റിയിലെ സൈനിക കേന്ദ്രത്തിൽ നടത്തിയ ആക്രമണത്തിന്റെ പേരിൽ പാക്കിസ്ഥാനെതിരെ കർശന നിലപാട് സ്വീകരിക്കാനുള്ള ഇന്ത്യൻ ശ്രമം ബ്രിക്‌സ് ഉച്ചകോടിയിൽ പരാജയപ്പെട്ടതായി സൂചന. ഗോവയിൽ നടന്ന ഉച്ചകോടിയിൽ പാക്കിസ്ഥാനെ ശക്തമായി വിമർശിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചില്ല. ചൈനയുടെ എതിർപ്പും റഷ്യയുടെ നിസ്സംഗഭാവവുമാണ് ഇന്ത്യയെ കുഴക്കിയത്.

ഗോവ പ്രഖ്യാപനത്തിൽ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കർ ഇ തൊയ്ബ എന്നീ ഭീകര സംഘടനകളുടെ പേര് പരാമർശിക്കാനുള്ള ഇന്ത്യൻ നീക്കം ചൈന തടയുകയായിരുന്നു. സ്വന്തം രാജ്യത്തെ ഭീകരത തടയാൻ ശ്രമിക്കുമെന്ന പ്രഖ്യാപനത്തിലാണ് ഐക്യരാഷ്ട്ര സഭ ഭീകര സംഘടനകളായി മുദ്രകുത്തിയിട്ടുള്ള ജെയ്‌ഷെയെയും ലഷ്‌കറിനെയും കുറിച്ച് പരാമർശിക്കാൻ സാധിക്കാതെ പോയത്.

ഇതിനെക്കാളേറെ, ഇന്ത്യയുടെ ഭാഗത്തുനിന്ന് വാദിക്കാൻ റഷ്യ തയ്യാറാകാതിരുന്നത് ഇന്ത്യൻ അധികൃതരെ കൂടുതൽ ആശങ്കപ്പെടുത്തി. ഫലമോ, ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്കയായ ഭീകരവാദത്തെക്കുറിച്ച് കാര്യമായ പ്രഖ്യാപനങ്ങളില്ലാതെ ബ്രിക്‌സ് ഉച്ചകോടിക്ക് വിരാമമായി. പാക്കിസ്ഥാനുമായി ചേർന്ന് ഭീകരതയ്ക്ക് എതിരെയെന്ന പേരിൽ സൈനികാഭ്യാസത്തിന് തയ്യാറെടുക്കുന്ന റഷ്യയുടെ നിസ്സംഗത ബ്രിക്‌സ് സമ്മേളനത്തിനിടെ ഇന്ത്യയെ കൂടുതൽ മുറിവേൽപ്പിക്കുന്നതായി.

ആഗോള ശാക്തിക ചേരിയിൽ ചൈനയെ കൂടുതൽ പ്രാധാന്യത്തോടെ കാണുന്നതിന്റെ ഭാഗമായാണ് റഷ്യ ബ്രിക്‌സിൽ നിസംഗത പുലർത്തിയതെന്നാണ് സൂചന. പഠാൻകോട്ടും ഉറിയിലും ഭീകരാക്രമണം നടത്തിയ ജെയ്‌ഷെയെ സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തുക എന്നതായിരുന്നു ഇന്ത്യയുടെ ആഗ്രഹം. എന്നാലിത് ചൈന തടയുകയായിരുന്നു.

റഷ്യ കൈവിട്ടതോടെ, ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെന്നോണം ഇന്ത്യൻ മണ്ണിൽ നടന്ന ഉച്ചകോടിയിലും പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നതിലും സംരക്ഷിക്കുന്നതിലും ചൈന വിജയിച്ചു. ഭീകരവാദത്തെ സംബന്ധിച്ചും അതിന് പാക്കിസ്ഥാൻ നൽകുന്ന പിന്തുണയെ സംബന്ധിച്ചുമുള്ള ഇന്ത്യയുടെ ആശങ്കകൾ ആഗോള തലത്തിൽ പ്രതിഫലിക്കാതിരിക്കുന്നതിനും ചൈനയുടെ ഈ ശ്രമം വിജയം കണ്ടതായും വിദഗ്ദ്ധർ നിരീക്ഷിക്കുന്നു.