിച്ച് വിളിച്ചു കൊണ്ടിരിക്കുകയാണ്.

രാഷ്ട്രീയ പകപോക്കലാണ് ഇത്തരത്തിൽ ഒരു കേസ് വരാൻ കാരണമെന്ന് നാട്ടുകാരും സഹപ്രവർത്തകരും മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി സുരേഷ് എമ്പാന്തിരി. 19 വർഷമായി ഞാനെന്റെ കർമ്മം ഒരു കുറവുമില്ലാതെ ചെയ്യുന്നു. അതിന്റെ ഫലമാണ് ഇപ്പോൾ വന്ന കോടതി വിധിയെന്നും തന്റെ ഒപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.