ചേരിചേരാ പ്രസ്ഥാനത്ത് തുടക്കമിട്ടതുപോലെ, ഇന്ത്യയുടെ മേൽനോട്ടത്തിൽതുടങ്ങിയ അന്താരാഷ്ട്ര കൂട്ടായ്മയാണ് ബ്രിക്‌സ്. ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയാണ് ഇന്ത്യയ്ക്ക് പുറമെ ഈ കൂട്ടായ്മയിലുള്ളത്. ബ്രിക്‌സിൽ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ശബ്ദം ഉയർന്നുനിൽക്കുന്നതിൽ ഏറ്റവും കൂടുതൽ അസ്വ്‌സഥരായിരുന്നത് ചൈനയാണ്. ആ അസ്വസ്ഥതയുടെ തുടർച്ചയായി ബ്രിക്‌സ് പ്ലസ് എന്ന പുതിയ സംഘടനയ്ക്ക് ലക്ഷ്യമിടുകയാണ് ചൈന.

ഏതാനും വികസ്വര രാജ്യങ്ങളെക്കൂടി ബ്രിക്‌സിന്റെ പരിധിയിലേക്ക് കൊണ്ടുവരികയെന്ന ആശയമാണ് ചൈന മുന്നോട്ടുവെക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ വാർഷിക പത്രസമ്മേളനത്തിലാണ് ഇത്തരമൊരു ആശയം അദ്ദേഹം മുന്നോട്ടുവച്ചത്. മേഖലയിലെ കൂടുതൽ രാജ്യങ്ങളുമായി സമാന ചിന്താഗതികൾ പങ്കുവെക്കാൻ ബ്രിക്‌സ് പ്ലസ്സിന് തുടക്കമിടണമെന്ന് വാങ് യി പറഞ്ഞു.

ഊഴമനുസരിച്ച് ചൈനയ്ക്കാണ് ഇക്കൊല്ലം ബ്രിക്‌സിന്റെ അധ്യക്ഷ പദവി. ആ സ്വാധീനമുപയോഗിച്ച് ബ്രിക്‌സ് വിപുലീകരിക്കാനാണ് ചൈനയുടെ ശ്രമം. എന്നാൽ, ഇത് സംഘടനയ്ക്കുള്ളിൽ ഇന്ത്യയ്ക്കുള്ള മേൽക്കോയ്മ ഇല്ലാതാക്കാനാണെന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യാ വിരുദ്ധരാജ്യങ്ങളെയും ചൈനയുടെ പങ്കാളികളായ രാജ്യങ്ങളെയും ബ്രിക്‌സിന് കീഴിൽ കൊണ്ടുവരികയാണ് ചൈനയുടെ ലക്ഷ്യം.

ഈ പദ്ധതി വിജയിച്ചാൽ അതേറ്റവും ബാധിക്കുക ഇന്ത്യയെയായിരിക്കുമെന്ന് അമേരിക്കയിലെ സെന്റർ ഫോർ സെക്യൂരിറ്റി സ്റ്റഡീസിലെ പ്രൊഫസർ മോഹൻ മാലിക് പറഞ്ഞു. വിപുലീകരിച്ചുകഴിഞ്ഞാൽ പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് ബ്രിക്‌സ് അകന്നുപോകും. അതിന്റെ ഊന്നലും ഇല്ലാതാകും. ചൈനയെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാൻ, ശ്രീലങ്ക, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെ ഇതിനുകീഴിൽ കൊണ്ടുവരികയാണ് ചൈനയുടെ ലക്ഷ്യം.

ഇന്ത്യയെ കേന്ദ്രീകരിച്ചുനിൽക്കുന്ന സംഘടനയാണ് നിലവിൽ ബ്രിക്‌സ്. ഇത് ചൈനീസ് കേന്ദ്രീകൃതമാക്കുകയാണ് അവരുടെ ലക്ഷ്യം. കഴിഞ്ഞവർഷം ഗോവയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പാക്കിസ്ഥാനെ ഭീകരരാജ്യമായി പ്രഖ്യാപിച്ച് ഒറ്റപ്പെടുത്താനുള്ള ഇന്ത്യൻ ശ്രമങ്ങളെ ചെറുക്കാൻ ചൈനയ്കക്ക് സാധിച്ചിരുന്നു. കൂടുതൽ രാജ്യങ്ങൾ അംഗങ്ങളായി എത്തിയാൽ, ഇന്ത്യയുടെ ഇത്തരം ശ്രമങ്ങൾ പാടേ ഇല്ലാതാക്കാനാവുമെന്നാണ് ചൈനയുടെ കണക്കുകൂട്ടൽ.