പഴയങ്ങാടി: യുവാവിനോട് പാസ്പോർട്ട് വെരിഫിക്കേഷനായി കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പൊക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ തൊപ്പിതെറിച്ചു. പഴയങ്ങാടി എ, എസ്. ഐയെയാണ് സർവീസിൽ നിന്നും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.എ. എസ്. ഐ പി. രമേശനെയാണ് വകുപ്പ് തലത്തിൽ അന്വേഷണം നടത്തിയതിനു ശേഷം സർവിസിൽ നിന്നും സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്‌ച്ച വൈകുന്നേരമാണ് വിജിലൻസ് ഡി.വൈ. എസ്. പി ബാബു പെരിങ്ങോത്തും സംഘവും രമേശനെ തന്ത്രപരമായി വലയിലാക്കിയത്.

പുതിയതെരു സ്വദേശി ശരത് കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. പാസ്പോർട്ട് വെരിഫിക്കേഷന്റെ ഭാഗമായി സ്റ്റേഷനിൽ വിളിച്ചുവരുത്തി ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് ശരത് ഇയാൾക്കെതിരെ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് ഫിനാഫ്തലിൻ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോട്ടുകൾ ശരതിന് നൽകുകയും തുടർന്ന് തുടർന്ന് ഇയാൾ അതു കൈപറ്റുമ്പോൾ വേഷം മാറിയെത്തിയ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയുമായിരുന്നു.

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എ. എസ്. ഐ പി.രമേശൻ ഇപ്പോൾ റിമാൻഡിലാണ്. നേരത്തെ വിജിലൻസ് കണ്ണൂർസിവിൽ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പഴയ ഫയലിൽ ഒളിപ്പിച്ച കണക്കില്ലാത്ത പതിനഞ്ചായിരം രൂപ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ വകുപ്പു തല അന്വേഷണം നടത്തി എക്സൈസ് ഉദ്യോഗസ്ഥന്മാർക്കെതിരെ കൂട്ട സസ്പെൻഷൻ നടപടി സ്വീകരിച്ചിരുന്നു